Novel

വരും ജന്മം നിനക്കായ്: ഭാഗം 27

രചന: ശിവ എസ് നായർ

ഇന്റർവ്യൂവിൽ നന്നായി പെർഫോം ചെയ്യാൻ ഗായത്രിക്ക് സാധിച്ചു. ഒരാഴ്ച കഴിഞ്ഞേ റിസൾട്ട്‌ അറിയാൻ പറ്റു.

“ശിവേട്ടാ… ഇന്റർവ്യൂ കഴിഞ്ഞു…” കോളേജിന് അരികിലുള്ള സിമന്റ്‌ ബഞ്ചിൽ വന്നിരുന്ന് അവൾ ശിവപ്രസാദിനെ വിളിച്ചു.

“ഞാൻ അങ്ങോട്ട്‌ വന്ന് കൊണ്ടിരിക്കയാ ഗായു. അഞ്ചു മിനിറ്റിനുള്ളിൽ അവിടെ എത്തും.”

“ഞാൻ പുറത്ത് വെയിറ്റ് ചെയ്യാം.”

ശിവപ്രസാദ് ഡ്രൈവിങ്ങിൽ ആണെന്ന് ഗായത്രി ഊഹിച്ചു. സമയം രണ്ട് മണി കഴിഞ്ഞിട്ടുണ്ട്. ഹാഫ് ഡേ ലീവാക്കി ഇറങ്ങിയിട്ടുണ്ടാവും എന്നവൾ ഊഹിച്ചു.

കൃത്യം അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ അവന്റെ കാർ ഗേറ്റ് കടന്ന് വരുന്നത് ഗായത്രി കണ്ടു. ബാഗും എടുത്ത് അവൾ കാറിനരികിലേക്ക് നടന്നു.

മുന്നിലെ ഡോർ തുറന്ന് കോ ഡ്രൈവിംഗ് സീറ്റിലേക്ക് അവളിരുന്നു. ശിവപ്രസാദ് മെല്ലെ കാർ മുന്നോട്ടെടുത്തു.

“ഇന്റർവ്യൂ എങ്ങനെയുണ്ടായിരുന്നു? നന്നായി പെർഫോം ചെയ്തോ.?”

“ഉം… നന്നായിരുന്നു…”

“താൻ നല്ല ഹാപ്പിയാണല്ലോ.”

“എന്തോ എനിക്കീ ജോലി കിട്ടുമെന്ന് മനസ്സ് പറയുന്നു. അതിന്റെ സന്തോഷമാകും.” ഗായത്രി ചിരിച്ചു.

അവളുടെ മനോഹരമായ ചിരി കണ്ട് അവന്റെ മനസ്സൊന്നു കുളിർന്നു.

“നമുക്കൊരു സിനിമയ്ക്ക് പോയാലോ ഗായു. നല്ലൊരു ത്രില്ലെർ സിനിമ റിലീസായിട്ടുണ്ട്. തമിഴ് സിനിമയാ.”

“രാക്ഷസൻ ആണോ?”

“അതേ…”

“ഞാൻ ട്രൈലെർ കണ്ടിരുന്നു…”

“ഗായത്രിക്ക് താല്പര്യമുണ്ടെങ്കിൽ നമുക്ക് പോയാലോ.” അവനവളെ അപേക്ഷയോടെ നോക്കി.

“പോവാം…” അവളുടെ സമ്മതം കിട്ടിയതും അവൻ ഉത്സാഹത്തിലായി.

“എങ്കിൽ താൻ ഫോണിൽ രണ്ട് ടിക്കറ്റ് ഓൺലൈൻ ആയി ബുക്ക് ചെയ്യ്.”

“നമ്മളിവിടെയാ സിനിമയ്ക്ക് പോകുന്നത്.”

“ട്രാവൻകൂർ മാളിനകത്തെ തിയറ്ററിൽ ബുക്ക് ചെയ്തോ.”

“ഓക്കേ…” ഗായത്രി മൊബൈൽ എടുത്ത് ഷോ ടൈം നോക്കി രണ്ട് ടിക്കറ്റ് എടുത്തു.

