Novel

വരും ജന്മം നിനക്കായ്: ഭാഗം 22

രചന: ശിവ എസ് നായർ

“ഗായത്രീ… നമുക്കിന്ന് നിന്റെ വീട് വരെ ഒന്ന് പോയാലോ?” കുളിച്ചിറങ്ങി വന്ന് തല തൂവർത്തുകയായിരുന്നു അവൾ.

“എന്താ പെട്ടെന്ന്? അച്ഛൻ വിളിച്ചിരുന്നോ?”

“ആരും വിളിച്ചിട്ടൊന്നുമല്ല… വെറുതെ എനിക്ക് തോന്നിയതാ.”

“എന്നെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ വേണ്ടിയാണെങ്കിൽ വേണ്ട ട്ടോ. എനിക്കിപ്പോ ഇവിടെയും അവിടെയും ഒക്കെ കണക്കാണ്.”

“ഇവളിത് എന്റേന്ന് വാങ്ങി കൂട്ടുമല്ലോ…” മുഷ്ടി ചുരുട്ടി ദേഷ്യം കടിച്ചമർത്തി അവൻ നിന്നു.

“തന്നെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ വേണ്ടിയൊന്നുമല്ല. തന്റെ അച്ഛനും അമ്മയും ഇപ്പോ എന്റെയും കൂടി ആണല്ലോ. ഗായത്രിയെ ഫോഴ്സ് ചെയ്ത് കല്യാണം കഴിപ്പിച്ചതിൽ അവർക്ക് സങ്കടം ഉണ്ടാവില്ലേ. അതുകൊണ്ട് അവിടെ വരെ പോയി അവരെയൊന്ന് കണ്ടേക്കാം എന്ന് കരുതി.”

“അതേ… ഇതൊക്കെ ആത്മാർത്ഥമായി പറയുന്നതാണോ അതോ എന്നെ കാണിക്കാൻ വേണ്ടിയുള്ള ഓരോ കാട്ടികൂട്ടലോ.?” ചോദ്യ ഭാവത്തിൽ അവളവനെ നോക്കി.

ആ നോട്ടം പ്രതീക്ഷിച്ചു നിന്ന ശിവപ്രസാദ് മുഖത്തൊരു പുഞ്ചിരി വരുത്തി.

“തനിക്ക് എങ്ങനെ വേണമെങ്കിലും കരുതാം. ഞാൻ ഒറ്റയ്ക്ക് അങ്ങോട്ട്‌ പോവുന്നതിനേക്കാൾ തന്നെയും ഒപ്പം കൂട്ടി പോകുന്നതല്ലേ എന്ന് കരുതി ചോദിച്ചതാ.” അവൻ വിനയം നടിച്ചു.

“എന്റെ സർട്ടിഫിക്കറ്റ്സൊക്കെ എടുക്കാനുണ്ടായിരുന്നു. അതുകൊണ്ട് അങ്ങോട്ട് പോവുന്നതിൽ എനിക്ക് വിരോധമൊന്നുമില്ല.”

“എങ്കിൽ ഒരു മൂന്ന് മണിയാകുമ്പോ നമുക്ക് ഇറങ്ങാം.”

“ആയിക്കോട്ടെ…” ഗായത്രി ബാൽക്കണിയിലേക്ക് ഇറങ്ങി നിന്ന് മുടിയുടെ ചിക്ക് മാറ്റാൻ തുടങ്ങി.

‘നീയീ കാണിക്കുന്ന അഹങ്കാരത്തിന് എണ്ണിയെണ്ണി പകരം ചോദിക്കും ഞാൻ, നോക്കിക്കോ.’ ഗായത്രിയോടുള്ള അമർഷം പുറത്ത് പ്രകടിപ്പിക്കാനാവാതെ അവൻ താഴേക്ക് പോയി.

തന്റെ ഇഷ്ടമില്ലാതെ എല്ലാവരും കൂടി ചേർന്ന് നിർബന്ധിച്ചു നടത്തിയ കല്യാണമായത് കൊണ്ട് പരമാവധി എല്ലാവരെയും വെറുപ്പിച്ചേ അടങ്ങു എന്ന വാശിയിലായിരുന്നു അവൾ. ആരോടും ഒരു രീതിയിലുമുള്ള അഡ്ജസ്റ്റ്മെന്റിന് ഇനി തയ്യാറാവില്ലെന്ന് ഗൗരിയുടെ മനസ്സിലിരിപ്പ് അറിഞ്ഞപ്പോൾ തീരുമാനിച്ചതാണ് ഗായത്രി. എല്ലാവരും തനിക്ക് മുന്നിൽ മുട്ട് മടക്കുന്നത് കണ്ട് അവൾക്ക് ആത്മസംതൃപ്തി തോന്നി.

