വരും ജന്മം നിനക്കായ്: ഭാഗം 25
രചന: ശിവ എസ് നായർ
“താനങ്ങനെയൊക്കെ പറഞ്ഞത് കൊണ്ട് നമ്മുടെ ഡിവോഴ്സിന് വേണ്ടി ഞാനൊരു വക്കീലിനെ പോയി കണ്ടിരുന്നു.” അവന്റെ മുഖം സങ്കടം കൊണ്ട് വിങ്ങുന്നത് അവൾ കണ്ടു.
“എന്നിട്ട്??” ഗായത്രി അവിശ്വസനീയതയോടെ അവനെ നോക്കി.
“മ്യൂചൽ ഡിവോഴ്സ് കിട്ടണമെങ്കിൽ കുറഞ്ഞത് ഒരു വർഷം എങ്കിലും കഴിയണമെന്ന് വക്കീൽ പറഞ്ഞു. തന്നോട് അതേക്കുറിച്ച് പറയാമെന്നു വിചാരിച്ചതാണ്. പക്ഷേ ഈയൊരു മാസം ഗായത്രി ഇവിടില്ലാതിരുന്നപ്പോൾ ഞാൻ തന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി.
ഗായത്രീ… തനില്ലാത്തൊരു ജീവിതത്തെ കുറിച്ച് സങ്കൽപ്പിക്കാൻ പോലും എനിക്ക് കഴിയുന്നില്ല. എന്നെ വിട്ട് താൻ പോകരുത്. തന്റെ സ്നേഹവും സാമീപ്യവും എനിക്ക് വേണം ഗായു. ഞാൻ തന്നെ ഒരുപാടൊരുപാട് സ്നേഹിക്കുന്നുണ്ട്. നിന്നെ നഷ്ടപ്പെടുത്താൻ എനിക്ക് വയ്യടോ.” ഗായത്രിയുടെ കാലിലേക്ക് മുഖം ചേർത്ത് വച്ചവൻ പൊട്ടിക്കരഞ്ഞു പോയി.
“ശിവേട്ടാ… എന്തായീ കാണിക്കുന്നേ… എന്റെ കാലൊന്നും പിടിക്കല്ലേ.” അവൾ ചാടിയെഴുന്നേറ്റു. പക്ഷേ അപ്പോഴും ശിവപ്രസാദ് അവളുടെ കാലിലെ പിടി വിട്ടില്ല.
“എന്നെ വിട്ട് പോവരുത് ഗായു… നിന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അഖിലിനെ മറന്ന് എന്നെ സ്നേഹിക്കാൻ എത്ര നാൾ കാത്തിരിക്കണം ഞാൻ. എന്നെങ്കിലും നിന്റെ മനസ്സ് മാറി എന്നെ സ്നേഹിച്ചു തുടങ്ങുമോ നീ?” അവളുടെ കാൽപാദങ്ങൾ അവന്റെ കണ്ണീർ വീണ് നനഞ്ഞു.
ശിവപ്രസാദ് ഇങ്ങനെ കരയുന്നത് അവൾ ആദ്യമായി കാണുകയാണ്. അന്ന് താനല്പം കടുത്തു സംസാരിച്ച ദിവസവും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നുവെന്ന് അവളോർത്തു.
ഗായത്രി അവന്റെ ഇരുചുമലിലും പിടിച്ച് എഴുന്നേൽപ്പിച്ചു.
“ശിവേട്ടനെ സ്നേഹിക്കാൻ കുറച്ചു സമയമെടുക്കുമെന്ന് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ. എനിക്ക് നിങ്ങളെ ഉൾകൊള്ളാൻ പറ്റാത്തതിന്റെ പ്രധാന കാരണം എനിക്കൊരു അഫയർ ഉണ്ടായിരുന്നത് ഞാൻ ഓപ്പണായി പറഞ്ഞിട്ടും ശിവേട്ടൻ എന്നോട് ഒരിക്കൽ പോലും തുറന്ന് സംസാരിക്കാൻ ശ്രമിച്ചിട്ടില്ല.
ശിവേട്ടന്റെ ആദ്യ കല്യാണം നിശ്ചയം കഴിഞ്ഞു എങ്ങനെ മുടങ്ങിയെന്ന് എന്നോട് പറഞ്ഞിട്ടില്ല. എന്തായിരുന്നു അത് മുടങ്ങാനുണ്ടായ കാരണം. ഇതൊക്കെ ചോദിക്കാതെ തന്നെ പറയുമോ എന്നറിയാൻ വേണ്ടി കാത്തിരുന്നതാ ഞാൻ. എന്തായാലും ഇങ്ങോട്ട് മുൻകൈ എടുത്ത് പറയാത്ത സ്ഥിതിക്ക് ഞാൻ അങ്ങോട്ട് ചോദിക്കേണ്ടി വന്നു. ഗായത്രിയുടെ ചോദ്യം കേട്ട് ശിവപ്രസാദ് ഒന്ന് കുഴഞ്ഞു.
