Novel

വരും ജന്മം നിനക്കായ്: ഭാഗം 28

രചന: ശിവ എസ് നായർ

കല്യാണം കഴിഞ്ഞു മാസം ആറു കഴിഞ്ഞു. ഇനിയും ഗായത്രിയെ അങ്ങനെ വിടാൻ അവൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു. അടുത്ത നാടകത്തിലൂടെ അവളെ തനിക്ക് മുന്നിൽ മുട്ട് കുത്തിക്കണമെന്ന ഉദേശത്തോടെ ശിവപ്രസാദ് പദ്ധതി ഒരുക്കി തുടങ്ങി.

ഗായത്രിയെ തനിക്ക് എല്ലാ രീതിയിലും വേണം. കാത്തിരുന്ന് മടുത്തു കഴിഞ്ഞു. തന്റെ ആഗ്രഹം അവളോട് തുറന്ന് പറയണമെന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു. ഈ മാസങ്ങൾ അത്രയും ശിവപ്രസാദ് തള്ളി നീക്കിയത് ഒളി ക്യാമറ വഴി അവൻ പകർത്തിയ അവളുടെ നഗ്നത കണ്ടാസ്വധിച്ചാണ്. ഓരോ തവണ അവളുടെ ശരീരം കാണുമ്പോൾ അവളോടുള്ള അവന്റെ ആസക്തി വർദ്ധിക്കുകയാണ് ചെയ്യുന്നത്.

🍁🍁🍁🍁🍁

ഗൗരിക്ക് ഇത് ഒൻപതാം മാസമാണ്. അവൾക്ക് പ്രസവം അടുക്കാറായി. ബന്ധുക്കളോടും അടുത്തുള്ളവരോടൊക്കെ മൂന്ന് മാസം കുറച്ചാണ് ഊർമിള പറഞ്ഞിരിക്കുന്നത്. ആകെ സത്യം അറിയാവുന്നത് സുധാകരന്റെ പെങ്ങൾ സരിതയ്ക്കാണ്.

പുറത്തേക്ക് അധികം തള്ളി നിലക്കാത്ത ഒതുങ്ങിയ വയറാണ് ഗൗരിക്ക്. ഷാള് കൊണ്ട് വയറു മറച്ചാൽ പ്രസവം അടുത്തെന്ന് പറയില്ല.

ഇടയ്ക്കിടെയുള്ള നടുവേദനയും ക്ഷീണവും ഒഴിച്ചാൽ ഗൗരിക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും തന്നെയില്ല. വിഷ്ണു ക്യാമ്പസ് പ്ലേസ്മെന്റ് വഴി ജോലി കിട്ടി മുംബൈയിലാണ് ഇപ്പോ ഉള്ളത്. ഗൗരിയുടെ പ്രസവം കഴിഞ്ഞാൽ അമ്മയെയും കുഞ്ഞിനെയും ഒപ്പം കൊണ്ട് പോകാനാണ് അവന്റെ തീരുമാനം.

വേണു മാഷോ സുമിത്രയോ ഇതുവരെ ഗൗരിയെ ഒന്ന് കാണാൻ വന്നിട്ടില്ല. മകൾക്ക് പ്രസവം അടുത്ത് തുടങ്ങിയപ്പോൾ സുമിത്രയുടെ മനസ്സിൽ ചെറിയൊരു ചാഞ്ചാട്ടം ഉണ്ടായെങ്കിലും വേണു മാഷെ ഭയമുള്ളത് കൊണ്ട് അവർ ഇളയ മകളെ കാണാനോ വിശേഷം തിരക്കാനോ ശ്രമിച്ചില്ല.