🍁🍁🍁🍁

ഉച്ചയ്ക്ക് ചോറും കറികളുമൊക്കെ വച്ചത് ഊർമിളയും ഗൗരിയും ഗായത്രിയും കൂടി ചേർന്നാണ്. മൂന്ന് പേരുണ്ടായിരുന്നത് കൊണ്ട് വീട്ടിലെ ജോലികൾ വേഗം തീർന്നു. ഊർമിള കൂടുതൽ പണികളും ഗൗരിയെ കൊണ്ടാണ് ചെയ്യിപ്പിച്ചത്. ഗർഭിണി ആണെന്നുള്ള ഒരു പരിഗണനയും അവരവൾക്ക് കൊടുത്തില്ല.

ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് കുറച്ചു നേരം വിശ്രമിച്ച ശേഷം ശിവപ്രസാദും ഗായത്രിയും അവളുടെ വീട്ടിലേക്ക് തിരിച്ചു.

പ്രതീക്ഷിക്കാതെ മോളെയും മരുമകനേയും കണ്ട് വേണു മാഷും സുമിത്രയും അത്ഭുതപ്പെട്ടു.

“മോളേ… നിനക്കവിടെ സുഖമല്ലേ… ഞങ്ങള് വിളിച്ചിട്ട് നീയെന്താ ഫോൺ എടുക്കാത്തത്. അച്ഛനോടും അമ്മയോടും പിണക്കത്തിലാണോ? വാത്സല്യത്തോടെ സുമിത്ര അവളുടെ നെറുകയിൽ തലോടി.

“പ്രത്യേകിച്ച് വിശേഷമൊന്നും പറയാനില്ലാത്തത് കൊണ്ടാ കാൾ എടുക്കാതിരുന്നത്. നിങ്ങളുടെ ആഗ്രഹം പോലെ എല്ലാം നടന്ന് കിട്ടിയതല്ലേ. പിന്നെയും എന്തിനാ എന്നെ വിളിച്ചു ശല്യം ചെയ്യുന്നത്?”

“ഇങ്ങനെയൊന്നും പറഞ്ഞ് ഞങ്ങളെ വേദനിപ്പിക്കരുത് നീ. ഞങ്ങള് നിന്നോട് ചെയ്തത് തെറ്റ് തന്നെയാ.” സാരിതുമ്പ് കൊണ്ട് സുമിത്ര കണ്ണുകൾ തുടച്ചു.

“മോള് അച്ഛനോടും പിണക്കത്തിലാണോ? എന്നെയൊന്നു നോക്കുക കൂടി ചെയ്തില്ലല്ലോ നീ.” വേണു മാഷ് അവളുടെ അടുത്തേക്ക് വന്നു.

“എനിക്കാരോടും പിണക്കോം പരിഭവോം ഒന്നുമില്ല.” ആരെയും നോക്കാതെ പറഞ്ഞിട്ട് ഗായത്രി തന്റെ മുറിയിലേക്ക് പോയി.

“വന്ന കാലിൽ തന്നെ നിൽക്കാതെ മോൻ അകത്തേക്ക് കയറിയിരിക്ക്. അവൾക്ക് ഞങ്ങളോട് ഇപ്പഴും പിണക്കമാണെന്ന് തോന്നുന്നു.” ശിവപ്രസാദിനെ അകത്തേക്ക് ക്ഷണിച്ചു അയാൾ.

“അച്ഛൻ വിഷമിക്കണ്ട… കുറച്ചു സമയമെടുത്തായാലും ഗായത്രിയുടെ പരിഭവമൊക്കെ മാറിക്കോളും.” അവനയാളെ സമാധാനിപ്പിച്ചു.

“സുമിത്രേ… നീ മോന് കുടിക്കാൻ എന്തെങ്കിലും എടുക്ക്.”

“നിങ്ങള് സംസാരിച്ചിരിക്ക്, കുടിക്കാൻ ഞാനിപ്പോ കൊണ്ട് വരാം.” സുമിത്ര അടുക്കളയിലേക്ക് നടന്നു.

