Novel

വരും ജന്മം നിനക്കായ്: ഭാഗം 40

രചന: ശിവ എസ് നായർ

“എല്ലാം അറിഞ്ഞുവച്ച് രേവതി എന്നെ ചതിക്കുകയാ ചെയ്തത്. ഇങ്ങനെയാണ് അയാളുടെ സ്വഭാവമെന്ന് അന്നേ അറിഞ്ഞിരുന്നെങ്കിൽ ഞാൻ മുൻകരുതലെടുക്കുമായിരുന്നു. അന്ന് ഞങ്ങളുടെ കല്യാണ ദിവസം രേവതി പറഞ്ഞതൊന്നും ഞാൻ മറന്നിട്ടില്ല. അന്ന് അത്രയും സഹതാപവും സ്നേഹവും എന്നോട് കാണിച്ചതിൽ കുറച്ചെങ്കിലും ആത്മാർത്ഥ ഉണ്ടായിരുന്നെങ്കിൽ ഇതൊന്നും എന്നിൽ നിന്ന് മറച്ചു വയ്ക്കാൻ ശ്രമിക്കില്ലായിരുന്നു.” ഗായത്രി പറഞ്ഞത് കേട്ട് രേവതിക്ക് സങ്കടമായി.

“ഗായു… പ്ലീസ്… അങ്ങനെയൊന്നും പറയരുത്. നിന്നോട് ഞാൻ കാണിച്ച സ്നേഹം അഭിനയമല്ല. ശിവേട്ടൻ നന്നായാൽ നിങ്ങളുടെ ജീവിതം നല്ല രീതിയിൽ പോട്ടേന്ന് വിചാരിച്ചു. നിന്റെ നന്മ മാത്രം ഉദേശിച്ചത്‌ കൊണ്ടാ അന്ന് ചെറിയ സൂചന ഞാൻ തന്നത്.”

രേവതി ന്യായീകരിക്കാൻ ശ്രമിച്ചു.

“ഇനി സ്വയം ന്യായീകരിക്കാൻ ശ്രമിക്കണ്ട രേവതി. നീ എന്നോട് കാണിച്ചത് ചീറ്റിങ്ങ് തന്നെയാ. എത്രയൊക്കെ ആയാലും നിനക്ക് നിന്റെ കുടുംബക്കാർ ആണല്ലോ വലുത്.” ഗായത്രി അങ്ങനെ തുറന്നടിച്ചു പറഞ്ഞതും രേവതിയുടെ മുഖം വിളറി.

“ഗായത്രിക്ക് തോന്നിയ ഇതേ കാര്യം എനിക്കും തോന്നിയതാണ്. എന്തൊക്കെ പറഞ്ഞാലും ശിവപ്രസാദ് രേവതിയുടെ അമ്മാവന്റെ മകനല്ലേ. രക്തബന്ധത്തിനോട് ഒരു ചായവ് തോന്നുന്നത് സ്വാഭാവികം.

ഗായത്രി ബുദ്ധിയുള്ള കുട്ടിയാണെങ്കിൽ ശിവപ്രസാദും ഞാനുമായുള്ള കല്യാണം മുടങ്ങാനുള്ള കാരണം അന്വേഷിക്കുമെന്നും എന്നെ കോൺടാക്ട് ചെയ്യാൻ ശ്രമിക്കുമായിരിക്കുമെന്നും ഞാൻ വിചാരിച്ചു. അങ്ങനെ ഗായത്രി എന്നെ തിരക്കി വന്നാൽ എല്ലാം പറയാമെന്നു കരുതി ഞാൻ. പക്ഷേ അങ്ങനെയൊന്നും നടന്നില്ല. രേവതിയോട് ചോദിച്ചപ്പോൾ നിങ്ങളുടെ ലൈഫ് നല്ല രീതിയിൽ പോകുന്നുണ്ടെന്നും പറഞ്ഞു. അപ്പോ ഞാൻ കരുതി അവന്റെ സ്വഭാവ വൈകൃതം താൻ സഹിക്കുന്നുണ്ടാകുമെന്ന്.” വർണ്ണ സഹതാപത്തോടെ ഗായത്രിയെ നോക്കി.