എന്നെങ്കിലും ഒരു ദിവസം അവളിത് ചോദിക്കുമെന്ന് അവനുറപ്പായിരുന്നു. അതുകൊണ്ട് പറയാനായി ഒരു കഥയും അവൻ മനസ്സിൽ കരുതികൂട്ടി വച്ചിട്ടുണ്ടായിരുന്നു.
“വർണ്ണയെന്നാണ് ആ കുട്ടിയുടെ പേര്. അമ്മയുടെ കൂട്ടുകാരിയുടെ മകൾ. അവൾ പഠിച്ചതും വളർന്നതും യു എസ്സിൽ ആയതുകൊണ്ട് ഞങ്ങൾ തമ്മിൽ മുൻപരിചയമൊന്നും ഇല്ലായിരുന്നു. അമ്മയുമായി അവർക്ക് ഫോണിൽ കോൺടാക്ട് ഉണ്ടായിരുന്നു.
പിന്നീട് അവർ നാട്ടിൽ സെറ്റിൽഡ് ആയപ്പോൾ ഇവിടെ സ്ഥിരം സന്ദർശകരായി മാറി. അങ്ങനെയാണ് വർണ്ണയുമായി ഞാൻ അടുക്കുന്നത്. അമ്മയ്ക്കും ജാനകി ആന്റിക്കും ഞങ്ങളെ തമ്മിൽ കല്യാണം കഴിപ്പിച്ചാലോ എന്നൊരു ചിന്തയുണ്ടായിരുന്നു. ആൾറെഡി ഇടയ്ക്കിടെയുള്ള കണ്ടുമുട്ടൽ ഞങ്ങൾക്കിടയിലൊരു സ്പർക്ക് ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്.
അതുകൊണ്ട് തന്നെ ഈ പ്രൊപോസൽ വീട്ടുകാർ മുന്നോട്ടു വച്ചപ്പോൾ ഞങ്ങൾക്ക് പൂർണ്ണ സമ്മതമായിരുന്നു. ഒരു വർഷം മുമ്പ് എൻഗേജ്മെന്റ് നടത്തി വച്ചു. നമ്മുടെ കല്യാണം നടന്ന ഡേറ്റിന് ആയിരുന്നു വിവാഹം തീരുമാനിച്ചിരുന്നത്.
എല്ലാം നല്ല പോലെ നടക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ ആ പ്രതീക്ഷ തെറ്റി. ഒരു തെറ്റിദ്ധാരണയുടെ പേരിൽ ആദ്യം വർണ്ണ ഞാനുമായി ഒന്ന് പിണങ്ങി.
ഒരിക്കൽ ഓഫീസിലെ ഒരു വർക്കിന്റെ ഭാഗമായി ഞാനും ധന്യ എന്നൊരു പെൺകുട്ടിയും തമ്പാനൂർ വച്ച് ഒരു മീറ്റിങ്ങിൽ പങ്കെടുക്കാൻ പോയിട്ട് മടങ്ങി വരുമ്പോൾ, കാറിൽ വച്ച് ധന്യയ്ക്ക് തീരെ സുഖമില്ലാതായി.
കാർ സൈഡ് ഒതുക്കി നിർത്തിയപ്പോൾ അവൾ നന്നായി ഛർദിച്ചു. ഞാൻ കുടിക്കാൻ ഒരു കുപ്പി വെള്ളം കൊടുത്തു. അത് വാങ്ങി വായും മുഖവും കഴുകി കൊണ്ടിരിക്കുമ്പോ അവള് തലകറങ്ങി വീഴാൻ പോയി. ഞാനവളെ അപ്പോ തന്നെ പിൻസീറ്റിൽ എടുത്ത് കിടത്തി അടുത്തുള്ളൊരു ഹോസ്പിറ്റലിൽ എത്തിച്ചു.
ഞാൻ ധന്യയെ എമർജൻസി ഡിപ്പാർട്മെന്റിലുള്ള ഡോക്ടറെ കാണിക്കുമ്പോൾ ആ ഡോക്ടർ അവളെ ഗൈനോക്കോളജിസ്റ്റിനെ കാണിക്കാൻ റെഫർ ചെയ്തു. ഈ സമയം ധന്യയ്ക്ക് ബോധം വന്നെങ്കിലും എഴുന്നേറ്റു നടക്കാനൊന്നും ആവുന്നില്ലായിരുന്നു.