🍁🍁🍁🍁

തന്റെ സർട്ടിഫിക്കറ്റ്സും മറ്റ് ഡോക്യുമെന്റ്സും അലമാരയിൽ നിന്നെടുക്കുകയായിരുന്നു ഗായത്രി. അവൾ മുൻപ് എഴുതിയ നെറ്റ് എക്സാമിന്റെ റിസൾട്ട്‌ വന്നിരുന്നു. എക്സാം പാസ്സായ കാര്യം ഗായത്രി ആരോടും പറഞ്ഞിട്ടില്ല.

അടുത്തയാഴ്ച ഒരു പ്രൈവറ്റ് കോളേജിൽ ഇന്റർവ്യൂന് അവളെ വിളിച്ചിട്ടുണ്ട്. ആ ജോലി കിട്ടുകയാണെങ്കിൽ മാത്രം എല്ലാവരോടും പറയാമെന്നാണ് ഗായത്രിയുടെ തീരുമാനം. ഇനി തന്റെ സന്തോഷങ്ങളും സങ്കടങ്ങളും ആരോടും പറയേണ്ട ആവശ്യമില്ലെന്നുള്ള കടുത്ത നിലപാടിലായിരുന്നു അവൾ.

🍁🍁🍁🍁🍁

“നമുക്ക് ഇറങ്ങണ്ടേ…” ഉമ്മറത്ത് വേണു മാഷിനോട് സംസാരിച്ചു കൊണ്ടിരുന്ന ശിവപ്രസാദിന് അരികിൽ വന്ന് ഗായത്രി ചോദിച്ചു.

“ഇന്നിനി പോണോ… ഒരു ദിവസം ഇവിടെ നിന്നൂടെ നിങ്ങൾക്ക്.” മാഷും സുമിത്രയും ഒരുമിച്ചാണ് ചോദിച്ചത്.

“അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. നിങ്ങള് തന്നെയല്ലേ എന്നെ ഉന്തിതള്ളി അങ്ങോട്ട്‌ പറഞ്ഞ് വിട്ടത്. എനിക്കിപ്പോ ഇവിടെ നിന്നാലും അവിടെ നിന്നാലും ഒരു പോലെയാ.”

“ഗായത്രി… അച്ഛനോട് ഇങ്ങനെയൊന്നും സംസാരിക്കരുത്. അല്ലെങ്കിൽ തന്നെ അവരാകെ സങ്കടപ്പെട്ടിരിക്കുകയാണ്.” ശിവപ്രസാദ് അവളെ നോക്കി.

“എനിക്കിങ്ങനെയൊക്കെ പറ്റൂ.”

“നമുക്കിന്ന് ഇവിടെ നിന്നിട്ട് നാളെ രാവിലെ പോവാം. കണ്ടില്ലേ അച്ഛന്റേം അമ്മേടേം കണ്ണ് നിറഞ്ഞു.”

ഗായത്രി അത് ശ്രദ്ധിച്ചെങ്കിലും കാര്യമാക്കിയില്ല. ഉള്ള് നീറുമ്പോഴും ആരോടും പറയാനാവാതെ ഒറ്റയ്ക്ക് സഹിക്കുകയാണവൾ. അതുകൊണ്ട് ഇത്തരം വികാര പ്രകടനങ്ങളിൽ ഗായത്രിയുടെ മനസ്സലിയില്ല. തന്റെ നെഞ്ചിലെ കനലടങ്ങാൻ എത്ര നാൾ വേണ്ടി വരുമെന്നറിയില്ല. ശിവപ്രസാദ് ആണെങ്കിൽ ആളെങ്ങനെ എന്നൊരു രൂപവും കിട്ടിയിട്ടില്ല.

തന്റെ ജീവിതം ഏത് ദിശയിലേക്കാണ് പോകുന്നതെന്ന് അവൾക്ക് തന്നെ അറിയാത്ത അവസ്ഥയാണ്.

“നിങ്ങളെ വേദനിപ്പിക്കാൻ വേണ്ടി മനഃപൂർവം ഒന്നും പറയുന്നതല്ല ഞാൻ. ഞാനിപ്പോ ഇങ്ങനെയാണ്… എന്റെ സ്വഭാവം ഇത്തരത്തിൽ മാറാൻ കാരണം അച്ഛനും അമ്മയും തന്നെയാ. എന്റെ മനസ്സിലെ മുറിവുണങ്ങാൻ സമയമെടുക്കും.” ഗായത്രി ആരോടെന്നില്ലാതെ പറഞ്ഞു.