പ്രസവ തീയതി അടുത്ത് വരുന്നതിനാൽ ഗൗരിയെ സുധാകരന്റെ തറവാട്ടിലേക്ക് മാറ്റാൻ തീരുമാനമായി. തറവാട്ടിൽ ഇപ്പോൾ ആരുമില്ലാതെ അടഞ്ഞു കിടക്കുകയാണ്. പ്രസവം കഴിഞ്ഞു അവളെ നോക്കാൻ ഒരു സ്ത്രീയെ സരിത ഏർപ്പാടാക്കാം എന്ന് പറഞ്ഞു. ഒപ്പം, ഗൗരിയും കുഞ്ഞും വിഷ്ണുവിനൊപ്പം പോകുന്നത് വരെ സരിതയും കുടുംബവും തറവാട്ടിൽ നിൽക്കാമെന്നും പറഞ്ഞു. അത് സുമിത്രയ്ക്ക് വലിയൊരു ആശ്വാസമായി.

ഇപ്പോ താമസിക്കുന്ന വീട്ടിൽ നിന്നും കുറെ ദൂരെയാണ് തറവാട്. അതുകൊണ്ട് ഗൗരി നേരത്തെ പ്രസവിച്ചുവെന്ന് ആരും അറിയുകയുമില്ല എന്നോർത്ത് ഊർമിളയ്ക്ക് സമാധാനം തോന്നി.

അങ്ങനെ സരിതയ്ക്കും കുടുംബത്തിനും ഒപ്പം ഗൗരി തറവാട്ടിലേക്ക് താമസം മാറി. ആരെങ്കിലും ചോദിച്ചാൽ അവളെ വീട്ടിലേക്ക് കൊണ്ട് പോയെന്ന് മറുപടി പറയും. വേണു മാഷിന്റെയോ സുമിത്രയുടെയോ ബന്ധുക്കൾ ചോദിച്ചാൽ ഗൗരി വിഷ്ണുവിനൊപ്പം മുംബൈയിൽ ആണെന്ന് പറയും. ആരും അതേക്കുറിച്ച് കൂടുതൽ ചികയാനും പോയില്ല.

ഇളയ മകൾക്ക് വിശേഷം ആയിട്ടും മൂത്ത മകൾക്ക് ഒന്നും ആയില്ലേ എന്നാണ് എല്ലാവർക്കും അറിയാൻ ഉത്സാഹം.

🍁🍁🍁🍁🍁

വീട്ടിലിപ്പോൾ സുധാകരനും ഊർമിളയും ശിവപ്രസാദും ഗായത്രിയും മാത്രമാണ് ഉള്ളത്. ഊർമിള ഒഴികെ ബാക്കി മൂന്ന് പേർക്കും ജോലിയുള്ളത് കൊണ്ട് വീട്ടിലെ പണികളൊക്കെ നാല് പേരും കൂടെ ഒരുമിച്ചാണ് ചെയ്യാറുള്ളത്.

ഈ മാറ്റങ്ങളൊക്കെ ഗായത്രി കാരണമാണ് സംഭവിച്ചത്. അതുകൊണ്ട് ഊർമിള ഇപ്പോ അവളോട് മുഖം കറുപ്പിക്കാനോ അടി കൂടാനോ ഒന്നും നിൽക്കാറില്ല. പരമാവധി ഗായത്രിയെ സോപ്പിട്ടാണ് അവരുടെ പെരുമാറ്റം.

പുതിയ ജീവിതവുമായി മുഴുവനായി അല്ലെങ്കിലും കുറച്ചൊക്കെ ഗായത്രി പൊരുത്തപ്പെട്ടു തുടങ്ങിയിരുന്നു.

ഗൗരി പ്രസവിച്ചു, മോളാണ്. നോർമൽ ഡെലിവറിയായിരുന്നു. അമ്മയെയും കുഞ്ഞിനെയും റൂമിലേക്ക് മാറ്റിയപ്പോൾ എല്ലാവർക്കുമൊപ്പം ഗായത്രിയും പോയി അവളെയും മോളെയും കാണാൻ. വിഷ്ണുവും മുംബൈയിൽ നിന്ന് വന്നിരുന്നു.