അറ്റൻഡർ അവളെ വീൽ ചെയറിൽ ഇരുത്തി കൊണ്ട് പോകുമ്പോ ധന്യ എന്റെ കയ്യിൽ മുറുക്കി പിടിച്ചിരുന്നു. ഈ കാഴ്ച വർണ്ണയും കണ്ടിരുന്നു. അവളുടെ ഏതോ അങ്കിൾ ആ ഹോസ്പിറ്റലിൽ ഉണ്ട്. അയാളെ കാണാൻ വന്നപ്പോ ആകസ്മികമായി എന്നെ ധന്യയ്ക്കൊപ്പം കണ്ടവൾ തെറ്റിദ്ധരിച്ചു.
ഗൈനോക്കോളജിസ്റ്റിനെ കാണാൻ കൊണ്ട് പോകുന്ന വഴി ധന്യ കരയുന്നുണ്ടായിരുന്നു. ഞാൻ എത്ര ചോദിച്ചിട്ടും അവൾ കാര്യം എന്താണെന്ന് പറഞ്ഞില്ല. പിന്നെ ഡോക്ടർ പറഞ്ഞാണ് അറിയുന്നത് ധന്യ മൂന്നു മാസം പ്രെഗ്നന്റ് ആണെന്ന്. അവളുടെ ഹസ്ബൻഡ് മരിച്ചിട്ട് മൂന്നു മാസം ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. അവൾക്കീ കാര്യം നേരത്തെ അറിയാമായിരുന്നു. പക്ഷേ വീട്ടിൽ പറഞ്ഞിട്ടില്ലായിരുന്നു. ഹസ്ബൻഡ് മരിച്ചത് കൊണ്ട് അവർ കുട്ടിയെ കൂടി ഇല്ലാതാക്കാൻ നിർബന്ധിക്കുമെന്ന പേടിയായിരുന്നു.
ഓഫീസിൽ എനിക്ക് മറ്റൊരു പെണ്ണുമായി ബന്ധമുണ്ടെന്നും അത് മറച്ച് വച്ച് ഞാൻ വർണ്ണയെ ചതിക്കുകയായിരുന്നുവെന്നും അവൾ വിചാരിച്ചു. ഓഫീസിൽ അന്വേഷിച്ചപ്പോൾ ധന്യയുടെ ഹസ്ബൻഡ് മരിച്ചതാണെന്ന് കൂടി അറിഞ്ഞപ്പോൾ അവളെന്നെ വിശ്വസിക്കാൻ കൂട്ടാക്കിയില്ല. രണ്ട് വീട്ടിലും പറഞ്ഞ് പ്രശ്നമുണ്ടാക്കി അവളെന്റെ ലൈഫിൽ നിന്ന് ഇറങ്ങിപോയി.
പിന്നെ എന്റെ നിരപരാധിത്വം ധന്യയും വീട്ടുകാരും ഓഫീസിലെ കൊളീഗ്സ് മുഖേനയും ഞാൻ തെളിയിച്ചു. വർണ്ണ സോറി പറഞ്ഞ് വന്നെങ്കിലും പിന്നീട് ഞാനവളെ അക്‌സെപ്റ്റ് ചെയ്തില്ല. ഒരിക്കൽ എന്നെ അവിശ്വസിച്ചു പോയത് കൊണ്ട് ഇനിയും അത് ആവർത്തിക്കില്ല എന്ന് എന്തുറപ്പാണ് ഉള്ളത്? അങ്ങനെ ആ കല്യാണം മുടങ്ങി.
എനിക്കത് വല്യ ഷോക്കായിരുന്നു. ഈ വിശ്വാസം എന്ന് പറയുന്നത് ഒരിക്കൽ പോയാൽ പിന്നെ തിരിച്ചു കിട്ടില്ല. അതുകൊണ്ടാണ് സോറി പറഞ്ഞ് അവളും വീട്ടുകാരും വന്നിട്ടും ഞാൻ ഒഴിവാക്കിയത്.”
തെല്ലൊരു ഇടർച്ചയോടെ ശിവപ്രസാദ് പറഞ്ഞ് നിർത്തി.
“ശിവേട്ടൻ പറഞ്ഞതൊക്കെ ഞാനെങ്ങനെ വിശ്വസിക്കും?” ഗായത്രി അവനെ ഗൂഢമായി ഒന്ന് നോക്കി.
“എന്റെ കയ്യിൽ ഞങ്ങളുടെ പഴയ ചാറ്റൊക്കെ ഉണ്ട്. അത് കണ്ടാൽ തനിക്ക് മനസ്സിലാവും.” ശിവപ്രസാദ് മൊബൈൽ എടുത്ത് വർണ്ണയുടെ ചാറ്റ് ഓപ്പണാക്കി കാണിച്ചു.
ഗായത്രി അത് വാങ്ങി മെസ്സേജിലൂടെ ഒന്ന് കണ്ണോടിച്ചു. അവൻ പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണെന്ന് അത് വായിച്ചപ്പോൾ അവൾക്ക് ബോധ്യമായി.
