വരും ജന്മം നിനക്കായ്: ഭാഗം 3
രചന: ശിവ എസ് നായർ
എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നതിന് മുൻപേ ശിവപ്രസാദ് അവളെ ഭിത്തിയിലേക്ക് ചേർത്ത് നിർത്തി ചുണ്ടിൽ അമർത്തി ചുംബിച്ചു. ഗായത്രി വിറച്ചുപോയി. അവന്റെ വായിൽ നിന്നും വമിക്കുന്ന സിഗരറ്റിന്റെയും ഹാൻസിന്റെയും മണമടിച്ച് ഗായത്രിക്ക് ഓക്കാനം വന്നു.
തൊട്ടടുത്ത നിമിഷം ശിവയെ തള്ളി മാറ്റി അവൾ ബാത്‌റൂമിലേക്ക് ഓടിക്കയറി. വാതിൽ വലിച്ചടച്ചവൾ അതിൽ ചാരി നിന്ന് കിതച്ചു.
അവന്റെ ചുംബനം സമ്മാനിച്ച നടുക്കം വിട്ട് മാറാതെ ബാത്‌റൂമിന്റെ ഡോറിൽ ചാരി നിന്നവൾ മുഖം പൊത്തി കരഞ്ഞു. കയ്യിലിരുന്ന തോർത്ത് കൊണ്ട് അവൾ തന്റെ അധരങ്ങൾ അമർത്തി തുടച്ചു.
എത്ര തുടച്ചിട്ടും വൃത്തിയാവാത്ത പോലെ തോന്നിയിട്ട് ടാപ് തുറന്ന് വെള്ളം കൈകുമ്പിളിൽ കോരി ഗായത്രി തന്റെ വായും ചുണ്ടുമൊക്കെ വീണ്ടും വീണ്ടും കഴുകി.
ആ നിമിഷം അവൾ അഖിലിനെ ഓർത്തുപോയി. ഏഴു വർഷം പ്രണയിച്ചിട്ടും തന്റെ വിരൽ തുമ്പിൽ പോലും അനാവശ്യമായൊന്ന് സ്പർശിക്കാത്തവൻ… നെഞ്ചിൽ നിന്ന് ഷാൾ ഒന്ന് മാറിയാൽ പോലും തെറ്റായൊരു നോട്ടം പോലും ഉണ്ടാവാതെ സ്വാഭാവികമായി ഷാൾ പിടിച്ചു നേരെയിട്ട് കൊടുക്കും അവൻ.
ഒരൊറ്റ തവണയാണ് അഖിൽ അവളെ ചുംബിച്ചിട്ടുള്ളത്, അതും ഗായത്രിയുടെ അനുവാദത്തോടെ. എയർപോർട്ടിൽ വച്ചുള്ള അവരുടെ കൂടിക്കാഴ്ചയിൽ സങ്കടം സഹിക്കാനാവാതെ അവളവന്റെ നെഞ്ചിലേക്ക് ചായുമ്പോൾ അരുമയോടെ അഖിൽ അവളെ നെഞ്ചിലേക്ക് ചേർത്ത് മൂർദ്ധാവിൽ അമർത്തി ചുംബിച്ചു. ഗായത്രിയെ സ്വന്തമാക്കാൻ വേണ്ടി നല്ലൊരു ജോലി തേടി ദുബായിലേക്കുള്ള അവന്റെ യാത്ര.
അന്നാണ് അഖിലിനെ അവൾ അവസാനമായി കണ്ടത്. ഒത്തിരി സ്വപ്നങ്ങൾ നെഞ്ചിലേറ്റി കടൽ കടന്ന് പോകുമ്പോൾ അന്ന് ഇരുവരും അറിഞ്ഞിരുന്നില്ല തങ്ങൾ അന്യരായി തീരുമെന്ന്.
അടഞ്ഞ് കിടക്കുന്ന ബാത്‌റൂമിന്റെ വാതിലിന് നേർക്ക് നോക്കി നിരാശയോടെ ശിവപ്രസാദ് നിന്നു. കുറച്ചു സമയം അങ്ങനെ നിന്ന ശേഷം ഒരു നെടുവീർപ്പോടെ റിസപ്ഷന് തനിക്കിടാനുള്ള ഡ്രസ്സ് അലമാരയിൽ നിന്നെടുത്തുകൊണ്ട് അവൻ തൊട്ടടുത്ത മുറിയിലേക്ക് പോയി.
എത്ര നേരം ബാത്‌റൂമിനുള്ളിൽ ഇരുന്നുവെന്ന് ഗായത്രിക്ക് തന്നെ അറിയില്ലായിരുന്നു. രേവതി ഡോറിൽ തട്ടി വിളിക്കുമ്പോഴാണ് അവൾക്ക് സ്ഥലകാല ബോധം വന്നത്.
