വരും ജന്മം നിനക്കായ്: ഭാഗം 33
രചന: ശിവ എസ് നായർ
ഊർമിള ഡൈനിംഗ് ടേബിളിൽ കൊണ്ട് വച്ച ചായയിൽ ശിവപ്രസാദ് എന്തോ കലക്കുന്നത് അവൾ കണ്ടു.
ആരെങ്കിലും താൻ ചെയ്യുന്ന പ്രവർത്തി കാണുന്നുണ്ടോന്ന് അറിയാനായി അവൻ ചുറ്റിനും നോക്കുന്നത് കണ്ടപ്പോൾ ഗായത്രി പെട്ടെന്ന് സ്റ്റെയറിന് പിന്നിലൊളിച്ചു. ആ കാഴ്ച കണ്ടത് മുതൽ അവളുടെ മനസ്സാകെ അസ്വസ്ഥമായിരുന്നു.
ഉറക്ക ഗുളിക ചേർത്ത ചായ നീക്കി വച്ചിട്ട് ശിവപ്രസാദ് അടുത്തിരുന്ന ഗ്ലാസ്സിലെ ചായ കുടിക്കുന്നത് കണ്ട് അവനെന്തോ കള്ളത്തരം കാണിക്കുന്നുണ്ടെന്ന് ഗായത്രിക്ക് തോന്നി.
അപ്പോഴേക്കും ഊർമിള വന്നിരുന്ന് ഉറക്ക ഗുളിക ചേർത്ത ചായ എടുക്കാൻ തുടങ്ങിയതും ശിവപ്രസാദ് അമ്മയുടെ ശ്രദ്ധ മാറ്റി മറ്റെ ഗ്ലാസ് കൊടുക്കുന്നത് അവൾ കണ്ടു. അതോടെ മാറ്റി വച്ച ചായ തനിക്കുള്ളതാണെന്ന് ഗായത്രിക്ക് ബോധ്യമായി. അവൾ ഒന്നുമറിയാത്ത ഭാവത്തിൽ അവനരികിൽ വന്നിരുന്നപ്പോൾ ശിവപ്രസാദ് ആ ചായ ഗ്ലാസ് അവൾക്ക് നേരെ നീക്കി വച്ചു.
“ഗായൂ… ചൂടാറുന്നതിന് മുൻപ് ചായ കുടിക്ക്.” അവൻ സ്നേഹത്തോടെ പറഞ്ഞത് കേട്ട് അവൾക്ക് സംശയം കൂടി.
“ഹാ…” അവളൊന്ന് മൂളി.
തന്നെകൊണ്ട് ഇത് കുടിപ്പിക്കാൻ അവന് തിടുക്കമുള്ളത് പോലെ അവൾക്ക് തോന്നി. ഗായത്രി, ഗ്ലാസ് കയ്യിലെടുത്ത് കുടിക്കുന്നത് പോലെ ചുണ്ടോട് മുട്ടിച്ചു. അത് കണ്ടതും ആശ്വാസത്തോടെ അവൻ തന്റെ ചായ മൊത്തി കുടിക്കാൻ തുടങ്ങി.
“അമ്മേ… കഴിക്കാനൊന്നുമില്ലേ…”
ശിവപ്രസാദ് ഊർമിളയോട് ചോദിച്ചു.
“ഞാനക്കാര്യം മറന്നു… നിനക്കെന്താ വേണ്ടേ. മിച്ചർ മതിയോ.” കുടിക്കാൻ എടുത്ത ഗ്ലാസ് അവിടെ തന്നെ വച്ച് ഊർമിള എഴുന്നേറ്റു.
“എന്തെങ്കിലും മതി.” ശിവപ്രസാദ് അത് പറയുമ്പോൾ അവന്റെ ശ്രദ്ധ അമ്മയിലേക്ക് ആയിരുന്നു. ആ തക്കത്തിന് ഗായത്രി വേഗം ഗ്ലാസുകൾ തമ്മിൽ മാറ്റി. അവൻ പിന്തിരിഞ്ഞു ഗായത്രിയെ നോക്കുമ്പോൾ അവൾ ചായ കുടിച്ച് പകുതിയാക്കി മേശപ്പുറത്തു വയ്ക്കുന്നത് ശിവപ്രസാദ് കണ്ടു. അവന്റെ ചുണ്ടിലൊരു ഗൂഢമായ ചിരി വിരിയുന്നത് ഗായത്രി വ്യക്തമായി കണ്ടു.
