വരും ജന്മം നിനക്കായ്: ഭാഗം 35
രചന: ശിവ എസ് നായർ
ശിവപ്രസാദിന്റെ ലാപ്ടോപിന്റെ പാസ്‌വേഡ് കണ്ട് പിടിക്കാനുള്ള ശ്രമത്തിലായിരുന്നു ഗായത്രി. സംശയം തോന്നിയിട്ട് ഒരെണ്ണം അടിച്ചു നോക്കിയെങ്കിലും അത് റോങ്ങ് ആയിരുന്നു. ഇനി രണ്ട് അറ്റംപ്റ്റ് കൂടിയുണ്ട്. അതും തെറ്റിയാൽ പണിയാകും. പിന്നീട് അവനത് ഓപ്പൺ ആക്കുമ്പോൾ താൻ ലാപ്പ് ഓപ്പണാക്കാൻ ശ്രമിച്ചെന്ന് അറിയാനും പറ്റും.
എന്ത് ചെയ്യണമെന്ന് അവൾക്കൊരു രൂപവും കിട്ടിയില്ല. ആലോചനയോടെ ഗായത്രി താടിക്ക് കൈയ്യും കൊടുത്തിരിക്കുമ്പോഴാണ് അവൾക്ക് വിഷ്ണുവിന്റെ കാര്യം ഓർമ്മ വന്നത്.
അവസാന സെമെസ്റ്ററിൽ പ്രൊജക്റ്റിന്റെ ആവശ്യത്തിനും മറ്റും ശിവപ്രസാദിന്റെ ലാപ്ടോപ് അവൻ വാങ്ങികൊണ്ട് പോകുന്നത് ഗായത്രി കണ്ടിട്ടുണ്ട്.
വിഷ്ണുവിനെ വിളിച്ചാൽ ചിലപ്പോൾ ലാപ്ടോപിന്റെ പാസ്‌വേഡ് കിട്ടുംമെന്ന് അവൾക്ക് തോന്നി. ഗായത്രി പെട്ടെന്ന് മൊബൈൽ എടുത്ത് വിഷ്ണുവിന്റെ നമ്പർ ഡയൽ ചെയ്തു.
മറുതലയ്ക്കൽ റിങ് കേൾക്കുന്നുണ്ട്… ടെൻഷൻ കാരണം അവളുടെ ഹൃദയം
അതിദ്രുതം മിടിച്ചു കൊണ്ടിരുന്നു.
റിങ് ചെയ്ത് നിന്നിട്ടും അപ്പുറത്ത് കാൾ എടുക്കതായപ്പോൾ അവൾക്ക് നേരിയ നിരാശ തോന്നി. ഒന്ന് കൂടി അവനെ വിളിക്കാൻ തുടങ്ങുമ്പോൾ ഗായത്രിയെ അവൻ തിരികെ വിളിച്ചു. അവൾ വേഗം കാൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു.
“ഹലോ… വിഷ്ണൂ…”
“ഏട്ടത്തീ… സുഖാണോ?”
“സുഖം… നിനക്കും മോൾക്കും സുഖാണോ?”
“ആ ചേച്ചി… അടുത്ത ആഴ്ച ഞാൻ രണ്ടാളെയും കൊണ്ട് മുംബൈക്ക് പോകും. അവിടെ ഒരു ഫ്ലാറ്റൊക്കെ ശരിയാക്കിയിട്ടുണ്ട്.”
“മ്മ്മ്… മോൾക്ക് ഉറക്കമൊക്കെ ഉണ്ടോ?”
“രാത്രി വല്യ പാടാ… രാവിലെ കിടന്ന് ഉറങ്ങിയിട്ട് രാത്രി കളിയാ. എനിക്ക് പിന്നെ കൂടെ ഇരുന്ന് കളിക്കാനുള്ള സമയം കിട്ടാറില്ല. മൂന്ന് മാസത്തേക്ക് വർക്ക് ഫ്രം ഹോം ആയത് കൊണ്ട് എനിക്ക് നല്ല വർക്കുണ്ട്.”
“ഗൗരി ഒറ്റയ്ക്ക് കുഞ്ഞിനെ നോക്കുമോ?”
“തറവാട്ടിലായത് കൊണ്ട് ഗൗരി അടുക്കളയിൽ പണി ചെയ്യുന്ന സമയത്ത് അപ്പച്ചി കുഞ്ഞിനെ നോക്കിക്കോളും. അവൾടെ പണിയൊക്കെ തീർന്നാൽ കുഞ്ഞിനെ പിന്നെ അവള് നോക്കും. ഇടയ്ക്ക് ബ്രേക്ക് കിട്ടുമ്പോ ഞാനും കൂടും.
ഏട്ടത്തി വെറുതെ വിളിച്ചതാണോ?”
“ഞാൻ നിന്നെ വിളിച്ചത് ശിവേട്ടന്റെ ലാപ്പിന്റെ പാസ്സ്‌വേർഡ് എന്താണെന്ന് ചോദിക്കാനാ.”
“അത് ഏട്ടനോട് ചോദിച്ചാൽ പോരെ?”
“ശിവേട്ടനിന്ന് എന്തോ അർജന്റ് മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞിരുന്നു. അതുകൊണ്ട് വിളിച്ചു ഡിസ്റ്റർബ് ചെയ്യണ്ടെന്ന് വിചാരിച്ചാ നിന്നെ വിളിച്ചത് ഞാൻ. ശിവേട്ടന്റെ ലാപ്പ് നീയും എടുക്കാറുണ്ടായിരുന്നല്ലോ. അപ്പോ നിനക്ക് അറിയാമായിരിക്കുമെന്ന് ഞാൻ വിചാരിച്ചു. എന്റെ ലാപ്ടോപ് കംപ്ലയിന്റ് ആയോണ്ട് ഞാൻ ശിവേട്ടന്റെ എടുത്തതാ.”
“ഞാൻ യൂസ് ചെയ്യുമ്പോ ഉള്ള പാസ്സ്‌വേർഡ് തന്നെയാണോ ഇപ്പഴും എന്നറിയില്ല ഏട്ടത്തി. എന്തായാലും ഞാൻ പറഞ്ഞ് തരാം.”
“ശിവേട്ടൻ ഇന്നലെ എനിക്ക് പറഞ്ഞ് തന്നതാ… ഞാൻ മറന്ന് പോയടാ. അടുത്ത അവർ എനിക്ക് ക്ലാസ്സുണ്ട്. അതിന്റെ കുറച്ച് നോട്ട്സ് ലാപ്പിലാ ഉള്ളത്. അതാ ഞാൻ പെട്ടെന്ന് നിന്നെ വിളിച്ചത്.”
“ഏട്ടത്തി ഞാൻ പറഞ്ഞ് തരുന്ന പാസ്‌വേഡ് അടിച്ചു നോക്ക്. അത് തെറ്റാണെങ്കിൽ ഏട്ടനെ തന്നെ വിളിക്കേണ്ടി വരും.”
“നീ പറയ്യ്… ഞാൻ എഴുതി എടുത്തോളാം.”
വിഷ്ണു പറഞ്ഞു കൊടുത്ത പാസ്സ്‌വേർഡ് ഗായത്രി അപ്പോൾ തന്നെ ഒരു നോട്ട് ബുക്കിൽ എഴുതി വച്ചു.
“ഏട്ടത്തി അതൊന്ന് അടിച്ചു നോക്ക്.”
“നോക്കട്ടെ…” ഉള്ളിലെ ക്ഷോഭമടക്കി അവൾ പാസ്സ്‌വേർഡ് ടൈപ്പ് ചെയ്തു.
ആരോ കീ കറങ്ങി കൊണ്ട് നിൽക്കുന്നത് കണ്ടപ്പോൾ ഗായത്രിക്കൊരു വീർപ്പുമുട്ടൽ അനുഭവപ്പെട്ടു. നിമിഷങ്ങൾ യുഗങ്ങളായി തോന്നി അവൾക്ക്.
“പാസ്സ്‌വേർഡ് കറക്റ്റ് ആണോ ഏട്ടത്തി.”
“അത് കറങ്ങി കൊണ്ട് ഇരിക്കാ വിഷ്ണു.”
“അപ്പോ ആ പാസ്സ്‌വേർഡ് ശരിയാ ചേച്ചി.. തെറ്റായിരുന്നെങ്കിൽ ഇൻകറക്റ്റ് ആയിരുന്നെങ്കിൽ അപ്പോതന്നെ കാണിച്ചേനെ.” അവനത് പറയുമ്പോ തന്നെ ഡെസ്ക്ടോപ് ഓപ്പണായി വന്നതും ഒരുമിച്ചായിരുന്നു.
“വിഷ്ണൂ… ലാപ്പ് ഓപ്പണായി.” വർദ്ധിച്ച സന്തോഷത്തോടെ ഗായത്രി പറഞ്ഞു.
“ഏട്ടനാ പാസ്സ്‌വേർഡ് മാറ്റാത്തത് ഏട്ടത്തിയുടെ ഭാഗ്യം.”