“ഗായത്രി… ഇതുവരെ കുളി കഴിഞ്ഞില്ലേ.” രേവതിയുടെ ശബ്ദം കേട്ടതും ഒന്നൂടെ മുഖം കഴുകി തുടച്ചു കൊണ്ട് അവൾ ബാത്‌റൂമിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങി.
“ഇത്രയും നേരം അതിനകത്തായിരുന്നോ താൻ?” രേവതി അത്ഭുതം കൂറി.
“ഏയ്… ഇല്ല… കുളിയൊക്കെ നേരത്തെ കഴിഞ്ഞതാ. ഞാനിപ്പോ ടോയ്‌ലറ്റിൽ പോകാൻ വേണ്ടി കയറിയതാ.” ഗായത്രി എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.
“താൻ കരഞ്ഞോ?”
“ഇല്ലല്ലോ.”
“കള്ളം പറയണ്ട… കണ്ണൊക്കെ ചുവന്നിരുപ്പുണ്ടല്ലോ.” രേവതിയുടെ മുഖത്ത് ഗൗരവം നിറഞ്ഞു.
“ഇല്ല… ഞാൻ കരഞ്ഞൊന്നുമില്ല…” ഗായത്രിയുടെ സ്വരമിടറി.
“നമ്മൾ തമ്മിൽ ഇന്നാണ് ആദ്യമായിട്ട് കാണുന്നതെങ്കിലും തന്നോടെനിക്ക് അപരിചിതത്വം ഒന്നും തോന്നുന്നില്ല. ഒരുപാട് കാലമായി അടുത്തറിയുന്ന ഒരാളെ പോലെ തോന്നുവാ. അതുകൊണ്ട് തന്റെ വിഷമം കാണുമ്പോ എനിക്കും സങ്കടം തോന്നുന്നുണ്ട്. കരയാൻ മാത്രം ഇപ്പോ എന്തുണ്ടായി?” രേവതി അവളെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു.
അതോടെ അടക്കി നിർത്തിയ കരച്ചിൽ ചീളുകൾ ഹൃദയ ഭിത്തികൾ തകർത്ത് പുറത്തേക്കൊഴുകി. രേവതിയുടെ നെഞ്ചിൽ മുഖം അമർത്തി ഗായത്രി പൊട്ടി പൊട്ടി കരഞ്ഞു.
“എനിക്ക് ഈ വിവാഹം ഉൾകൊള്ളാൻ പറ്റുന്നില്ല രേവതി. മറ്റുള്ളവർക്ക് വേണ്ടി എന്റെ ജീവിതം ഞാൻ തന്നെ തകർത്തു കളഞ്ഞു. അയാളെ കാണുന്നത് തന്നെ എനിക്ക് പേടിയാണ്… ഏഴു വർഷം പ്രാണനായി കണ്ട് സ്നേഹിച്ച പുരുഷനെ വഞ്ചിക്കേണ്ടി വന്നു എനിക്ക്.
ഇതൊന്നും സഹിക്കാൻ എനിക്കാവുന്നില്ല. ആരോടെങ്കിലും ഇതൊക്കെ ഒന്ന് പറഞ്ഞില്ലെങ്കിൽ ഹൃദയം പൊട്ടി ഞാൻ മരിച്ചു പോകും. അത്രത്തോളം ഞാൻ തകർന്ന് പോയി രേവതി. എന്നെ ആരും മനസ്സിലാക്കിയില്ല… എന്റെ കൂടെ നിൽക്കാൻ ആരുമില്ല. ഗൗരിക്ക് പോലും അവളുടെ കാര്യം നടന്ന് കഴിഞ്ഞപ്പോൾ ഞാൻ കറിവേപ്പിലയായി.” പതം പറഞ്ഞവൾ കരയുമ്പോൾ ഗായത്രിയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ രേവതിയും കുഴങ്ങി.
“തനിക്കെന്നെ നല്ലൊരു ഫ്രണ്ട് ആയിട്ട് കാണാം. എന്ത് വിഷമം തോന്നിയാലും എന്നോട് ധൈര്യമായി പറഞ്ഞോ. ഞാൻ കൂടെയുണ്ട്.” രേവതിക്കപ്പോൾ അങ്ങനെ പറയാനാണ് തോന്നിയത്.
നിമിഷങ്ങളോളം ഗായത്രിയുടെ ഏങ്ങലടികൾ അവിടെ പ്രതിധ്വനിച്ചു കൊണ്ടിരുന്നു.