അവന്റെ പ്രവർത്തിയിലും നോട്ടത്തിലും അവൾക്ക് അസ്വാഭാവികത തോന്നി. പക്ഷേ അത് എന്താണെന്ന് മാത്രം അവൾക്ക് മനസ്സിലായില്ല.
🍁🍁🍁🍁🍁
രാത്രി അത്താഴം കഴിക്കാൻ ഇരിക്കുമ്പോൾ ഊർമിള ഉറക്കം തൂങ്ങുന്നത് കണ്ടപ്പോൾ മുതൽ ഗായത്രിക്ക് എന്തോ പന്തികേട് തോന്നി.
“എനിക്ക് നല്ല ഉറക്കം വരുന്നുണ്ട്…. ഇന്ന് പാത്രങ്ങളൊക്കെ നീയൊന്ന് കഴുകി വയ്ക്ക്. ഞാനൊന്ന് പോയി കിടക്കട്ടെ.” കഴിച്ച പാത്രം പോലും കഴുകാൻ നിൽക്കാതെ കൈയും വായും കഴുകി ഊർമിള മുറിയിലേക്ക് പോകുന്നത് നോക്കി അവൾ നിർന്നിമേഷയായി നിന്നു.
പാത്രങ്ങൾ കഴുകി അടുക്കള വൃത്തിയാക്കി മുറിയിലേക്ക് പോകുന്നതിന് മുൻപ് ഗായത്രി ഊർമിള കിടക്കുന്ന മുറിയിലേക്കൊന്ന് എത്തി നോക്കി.
സാധാരണ ഉറങ്ങുന്നതിലും നേരത്തെയാണ് അവരിന്ന് കിടന്നതെന്ന് അവൾ ശ്രദ്ധിച്ചു. അച്ഛൻ ഇപ്പോഴും ടീവി കണ്ട് ഇരിപ്പാണ്. അത്താഴം കഴിഞ്ഞാൽ അമ്മയും ജോലിയൊക്കെ ഒതുക്കി അച്ഛനൊപ്പം വാർത്ത കണ്ട് ഇരുന്ന ശേഷം രണ്ട് പേരും ഒരുമിച്ചാണ് ഉറങ്ങാൻ കിടക്കാറുള്ളത്. ഇന്ന് അമ്മ നേരത്തെ കിടന്നെങ്കിൽ അതിനർത്ഥം ശിവപ്രസാദ് ചായയിൽ കലക്കിയത് ഉറങ്ങാനുള്ള മരുന്നാവണം.
അങ്ങനെയെങ്കിൽ ആ ചായ കുടിച്ച ഞാനല്ലേ അമ്മയ്ക്ക് പകരം ഇപ്പോ ഉറങ്ങേണ്ടിയിരുന്നത്. എന്നെ ഉറക്കിയിട്ട് ശിവേട്ടന് എന്ത് ചെയ്യാനാ. എന്തോ ഉടായിപ്പുണ്ട്. അല്ലെങ്കിൽ പിന്നെ ഞാൻ ഉണങ്ങാൻ വേണ്ടി എന്തിന് ചായയിൽ പൊടി കലക്കി തരണം.
ഗായത്രിയുടെ ചിന്തകൾ കാടുകയറി. എന്തിന് വേണ്ടിയായിരിക്കും ശിവപ്രസാദ് അങ്ങനെ ചെയ്തതെന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് പിടികിട്ടിയില്ല. എന്താണെങ്കിലും കണ്ട് പിടിച്ചേ പറ്റു.