ഏസി തിയറ്ററിനുള്ളിൽ ഗായത്രിക്കരികിലായി ഇരിക്കുമ്പോൾ ലോകം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു അവന്. ശിവപ്രസാദിന്റെ ശ്രദ്ധ മുഴുവനും അവളിൽ മാത്രമായിരുന്നു. ഗായത്രിയാകട്ടെ സ്‌ക്രീനിൽ തന്നെ നോക്കി ഇരിക്കുകയാണ്.

അവളെ നോക്കി കൊണ്ടിരിക്കവേ ഗായത്രിയെ കെട്ടിപ്പിടിച്ചൊന്ന് ചുംബിക്കാൻ അവന്റെ ഹൃദയം തുടിച്ചു. അവളുടെ അനുവാദം കൂടാതെ അങ്ങനെ ചെയ്താലുള്ള ആഫ്റ്റർ എഫക്ട് ആലോചിച്ചതും ശിവപ്രസാദിന്റെ ആഗ്രഹം ഉള്ളിൽ തന്നെ തണുത്തുറഞ്ഞു പോയി.

സിനിമ കണ്ട് പുറത്തൂന്ന് ഫുഡും കഴിച്ചിട്ടാണ് ഇരുവരും വീട്ടിൽ തിരിച്ചെത്തിയത്.

അന്നും പതിവ് പോലെ കട്ടിലിന്റെ ഇരുധ്രുവങ്ങളിലുമായി അവർ കിടന്നു. കല്യാണം കഴിഞ്ഞ നാൾ മുതൽ കടന്ന് പോകുന്ന ഓരോ രാത്രിയും ശിവപ്രസാദിന് നിരാശ മാത്രമാണ് നൽകിയത്. ഓരോ ദിനങ്ങൾ കഴിയുംതോറും ഗായത്രിയെ എല്ലാ രീതിയിലും സ്വന്തമാക്കാൻ അവനിലെ മൃഗത്തിന് ആവേശം കൂടുകയാണ്. അവളെ പേടിച്ച് മാത്രമാണ് ശിവപ്രസാദ് ബലപ്രയോഗത്തിന് മുതിരാത്തത്.

കിടന്നിട്ട് ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് അവൻ. ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ അരികിൽ ശാന്തമായി ഉറങ്ങുന്ന ഗായത്രിയെ കണ്ണിമയ്ക്കാതെ അവൻ നോക്കി കിടന്നു. അപ്പോൾ സമയം ഏകദേശം രാത്രി രണ്ട് മണി കഴിഞ്ഞിട്ടുണ്ടാകും.

ഗായത്രി നല്ല ഉറക്കത്തിലാണെന്ന് മനസ്സിലായതും ശിവപ്രസാദ് എഴുന്നേറ്റ് അവൾക്കരികിലായി വന്നിരുന്നു. പിന്നെ കൈനീട്ടി മെല്ലെ മെല്ലെ അവളുടെ ശരീരം മറച്ചു കിടന്ന പുതപ്പ് താഴേക്ക് നീക്കി. ഗായത്രി ഒന്നും അറിയുന്നില്ലെന്ന് ബോധ്യമായപ്പോൾ അവന് ആവേശമായി.

ഒരേ താളത്തിൽ ഉയർന്ന് താഴുന്ന അവളുടെ നെഞ്ചിടിപ്പ് നോക്കി ശിവപ്രസാദ് ആ ഇരിപ്പിരുന്നു. സാവധാനം കൈകൾ നീട്ടി അവനവളുടെ മാറിലൊന്ന് തൊട്ടു. ഉറക്കത്തിലാണെങ്കിലും എന്തോ അസ്വസ്ഥത തോന്നിയ ഗായത്രി പെട്ടെന്ന് കണ്ണ് തുറന്നു. അവളുണരാൻ തുടങ്ങുന്നുവെന്ന് തോന്നിയപ്പോൾ തന്നെ ശിവപ്രസാദ് പിന്തിരിഞ്ഞു കിടന്ന് കളഞ്ഞു.