“കുറച്ചു കഴിഞ്ഞാൽ റിസപ്ഷൻ തുടങ്ങും. തന്നെ ഒരുക്കാൻ ബ്യൂട്ടിഷൻ വന്നിട്ടുണ്ട്. ആളുകളൊക്കെ വന്ന് തുടങ്ങുമ്പോ ഇങ്ങനെ കരഞ്ഞു വീർത്ത മുഖത്തോടെ ഇരുന്നാൽ ശരിയാവില്ല. ആളുകൾ പലതും പറയും. ഒടുവിൽ അതിന്റെ പേരിൽ എല്ലാവരും തന്നോട് മുഖം കറുപ്പിക്കാൻ തുടങ്ങും. ശിവേട്ടനും ചിലപ്പോൾ ചൂടാകും. നിന്റെ വിഷമം ഒന്നും ഇവിടെ ആർക്കും ഒരു വിഷയമേയല്ല ഗായത്രി.
താൻ മനസ്സ് വിഷമിപ്പിച്ചു ഇങ്ങനെ ദുഖിച്ചിരിക്കുന്നത് കണ്ടാൽ ആ പേര് പറഞ്ഞ് എന്റെ അമ്മ ഉൾപ്പെടെ എല്ലാവരും തന്നെ കുത്തി നോവിക്കാനേ ശ്രമിക്കു. അതുകൊണ്ട് തന്റെ സങ്കടം ആരെയും കാണിക്കാൻ നിക്കണ്ട. ഞാൻ മനസ്സിലാക്കിയത് പോലെ മറ്റുള്ളവർ തന്നെ മനസ്സിലാക്കണമെന്നില്ല. അങ്ങനെ ആയിരുന്നെങ്കിൽ എല്ലാം അറിഞ്ഞുവച്ച് ശിവേട്ടന്റെ ജീവിതത്തിലേക്ക് എല്ലാരും കൂടി തന്നെ വലിച്ചിടാൻ ശ്രമിക്കില്ലായിരുന്നു.” രേവതി തന്നിൽ നിന്ന് എന്തൊക്കെയോ മറച്ചു പിടിച്ചാണ് സംസാരിക്കുന്നതെന്ന് ഗായത്രിക്ക് തോന്നി.
“രേവതി എന്നിൽ നിന്ന് എന്തെങ്കിലും മറയ്ക്കാൻ ശ്രമിക്കുന്നുണ്ടോ?” സംശയത്തോടെ അവൾ രേവതിയെ നോക്കി.
“ഏയ്… ഞാനെന്ത് മറയ്ക്കാനാ. അവിടെ എല്ലാരും അന്വേഷിച്ചു തുടങ്ങും മുൻപ് വേഗം റെഡിയായി വാ. ഞാൻ താഴെ പോയി മേക്കപ്പ് ചെയ്യാൻ വന്ന ചേച്ചിയെ ഇങ്ങോട്ട് പറഞ്ഞ് വിടാം.” രേവതിയുടെ സംസാരം ഒരു ഒഴിഞ്ഞു മാറ്റം പോലെയാണ് ഗായത്രിക്ക് തോന്നിയത്.
കൂടുതൽ എന്തെങ്കിലും അവൾ ചോദിക്കുന്നതിന് മുൻപേ രേവതി താഴേക്ക് പോയിരുന്നു.
🍁🍁🍁🍁🍁
“അഖിലേ… ഗായത്രിയുടെ വിവാഹം കഴിഞ്ഞു. ഫോട്ടോസും വീഡിയോസുമൊക്കെ ഞാൻ നിന്റെ വാട്സാപ്പിൽ അയച്ചിട്ടുണ്ട്.”
“ഹ്മ്മ്…” തന്റെ ഉറ്റ ചങ്ങാതി മനുവിന്റെ വാക്കുകൾ കേട്ട് അഖിൽ ദുർബലമായി ഒന്ന് മൂളി.
“അഖീ… നീ ഓക്കേ അല്ലെ.” വീഡിയോ കാളിൽ മുഖം കുനിച്ചിരിക്കുന്നവനെ കാൺകേ മനുവിന്റെ നെഞ്ചിടിപ്പേറി.
“സങ്കടമുണ്ട് മനു…. അവൾക്ക് വേണ്ടിയല്ലേ നാടും വീടുമൊക്കെ ഉപേക്ഷിച്ചു ഞാനിവിടെ വന്നത്… എന്നിട്ട്…” അഖിൽ മുഖം പൊത്തി കരഞ്ഞു.
അവനെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കാൻ കഴിയുന്നില്ലല്ലോ എന്നോർത്ത് മനുവിനും വിഷമം തോന്നി.
“എടാ… നീ ബുദ്ധിമോശം ഒന്നും കാണിച്ചേക്കരുത്. നിന്നെ കാത്ത് രണ്ട് ജീവനുകൾ ഇവിടെയുണ്ടെന്ന ഓർമ്മ വേണം നിനക്ക്.”
