വരും ജന്മം നിനക്കായ്: ഭാഗം 36

വരും ജന്മം നിനക്കായ്: ഭാഗം 36

രചന: ശിവ എസ് നായർ

തുറന്ന് വച്ച ലാപ്പിന് മുന്നിൽ മനസ്സ് മരവിച്ചത് പോലെ ഗായത്രി ഇരുന്നു. ശിവപ്രസാദ് വരുന്നെന്ന് കേട്ടപ്പോൾ തന്നെ അവളുടെ മനസ്സ് ശൂന്യമായതാണ്. ആകെയൊരു വെപ്രാളം അവളെ പൊതിഞ്ഞു. കുറച്ചു സമയം കൊണ്ട് എന്ത് ചെയ്യാനാണ്. എല്ലാത്തിനും ഒരു സാവകാശം വേണ്ടേ. താനിപ്പോ എന്താ നോക്കുക? എവിടെ നിന്ന് തുടങ്ങും. ഓരോരോ ഫോൾഡറിലേക്ക് നോക്കി അവൾ ആശങ്കപ്പെട്ടു. അതേസമയം കാറിന്റെ കീയുമായി ലിഫ്റ്റിന് നേർക്ക് നടക്കുകയായിരുന്നു ശിവപ്രസാദ്. പെട്ടെന്നാണ് അവനെ പിന്നിൽ നിന്ന് സുമീഷ് വിളിച്ചത്. "സാർ..." സുമേഷിന്റെ ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി. "എന്താ സുമീഷ്?" "സാറിനെ ജി എം വിളിക്കുന്നുണ്ട്. പെട്ടെന്ന് ക്യാബിനിലേക്ക് ചെല്ലാൻ പറഞ്ഞു." സുമീഷ് അവന്റെ അടുത്തേക്ക് വന്നു. "എന്താ കാര്യം?" "ക്ലയന്റ് മീറ്റിങ്ങിന്റെ എന്തോ കാര്യം പറയാനാണെന്ന് തോന്നുന്നു. സാറിനെയും കൊണ്ട് പെട്ടെന്ന് ചെല്ലാനാ പറഞ്ഞത്." "ഓക്കേ ഓക്കേ..." കീ പോക്കറ്റിലേക്ക് ഇട്ട് ശിവപ്രസാദ് അവന്റെ ഒപ്പം നടന്നു. "സാറെന്താ അർജന്റ് ആയിട്ട് വിളിപ്പിച്ചത്." ജി എം സ്റ്റീഫനു മുന്നിലെ ചെയറിൽ ഇരുന്നുകൊണ്ട് ശിവപ്രസാദ് ചോദിച്ചു. "മീറ്റിംഗ് പതിനൊന്നു മണിയിലേക്ക് മാറ്റിയിട്ടുണ്ട് ശിവ. അര മണിക്കൂറിനുള്ളിൽ അവരൊക്കെ ഇവിടെ എത്തും. അതുകൊണ്ട് വേഗംതന്നെ എല്ലാം റെഡിയാക്കിക്കോ. അവർക്ക് വേറെ എവിടെയോ അത്യാവശ്യമായി പോകാനുണ്ടെന്ന് അറിയിച്ചു. ചിലപ്പോൾ വന്ന ഉടനെ തന്നെ മീറ്റിംഗ് തുടങ്ങിയേക്കാം." "എല്ലാം റെഡിയാണ് സർ... ഇനിയൊക്കെ സെമിനാർ ഹാളിൽ അറേഞ്ച് ചെയ്യാൻ മാത്രേ ഉള്ളു." "എങ്കിൽ വേഗമാവട്ടെ... നമ്മുടെ ഭാഗത്ത്‌ നിന്ന് ലാഗ് വരരുത്." സ്റ്റീഫൻ നിർദേശം നൽകി. "ഷുവർ സർ... " ശിവപ്രസാദ് എഴുന്നേറ്റ് തന്റെ ക്യാബിനിലേക്ക് പോയി. 