“നിങ്ങളുടെ കല്യാണം മുടങ്ങാനുണ്ടായ
സാഹചര്യം ഞാൻ ശിവപ്രസാദിനോട് ചോദിച്ചതാ. അയാളെ താൻ തെറ്റിദ്ധരിച്ചിട്ട് പ്രശ്നമുണ്ടാക്കി പിണങ്ങി പോയതാണെന്നും പിന്നീട് സത്യം മനസ്സിലാക്കി മടങ്ങി വന്നപ്പോ അയാൾ തന്നെ സ്വീകരിച്ചില്ലെന്നുമാണ് എന്നോട് പറഞ്ഞത്. നിങ്ങളുടെ കുറച്ച് ചാറ്റ്സും തെളിവായി കാണിച്ചപ്പോൾ ഞാനത് വിശ്വസിച്ചു.” ശിവപ്രസാദ് തന്നോട് മുൻപ് പറഞ്ഞ കാര്യങ്ങൾ ഗായത്രി അവളോട് പറഞ്ഞു.

“അങ്ങനെയൊരു സംഭവം ഉണ്ടായത് ശരിയാണ് ഗായു. ശിവപ്രസാദ് അക്കാര്യത്തിൽ നിരപരാധി ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ കുറെ സോറിയൊക്കെ പറഞ്ഞ് ഞങ്ങളുടെ റിലേഷൻ നല്ല രീതിയിൽ മുന്നോട്ടു പോയി. ആ തെറ്റിദ്ധാരണയ്ക്ക് ശേഷം ഞങ്ങൾ വീണ്ടും ഒരുമിച്ചപ്പോഴാണ് ഫിസിക്കൽ റിലേഷൻ വരെ എത്തിയത്.

എന്തായാലും കുറച്ചു ചാറ്റ് കാണിച്ച് തന്നെ അവൻ വിശ്വസിപ്പിച്ചെടുത്തു കളഞ്ഞു. ഗായത്രിയെ തെറ്റ് പറയാൻ പറ്റില്ല… അതൊക്കെ നടന്ന സംഭവവും ആണല്ലോ. കുറച്ചു കള്ളകഥയും സെന്റി ഡയലോഗ് ഒക്കെ കൂടി ആയപ്പോൾ താൻ അവനെ വിശ്വസിച്ചു.” വർണ്ണ ഗായത്രിയെ നോക്കി നെടുവീർപ്പിട്ടു.

“വർണ്ണ പറഞ്ഞത് ശരിയാ… നിങ്ങളുടെ അന്നത്തെ മെസ്സേജ് വായിച്ചപ്പോൾ അതൊക്കെ സത്യം തന്നെയാണെന്ന് എനിക്ക് ഉറപ്പായിരുന്നു. പക്ഷേ ഞാനന്ന് കുറച്ചൂടെ ബുദ്ധി ഉപയോഗിച്ചിരുന്നെങ്കിൽ വർണ്ണയെ ഒന്ന് കണ്ടേക്കാമെന്ന് തോന്നുമായിരുന്നു. പകരം ആ ചാപ്റ്റർ തന്നെ ഞാൻ ക്ലോസ് ചെയ്തു. അന്നുതന്നെ നമ്മൾ തമ്മിൽ നേരിൽ കണ്ടിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു.” ഗായത്രിയിൽ നിരാശ നിറഞ്ഞു.

“കഴിഞ്ഞത് കഴിഞ്ഞു… ഇനി എന്താ ഗായത്രിയുടെ പ്ലാൻ.”

വർണ്ണ ചോദിച്ചു.

“ശിവപ്രസാദിന്റെ മുഖംമൂടി വലിച്ചു കീറണം. എല്ലാം എല്ലാരേയും അറിയിക്കണം.” അവളുടെ സ്വരം ദൃഡമായി.

“ഗായു… ഒന്ന് ആലോചിച്ചിട്ട് പോരെ. ശിവേട്ടൻ നിന്റെ മുന്നിൽ നല്ലത് പോലെ നിൽക്കുന്നില്ലേ. എടുത്തു ചാടി എന്തെങ്കിലും പ്രവർത്തിച്ചിട്ട് ജീവിതം നശിപ്പിക്കണോ?” രേവതി മടിച്ചു മടിച്ചു ചോദിച്ചു.