കണ്ണ് തുറന്ന് അവനെയൊന്ന് നോക്കിയിട്ട് പുതപ്പ് വലിച്ചിട്ട് അവൾ മറുവശത്തേക്ക് ചരിഞ്ഞു കിടന്നു. ഗായത്രിക്ക് സംശയമൊന്നും തോന്നിയില്ലെന്ന് ഉറപ്പായപ്പോഴാണ് അവന്റെ ശ്വാസം നേരെ വീണത്. എത്ര ഉറക്കത്തിലാണെങ്കിലും തന്റെ ശരീരത്തിൽ അനാവശ്യമായൊരു സ്പർശനമുണ്ടായാൽ ഗായത്രി ഉണരുമെന്ന് അതോടെ ശിവപ്രസാദ് മനസ്സിലാക്കി.

നിരാശയോടെ അവൻ കമഴ്ന്നു കിടക്കുമ്പോഴാണ് ബാത്‌റൂമിൽ വച്ച ക്യാമറയുടെ കാര്യം അവൻ ഓർത്തത്. അതോടെ നിരാശ ബാധിച്ച മനസ്സും ശരീരവും ചൂട് പിടിക്കാൻ തുടങ്ങി. ചുണ്ടിലൂറിയ ചിരിയോടെ ശിവപ്രസാദ് എഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു.

ബാത്‌റൂമിൽ സ്ഥാപിച്ചിരുന്ന ക്യാമറയിൽ നിന്ന് കിട്ടിയ വിഷ്വൽസ് പെൻഡ്രൈവിൽ കോപ്പി ചെയ്ത ശേഷം ക്യാമറ പഴയ സ്ഥലത്ത് തന്നെ സുരക്ഷിതമായി കൊണ്ട് വച്ചു.

ഗായത്രിക്കെന്നല്ല പുറത്ത് നിന്ന് വന്ന് നോക്കുന്ന ആർക്കും തന്നെ അതിനുള്ളിൽ താൻ ഒളിപ്പിച്ചു വച്ചിരിക്കുന്ന ക്യാമറ കണ്ടെത്താൻ ആവില്ലെന്ന് ഒന്ന് കൂടി ഉറപ്പ് വരുത്തി ശിവപ്രസാദ് ബാത്‌റൂമിൽ നിന്ന് പുറത്ത് കടന്നു.

ഉറങ്ങിക്കിടക്കുന്ന ഗായത്രിയെ ഒന്ന് നോക്കിയിട്ട് ലാപ്ടോപ്പും എടുത്ത് അവൻ ബാൽക്കണിയിലേക്ക് പോയി. അവിടെ ഇട്ടിട്ടുള്ള ബീൻ ബാഗിൽ ചെന്നിരുന്ന ശേഷം അവൻ വേഗം ലാപ്ടോപ് ഓൺ ചെയ്തു.

കയ്യിലിരുന്ന പെൻഡ്രൈവ് ലാപ്ടോപിൽ കണക്ട് ചെയ്യുമ്പോൾ ശിവപ്രസാദിന്റെ ഹൃദയം ക്രമാതീതമായി മിടിച്ചു.

തലേന്ന് വീട്ടിൽ നിന്ന് വന്നയുടനെ ഗായത്രി മേല് കഴുകാൻ ബാത്‌റൂമിലേക്ക് കയറുന്ന ദൃശ്യം സ്‌ക്രീനിൽ പ്ലേ ആയി തുടങ്ങി.

അവൾ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ച് മാറ്റുന്നതും ഷവർ ഓൺ ചെയ്യുന്നതും കൊതിയോടെ അവൻ നോക്കി ഇരുന്നു.

സ്വന്തം ഭാര്യയുടെ നഗ്നത കണ്ടാസ്വദിക്കുന്ന സൈക്കോ ആയ ഭർത്താവായി ശിവപ്രസാദ് മാറുകയായിരുന്നു.