പ്രസവത്തോടെ ഗൗരി ഒത്തിരി മാറിപ്പോയത് പോലെ ഗായത്രിക്ക് തോന്നി.

“ഞാനൊരു അമ്മയായപ്പോഴാ ചേച്ചി നമ്മുടെ അമ്മയുടെ വില എനിക്ക് മനസ്സിലായത്. നിങ്ങളോടൊക്കെ തെറ്റ് ചെയ്ത ഞാൻ മഹാപാപിയാ.” ഗായത്രിയുടെ കൈയ്യിൽ മുറുക്കി പിടിച്ച് ഗൗരി പൊട്ടിക്കരഞ്ഞു.

“ഇപ്പോഴെങ്കിലും നിനക്കത് മനസ്സിലായല്ലോ. ഇനിയെങ്കിലും ആരെയും വേദനിപ്പിക്കാതിരിക്കാൻ ശ്രമിക്ക്.”

“ചേച്ചി എന്നോട് ക്ഷമിക്കില്ലേ…”

“ഇല്ല ഗൗരി… നിന്നോട് അത്ര പെട്ടെന്ന് ക്ഷമിക്കാനോ എല്ലാം മറക്കാനോ എനിക്ക് കഴിയില്ല.” ഗൗരിയുടെ കൈ വിടുവിച്ചവൾ കുഞ്ഞിനെ എടുത്ത് മാറോട് ചേർത്തു.

“മോളെയൊന്ന് കാണാൻ വേണ്ടിയാ ഞാൻ വന്നത്.” കുഞ്ഞിന്റെ നെറുകയിൽ അരുമയായി തലോടി ഗായത്രി പറഞ്ഞു.

നിറമിഴികളോടെ ഗൗരി മുഖം താഴ്ത്തി. അച്ഛനും അമ്മയും ഒരു നോക്ക് കാണാൻ വരാത്തതും അവളെ ധർമ്മ സങ്കടത്തിലാക്കി.

കുഞ്ഞിനെ കണ്ട ശേഷം എല്ലാവരും തിരികെ മടങ്ങി. ഹോസ്പിറ്റലിൽ ഗൗരിക്കൊപ്പം നിന്നത് വിഷ്ണുവാണ്. എല്ലാം സ്വന്തം ഉത്തരവാദിത്തത്തിൽ ചെയ്യാൻ തയ്യാറായി ആണ് അവൻ വന്നത്. മൂന്നു മാസം കഴിഞ്ഞാൽ അവരെ അവൻ കൂടെ കൊണ്ട് പോകും.

🍁🍁🍁🍁🍁

“ഗൗരി പ്രസവിച്ചു, മോളാണ്.” ഗായത്രി വിളിച്ചു വിവരം പറഞ്ഞതനുസരിച്ച് സുമിത്ര വേണു മാഷിന് അരികിലേക്ക് വന്നു.

“ഹാ… ശിവപ്രസാദ് എന്നെ വിളിച്ചു പറഞ്ഞു കുറച്ചു മുൻപ്.”

“നിങ്ങള് നേരത്തെ അറിഞ്ഞിട്ടാണോ എന്നോട് പറയാതിരുന്നത്.” സുമിത്ര പരിഭവിച്ചു.

“ഇതറിഞ്ഞാൽ പിന്നെ ഉടനെ നീ പറയും നിനക്കവളെ കാണാൻ പോണമെന്ന്. അതുകൊണ്ട് മനഃപൂർവം പറയാതിരുന്നതാ ഞാൻ.”

“അവള് പ്രസവിച്ചു കിടക്കുമ്പോ നമ്മള് പോയില്ലെങ്കിൽ മോശല്ലേ. അവന്റെ വീട്ടുകാർ എന്ത് വിചാരിക്കും.”

