Novel

വരും ജന്മം നിനക്കായ്: ഭാഗം 34

രചന: ശിവ എസ് നായർ

“വേദനയ്ക്കുള്ള ടാബ്ലറ്റ് വേണോ. ഞാൻ എടുത്തു തരാം. നല്ല വേദനയുണ്ടെങ്കിൽ ഒരെണ്ണം കഴിച്ചു കിടന്നോ.” അവളുടെ വയറിൽ മെല്ലെ തടവി അവൻ പറഞ്ഞപ്പോൾ ഗായത്രിക്ക് അസ്വസ്ഥത തോന്നി.

“ഇപ്പോ ഒന്നും വേണ്ട… ചിലപ്പോൾ വീണ്ടും ഛർദിക്കും.” അവന് മുഖം കൊടുക്കാതെ അവൾ ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നു.

തന്റെ പദ്ധതികൾ പാളിപ്പോയ നിരാശയോടെ ശിവപ്രസാദ് കുറച്ചു റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഗായത്രി വേദന കൊണ്ട് ഞരങ്ങുന്നത് പോലെ ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടക്കുന്നത് കണ്ടപ്പോൾ ഇന്നിനി ഒന്നും നടക്കില്ലെന്ന് അവനുറപ്പായി.

ദേഷ്യം കടിച്ചമർത്തി ലാപ്ടോപ്പും എടുത്തുകൊണ്ട് ശിവപ്രസാദ് ബാൽക്കണിയിൽ പോയി ഇരുന്നു.

കുറെ സമയം ലാപ്ടോപ്പും ഫോണുമൊക്കെ നോക്കി അവനവിടെ ഇരിക്കുന്നത് ഗായത്രി ശ്രദ്ധിച്ചു. ശിവപ്രസാദിനെ ചുറ്റിപ്പറ്റി എന്തൊക്കെയോ ദുരൂഹതകളുണ്ടെന്ന് അവൾക്കുറപ്പായി. ഈ പാതിരാത്രിക്ക് അവനെന്തായാലും ഓഫീസ് കാര്യങ്ങളൊന്നും ആവില്ല അതിൽ ചെയ്ത് കൊണ്ടിരിക്കുന്നത്. ഇനി മറ്റ് വല്ല സ്ത്രീകളുമായി ബന്ധമുണ്ടെങ്കിലേ ഉള്ളു. എന്താണെങ്കിലും കണ്ട് പിടിച്ചേ മതിയാവൂ.

ആ രാത്രി അവൾക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. കുറെ സമയം കഴിഞ്ഞ് ശിവപ്രസാദ് വന്ന് കിടന്ന് ഉറങ്ങുന്നതൊക്കെ കണ്ടെങ്കിലും അവളത് അറിഞ്ഞ മട്ട് കാണിച്ചില്ല.

🍁🍁🍁🍁🍁

“താനിന്ന് കോളേജിൽ പോകുന്നുണ്ടോ?” രാവിലെ കോളേജിൽ പോകാൻ ഒരുങ്ങുന്ന ഗായത്രിയെ കണ്ട് അവൻ ചോദിച്ചു.

“പോകുന്നുണ്ടല്ലോ.” അവൾ മുഖത്ത് ചിരി വരുത്തി.

“വയറു വേദന മാറിയോ?”

“ഉറങ്ങി എഴുന്നേറ്റപ്പോൾ ബുദ്ധിമുട്ട് ഒന്നും തോന്നിയില്ല. ഇന്നലെ കഴിച്ച എന്തെങ്കിലും വയറ്റിൽ പിടിച്ചിട്ടുണ്ടാവില്ല അതാവും.”

“മ്മ്മ്… പിന്നെയും വയ്യാതായാൽ നമുക്ക് ഹോസ്പിറ്റലിൽ ഒന്ന് കാണിക്കാം.”

“അതൊന്നും വേണ്ടി വരില്ല… ഇപ്പോ വേറെ പ്രശ്നമൊന്നും തോന്നുന്നില്ല.”

“എന്നാ താൻ റെഡിയായി വാ… ഞാൻ കാറിലുണ്ടാവും.” മേശപ്പുറത്തിരുന്ന ലാപ്ടോപും എടുത്ത് അവൻ താഴേക്ക് ഇറങ്ങി പോകുന്നത് കണ്ട് അവളുടെ ഉത്സാഹമൊക്കെ പോയി.

