Novel

വരും ജന്മം നിനക്കായ്: ഭാഗം 4

രചന: ശിവ എസ് നായർ

വളരെ ശ്രമപ്പെട്ട് ഉള്ളിലെ വിക്ഷോഭമടക്കി ശിവപ്രസാദിനരികിൽ പുഞ്ചിരിയോടെ ഗായത്രി ഫോട്ടോയ്ക്ക് പോസ് ചെയ്തു. അവന്റെ കൈകളപ്പോൾ അവളുടെ നഗ്നമായ വയറിനെ ചുറ്റിയിരുന്നു. ആ കൈകൾ കുടഞ്ഞെറിയണമെന്നുണ്ടെങ്കിലും ഗായത്രിക്ക് അതിനുള്ള ധൈര്യമില്ലായിരുന്നു.

“ശിവേട്ടാ… കയ്യെടുക്ക്…” ഇടത് കൈകൊണ്ട് അവന്റെ കയ്യിലൊന്ന് തട്ടി അവൾ പറഞ്ഞു.

അത് കേട്ടതും ശിവപ്രസാദിന്റെ മുഖം രൂക്ഷമായി.

“എന്തിന്?”

“എനിക്ക് ഇഷ്ടമല്ല…” അവന്റെ അനിഷ്ടം കണ്ടപ്പോൾ അങ്ങനെ പറയാനാണ് അവൾക്ക് തോന്നിയത്.

“അതേ… ഞാൻ താലി കെട്ടിയപ്പോൾ മുതൽ നീയെന്റെ ഭാര്യയാണ്. അതുകൊണ്ട് ഇന്ന് മുതൽ നിന്നിൽ എനിക്ക് എല്ലാ അവകാശങ്ങളുമുണ്ട്.” അവന്റെ കൈകൾ അവളുടെ ഇടുപ്പിൽ കൂടുതൽ മുറുകി.

ഗായത്രിക്ക് നല്ല ദേഷ്യം വന്നു. എല്ലാം വലിച്ചെറിഞ്ഞു പോകാനാണ് അവൾക്കപ്പോൾ തോന്നിയത്. പക്ഷേ ഗൗരിയുടെ മുഖം കാണവേ ഗായത്രി അശക്തയായി.

ഗൗരി വളരെ സന്തോഷത്തിലാണ്. അവൾ ആഗ്രഹിച്ച പോലെ തന്നെ ഇഷ്ടപുരുഷനെ സ്വന്തമാക്കി. പക്ഷേ താനോ എല്ലാം നഷ്ടപ്പെട്ട്… ആരുടെയൊക്കെയോ നിർബന്ധത്തിന് വഴങ്ങി സ്വന്തം ജീവിതം തച്ചുടച്ചു കളഞ്ഞു. താലി കെട്ടിയ ആളുടെ സ്വഭാവവും എങ്ങനെയെന്ന് അറിയില്ല…

ഗായത്രിയുടെ ഉള്ളം വേവുകയായിരുന്നു. അഖിലിന്റെ മുഖം ഓർമ്മയിൽ തെളിഞ്ഞപ്പോൾ മുതൽ അവളുടെ മനസ്സ് അസ്വസ്ഥമാണ്. അവനിതൊരിക്കലും സഹിക്കാൻ കഴിയില്ലെന്ന് ഗായത്രിക്കറിയാം.

 

🍁🍁🍁🍁🍁

ആളും ആരവങ്ങളും ഒഴിഞ്ഞ് വീട് ശൂന്യമായിരുന്നു. ഒരേ ദിവസം തന്നെ തന്റെ രണ്ട് മക്കളും വിവാഹിതരായി പോയിരിക്കുന്നു. രണ്ടാളും ഒരു വീട്ടിൽ തന്നെയാണല്ലോ എന്നതായിരുന്നു വേണു മാഷിന്റെ ആശ്വാസം.

ഗായത്രിയുടെ കാര്യമാലോചിക്കുമ്പോൾ അയാൾക്ക് കുറ്റബോധമുണ്ട്. പക്ഷേ ഒരച്ഛനെന്ന നിലയിൽ രണ്ട് പേരുടെ ഭാവി ഓർത്തും തനിക്ക് ആശങ്കയുണ്ടായിരുന്നു. ഇളയ മകൾക്ക് വേണ്ടി മൂത്ത മകളുടെ കണ്ണുനീർ കണ്ടില്ലെന്ന് നടിക്കേണ്ടി വന്നു.