“അതേ… അല്ലെങ്കിൽ അടുത്ത അവർ ക്ലാസ്സെടുക്കാൻ പറ്റാതെ ഞാൻ പെട്ടുപോയേനെ വിഷ്ണു. ഒന്നാമത് ഗസ്റ്റ് ലക്ച്ചർ പോസ്റ്റാണ്. ബ്ലാക്ക് മാർക്ക് വീഴാൻ ഇത് മതിയാരുന്നു.” വായിൽ തോന്നിയൊരു കള്ളം അവൾ പറഞ്ഞു.
“ഏട്ടത്തി വൈകിട്ട് വീട്ടിൽ ചെന്നിട്ട് വിളിക്ക്. എനിക്ക് വർക്ക് തുടങ്ങാൻ സമയമായി.”
“എങ്കിൽ ശരിയെടാ… ഞാൻ വൈകുന്നേരം വിളിക്കാം.” ഗായത്രിക്കും എത്രയും പെട്ടെന്ന് ഫോൺ വച്ചാൽ മതിയെന്നായിരുന്നു.
കാൾ കട്ട് ചെയ്ത ഉടനെ അവൾ ലാപ്പ് പരിശോധിക്കാൻ തുടങ്ങുമ്പോഴാണ് മറ്റ് ടീച്ചേഴ്‌സ് ഡിപ്പാർട്മെന്റിലേക്ക് വന്നത്. ഗായത്രി ഒഴികെ മറ്റ് അഞ്ചുപേർക്കും ഫസ്റ്റ് അവർ ക്ലാസ്സുണ്ട്. അതുകൊണ്ട് അവരൊക്കെ പോയാലെ ഇനി തന്റെ ഉദ്ദേശം നടക്കുള്ളു എന്ന് അവളോർത്തു. ഗായത്രി ലാപ്ടോപ് എടുത്ത് ബാഗിലേക്ക് വച്ചു.
എന്തായാലും പാസ്സ്‌വേർഡ് കിട്ടിയത് കൊണ്ട് പണി എളുപ്പമായി.. ഇനി അതൊന്ന് വിശദമായി അരിച്ചു പെറുക്കി നോക്കണം. എല്ലാവരും പോകുന്നത് വരെ കാത്തിരുന്നേ പറ്റു. അതിനുള്ളിൽ എന്തെങ്കിലും ഉണ്ടോന്ന് കണ്ട് പിടിക്കണം. ഓർത്തിട്ട് ഒരു സമാധാനവുമില്ല.
ഇതിനിടയ്ക്ക് ശിവപ്രസാദ് മടങ്ങി വന്നാൽ പണി പാളും. ഗായത്രി അക്ഷമയോടെ ക്ലോക്കിൽ നോക്കി ഇരുന്നു.
🍁🍁🍁🍁
പാർക്കിങ്ങിൽ വണ്ടി നിർത്തി ലാപ്ടോപ്പും എടുത്ത് ഓഫീസിലേക്ക് നടക്കുകയായിരുന്നു ശിവപ്രസാദ്. പതിനൊന്നരയ്ക്ക് മണിക്ക് അവനൊരു ക്ലയന്റ് മീറ്റിംഗ് ഉണ്ട്. രണ്ടാഴ്ച മുൻപേ ഫിക്സ് ചെയ്തതാണ്.
അത് കഴിഞ്ഞാൽ അടുത്ത വീക്ക് ഏറ്റവും പ്രധാനപ്പെട്ടൊരു സെമിനാർ പ്രസന്റേഷനുണ്ട്. ഒരാഴ്ച ലീവെടുത്തു വീട്ടിലിരുന്നു തയ്യാറെടുക്കാമെന്നാണ് അവൻ കരുതുന്നത്. അതുകൊണ്ട് തന്നെ ഓഫീസ് ലാപ്പിൽ നിന്ന് അതിന് വേണ്ട കുറച്ച് ഡാറ്റാസ് പേർസണൽ ലാപ്പിലേക്ക് കോപ്പി ചെയ്തെടുക്കാൻ വേണ്ടിയാണ് ശിവപ്രസാദ് സ്വന്തം ലാപ്ടോപ് ഓഫീസിലേക്ക് എടുത്തത്.
ഡാറ്റാസ് കോപ്പി ചെയ്യാൻ വേണ്ടി ഓഫീസ് ലാപ്പ് ഓപ്പൺ ആക്കിയ ശേഷം സ്വന്തം ലാപ്പെന്ന് കരുതി ഗായത്രിയുടെ ലാപ്ടോപ് എടുത്ത് ഓൺ ചെയ്തപ്പോഴാണ് അവളുടെയും തന്റെയും ലാപ്പ് മാറിയത് അവൻ കാണുന്നത്.
ശിവപ്രസാദ് വേഗം ഫോണെടുത്ത് ഗായത്രിയെ വിളിച്ചു.