“ഇതൊന്നും തന്നോട് പറയാത്തത് തന്നെ താൻ വിശ്വസിക്കില്ല എന്നോർത്താ. അത് ശരി വയ്ക്കും പോലെയാണല്ലോ മെസ്സേജ് കാണിച്ചു തന്നെയെല്ലാം ബോധ്യപ്പെടുത്തേണ്ടി വന്നത്.”
ശിവപ്രസാദ് അങ്ങനെ പറഞ്ഞപ്പോൾ ഗായത്രിയുടെ മുഖമൊന്ന് വിളറി.
“ഞാൻ… പിന്നെ… അത്…” അവൾക്കൊന്നും തിരിച്ചു പറയാൻ ഉണ്ടായിരുന്നില്ല.
“താൻ അഖിലിനെ പറ്റി പറഞ്ഞപ്പോൾ ഞാനൊന്നും ചോദിക്കാത്തത് തന്നെ എനിക്ക് ഗായത്രിയെ അത്രയ്ക്ക് വിശ്വാസമുള്ളത് കൊണ്ടാണ്. ആ വിശ്വാസം ഇനിയെങ്കിലും തിരിച്ചും ഉണ്ടാവില്ലേ ഗായു.” പ്രണയത്തോടെ അവനവളോട് ചോദിച്ചു.
“സോറി ശിവേട്ടാ… എനിക്കിപ്പോ എല്ലാരേം പേടിയാ. ആരെയും വിശ്വാസവുമില്ല. അതുകൊണ്ടാ ഞാൻ..”
“സാരമില്ല… തന്റെ അവസ്ഥ എനിക്ക് മനസ്സിലാവും. സ്വന്തം കൂടെപ്പിറപ്പിൽ നിന്ന് ചതി പറ്റിയ താൻ ഇങ്ങനെ ആയില്ലെങ്കിലേ അതിശയമുള്ളു.
പ്രണയം കൊണ്ട് ഒരിക്കൽ മുറിവേറ്റവനാണ് ഞാൻ. എന്റെ കല്യാണം നിശ്ചയിച്ചുറപ്പിച്ച സമയത്ത് തന്നെ നടക്കണമെന്ന് അമ്മയ്ക്കായിരുന്നു വാശി. ഓർത്തപ്പോൾ എനിക്കും അമ്മയുടെ തീരുമാനം ശരിയാണെന്ന് തോന്നി. പക്ഷേ തന്റെ അവസ്ഥ നേരത്തെ ഞാനറിയാതെ പോയി.”
“ഞാൻ വേദനിപ്പിച്ചെങ്കിൽ ആത്മാർത്ഥമായി തന്നെ ക്ഷമ ചോദിക്കുകയാണ്. ഐആം റിയലി സോറി…” അവന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടപ്പോൾ ഗായത്രിക്ക് അവനോട് സഹതാപം തോന്നി. താൻ വാക്കുകൾ കൊണ്ട് വേദനിപ്പിച്ചതിന് ശിവപ്രസാദിനോട് മാപ്പ് ചോദിക്കണമെന്നും അതുകൊണ്ടാണ് അവൾക്ക് തോന്നിയത്.
“എന്തായാലും നമ്മുടെ വിവാഹം കഴിഞ്ഞു. കഴിഞ്ഞതെല്ലാം മറന്ന് നമുക്ക് ഒരുമിച്ച് ജീവിച്ചൂടെ ഗായു.” ശിവപ്രസാദ് അവളുടെ കരങ്ങൾ കവർന്നു.
“കുറച്ചു സമയം കൂടി എനിക്ക് തന്നാൽ മതി… ശിവേട്ടനെ ഞാനിനി നിരാശപ്പെടുത്തില്ല…” ഗായത്രി പുഞ്ചിരിക്കാൻ ശ്രമിച്ചു.
“ഞാൻ… ഞാൻ തന്നെയൊന്ന് കെട്ടിപ്പിടിച്ചോട്ടെ ഗായു…” അറച്ചച്ചറച്ച് അവൻ ചോദിച്ചു.
കെഞ്ചലോടെയുള്ള ശിവപ്രസാദിന്റെ ചോദ്യം കേട്ടപ്പോൾ അവനെ ഇനിയും അവഗണിക്കാൻ അവൾക്ക് മനസ്സ് വന്നില്ല.
അർദ്ധമനസ്സോടെ ആണെങ്കിലും ഗായത്രി അവനോട് സമ്മതം മൂളുമ്പോൾ ശിവപ്രസാദ് അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. ആ നിമിഷം അവന്റെ കണ്ണിൽ നിന്നും വീണ നീർതുള്ളികൾ ഗായത്രിയുടെ മുഖത്തേക്ക് ഇറ്റ് വീണു…..കാത്തിരിക്കൂ………