“സാരമില്ല മോളേ… നിന്റെ വിഷമം ഞങ്ങൾക്ക് മനസ്സിലാവും. എന്തായാലും ശിവപ്രസാദിന്റെ കാര്യത്തിൽ ഉണ്ടായിരുന്ന ആധി മാറി. നിന്നെ ഇവൻ നല്ലപോലെ നോക്കുമെന്ന് അച്ഛന് ഉറപ്പുണ്ട്… ” വാക്കുകൾ പൂർത്തീകരിക്കാൻ കഴിയാനാവാതെ വേണു മാഷ് ഇടത് നെഞ്ചിൽ കയ്യമർത്തി നിലത്തേക്ക് കുഴഞ്ഞു വീണു.

‘അയ്യോ… വേണുവേട്ട… എന്ത് പറ്റി… ” സുമിത്ര അയാളെ തട്ടി വിളിച്ചു.

“അച്ഛാ… അച്ഛാ…” ഭയന്ന മിഴികളോടെ ഗായത്രി അച്ഛനരികിൽ ഇരുന്നു.

അയാളുടെ ശരീരം വിയർത്തൊട്ടിയിരുന്നു.

“ഗായത്രി… അച്ഛന് ഹാർട്ടറ്റാക്ക് വന്നതാണ്. എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം.” ശിവപ്രസാദ് പറഞ്ഞത് കേട്ട് ഇരുവരും ഞെട്ടി.

പിന്നെ ഒട്ടും വൈകിയില്ല… അവൻ പോർച്ചിൽ നിന്നും കാർ ഇറക്കി മാഷിനെ ബാക്ക് സീറ്റിലേക്ക് എടുത്ത് കിടത്തി. സുമിത്രയും ബാക്ക് സീറ്റിൽ കയറി മാഷിന്റെ തല മടിയിലേക്ക് എടുത്തു വച്ചു.

വീട് പൂട്ടി വന്ന ഗായത്രി കോ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നതും ശിവപ്രസാദ് കാർ മുന്നോട്ടെടുത്തു.

🍁🍁🍁🍁🍁

“ഹാർട്ടിൽ രണ്ട് ബ്ലോക്കുണ്ട്… എമർജൻസി ആയിട്ട് ഓപ്പറേഷൻ വേണ്ടി വരും.” വേണു മാഷിനെ പരിശോധിച്ചിട്ട് പുറത്തേക്ക് വന്ന ഡോക്ടർ പറഞ്ഞു.

അത് കേട്ടതും പേടിച്ചരണ്ട സുമിത്ര കരയാൻ തുടങ്ങി.

“ട്രീറ്റ്മെന്റ് തുടങ്ങിക്കോളൂ ഡോക്ടർ. എന്റെ അച്ഛനൊന്നും സംഭവിക്കരുത്.” ഉള്ളിലെ സംഘർഷമടക്കി നിൽക്കുകയാണ് ഗായത്രി. അച്ഛന്റെ കാര്യമോർത്ത് അവൾക്കും പേടിയുണ്ട്. എങ്കിലും അവളത് പുറമേക്ക് പ്രകടിപ്പിച്ചില്ല.

“ഓക്കേ… എങ്കിൽ നാളെ തന്നെ സർജറിക്കുള്ള ഏർപ്പാടുകൾ ചെയ്യാം.” ഡോക്ടർ അവരെ കടന്ന് പോയി.

“അമ്മയിങ്ങനെ കരയല്ലേ… അച്ഛന് കുഴപ്പമൊന്നുമുണ്ടാവില്ല.” സുമിത്രയുടെ സങ്കടം കണ്ട് ശിവപ്രസാദ് അവരെ ആശ്വസിപ്പിച്ചു.

 

ആ രാത്രി വേണു മാഷിന് കൂട്ടായി മൂവരും ഹോസ്പിറ്റലിൽ തന്നെ കഴിഞ്ഞു കൂടി. ശിവയോട് വീട്ടിൽ പൊയ്ക്കോളാൻ ഗായത്രി കുറെ നിർബന്ധിച്ചെങ്കിലും അവൻ പോകാൻ കൂട്ടാക്കിയില്ല.

രാവിലെ വേണു മാഷിനെ ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ട് പോകുമ്പോൾ അയാൾ ശിവപ്രസാദിന്റെ കൈ പിടിച്ചു പൊട്ടിക്കരഞ്ഞു.

“എനിക്കെന്തെങ്കിലും പറ്റിയാലും എന്റെ മോളെ നീ തനിച്ചാക്കരുത്.”