അവന്റെ കാൾ ഗായത്രി പ്രതീക്ഷിച്ചിരുന്നു. മനസ്സില്ലാ മനസ്സോടെ അവൾ കാൾ എടുത്തു.
“ഹലോ.. ഗായു… നീയെവിടാ ക്ലാസ്സിൽ കേറിയോ?”
“ദാ ജസ്റ്റ് കേറിയതേയുള്ളൂ.” അവൾ കള്ളം പറഞ്ഞു.
“തന്റെ ലാപ്പിന് പകരം എന്റെ ലാപ്ടോപ് ആണ് താൻ മാറിയെടുത്തത്.”
“അയ്യോ ആണോ… ഞാനത് ശ്രദ്ധിച്ചില്ല. ഇനിയിപ്പോ എന്താ ചെയ്യാ.”
“തന്റെ ലാപ്ടോപ് ഞാൻ അങ്ങോട്ട് കൊണ്ട് വരാം.”
“അത് തരാൻ വേണ്ടി ഇങ്ങോട്ട് ഓടി വരണമെന്നില്ല. എനിക്കിന്ന് അത്യാവശ്യമില്ല. മാത്രമല്ല ഇപ്പോ വന്നാലും എനിക്കിനി ക്ലാസ്സ് കഴിയാതെ താഴേക്ക് വരാൻ പറ്റില്ല.” ഗായത്രി അവനെ ഒഴിവാക്കാൻ നോക്കി.
“ഗായത്രി വരണമെന്നില്ല… ഞാൻ അവിടെ വന്ന് എടുത്തോളാം. ആരോടെങ്കിലും പറഞ്ഞ് എടുപ്പിച്ചു തന്നാൽ മതി. എനിക്ക് ഓഫീസ് ലാപ്പിൽ നിന്ന് കുറച്ചു ഡാറ്റാസ് കോപ്പി ചെയ്ത് എടുക്കാനുണ്ടായിരുന്നു.”
“ഫസ്റ്റ് അവർ പതിനൊന്നു മണിക്ക് കഴിയും. ശിവേട്ടൻ അപ്പോ വന്നോ.”
“പതിനൊന്നരയ്ക്ക് എനിക്കൊരു മീറ്റിങ്ങുണ്ട് ഗായു. അതുകൊണ്ട് ഞാനിപ്പോ തന്നെ വരുവാ. താൻ ആരോടെങ്കിലും പറഞ്ഞ് അത് താഴെ എത്തിച്ചാൽ മതി. എനിക്ക് വെയിറ്റ് ചെയ്യാനൊന്നും സമയമുണ്ടാവില്ല ഗായു. പെട്ടെന്ന് തിരിച്ചെത്തുകയും വേണം. ”
“ശിവേട്ടൻ വന്നോ ഞാൻ പിയൂൺ നാരായണേട്ടന്റെ കൈയ്യിൽ കൊടുത്തേക്കാം.” ഉള്ളിലെ വിഷമം മറച്ച് ഗായത്രി പറഞ്ഞു.
“എന്നാ ശരി ഞാൻ വയ്ക്കുവാ… തനിക്ക് ക്ലാസ്സെടുക്കാൻ ടൈം ആയില്ലേ.” ധൃതിയിൽ ഫോൺ കട്ട് ചെയ്തിട്ട് ശിവപ്രസാദ് കാറിന്റെ കീയും എടുത്ത് പാർക്കിംഗ് ഏരിയയിലേക്ക് നടന്നു.
ഗായത്രി വാച്ചിലേക്ക് നോക്കി. സമയം കൃത്യം പത്തേ അഞ്ചായി. ബെൽ അടിച്ചത് കൊണ്ട് എല്ലാവരും ക്ലാസ്സിലേക്ക് പോയി കഴിഞ്ഞു. പത്തു മിനിറ്റിനുള്ളിൽ ശിവപ്രസാദ് ഇവിടെ എത്തും. ലാപ്പും എടുത്ത് കൊണ്ട് അവൻ പോവും. ഇനി ഇങ്ങനെയൊരു അവസരം എപ്പോൾ കിട്ടും. ഈ ചുരുങ്ങിയ സമയം കൊണ്ട് ഇതിൽ താൻ എന്താ നോക്കുക? എവിടുന്നാ തുടങ്ങുക?
തുറന്ന് വച്ച ലാപ്പിന് മുന്നിൽ മനസ്സ് മരവിച്ചത് പോലെ ഗായത്രി ഇരുന്നു. ശിവപ്രസാദ് വരുന്നെന്ന് കേട്ടപ്പോൾ തന്നെ അവളുടെ മനസ്സ് ശൂന്യമായതാണ്. ആകെയൊരു വെപ്രാളം അവളെ പൊതിഞ്ഞു…..കാത്തിരിക്കൂ………