“ഈ കല്യാണത്തോടെ ഗൗരിയുമായുള്ള എല്ലാ ബന്ധവും നമ്മൾ ഉപേക്ഷിക്കുമെന്ന് അവരോട് ആദ്യമേ പറഞ്ഞിട്ടുണ്ടല്ലോ. അതുകൊണ്ട് അവരെന്ത് വിചാരിച്ചാലും എനിക്കത് പ്രശ്നമല്ല. പുകഞ്ഞ കൊള്ളി പുറത്ത്.”

“അങ്ങനെയൊക്കെ പറഞ്ഞാലും ഗൗരി നമ്മുടെ മോളല്ലാതെ ആവുന്നില്ലല്ലോ വേണുവേട്ട. എനിക്ക് കുഞ്ഞിനെ ഒരു നോക്ക് കാണാൻ നല്ല ആഗ്രഹമുണ്ട്.”

“അതൊന്നും നടക്കില്ല സുമിത്രേ. കുഞ്ഞിനോട് വിരോധമുണ്ടായിട്ടല്ല. നമ്മള് അങ്ങോട്ട്‌ കാണാൻ ചെന്നാൽ നമ്മൾക്ക് അവളോടുള്ള ദേഷ്യം തീർന്നെന്ന് അവളും മറ്റെല്ലാവരും വിചാരിക്കും, അത് വേണ്ട.”

“എന്നാലും ആ കുഞ്ഞെന്ത് പിഴച്ചു. നമ്മളെ അപ്പൂപ്പനും അമ്മൂമ്മയും ആക്കിയത് ആ കുരുന്നല്ലേ.”

“ഒക്കെ ശരിയാ… പക്ഷേ ആ കുഞ്ഞിനെയും വയറ്റിലിട്ട് അവളിവിടെ കാണിച്ചു കൂട്ടിയതൊന്നും പൊറുക്കാൻ പറ്റില്ല. അവള് കാരണം എന്റെ ഗായത്രി മോളെ എനിക്ക് സങ്കടപ്പെടുത്തേണ്ടി വന്നു. ഗായത്രിയെക്കാൾ എനിക്ക് വലുതല്ല ഗൗരിയുടെ കുഞ്ഞ്. അതുകൊണ്ട് ഇക്കാര്യം പറഞ്ഞ് നീ എന്റെയടുത്തേക്ക് വരണ്ട.”

വേണു മാഷിന്റെ വാക്കുകൾ സുമിത്രയെ തളർത്തി. അയാളോട് ഇനി തർക്കിച്ചിട്ട് കാര്യമില്ലെന്ന് മനസ്സിലായത് കൊണ്ട് അവർ മൗനം പാലിച്ചു.

🍁🍁🍁🍁🍁

“ഗായത്രീ… നമ്മുടെ കല്യാണം കഴിഞ്ഞിട്ടിപ്പോ ആറു മാസം കഴിഞ്ഞു. ഇങ്ങനെയൊക്കെ ജീവിച്ചാൽ മതിയോ നമുക്ക്? എത്ര നാളായി തന്റെ മനസ്സ് മാറുന്നതും കാത്തിരിക്കുകയാണ് ഞാൻ. ഇനിയും എന്നെ നിരാശനാക്കരുത് നീ. നമുക്ക് ഒരുമിച്ചൊരു ജീവിതം തുടങ്ങണ്ടേ.”

വൈകുന്നേരം ബാൽക്കണിയിൽ ഇരുന്ന് സംസാരിക്കുകയായിരുന്നു ഗായത്രിയും ശിവപ്രസാദും. സാഹചര്യം അനുകൂലമാണെന്ന് കണ്ടപ്പോൾ ശിവപ്രസാദ് അവളുടെ മനസ്സിലേക്ക് ഇടിച്ചു കയറാൻ ഒരു ശ്രമം നടത്തി.

“ശിവേട്ടാ… ഞാൻ…” ഗായത്രിക്ക് അവനോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു.