ഒന്നല്ല, രണ്ടല്ല ഒരുപാട് തവണ അവനാ വീഡിയോ ആവർത്തിച്ച് കണ്ട് കൊണ്ടിരുന്നു. ശിവപ്രസാദ് തന്റെ മൊബൈലിലേക്കും ആ വീഡിയോ കോപ്പി ചെയ്ത് സേവ് ചെയ്തിട്ടു.

“നിന്റെ സമ്മതം കിട്ടുന്നത് വരെ കാത്തിരിക്കാൻ എനിക്ക് മനസ്സില്ല ഗായു. എന്റെ ആഗ്രഹങ്ങൾ ഏത് വിധേനയും സാധിക്കാൻ എനിക്കറിയാം. തത്കാലം നീയെനിക്ക് വഴങ്ങുന്നത് വരെ എന്റെ മനസ്സിനെയും ശരീരത്തെയും തൃപ്തിപ്പെടുത്താൻ എനിക്കിതൊക്കെ തന്നെ ധാരാളം.

ഇത് വച്ച് നിന്നെ ഞാൻ മെരുക്കും മോളെ. അതിനുള്ള പണിയൊക്കെ ഞാൻ ഒപ്പിക്കും. ഈ ശിവപ്രസാദ് ആരാണെന്ന് നീയറിയാൻ ഇരിക്കുന്നതേയുള്ളു.”

ഉന്മാദനെ പോലെ അവൻ ചിരിച്ചു.

ഗായത്രിക്ക് മുൻപിൽ സ്നേഹം വഴിഞ്ഞൊഴുകുന്ന ഭർത്താവായി തകർത്തഭിനയിക്കുമ്പോൾ അവന്റെ മനസ്സിൽ ചെകുത്താനായിരുന്നു.

ലാപ്ടോപ് ഷട്ട്ഡൌൺ ചെയ്തിട്ട് മൊബൈലും എടുത്ത് ശിവപ്രസാദ് ബാത്‌റൂമിലേക്ക് നടന്നു.

കുറച്ചുസമയം കഴിഞ്ഞ് തളർച്ചയോടെ അവൻ അവൾക്കരികിൽ വന്ന് കിടന്നു. ആ നിമിഷം അവന്റെ ചുണ്ടിന്റെ കോണിൽ ഒരു പരിഹാസ ചിരിയുണ്ടായിരുന്നു.

“നീ എന്റെയാ ഗായു… എന്റെ മാത്രം… നിനക്കിനി എന്നിൽ നിന്നൊരു മോചനം ഉണ്ടാവാൻ പോണില്ല. കുറച്ചു വൈകിയാണെങ്കിലും എന്നെ നീ ശരിക്കും അറിയും.” അവളെ നോക്കി അവൻ പിറുപിറുത്തു. പിന്നെ എപ്പോഴോ അവൻ ഉറക്കത്തിലേക്ക് വഴുതി വീണു.

🍁🍁🍁🍁🍁

ഒരാഴ്ച കഴിഞ്ഞപ്പോൾ ഇവാനിയസ് കോളേജിൽ നിന്ന് ഗായത്രിക്ക് വിളി വന്നു. പഠിച്ച കോളേജിൽ തന്നെ അസിസ്റ്റന്റ് ലക്‌ച്ചറായി അവൾക്ക് ജോലി ലഭിച്ചുവെന്ന് അറിഞ്ഞപ്പോൾ ഗായത്രിക്ക് ആഹ്ലാദമടക്കാനായില്ല.

ഉടനെ തന്നെ അച്ഛനെയും അമ്മയെയും ശിവപ്രസാദിനെയും വിളിച്ച് അവൾ ആ സന്തോഷ വാർത്ത അറിയിച്ചു. അഖിലിനോടും ഈ വിവരം പറയാൻ അവൾ മറന്നില്ല. ഗായത്രിക്ക് ജോലി കിട്ടിയത് അറിഞ്ഞു അഖിലും ഒത്തിരി സന്തോഷിച്ചു.