ഓരോന്നൊക്കെ ഓർത്ത് വരാന്തയിലെ ചാരുകസേരയിൽ കിടക്കുകയാണ് വേണു മാഷ്. അപ്പോഴാണ് റിങ് ചെയ്യുന്ന മൊബൈലുമായി സുമിത്ര അയാൾക്കരികിലേക്ക് വന്നത്.

“ദേ… ആ കൊച്ചാ വിളിക്കുന്നത്.” ഭാര്യ നീട്ടിപ്പിടിച്ച ഫോണിന്റെ ഡിസ്പ്ലേയിലേക്ക് വേണു മാഷ് ഒന്ന് നോക്കി.

അഖിൽ എന്ന പേര് കണ്ടതും അയാളുടെ മുഖമൊന്ന് വിളറി.

ഇക്കഴിഞ്ഞ രണ്ട് മാസമായി കറക്റ്റ് പറഞ്ഞാൽ ഗായത്രിയുടെയും ഗൗരിയുടെയും വിവാഹം ഉറപ്പിച്ചത് മുതൽ വേണു മാഷ് അഖിലിന്റെ ഫോൺ കാൾ ഒഴിവാക്കി കൊണ്ടിരിക്കുകയാണ്. അവനോട് പറയാൻ മറുപടി ഇല്ലാത്തത് കൊണ്ട് മാത്രമാണ് അയാൾ അഖിലിന്റെ കോളുകൾ ഒന്നും എടുക്കാതിരുന്നത്.

“രണ്ട് മാസമായി ആ കൊച്ചു നിങ്ങളെ ഇങ്ങനെ വിളിച്ചോണ്ടിരിക്കുവല്ലേ. ഗായത്രിയുടെ കല്യാണം കഴിഞ്ഞില്ലേ.. ഇനിയെങ്കിലും നിങ്ങളീ ഫോണെടുത്തു അവനോട് മറുപടി പറയ്യ്.” സുമിത്ര നിർബന്ധിച്ചു.

“നീയാ കാളെടുക്ക്. എന്നിട്ട് സ്പീക്കറിൽ ഇട്.” വേണു മാഷ് കസേരയിൽ ഒന്ന് നിവർന്നിരുന്നു.

സുമിത്ര പറഞ്ഞത് പോലെ ചെയ്തു.

“ഹലോ… അങ്കിൾ…” അങ്ങേതലയ്ക്കൽ നിന്നും അഖിലിന്റെ ചിലമ്പിച്ച സ്വരം കേട്ടു.

“ഹാ… അഖിൽ എന്തെ വിളിച്ചത്?” ഗൗരവം വിടാതെ മാഷ് ചോദിച്ചു.

“രണ്ട് മാസമായി അങ്കിളിനെ ഞാൻ നിർത്താതെ വിളിച്ചു കൊണ്ടിരുന്നു. ഒരു ദിവസം പോലും നിങ്ങളെന്നെ കേൾക്കാൻ ശ്രമിച്ചില്ല. ഗായത്രിയെ എനിക്ക് തരാമെന്ന് വാക്ക് പറഞ്ഞ് നിങ്ങൾ പറ്റിച്ചു.

എന്തിനായിരുന്നു അങ്കിൾ എന്നോടീ ചതി ചെയ്തത്. ഈ വിവാഹത്തോടെ അവൾ സന്തോഷമായിട്ട് ജീവിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ?”

“എന്റെ മോളെ നീ ശപിക്കരുത്.”

“ഇല്ല അങ്കിൾ… അവളെ ഞാനൊരിക്കലും തെറ്റ് പറയില്ല, ശപിക്കേം ചെയ്യില്ല. എവിടെയായാലും ആരുടെ ഒപ്പമായാലും സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് തന്നെയാണ് എന്റെ ആഗ്രഹം.

പക്ഷേ നിങ്ങളുടെ എല്ലാരുടെയും സ്വാർത്ഥതയ്ക്ക് ഞങ്ങളുടെ ജീവിതം ഇല്ലാണ്ടാക്കേണ്ടിയിരുന്നില്ല. മോഹ വാഗ്ദാനം നൽകി എന്നെ പറ്റിക്കണ്ടായിരുന്നു. അവളെ മറക്കാൻ എനിക്കൊരിക്കലും കഴിയില്ല… ഞാനിനി എന്തിനാ ജീവിക്കുന്നത്? എന്റെ ജീവിതത്തിന് ഒരർത്ഥമില്ലാതാക്കി കളഞ്ഞില്ലേ നിങ്ങൾ. നാടും വീടും വിട്ട് ഞാനിവിടെ വന്നത് തന്നെ എന്റെ ഗായത്രിക്ക് വേണ്ടിയല്ലേ?” ഫോണിലൂടെ അഖിലിന്റെ വേദന നിറഞ്ഞ ശബ്ദം വേണു മാഷേ തളർത്തി.

“ഒരച്ഛന്റെ സ്ഥാനത്ത് നിന്ന് ചിന്തിച്ചാൽ നിനക്കെന്റെ അവസ്ഥ മനസ്സിലാവും. ഞങ്ങളുടെ ആത്മാഭിമാനം രക്ഷിക്കാൻ ഇതല്ലാതെ മറ്റ് വഴിയൊന്നുമില്ലായിരുന്നു. എന്റെ ഗൗരി മോൾടെ അവസ്ഥ നിന്റെ സഹോദരിക്കാണ് വന്നിരുന്നെങ്കിൽ നീയും ഇത് തന്നെ ചെയ്യുമായിരുന്നു.”

“എന്റെ പെങ്ങൾക്കാണ് ഈ ഗതി വന്നതെങ്കിൽ നട്ടെല്ലില്ലാത്തൊരു പയ്യന് എന്റെ പെങ്ങളെ വേണ്ടെന്ന് തന്നെ ഞാൻ തീരുമാനിക്കുള്ളു.”

“അതൊക്കെ വാശിക്ക് പറയാം മോനെ. പക്ഷേ താലോലിച്ചു വളർത്തിയ മകൾ കണ്മുന്നിൽ തൂങ്ങിയാടുന്നത് കണ്ടാൽ ആരായാലും തളർന്നുപോകും.”

“എന്തായാലും നിങ്ങളുടെ ആഗ്രഹം പോലെ കാര്യങ്ങൾ നടന്നല്ലോ. ഇപ്പോ സന്തോഷമായി കാണുമല്ലോ.”

“അഖിൽ… കഴിഞ്ഞത് കഴിഞ്ഞു. നിനക്കവളെയും അവൾക്ക് നിന്നെയും വിധിച്ചിട്ടില്ലെന്ന് കരുതി സമാധാനിക്ക്. അവളെ നീയിനി വിളിക്കാനോ കാണാനോ ഒന്നും ശ്രമിക്കരുത്. എന്റെ കുട്ടി ഇനി എങ്ങനെയെങ്കിലും അവിടെ ജീവിക്കട്ടെ. നിന്നെ ഓർത്തിരുന്നാൽ ഗായത്രിക്ക് അവളുടെ കുടുംബ ജീവിതത്തിൽ സ്വസ്ഥത കിട്ടില്ല.”

“ഞാനായിട്ട് ഇനി ആരെയും ശല്യം ചെയ്യില്ല… നിങ്ങളെ വിളിച്ചു ഇത്രയെങ്കിലും പറയണമെന്ന് തോന്നിയത് കൊണ്ട് വിളിച്ചതാ. വയ്ക്കട്ടെ, എല്ലാത്തിനും പെരുത്ത് നന്ദിയുണ്ട് അങ്കിൾ.” വാക്കുകൾ ഇടറി അവൻ കാൾ കട്ട് ചെയ്തു.

വേണു മാഷ് ദുഃഖത്തോടെ ഭാര്യയെ നോക്കി.

“നിങ്ങള് വിഷമിക്കണ്ട… ആ കുട്ടി അവന്റെ സങ്കടം കൊണ്ട് പറഞ്ഞു പോയതല്ലേ. തെറ്റ് നമ്മുടെ ഭാഗത്ത്‌ തന്നെയല്ലേ. അതുകൊണ്ട് ഇതൊക്കെ കേൾക്കാൻ നമ്മൾ ബാധ്യസ്ഥരാണ്.” സുമിത്ര അയാൾക്കരികിലായി ഇരുന്നു.

“ഹ്മ്മ്മ്മ്…. ഇപ്പോ ഈശ്വരനോട്‌ ഒറ്റ പ്രാർത്ഥനയേയുള്ളൂ… ശിവ പ്രസാദിനോടൊപ്പം അവൾ ചേർന്ന് പോയാൽ മതിയായിരുന്നു. അല്ലാത്ത പക്ഷം അത് ഗൗരിയുടെ ജീവിതത്തെ കൂടി ബാധിക്കും.”