“അച്ഛനെന്താ ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ. ഒന്നും ഉണ്ടാവില്ല.. ധൈര്യമായിട്ടിരിക്ക്.” അവനയാൾക്ക് ധൈര്യം പകർന്നു.

“മോൾടെ ഇഷ്ടം നടത്തിത്തരാൻ അച്ഛന് കഴിഞ്ഞില്ല. ഇനിയും എന്നോട് പിണങ്ങി ഇരിക്കല്ലേ നീ. അച്ഛനത് സഹിക്കില്ല. ഒരുപക്ഷെ ഇതോടെ ഞാൻ മരിച്ചു പോയാൽ എന്റെ ആത്മാവിനു പോലും ശാന്തി കിട്ടില്ല.” ഗായത്രിയെ നോക്കി വേണു മാഷ് പറഞ്ഞു.

“അച്ഛനോട് എനിക്ക് പിണക്കമൊന്നുമില്ല. പിന്നെ, ഓപ്പറേഷൻ ചെയ്യാൻ പോകുന്ന ആദ്യത്തെ ആളൊന്നുമല്ല അച്ഛൻ. വെറുതെ പേടിച്ചിട്ട് ബിപി കൂട്ടണ്ട. അമ്മ പേടിച്ചിരിക്കുന്നത് കണ്ടില്ലേ.” മുഖത്ത് ചിരി വരുത്തി അവൾ പറഞ്ഞെങ്കിലും ഉള്ളിൽ നേരിയ ഭയമുണ്ടായിരുന്നു.

ഒറ്റ രാത്രി കൊണ്ട് അച്ഛന് പ്രായം കൂടിയതായി അവൾക്ക് തോന്നി.

സുമിത്ര പതം പറഞ്ഞ് കരഞ്ഞുകൊണ്ട് മാഷിനെ ചുറ്റിപറ്റി നിന്നു. എല്ലാവരോടും ഒരു വട്ടം കൂടി യാത്ര പറഞ്ഞു വേണു മാഷ്. അയാളെ കിടത്തിയിരുന്ന സ്‌ട്രെച്ചർ അറ്റൻഡ്ർ ഓപ്പറേഷൻ തിയറ്ററിനുള്ളിലേക്ക് ഉന്തികൊണ്ട് പോയി.

കണ്ണ് നിറഞ്ഞു കാഴ്ച മങ്ങി അവളത് നോക്കി നിന്നു.

“നിന്നെ ഓർത്തായിരുന്നു അച്ഛന്റെ ആധി മുഴുവനും. മോളോട് തെറ്റ് ചെയ്ത് പോയല്ലോന്ന് പറഞ്ഞ് വിഷമിക്കാത്ത ഒരു രാത്രി പോലുമില്ലായിരുന്നു.” ഏക്കത്തോടെ സുമിത്ര മകളുടെ കൈകൾ കൂട്ടിപ്പിടിച്ചു.

“ഇനി അമ്മ കൂടി കരഞ്ഞു വിളിച്ച് അസുഖം വരുത്തി വയ്ക്കണ്ട.” ഗായത്രി തെല്ല് ഗൗരവത്തിൽ പറഞ്ഞു.

“അമ്മ വന്നേ… ഇന്നലെ രാത്രി മുതൽ ഒന്നും കഴിക്കാതെ നിൽക്കുവല്ലേ.” ശിവപ്രസാദ് അവരെ നിർബന്ധിച്ച് കാന്റീനിലേക്ക് കൂട്ടികൊണ്ട് പോയി.

ഗായത്രിയെ അവൻ ഒപ്പം വരാൻ വിളിച്ചെങ്കിലും അവർ വരുമ്പോൾ എന്തെങ്കിലും വാങ്ങിയിട്ട് വന്നാൽ മതിയെന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞു മാറി.

താനിത്രയ്ക്കൊക്കെ അവഗണിച്ചിട്ടും ആക്ഷേപിച്ചിട്ടും ഒരാൾക്ക് ഇത്ര ക്ഷമയോടെ നിൽക്കാൻ എങ്ങനെ പറ്റുന്നു? അവന്റെ ഈ പ്രവർത്തികളൊക്കെ വെറും അഭിനയമാണോ എന്നവൾക്ക് തോന്നി.

എന്തൊക്കെയോ സംഭവിക്കാൻ പോകുന്നത് പോലെ അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു. ശിവപ്രസാദിന്റെ സാമീപ്യവും പെരുമാറ്റവും ഗായത്രിയിൽ സംശയങ്ങൾ സൃഷ്ടിച്ചു. …..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!