ശിവപ്രസാദ് ചില ദിവസങ്ങളിൽ ലാപ്ടോപ് കൊണ്ട് പോകാറില്ല. എങ്ങാനും ഇന്ന് അതവിടെ വച്ചിട്ടാണ് പോകുന്നതെങ്കിൽ ലാപ്ടോപ് എടുത്തു നോക്കണമെന്ന് അവൾ മനസ്സിൽ പ്ലാൻ ചെയ്തതായിരുന്നു.

ഇനിയിപ്പോ എന്ത് ചെയ്യുമെന്ന് ആലോചിച്ചു നിന്നപ്പോഴാണ് എന്തോ ഓർത്തിട്ടെന്ന പോലെ അവൾ പെട്ടെന്ന് പോയി വാതിലടച്ചത്. സമയം തീരെ ഇല്ലാത്തതിനാൽ അലമാര തുറന്ന് തന്റെ ലാപ്ടോപ് എടുത്ത് അവൾ പുറത്ത് വച്ചു. ശിവപ്രസാദിന്റെയും ഗായത്രിയുടെയും ലാപ്ടോപ് വ്യത്യസ്ത കമ്പനിയുടേത് ആണെങ്കിലും ഒരേ നിറത്തിലുള്ളതാണ്. അവൻ കോളേജിൽ തന്നെ ഡ്രോപ്പ് ചെയ്യുന്ന സമയത്ത് പറ്റുമെങ്കിൽ ലാപ്ടോപ് മാറ്റി എടുക്കണമെന്ന് ഗായത്രി മനസ്സിലുറപ്പിച്ചു.

അലമാര അടയ്ക്കാൻ തുടങ്ങുമ്പോഴാണ് തലേ ദിവസം അലമാരയിൽ നിന്ന് അവൻ എന്തോ എടുത്തുകൊണ്ട് പോയി ചായയിൽ കലക്കിയ കാര്യം അവളോർത്തത്. സമയം കുറവായതിനാൽ അവൾ വേഗത്തിൽ ശിവപ്രസാദിന്റെ ഡ്രെസ്സുകൾ വച്ചിരുന്ന റാക്ക് മുഴുവനും പരിശോധിക്കാൻ തുടങ്ങി അതെന്താണെന്നെങ്കിലും കണ്ട് പിടിക്കണം. അതായിരുന്നു അവളുടെ ഉദ്ദേശം.

അലമാരയുടെ ഏറ്റവും മുകളിലത്തെ തട്ട് അവൾക്ക് എത്തില്ല. ഒരു കസേര വലിച്ചിട്ട് അതിൽ കയറി നിന്ന ശേഷം അവൾ അവിടെയുണ്ടായിരുന്ന വസ്ത്രങ്ങൾ എടുത്ത് മാറ്റാൻ തുടങ്ങി.

കുറച്ചു ഗുളികകൾ അടങ്ങിയ സ്ട്രിപ്പ് കൈയ്യിൽ തടഞ്ഞതും ഗായത്രി ആകാംക്ഷയോടെ അതെടുത്തു നോക്കി. പത്തു ഗുളികകൾ അടങ്ങിയ സ്ട്രാപ്പിൽ നാല് ഗുളികകൾ ബാക്കിയുണ്ട്. അവൾ മൊബൈൽ എടുത്ത് ഗൂഗിളിൽ മരുന്നിന്റെ പേര് സേർച്ച്‌ ചെയ്ത് നോക്കി.

ഉറക്ക ഗുളികകൾ ആണെന്ന് അതെന്ന് തിരിച്ചറിഞ്ഞതും ഗായത്രിയുടെ മിഴികൾ പിടഞ്ഞു. അവൾക്ക് എവിടെയൊക്കെയോ എന്തൊക്കെയോ പൊരുത്തക്കേടുകൾ തോന്നി തുടങ്ങി.

അതോടെ, ശിവപ്രസാദ് തന്നെ ഉറക്കി കിടത്താൻ തുടങ്ങിയിട്ട് കുറച്ചു നാളുകൾ ആയിട്ടുണ്ടെന്ന് അവൾക്ക് നൂറു ശതമാനം ഉറപ്പായി. ഈ ഗുളികകൾ അതിനുള്ള തെളിവാണ്. വീണ്ടും അവനിത് ചെയ്യും. അത് തെളിവ് സഹിതം പിടിക്കുകയും വേണം. എന്നാലേ ഇക്കാര്യം മറ്റുള്ളവർക്ക് മുൻപിൽ അവതരിപ്പിക്കുമ്പോൾ തനിക്ക് പിടിച്ചു നിൽക്കാൻ പറ്റു.