“നിങ്ങള് ഓരോന്നോർത്ത് ബിപി കൂട്ടണ്ട. ഗൗരിയെ വിചാരിച്ചെങ്കിലും അവളവന്റെ കൂടെ ജീവിച്ചോളും.”

സുമിത്രയുടെ വാക്കുകൾ കേട്ട് ഒരു നെടുവീർപ്പോടെ വേണു മാഷ് കസേരയിലേക്ക് ചാഞ്ഞു. അയാളുടെ മനസ്സിലപ്പോൾ തെളിഞ്ഞുവന്നത് അഖിലിനെ ആദ്യമായി കണ്ട ദിവസമാണ്.

🍁🍁🍁🍁🍁

രണ്ട് വർഷങ്ങൾക്ക് മുൻപൊരു സായാഹ്നം.

“എന്റെ വീട്ടിൽ കേറി വന്ന് അവളെ പെണ്ണ് ചോദിക്കാൻ നിനക്കെങ്ങനെ ധൈര്യം വന്നെടാ. അല്ലെങ്കിൽ തന്നെ എന്റെ മോളെ മോഹിക്കാൻ മാത്രം എന്ത് യോഗ്യതയുണ്ടെടാ നിനക്ക്.”

വായിലെ മുറുക്കാൻ കോളാമ്പിയിലേക്ക് കാർക്കിച്ചു തുപ്പി വേണു മാഷ് തന്റെ മുന്നിൽ തല കുമ്പിട്ട് നിൽക്കുന്ന ചെറുപ്പക്കാരനെ അവജ്ഞയോടെ നോക്കി.

“ഞാനും ഗായത്രിയും പ്ലസ് ടു പഠിക്കുമ്പോൾ മുതൽ പ്രണയത്തിലാണ് അങ്കിൾ. അവൾക്കൊരു കല്യാണാലോചന വന്നുവെന്ന് ഗായത്രി പറഞ്ഞറിഞ്ഞു. അത് കേട്ടപ്പോൾ ഇവിടെ വരെ വന്ന് അങ്കിളിനെ ഒന്ന് കാണണമെന്ന് തോന്നി.. നിങ്ങളുടെ അത്ര കാശൊന്നും എനിക്കില്ലെന്ന ഒരു കുറവ് മാത്രേയുള്ളൂ.” അഖിൽ താഴ്മയോടെ പറഞ്ഞു.

“നിനക്കെന്താ ഇപ്പോ ജോലി?”

“സ്ഥിരമായി ഒരു പണി ആയിട്ടില്ല. കിട്ടുന്ന ജോലിക്കൊക്കെ പോകാറുണ്ട്.” അഖിലിന്റെ മുഖം താഴ്ന്നു.

“എന്നിട്ട് അവള് പറഞ്ഞത് നീ എഞ്ചിനീയറിങ് ആണ് പഠിച്ചതെന്നാണല്ലോ. എന്നിട്ട് ജോലി കൂലിപ്പണിയും, കൊള്ളാലോ.” വേണു മാഷിന്റെ സ്വരത്തിൽ പരിഹാസം നിഴലിച്ചു.

“ഞാൻ കള്ളം പറയില്ല അങ്കിൾ. എഞ്ചിനീയറിങ്ങിനു പോയത് സത്യം തന്നെയാ. പക്ഷേ ലാസ്റ്റ് സെമെസ്റ്ററിലെ മൂന്നു പേപ്പർ കിട്ടിയില്ല. ആ സമയത്തായിരുന്നു അച്ഛന്റെ മരണം.” അച്ഛന്റെ കാര്യം പറഞ്ഞപ്പോൾ അഖിലിന്റെ ശബ്ദമിടറി.

“എന്നിട്ടാ സപ്പ്ളി എഴുതി എടുത്ത് നല്ലൊരു ജോലിക്ക് ശ്രമിക്കാതെ ഇങ്ങനെ തെണ്ടി തിരിഞ്ഞു നടക്കുന്ന നിനക്ക് ഞാനെന്റെ മോളെ കെട്ടിച്ചു തരണമല്ലെ?” വേണു മാഷ് ഉച്ചത്തിൽ ചോദിച്ചു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button