“കാത്തിരിക്കാൻ മടിയുണ്ടായിട്ടല്ല ഗായു. ഇങ്ങനെ പോയാൽ നമ്മുടെ ലൈഫ് എവിടെ ചെന്നെത്താനാണ്. ഇനിയും ഇതുപോലെ തുടർന്നാൽ ഗായത്രിക്കൊരിക്കലും എന്നെ സ്വീകരിക്കാൻ കഴിയില്ല. താൻ എന്നിൽ നിന്നും കൂടുതൽ അകലും.

ജീവിതകാലം മുഴുവൻ സുഹൃത്തുക്കളെ പോലെ കഴയാമെന്നാണോ. ഞാനും ഒരു മനുഷ്യനല്ലേ ഗായു. താനെന്റെ ഭാര്യയല്ലേ. ആഗ്രഹങ്ങൾ എനിക്കും ഉണ്ടാവില്ലേ. തന്നെ ഞാൻ ഫോഴ്‌സ് ചെയ്യുകയാണെന്ന് തെറ്റിദ്ധരിക്കരുത്. എല്ലാ രീതിയിലും ഗായത്രി എന്റെ ഭാര്യയാകണമെന്ന ആഗ്രഹം കൊണ്ട് പറയുന്നതാ.” ശിവപ്രസാദിന്റെ കണ്ഠമിടറി.

“ഇനി ശിവേട്ടനെ കാത്തിരിപ്പിച്ചു വിഷമിപ്പിക്കില്ല ഞാൻ. നമ്മുടെ കല്യാണം കഴിഞ്ഞ് ആറു മാസം കഴിഞ്ഞു പോയത് സത്യത്തിൽ ഞാൻ ഓർത്തതേയില്ല. ഇത്രയും നാൾ എനിക്ക് സമയം തന്നല്ലോ. എന്റെ അഭിപ്രായത്തിന് വില കല്പ്പിച്ചല്ലോ അതുമതി.”

“ഗായത്രീ… ഞാൻ തന്നെ ഒന്നിനും നിർബന്ധിക്കില്ല. തന്റെ ഇഷ്ടത്തിനാണ് മുൻ‌തൂക്കം. പിന്നെ, ഭാര്യാ ഭർത്താക്കന്മാർ ആകുമ്പോൾ മനസ്സ് കൊണ്ടും ശരീരം കൊണ്ടും പരസ്പരം ഒന്നായി ജീവിക്കേണ്ടവരല്ലേ. ഇങ്ങനെ അകന്ന് കഴിഞ്ഞാൽ അത് നമുക്കിടയിലെ വിള്ളൽ കൂട്ടുകയേയുള്ളൂ. അതുകൊണ്ടാ ഞാനിത്രയും പറഞ്ഞത്.”

“എനിക്ക് മനസ്സിലാവും.” തന്റെ മനസ്സിൽ ശിവപ്രസാദിനോട് തോന്നുന്ന അകൽച്ച ഒരുപക്ഷേ ഇത് കൊണ്ട് മാറിയേക്കാം എന്ന് കരുതി അർദ്ധ മനസ്സോടെ ആണെങ്കിലും അവന്റെ ആഗ്രഹത്തിന് വഴങ്ങാൻ തന്നെ അവൾ തീരുമാനിച്ചു.

അന്ന് രാത്രി, ഗായത്രിയെ എല്ലാ രീതിയിലും ശിവപ്രസാദ് സ്വന്തമാക്കി. ലോകം വെട്ടിപ്പിടിച്ച സന്തോഷമായിരുന്നു അവനപ്പോൾ. പക്ഷേ, ഗായത്രിക്ക് അപ്പോഴും ഉള്ളിന്റെയുള്ളിൽ ഒരു കരട് അവശേഷിച്ചിരുന്നു. അതിന്റെ കാരണം എന്ത് കൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് മനസ്സിലായതേയില്ല….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button