'ഇനിയിപ്പോ ഗായത്രിയുടെ അടുത്തേക്ക് പോയിട്ട് വരാൻ സമയമുണ്ടാവില്ല. എങ്ങാനും ബ്ലോക്കിൽ കുടുങ്ങിയാൽ പെട്ട് പോകത്തേയുള്ളു. അതുകൊണ്ട് തത്കാലം മീറ്റിങ്ങിനുള്ള കാര്യങ്ങൾ അറേഞ്ച് ചെയ്യാം. ലാപ്ടോപ് അത് കഴിഞ്ഞ് ചെന്നെടുക്കാം.' ശിവപ്രസാദ് മനസ്സിൽ ചിന്തിച്ചു. ഗായത്രിക്ക് പാസ്സ്‌വേർഡ്‌ ഒന്നും അറിയാത്തതു കൊണ്ട് അവളത് തുറന്ന് നോക്കുമോന്നുള്ള പേടിയൊന്നും അവനില്ലായിരുന്നു. എന്തായാലും താനിപ്പോ വരുന്നില്ലെന്ന കാര്യം അവളെ വിളിച്ചു പറയാമെന്നു കരുതി ശിവപ്രസാദ് ഗായത്രിയെ വിളിച്ചു. ലാപ്ടോപ് പരിശോധിക്കാൻ സമയമില്ലാത്തതിനാൽ അത് മടക്കിഷട്ട് ഡൌൺ ചെയ്ത് തിരികെ ബാഗിൽ വയ്ക്കാൻ തുടങ്ങുമ്പോഴാണ് അവൾക്ക് ശിവപ്രസാദിന്റെ കാൾ വന്നത്. "ഹലോ..." അവളുടെ ശബ്ദം നേർത്തുപോയി. "ഗായു... എനിക്കിപ്പോ വരാൻ പറ്റില്ല... കുറച്ചു കഴിഞ്ഞാൽ മീറ്റിംഗ് തുടങ്ങും. ഞാൻ ഉച്ചയ്ക്ക് ശേഷം അങ്ങോട്ട്‌ വരാം." അവന്റെ വാക്കുകൾ കേട്ടതും അവൾക്ക് ആഹ്ലാദമടക്കാനായില്ല. "ഓക്കേ ശിവേട്ടാ... അത് സാരമില്ല." "എങ്കിൽ ശരി ഗായു... എനിക്ക് ടൈമായി." മറുതലയ്ക്കൽ കാൾ കട്ടായതും, പോയ ഉന്മേഷം ഗായത്രിക്ക് തിരികെ ലഭിച്ചത് പോലെ തോന്നി. അവൾ വേഗം ലാപ്ടോപ് ഓൺ ചെയ്ത് പരിശോധന തുടങ്ങി. ശിവപ്രസാദിന്റെ ഫേസ്ബുക് അതിൽ ഓപ്പണായി കിടക്കുന്നത് കണ്ട് ഗായത്രി അതെടുത്തു നോക്കി. ഭാഗ്യത്തിന് പാസ്സ്‌വേർഡ്‌ സേവ് ആയതുകൊണ്ട് ഫേസ്ബുക് ഓപ്പണായി വന്നു. അവൾ ഓരോ ചാറ്റിലൂടെ കണ്ണോടിച്ചു കൊണ്ടിരുന്നു. സംശയ തക്കതായ ഒന്നും അവന്റെ ഫേസ്ബുക് ചാറ്റിൽ നിന്ന് കണ്ടെത്താൻ അവൾക്ക് സാധിച്ചില്ല. ഗൂഗിൾ എടുത്ത് സേർച്ച്‌ ഹിസ്റ്ററി നോക്കിയപ്പോൾ അവിടെയും ഒന്നുമില്ലായിരുന്നു. തലേ ദിവസം രാത്രി കുറെ സമയം അവൻ ലാപ്ടോപിൽ എന്തോ ചെയ്ത് കൊണ്ടിരുന്നത് അവൾ കണ്ടതാണ്. പക്ഷേ അതെന്താണെന്ന് കണ്ട് പിടിക്കാൻ തനിക്ക് കഴിയുന്നില്ലല്ലോ എന്നവൾക്ക് നിരാശ തോന്നി. ശിവപ്രസാദ് ആരോടെങ്കിലും ചാറ്റ് ചെയ്യുന്നതായിരിക്കാം എന്നാണ് അവളാദ്യം വിചാരിച്ചത്. ഇനിയിപ്പോ ചാറ്റൊക്കെ ഡിലീറ്റ് ചെയ്തതായിരിക്കുമോ? കുറച്ചു സമയം ആലോചനയോടെ അവളിരുന്നു. പിന്നെ ഓരോ ഫോൾഡറായി ചെക്ക് ചെയ്യാൻ തുടങ്ങി. തന്റെ ലാപ്ടോപ് മറ്റാർക്കും കൊടുക്കാത്തതിനാലും കൂടുതൽ സമയവും വീട്ടിൽ തന്നെ വച്ചിട്ട് പോകുന്നത് കൊണ്ട് ശിവപ്രസാദ് ഗായത്രിയുടെ ന്യൂഡ് വീഡിയോസ് ഒന്നും സേഫ് ഫോൾഡറിൽ അല്ല സേവ് ചെയ്തിരുന്നത്. ഓരോന്നായി നോക്കി വന്ന ഗായത്രി അടുത്തതായി ഓപ്പൺ ചെയ്തത് ഒരു വീഡിയോ ആയിരുന്നു. വീഡിയോ തുടങ്ങിയപ്പോൾ തന്നെ വീട്ടിലെ ബാത്രൂം കണ്ട് അവളൊന്ന് ഞെട്ടി. പകപ്പോടെ സ്ക്രീനിലേക്ക് ഉറ്റ് നോക്കുമ്പോൾ തന്റെ തന്റെ കുളിക്കുന്ന ദൃശ്യം കണ്ട് ഗായത്രി നടുങ്ങി പോയി. ശ്വാസം കഴിക്കാൻ പോലും മറന്നവൾ ഒരേ ഇരിപ്പിരുന്നു. വിറ കൈകളോടെ അവൾ അടുത്ത വീഡിയോ ഓപ്പൺ ചെയ്തു. താനും ശിവപ്രസാദും ഒരുമിച്ചുള്ള ആദ്യസംഗമമായിരുന്നു അടുത്ത വീഡിയോയിൽ ഉണ്ടായിരുന്നത്. ഗായത്രിയുടെ മിഴികൾ പെട്ടെന്ന് വാതിൽക്കലേക്ക് നീണ്ടു. ആരെങ്കിലും പെട്ടെന്ന് കേറി വന്നാൽ വീഡിയോ ഉറപ്പായും കാണും. ക്ലോക്കിൽ നോക്കിയപ്പോ പത്തര കഴിഞ്ഞിട്ടുണ്ട്. പതിനൊന്നു മണിക്ക് തനിക്ക് ക്ലാസും ഉണ്ട്. താഴേക്ക് സ്ക്രോൾ ചെയ്ത് നോക്കിയപ്പോൾ ഇനിയും ഒരുപാട് വീഡിയോസ് ഉണ്ടെന്ന് അവൾക്ക് മനസ്സിലായി. എല്ലാംകൂടി കാണാനുള്ള നേരമില്ല. ഉച്ചക്ക് ലാപ്ടോപ് കൊണ്ട് പോകാൻ ശിവപ്രസാദ് വരും. അതിന് മുൻപേ തനിക്ക് വേണ്ടതൊക്കെ ഇതിൽ നിന്ന് എടുക്കണം. തന്റെ കൈവശമുണ്ടായിരുന്ന ഒരു പെൻഡ്രൈവിൽ അവൾ എല്ലാം കോപ്പി ചെയ്ത് എടുത്തു. ഉച്ചക്ക് അവൻ വരുമ്പോൾ എന്തായാലും തന്റെ ലാപ്പ് കൊണ്ട് വരും. അതും വാങ്ങി ഹാഫ് ഡേ ലീവെടുത്ത് വീട്ടിൽ പോയ ശേഷം കോപ്പി ചെയ്ത് എടുത്ത വീഡിയോസ് മുഴുവനും കാണണമെന്ന് അവൾ തീരുമാനിച്ചു. താനിത് വരെ കണ്ടതോ അറിഞ്ഞതോ അല്ല ശിവപ്രസാദ് എന്ന മനുഷ്യൻ. മാറ്റാർക്കുമറിയാത്തൊരു വികൃതമായ മനസ്സിന് ഉടമയാണ് അവൻ. അല്ലെങ്കിൽ പിന്നെ സ്വന്തം ഭാര്യ കുളിക്കുന്നതും തങ്ങളുടെ കിടപ്പറ രംഗങ്ങളും ഒക്കെ ആരെങ്കിലും വീഡിയോ എടുത്ത് വയ്ക്കുമോ? ആലോചിക്കുംതോറും ഗായത്രിയുടെ മിഴികൾ നിറഞ്ഞൊഴുകി. അവൾക്ക് അത്രത്തോളം സങ്കടമുണ്ടായിരുന്നു. ബാക്കിയുള്ള വീഡിയോസ് എന്താണെന്ന് അറിയില്ല. എല്ലാം കണ്ട ശേഷം ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടേ മതിയാവു. അടുത്ത ഞായറാഴ്ച തങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം തികയുന്ന ദിവസമാണ്. മനസ്സിലെ മുറിവുകൾ ഉണങ്ങി തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. കൈവിട്ടു പോയ ജീവിതം വിധിയാണെന്ന് ഓർത്ത് സമാധാനിച്ചുകൊണ്ട് കിട്ടിയ ജീവിതം നല്ല രീതിയിൽ കൊണ്ട് പോകാൻ ശ്രമിക്കുമ്പോഴാണ് ഇങ്ങനെയൊക്കെ അറിയുന്നത്. എങ്ങനെ സഹിക്കും... ആ നിമിഷം അഖിലിനെ മിസ്സ്‌ ചെയ്യുന്നതായി അവൾക്ക് തോന്നി. അഖിലിനെ അവസാനമായി വിളിച്ചത് ജോലി കിട്ടിയ സന്തോഷ വാർത്ത അറിയിക്കാനാണ്. അതിന് ശേഷം ഇടയ്ക്ക് വല്ലപ്പോഴും തമ്മിൽ മെസ്സേജ് അയക്കാറുണ്ട്. ഗായത്രി ഫോൺ എടുത്ത് അവനെ വിളിച്ചു നോക്കി. അഖിൽ ഡ്യൂട്ടിയിൽ ആയിരുന്നു. മൊബൈൽ റിങ് ചെയ്യുന്നത് കണ്ടപ്പോൾ അവൻ വേഗം കാൾ അറ്റൻഡ് ചെയ്തു. എന്തെങ്കിലും അത്യാവശ്യമില്ലാതെ അവൾ വിളിക്കില്ലെന്ന് അവനറിയാം. "ഹലോ... ഗായൂ..." അവന്റെ സ്വരം ഒരു മന്ത്രം പോലെ കാതിൽ പതിഞ്ഞതും അവളുടെ ഹൃദയം വേദനയാൽ നീറിപ്പിടഞ്ഞു. "അഖിലേട്ടൻ ഫ്രീയാണോ?" "കുറച്ചു തിരക്കിലായിരുന്നു... ഇപ്പോ ഫ്രീയായി." "സുഖാണോ..." "മ്മ്മ്... എനിക്ക് സുഖമാ... തനിക്ക് സുഖല്ലേ... എങ്ങനെ പോകുന്നു ലൈഫ്?" "കുഴപ്പമില്ല... അഡ്ജസ്റ്റ് ചെയ്ത് പോകുന്നു." "നമ്മൾ തമ്മിൽ പിരിഞ്ഞിട്ട് ഒരു വർഷമാകാൻ പോകുന്നു." അത് പറയുമ്പോൾ അഖിലിന്റെ ശബ്ദമൊന്നിടറി. "കുറച്ചു മുൻപ് ഞാനത് ഓർത്തതേയുള്ളു." അവളുടെ സ്വരം നേർത്തുപോയി. "സാരമില്ല ഗായു... സങ്കടപ്പെടണ്ട. ഒന്നുമില്ലെങ്കിലും നിന്നെ മനസ്സിലാക്കുന്ന ഒരാളെ തന്നെയല്ലേ നിനക്ക് കിട്ടിയത്." അവന്റെ വാക്കുകൾ കേട്ടപ്പോൾ ഗായത്രി സങ്കടം നിയന്ത്രിക്കാനായില്ല. താൻ കരയുന്നത് അവൻ അറിയരുതെന്ന് കരുതി ഒരു മൂളലിൽ മറുപടി ഒതുക്കിയെങ്കിലും അവളിലെ മാറ്റം അഖിൽ തിരിച്ചറിഞ്ഞു. "ഗായൂ... നീ കരയുവാണോ?" "ഇല്ല..." തേങ്ങലടക്കി അവൾ പറഞ്ഞു. "നിന്റെ ശബ്ദത്തിലെ മാറ്റം എനിക്ക് മനസ്സിലാവും. നിന്നെ ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയതല്ലല്ലോ ഞാൻ." "പെട്ടെന്ന് ഓരോന്ന് ഓർത്തപ്പോൾ സങ്കടം വന്നു." "നീ വിഷമിക്കരുത്... ഇത് നമ്മുടെ വിധിയല്ലേ." "അഖിലേട്ടൻ എന്നാ നാട്ടിൽ വരാ." "സത്യം പറഞ്ഞാൽ ഇപ്പോ നാട്ടിൽ വരാൻ ഒരു താല്പര്യമില്ല ഗായു. വീട്ടിൽ നിന്ന് അമ്മ വിളിക്കുമ്പോ കല്യാണത്തിന് നിർബന്ധിച്ചു കൊണ്ടിരിക്കാ. ഇപ്പോ വേണ്ടെന്ന് പറഞ്ഞാൽ കേൾക്കില്ല. കല്യാണം ഉടനെ വേണമെന്ന് പറഞ്ഞ് അമ്മയും അനിയത്തിയും ഒരേ നിർബന്ധം. നിന്നോടുള്ള വാശിയിലും ദേഷ്യത്തിലുമാണ് അവരെന്നെ കൊണ്ട് വേഗം കെട്ടിക്കാൻ നോക്കുന്നത്. അതുകൊണ്ടാ അങ്ങോട്ട്‌ ഇപ്പോഴൊന്നും വരുന്നില്ലെന്ന് തീരുമാനിച്ചത്." അഖിൽ പറയുന്നതൊക്കെ അവൾ മൂളിക്കേട്ടു. "അഖിലേട്ടൻ അമ്മയെ വിഷമിപ്പിക്കരുത്. നാട്ടിൽ വരാതെ നിന്നാൽ അവർക്കത് സങ്കടം ആവില്ലേ. അഖിലേട്ടനെ കാണാൻ അമ്മയ്ക്കും അനിയത്തിക്കും ആഗ്രഹമുണ്ടാവില്ലേ. അതുകൊണ്ട് അമ്മയോട് വാശി കാണിച്ചു നിൽക്കാതെ നാട്ടിൽ വരണം. അമ്മ കണ്ട് പിടിച്ചു തരുന്ന ആളെ കല്യാണം കഴിക്കണം." "ഇത് പറയാനാണോ നീയെന്നെ വിളിച്ചത്. എന്റെ കല്യാണമൊക്കെ അതിന്റേതായ സമയത്ത് നടന്നോളും ഗായു. നീ എന്റെ കാര്യമോർത്ത് വ്യാകുലപ്പെടണ്ട. നിന്റെ ജീവിതം നന്നായി കണ്ടാൽ മതി ഗായു. നിന്നെ ഓർത്താ എനിക്ക് ടെൻഷൻ." "അഖിലേട്ടന്റെ ഈ സ്നേഹം എനിക്ക് കിട്ടാതെ പോയല്ലോ. അടുത്ത ജന്മമെങ്കിലും നമുക്ക് ഒന്നാവാൻ കഴിയണേ എന്ന പ്രാർത്ഥനയേയുള്ളു എനിക്ക്." ഗായത്രി കരഞ്ഞുപോയി. "ഗായൂ... നിനക്കെന്ത് പറ്റി? എന്തെങ്കിലും സങ്കടമുണ്ടോ നിനക്ക്. അല്ലാതെ ഈ സമയം നീയെന്നെ വിളിക്കില്ലല്ലോ." അവൾക്കെന്തോ കാര്യമായ സങ്കടമുണ്ടെന്ന് അഖിലിന് തോന്നി. "നമ്മുടെ കാര്യമോർത്ത് സങ്കടമുണ്ട് അഖിലേട്ടാ. അഖിലേട്ടനെ പെട്ടെന്ന് മിസ്സ്‌ ചെയ്യുന്ന പോലെ തോന്നിയിട്ടാ വിളിച്ചത്. ഈ ശബ്ദമൊന്ന് കേൾക്കണമെന്ന് തോന്നി." ശിവപ്രസാദിന്റെ കാര്യം അവനോട് പറയാൻ അവൾക്ക് മനസ്സ് വന്നില്ല. "ശിവപ്രസാദുമായി ഒത്തു പോകാൻ നിനക്ക് പറ്റുന്നില്ലേ ഗായു? നിനക്ക് ഇഷ്ടമില്ലാത്ത ഒരു ബന്ധത്തിൽ കടിച്ചു തൂങ്ങാൻ ഞാൻ നിർബന്ധിക്കില്ല. നിനക്ക് ഞാനില്ലേ ഗായു... എന്താണെങ്കിലും എന്നോട് പറയ്യ്." അഖിലിന്റെ സ്വരം ആർദ്രമായി....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story