ഇക്കാര്യം നേരിട്ട് ചോദിച്ചാൽ ഒരു പക്ഷേ സമ്മതിക്കണമെന്നില്ല. എല്ലാത്തിനും കൈയ്യിൽ വേണ്ടത് തെളിവാണ്. അവൻ ചായയിൽ പൊടി കലക്കുന്നത് ഫോണിൽ വീഡിയോ എടുക്കാനുള്ളതായിരുന്നുവെന്ന് അവളോർത്തു. ഇനിയും അവനിത് ആവർത്തിക്കില്ല എന്നുറപ്പില്ല. എന്തായാലും ഇന്ന് ഉറക്കം നടിച്ചു കിടക്കുമ്പോൾ അറിയാം ശിവപ്രസാദിന്റെ നീക്കങ്ങൾ എന്നവൾ ചിന്തിച്ചു.
🍁🍁🍁🍁🍁
ഗായത്രി മുറിയിൽ ചെല്ലുമ്പോൾ അവൻ ഉറക്കം നടിച്ചു കിടക്കുന്നത് അവൾ കണ്ടു. ഒരു നിമിഷം അവളുടെ മനസ്സിലൂടെ പല കാര്യങ്ങളും കടന്ന് പോയി. ചില ദിവസങ്ങളിൽ താനിങ്ങനെ ഉറക്കം തൂങ്ങി കിടക്കാനായി വരുമ്പോൾ ശിവപ്രസാദ് നേരത്തെ കിടന്ന് ഉറങ്ങുന്നത് കണ്ടിട്ടുണ്ട്. അല്ലെങ്കിൽ താൻ വന്ന് കിടന്ന് കഴിഞ്ഞു ചില ദിവസങ്ങളിൽ പരസ്പരം ബന്ധപ്പെട്ട ശേഷമൊക്കെയായിരിക്കും ഉറങ്ങുക.
ശിവപ്രസാദ് നേരത്തെ കിടക്കുന്ന കാണുന്ന ദിവസങ്ങളിൽ അമ്മ ഇന്ന് കിടന്ന് ഉറങ്ങിയത് പോലെ തനിക്കും ഉറക്കം വരാറുണ്ട്. അങ്ങനെയാണെങ്കിൽ അവനീ പ്രവൃത്തി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്ന് ഗായത്രി ചിന്തിച്ചു. എന്തോ ഒരു ചതി നടക്കുന്നുണ്ട്. ഇനി താൻ അറിയാതിരിക്കാൻ വേണ്ടി മറ്റ് വല്ല റിലേഷൻസും അവനുണ്ടോ എന്നവൾക്ക് സംശയമായി.
എന്നെ ഉറക്കിയ ശേഷം മാറ്റാരെയെങ്കിലും വിളിക്കാൻ ഉണ്ടാവുമോ? അതിന് വേണ്ടിയാവുമോ ഇങ്ങനെയെല്ലാം ചെയ്തത്. അപ്പോൾ ശിവേട്ടൻ കാണിക്കുന്ന ഈ സ്നേഹമൊക്കെ വെറും അഭിനയമാണോ.
എന്ത് വന്നാലും ഈ രാത്രി ഉറങ്ങാൻ പാടില്ലെന്ന് ഗായത്രി മനസ്സിലുറപ്പിച്ചു.. അസ്വസ്ഥമായ മനസ്സോടെ ലൈറ്റ് ഓഫ് ചെയ്ത് അവനരികിൽ കിടക്കുമ്പോൾ അവളുടെ മനസ്സിൽ അകാരണമായൊരു ഭയം രൂപപ്പെട്ടു തുടങ്ങി.
ഗായത്രി മുറിയിലേക്ക് വന്നതും ലൈറ്റ് ഓഫ് ചെയ്ത് കിടക്കുന്നതുമൊക്കെ ശിവപ്രസാദ് അറിയുന്നുണ്ടായിരുന്നു. അവളൊന്ന് ഉറക്കം പിടിക്കാൻ വേണ്ടി ക്ഷമയോടെ കിടക്കുകയാണ് അവൻ.
സമയം ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു. ഈ നേരം കൊണ്ട് ഗായത്രി ഉറങ്ങിയിട്ടുണ്ടാവുമെന്ന് അവനുറപ്പിച്ചു.
ശരീരത്തെ പുതപ്പിച്ചിരുന്ന പുതപ്പ് മാറ്റി ശിവപ്രസാദ് എഴുന്നേറ്റ് ലൈറ്റ് തെളിച്ചു. ഉറങ്ങി കിടക്കുന്ന ഗായത്രിയെ അവൻ അടിമുടിയൊന്ന് നോക്കി.