വൈകുന്നേരം ഓഫീസിൽ നിന്ന് വന്നപ്പോൾ ശിവപ്രസാദ് സ്വീറ്റ്സും വാങ്ങിയാണ് വന്നത്. അവൾക്ക് ജോലി കിട്ടിയത് അറിഞ്ഞു സുധാകരനും ഊർമിളയ്ക്കും വിഷ്ണുവിനും ഒക്കെ സന്തോഷം തന്നെയായിരുന്നു. ഗൗരിക്ക് മാത്രം ചേച്ചിയുടെ വളർച്ച കണ്ട് അസൂയ തോന്നി.

ചേച്ചി, നന്നായി പഠിച്ചു സ്വന്തം കാലിൽ നിൽക്കാൻ ഒരു ജോലിയും കണ്ടെത്തി. താൻ മാത്രം എവിടെയും എത്താതെ കുട്ടിയെയും നോക്കി ഈ അടുക്കള ചുമരിനുള്ളിൽ ഒതുങ്ങുമെന്ന് അവൾക്ക് തോന്നി. തന്റെ എടുത്തുചാട്ടനോർത്ത് ഗൗരിക്ക് കടുത്ത പശ്ചാതാപം തോന്നി.
രണ്ട് വർഷം പഠിച്ചതും വെറുതെയായി. നല്ല ജീവിതം കിട്ടുമെന്ന് പ്രതീക്ഷിച്ച് കയറി വന്ന വീടും നരക തുല്യമായി. ഇനി ഇതൊക്കെ താൻ അനുഭവിക്കാതെ വേറെ വഴിയില്ല.

🍁🍁🍁🍁🍁

ആഗ്രഹിച്ച ജോലി സ്വന്തമാക്കാൻ കഴിഞ്ഞപ്പോൾ ഗായത്രിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. തിങ്കളാഴ്ച മുതൽ അവൾ ജോലിക്ക് പോയി തുടങ്ങി. ഗായത്രിയുടെ വേഷവും ഭാവവും അടിമുടി മാറി. ഭാര്യയുടെ വളർച്ചയിൽ അഭിമാനിക്കുന്ന അവളെ അകമഴിഞ്ഞ് സ്നേഹിക്കുന്ന ഭർത്താവായി ശിവപ്രസാദ് മാറി.

ദിവസങ്ങൾ കഴിയുംതോറും അവനോട് കൂടുതൽ അടുത്ത് തുടങ്ങിയിരുന്നു ഗായത്രി.

ദിവസങ്ങളും മാസങ്ങളും കടന്ന് പോകവേ അവളുടെ ഏറ്റവും അടുത്ത സുഹൃത്തായി ശിവപ്രസാദ് മാറി. അതുവഴി ഗായത്രിയുടെ വിശ്വാസവും നേടിയെടുക്കാൻ അവന് സാധിച്ചു. കാര്യങ്ങൾ അങ്ങനെയൊക്കെ ആണെങ്കിലും ബെഡ്‌റൂമിൽ അവനിൽ നിന്നും കൃത്യമായൊരു അകലം അവൾ അപ്പോഴും തുടർന്നിരുന്നു.

ശിവപ്രസാദിനെ ഭർത്താവെന്ന രീതിയിൽ ഉൾകൊള്ളാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല. ഉള്ളിന്റെ ഉള്ളിലെവിടെയോ സംശയത്തിന്റെ ഒരു കണിക ബാക്കിയായി കിടക്കുന്നത് ഗായത്രിയെ അവനിൽ നിന്ന് അകറ്റി നിർത്തി.

കല്യാണം കഴിഞ്ഞു മാസം ആറു കഴിഞ്ഞു. ഇനിയും ഗായത്രിയെ അങ്ങനെ വിടാൻ അവൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു. അടുത്ത നാടകത്തിലൂടെ അവളെ തനിക്ക് മുന്നിൽ മുട്ട് കുത്തിക്കണമെന്ന ഉദേശത്തോടെ ശിവപ്രസാദ് പദ്ധതി ഒരുക്കി തുടങ്ങി….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button