“ശ്ശേ… സ്നേഹിച്ച പെണ്ണിനെ നഷ്ടമായ പേരിൽ സൂയിസൈഡ് ചെയ്യാനൊന്നും ഞാനില്ല മനു. അത്രേം തൊട്ടാവാടി അല്ല ഞാൻ.” സ്വരമിടറുമ്പോഴും അഖിൽ പുഞ്ചിരിക്കാൻ ശ്രമിച്ചു.
“അവളെ തന്തയെ പിടിച്ചു രണ്ട് പൊട്ടിക്കട്ടെ ഞാൻ.” കലിപ്പടങ്ങാതെ മനു ചോദിച്ചു.
“ഏയ്… വേണ്ട… അവളെ എനിക്ക് വിധിച്ചിട്ടില്ല… അങ്ങനെ കരുതി സമാധാനിച്ചോളാം ഞാൻ. ഇതിന്റെ പേരിൽ നീയിനി പ്രശ്നത്തിനൊന്നും പോണ്ട. അത് ബാധിക്കുന്നത് ഗായുവിന്റെ ജീവിതത്തെ ആയിരിക്കും.”
“നിനക്ക് തോന്നുന്നുണ്ടോ അഖി അവൾ അവന്റെ കൂടെ ഹാപ്പിയായി ജീവിക്കുമെന്ന്. താലി കെട്ടുമ്പോഴൊക്കെ ഗായത്രി ചങ്ക് പൊട്ടി കരയുവായിരുന്നെടാ. അവള് വിങ്ങിപ്പൊട്ടി നിക്കുന്നത് കണ്ടിട്ട് എനിക്ക് സഹിച്ചില്ല…”
“കുറച്ചു ദിവസം സങ്കടം ഉണ്ടാവും. പിന്നെ പുതിയ ജീവിതവുമായി അവൾ ഇണങ്ങിക്കോളും. അതല്ലാതെ അവൾക്ക് വേറെ നിവർത്തിയില്ല മനു.”
“നിന്നെ അവൾക്ക് വിധിച്ചിട്ടില്ല…”
“മനൂ… ഞാൻ പിന്നെ വിളിക്കാം. കുറച്ചു നേരം ഞാനൊന്ന് തനിച്ചിരിക്കട്ടെ.” മനുവിന്റെ മറുപടിക്ക് കാക്കാതെ അഖിൽ വീഡിയോ കാൾ കട്ട് ചെയ്തു.
നവവധുവിന്റെ വേഷത്തിൽ ഒരിക്കൽ തന്റെ എല്ലാമെല്ലാമായിരുന്ന ഗായത്രി മറ്റൊരുത്തനൊപ്പം ഇരിക്കുന്ന ഫോട്ടോ കണ്ട് അഖിലിന്റെ നെഞ്ച് പിടഞ്ഞു.
താലി ചരട് കഴുത്തിൽ മുറുകുമ്പോൾ കണ്ണടച്ച് കൈ കൂപ്പി ഇരിക്കുന്നവളുടെ മിഴികൾ തോരാതെ പെയ്യുന്നത് കണ്ട് അഖിലിന്റെ ഹൃദയം വിങ്ങി. അവന് തൊണ്ട കഴച്ചു പൊട്ടുന്നത് പോലെ തോന്നി. വലിയൊരു തേങ്ങൽ വന്ന് തിരമാല പോലെ ഹൃദയത്തിൽ തല്ലി അലയ്ക്കുന്നുണ്ട്.
“ഗായത്രീ….” നെഞ്ച് വിങ്ങി തൊണ്ട പൊട്ടുമാറുച്ചത്തിൽ അവൻ അലറി കരഞ്ഞു.
അതേസമയം തന്റെ പ്രിയപ്പെട്ടവന്റെ നോവറിഞ്ഞത് പോലെ ഗായത്രിയുടെ ഹൃദയവും ഒന്ന് പിടഞ്ഞു. നെഞ്ചിലേക്ക് ഒരു ഭാരം കയറ്റി വച്ചത് പോലെ അവൾക്ക് തോന്നി. മിഴികൾ പെയ്യാൻ വെമ്പുന്ന പോലെ.
വളരെ ശ്രമപ്പെട്ട് ഉള്ളിലെ വിക്ഷോഭമടക്കി ശിവപ്രസാദിനരികിൽ പുഞ്ചിരിയോടെ ഗായത്രി ഫോട്ടോയ്ക്ക് പോസ് ചെയ്തു. അവന്റെ കൈകളപ്പോൾ അവളുടെ നഗ്നമായ വയറിനെ ചുറ്റിയിരുന്നു. ആ കൈകൾ കുടഞ്ഞെറിയണമെന്നുണ്ടെങ്കിലും ഗായത്രിക്ക് അതിനുള്ള ധൈര്യമില്ലായിരുന്നു. …..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…