ശിവപ്രസാദ് എന്ത് ചെയ്യുകയാണെന്നറിയാൻ അവൾ കണ്ണുകൾ പാതി തുറന്ന് നോക്കി. കഴുകൻ നോട്ടത്തോടെ തന്നെ നോക്കി നിൽക്കുന്നവനെ കണ്ട് അവൾ മിഴികൾ ഇറുക്കിയടച്ചു. നെഞ്ചിലൊരു ഭയം ഉരുണ്ട് കൂടുന്നുണ്ട്. താനിത് വരെ കണ്ടതോ അറിഞ്ഞതോ അല്ല അവനെന്ന് ആ നിമിഷത്തെ അവന്റെ മുഖഭാവത്തിലൂടെ അവൾക്ക് മനസ്സിലായി.
ഇനി എന്താണ് അവന്റെ അടുത്ത നീക്കമെന്ന് അറിയണം. തന്നെ ഉറക്കിയിട്ട് കാര്യമായ എന്തോ ചെയ്യാനുണ്ട്. എന്തായിരിക്കും അത്…
മിടിക്കുന്ന ഹൃദയത്തോടെ അവൾ നിശബ്ദം കിടന്നു. കുറച്ചു സമയം ഗായത്രിയെ നോക്കി നിന്നിട്ട് അവനവളുടെ അരികിലേക്ക് നീങ്ങി കിടന്നു. പിന്നെ വലതുകൈ കൊണ്ട് ഗായത്രിയെ ചരിച്ചു കിടത്തി അവളുടെ അധരങ്ങളിൽ ആവേശത്തോടെ ചുണ്ടമർത്തി. ഒപ്പം കൈവിരലുകൾ അവളുടെ മുഖത്തും കഴുത്തിലും തഴുകി തലോടി നടന്നു. അവനെന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാനാവാതെ ഗായത്രി പകച്ച് കിടന്നു.
ഇതുവരെ താനറിഞ്ഞ ആളേയല്ല ഇത്… അവന്റെ വിരലുകളുടെ ചലനം വേഗത്തിലായി. തന്റെ ശരീരത്തിലെ മൃദുല ഭാഗങ്ങളെ ഞെരിച്ചുടയ്ക്കുന്ന അവന്റെ കൈകളുടെ വേഗത അവളിൽ വേദനയുളവാക്കി. എങ്ങനെയാണ് താനവനെ നേരിടുകയെന്ന് ഗായത്രിക്ക് അറിയില്ലായിരുന്നു.
ധരിച്ചിരുന്ന ടീഷർട്ടിനു അടിയിലൂടെ നൂണ്ട് കയറിയ അവന്റെ വലതുകരം മാറിൽ ബലമായി അമർന്നപ്പോൾ വേദന കൊണ്ട് ഗായത്രി പുളഞ്ഞു പോയി.
താൻ ഉറങ്ങിയോന്ന് ഉറപ്പ് വരുത്താനാണോ അവനങ്ങനെ ചെയ്യുന്നത് അതോ തന്നെ ഉറക്കി കിടത്തിയിട്ട് റേപ്പ് ചെയ്യാൻ ശ്രമിക്കുകയാണോ എന്നൊക്കെ അവൾ ചിന്തിച്ചു. ശിവപ്രസാദ് അവളുടെ കഴുത്തിടുക്കിൽ മുഖം ചേർത്ത് നാവ് കൊണ്ട് ഉഴിഞ്ഞപ്പോൾ അവൾക്ക് അറപ്പ് തോന്നി. ഇനിയും ഇത് സഹിക്കാൻ തനിക്ക് കഴിയില്ല.