താഴെ നിന്നും ശിവപ്രസാദിന്റെ വിളി വന്നപ്പോൾ അവൾ എല്ലാം അവിടെ തന്നെ വച്ചിട്ട് തന്റെ ലാപ്ടോപും ബാഗും എടുത്ത് കാറിനരികിലേക്ക് പോയി.

“എന്താ ലേറ്റ് ആയത്.” ഡ്രൈവിംഗ് സീറ്റിൽ കയറി ഇരിക്കുമ്പോ അവൻ ചോദിച്ചു.

“എന്റെ ലാപ്ടോപ്പിന്റെ ചാർജർ കാണുന്നില്ലായിരുന്നു. അത് നോക്കി ലേറ്റ് ആയതാ.” അവനോട് സംസാരിക്കുന്നതിനിടയിൽ കാറിന്റെ പിൻസീറ്റിൽ ശിവപ്രസാദിന്റെ ലാപ്ടോപ്പിന് അടുത്തായി അവൾ തന്റെ ലാപ്ടോപും ബാഗും വച്ചു.

“എന്നിട്ട് കിട്ടിയോ?”

“കിട്ടി…” അവൾ സാധാരണ പോലെ ചിരിച്ചു.

“വൈകുന്നേരം ഞാൻ നേരത്തെ ഇറങ്ങാൻ നോക്കാം. ഗായത്രി ഓക്കേ ആണെങ്കിൽ നമുക്കൊരു സിനിമയ്ക്ക് പോവാം.”

“എനിക്ക് വേറെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ നമുക്ക് പോകാം. മെഡിസിൻസ് കഴിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു കുറച്ചു നാളുകളായി ചില ദിവസങ്ങൾ ഒരുപാട് സമയം ഉറങ്ങി പോവുന്നു. ചിലപ്പോൾ ഉറക്കം വരാറേയില്ല. കോളേജിൽ പോയിരുന്ന് ഉറക്കം തൂങ്ങാനേ നേരമുള്ളൂ. ഇടയ്ക്കൊക്കെ ബോഡിക്ക് നല്ല വേദനയും ക്ഷീണവുമൊക്കെ ഉണ്ട്.

റഷീദ് ഡോക്ടറെ ഒന്ന് പോയി കണ്ട് ഈ പ്രശ്നങ്ങളൊക്കെ പറയണമെന്ന് വിചാരിക്കാ ഞാൻ.” ഗായത്രി മനഃപൂർവം വിഷയം മാറ്റാൻ ശ്രമിച്ചു.

അവളത് പറഞ്ഞപ്പോൾ അവന്റെ മുഖമൊന്ന് വിളറിയത് ഗായത്രി കണ്ടു.

“അതൊക്കെ നിനക്ക് തോന്നുന്നതാ നിനക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ജോലിയുടെ സ്‌ട്രെസ്സും മറ്റുമാവും നിന്റെ ക്ഷീണത്തിനും ഉറക്ക കൂടുതലിനൊക്കെ കാരണം. വെറുതെ ഈ സില്ലി കാര്യത്തിനൊക്കെ ഡോക്ടറെ ബുദ്ധിമുട്ടിക്കണോ.”

“അപ്പോ എന്റെ ബോഡി പെയിനോ. അതെന്ത് കൊണ്ടാണെന്ന് എനിക്ക് മനസ്സിലാവുന്നേയില്ല. ചില ദിവസങ്ങളിൽ രാവിലെ എഴുന്നേൽക്കുമ്പോ ശരീരമൊക്കെ ഉഴുതു മറിച്ചത് പോലെയാ വേദനിക്കുന്നത്.” തലേ ദിവസം അവൻ കൈപ്പത്തി കൊണ്ട് അമർത്തി ഞെരിച്ച ഇടത് മാറിന്റെ വേദന ഇപ്പോഴും പോയിട്ടില്ലെന്ന് അവളോർത്തു. മുൻപും ഇതുപോലെ വേദന തോന്നിയിട്ടുണ്ട്. എന്ത് കൊണ്ടാണെന്ന് മാത്രം ഇതുവരെ തനിക്ക് മനസ്സിലായിട്ടില്ല. രണ്ട് ദിവസം കഴിയുമ്പോ പെയിൻ മാറാറുമുണ്ട്.

“ഗായു കഴിക്കുന്നത് ഹെവി ഡോസുള്ള മരുന്നുകളല്ലേ… അതിനനുസരിച്ച് നന്നായി ഫുഡ് കഴിക്കുന്നതുമില്ലല്ലോ. ഇനിമുതൽ നന്നായി ആഹാരം കഴിക്കാൻ നോക്ക്. എന്നിട്ടും പെയിൻ തോന്നുന്നുണ്ടെങ്കിൽ നമുക്ക് ഡോക്ടറെ പോയി കാണാം.” അങ്ങനെയൊക്കെ പറയുമ്പോഴും ശിവപ്രസാദിന്റെ മുഖത്തൊരു ടെൻഷനുള്ളത് വായിച്ചെടുക്കാൻ അവൾക്ക് കഴിഞ്ഞു.