ഉറക്കച്ചടിവിലെന്ന പോലെ ഗായത്രി ഒന്ന് നീണ്ടുനിവർന്ന് ചരിഞ്ഞു കിടന്നു. അവൾ അനങ്ങുന്നത് കണ്ടപ്പോൾ ഭയത്തോടെ ശിവപ്രസാദ് അവളിൽ നിന്ന് വിട്ടകന്നു. നിമിഷങ്ങളോളം അവൻ അങ്ങനെ തന്നെ കിടക്കുന്നത് കണ്ട് ഗായത്രി ശ്വാസമടക്കി കിടന്നു. പിന്നെ രണ്ടും കല്പ്പിച്ച് അവൾ എഴുന്നേറ്റു. ഉറക്കത്തിൽ നിന്ന് എണീക്കുന്നത് പോലെ അവൾ ആടിയാടി ബാത്‌റൂമിലേക്ക് നടന്നു. അത് കണ്ടപ്പോൾ അവന് ചെറിയൊരു പേടി തോന്നി. താൻ ചെയ്തത് വല്ലോം അറിഞ്ഞോ എന്നൊരു ഭയം…
ഉദ്വേഗത്തോടെ അവൾ പോകുന്നതും നോക്കി ശിവപ്രസാദ് കിടന്നു.
വാതിൽ പാതി ചാരി അവൻ കേൾക്കാൻ പാകത്തിൽ അവൾ ക്ലോസറ്റിലേക്ക് ഛർദിക്കുന്നത് പോലെ അഭിനയിച്ചു. ഗായത്രി ഛർദിക്കുന്ന ശബ്ദം കേട്ടതും ശിവപ്രസാദ് ബെഡിൽ നിന്നും ചാടിയെഴുന്നേറ്റു.
“എന്ത് പറ്റി ഗായു?” ചോദിച്ചു കൊണ്ട് അവൻ ബാത്‌റൂമിനടുത്തേക്ക് വരുന്നത് കണ്ടതും അവൾ ഫ്ലഷ് അടിച്ചിട്ട് പൈപ്പ് തുറന്ന് വെള്ളം കൈകുമ്പിളിൽ പിടിച്ച് വായ കഴുകാൻ തുടങ്ങി.
“എന്താ ഗായു? എന്ത് പറ്റി? നീ ഛർദിച്ചോ?”
“ഹാ… കഴിച്ചതൊക്കെ ഛർദിച്ചു. എന്ത് പറ്റിയെന്നറിയില്ല… വയറിനു നല്ല വേദനയുണ്ട്.” അവൾ വേദന അനുഭവിച്ച് വയറു തടവി.
“ഹോസ്പിറ്റലിൽ പോണോ?” അവൻ അടുത്തേക്ക് വന്ന് ഗായത്രിയുടെ ചുമലിൽ പിടിച്ച് പുറം തടവി കൊടുത്തു.
“വേണോന്നില്ല… ഒന്ന് കിടന്നാൽ മതി.” അവൾ തളർച്ച അഭിനയിച്ചു.
ശിവപ്രസാദ് അവളെ ചേർത്ത് പിടിച്ച് ബെഡിൽ കൊണ്ട് കിടത്തി. ആ സമയത്തൊക്കെ അവനവളെ പഠിക്കുന്നത് പോലെ ചുഴിഞ്ഞു നോക്കുകയായിരുന്നു. അവന്റെ മനസ്സ് മനസ്സിലാക്കിയ പോലെ ഗായത്രി നല്ലോണം വയ്യായ്ക അഭിനയിച്ചു. അത് കണ്ടതോടെ അവനിൽ നിരാശ നിറഞ്ഞു.
താൻ കൊടുത്ത ഉറക്കഗുളികയും ഛർദിച്ച കൂട്ടത്തിൽ പോയിട്ടുണ്ടാവും അതാകും അവൾ ബോധംകെട്ട് ഉറങ്ങാത്തതെന്നാണ് ശിവപ്രസാദ് വിചാരിച്ചു.
“വേദനയ്ക്കുള്ള ടാബ്ലറ്റ് വേണോ. ഞാൻ എടുത്തു തരാം. നല്ല വേദനയുണ്ടെങ്കിൽ ഒരെണ്ണം കഴിച്ചു കിടന്നോ.” അവളുടെ വയറിൽ മെല്ലെ തടവി അവൻ പറഞ്ഞപ്പോൾ ഗായത്രിക്ക് അസ്വസ്ഥത തോന്നി….കാത്തിരിക്കൂ………