ശിവപ്രസാദിന്റെ മറുപടി അവൾക്ക് തൃപ്തമായിരുന്നില്ല. അവനെന്തൊക്കെയോ ഒളിക്കുന്നുണ്ട്. എല്ലാം കണ്ട് പിടിച്ചേ മതിയാവു. തന്റെയുള്ളിലെ സംശയങ്ങൾ സത്യമാണോന്ന് ഉറപ്പ് വരുത്താൻ ആദ്യം ശിവപ്രസാദിന്റെ മൊബൈലും ലാപ്ടോപ്പും പരിശോധിക്കേണ്ടതുണ്ട്.

ചില പദ്ധതികൾ ഗായത്രി മനസ്സിൽ നെയ്തെടുക്കാൻ തുടങ്ങി. പുറമേ അവൾ പ്രസന്നത നടിച്ചു. താനവനെ സംശയമുണ്ടെന്ന് ശിവപ്രസാദിന് തോന്നാൻ പാടില്ലെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു.

🍁🍁🍁🍁🍁

കോളേജിന് മുന്നിൽ കാർ നിർത്തിയപ്പോൾ ഗായത്രി പിൻസീറ്റിൽ നിന്നും ലാപ്ടോപ് മാറ്റി എടുത്തു. ശിവപ്രസാദ് അത് ശ്രദ്ധിച്ചതുമില്ല. അവൾ ധൃതിയിൽ ഇറങ്ങി അവന് നേരെ കൈവീശി. ഗായത്രിയെ നോക്കി കൈ കാണിച്ചിട്ട് ശിവപ്രസാദ് കാർ മുന്നോട്ടെടുത്തു.

ഫസ്റ്റ് അവർ ഗായത്രിക്ക് ക്ലാസ്സില്ല. അതുകൊണ്ട് ഡിപ്പാർട്മെന്റിൽ താൻ തനിച്ചേ കാണു. ബാക്കിയെല്ലാവരും ക്ലാസ്സിലായിരിക്കും. ആ സമയം കൊണ്ട് ലാപ് പരിശോധിക്കണം. അവൾ വേഗം ഡിപ്പാർട്മെന്റിലേക്ക് നടന്നു. ബെല്ലടിക്കാൻ ഇനിയും കാൽ മണിക്കൂറോളം ഉണ്ട്. ഇതിനിടയ്ക്ക് ലാപ്ടോപ് മാറിയത് അറിഞ്ഞാൽ, അതിനുള്ളിൽ സുപ്രധാനമായ എന്തെങ്കിലും ഉണ്ടെങ്കിൽ പോയതിനേക്കാൾ വേഗത്തിൽ ശിവപ്രസാദ് മടങ്ങി വരുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.

ഗായത്രി ലാപ്ടോപ് എടുത്ത് മേശപ്പുറത്ത് വച്ച് ഓൺ ചെയ്ത് നോക്കി. സ്ക്രീൻ ഓണായി വന്നതും പാസ്‌വേഡ് അടിക്കാൻ കാണിച്ചു. അതോടെ അവൾക്ക് അതുവരെ തോന്നിയ ആവേശമൊക്കെ ആവിയായി പോയി. സ്വന്തം ലാപ്പിൽ അവൾ പാസ്സ്‌വേർഡ്‌ സെറ്റ് ചെയ്തിട്ടില്ലാത്തത് കൊണ്ട് അക്കാര്യത്തെ കുറിച്ച് ഗായത്രി മറന്നേ പോയിരുന്നു.

ഇനിയിപ്പോ അതെങ്ങനെ കണ്ട് പിടിക്കുമെന്ന് ഓർത്തിട്ട് അവൾക്കൊരു എത്തും പിടിയും കിട്ടിയില്ല.

“ഈശ്വരാ…. എന്നെ കൈവിടല്ലേ… പാസ്സ്‌വേർഡ്‌ കണ്ട് പിടിക്കാൻ എന്തെങ്കിലും ഒരു വഴി കാണിച്ചു തരണേ.” ഗായത്രി ഉള്ളുരുകി പ്രാർത്ഥിച്ചു. ഇതുപോലെ ഒരവസരം ഇനി കിട്ടണമെന്നില്ല…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!