“നിനക്കിങ്ങനെ ചോദിക്കാൻ നാണമാവുന്നില്ലേ രേവതി? ആ വൃത്തികെട്ടവന്റെ കൂടെ ഒരു നിമിഷം പോലും ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എല്ലാരേം എല്ലാം അറിയിച്ച് ഡിവോഴ്സ് ചെയ്യാനാ എന്റെ തീരുമാനം.

നീ കെട്ടുന്നവൻ നിന്നെ ഉറക്കി കിടത്തി പീഡിപ്പിച്ചാൽ അത് ക്ഷമിക്കാൻ നിനക്ക് കഴിയോ? എന്നിട്ട് നല്ലവനെ പോലെ നിന്റെ മുന്നിൽ സ്നേഹം നടിച്ചു നിന്നിട്ട് അത് അഭിനയമാണെന്ന് തിരിച്ചറിയുമ്പോ പിന്നെയും നിനക്കവനെ സ്നേഹിക്കാൻ കഴിയോ?” ഗായത്രി ദേഷ്യം കൊണ്ട് അടിമുടി വിറച്ചു.

“ഞാൻ അത്രയ്ക്കൊന്നും ചിന്തിച്ചില്ല ഗായു.”

“നിന്റെ അവസ്ഥ എന്താണെന്ന് രേവതിക്കൊരിക്കലും മനസ്സിലാവില്ല ഗായത്രി. അത് അനുഭവിച്ചവർക്കേ മനസ്സിലാവു. തന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയും സങ്കടവുമൊക്കെ എനിക്ക് ഊഹിക്കാൻ കഴിയും. കാരണം ഒരിക്കൽ ഇതേ സാഹചര്യത്തിലൂടെ കടന്ന് പോയവളാണ് ഞാനും. ഭർത്താവ് പീഡിപ്പിച്ചുവെന്ന് പുറത്ത് പറഞ്ഞാൽ തന്നെ എല്ലാവരും കളിയാക്കാനേ ശ്രമിക്കു. അവിടേം എല്ലാരും തന്നെ കുറ്റം പറയും.

രേവതി പോലും ഇതെല്ലാം നിസ്സാര വൽക്കരിച്ചു കാണുന്നത് അവൾക്കും ഇതിന്റെ സീരിയസ്നെസ് അറിയാത്തത് കൊണ്ടാണ്.” വർണ്ണ ഗായത്രിയോടായി പറഞ്ഞു.

“ഇക്കാര്യം പുറത്ത് പറയുമ്പോ എല്ലാരും എന്നെ കുറ്റപ്പെടുത്തുമെന്ന് അറിയാം. സമൂഹം അങ്ങനെയാണ്. പെണ്ണിനെ പഴി പറയാനാണ് കൂടുതൽ പേർക്കും ഉത്സാഹം. ഭർത്താവ് റേപ്പ് ചെയ്‌തെന്ന് പറയുന്നത് തന്നെ എല്ലാവർക്കും കളിയാക്കി ചിരിക്കാനുള്ള വസ്തുതയാണ്. പക്ഷേ എല്ലാം നേരിടാൻ ഞാൻ ഒരുക്കമാണ്. ഇനി ഇങ്ങനെ ഒരുത്തന്റെ കൂടെ എന്ത് വിശ്വസിച്ചു ഞാൻ ജീവിക്കും.

ഒരു ദിവസം ശിവപ്രസാദിനോട് എല്ലാം തുറന്ന് ചോദിക്കാൻ കാത്തിരിക്കുകയാണ് ഞാൻ. എല്ലാം എനിക്ക് മനസ്സിലായെന്ന് അവനും അറിയട്ടെ. അപ്പഴെങ്കിലും നിർത്തുമല്ലോ ഈ അഭിനയം.”

ഗായത്രി എല്ലാം നിശ്ചയിച്ചുറപ്പിച്ചു കഴിഞ്ഞുവെന്ന് ഇരുവർക്കും മനസ്സിലായി.

ഈ വിഷയം പുറത്തറിഞ്ഞാൽ തങ്ങളുടെ കുടുംബത്തിന് മൊത്തം നാണക്കേട് ആവുമല്ലോന്നാണ് രേവതി ചിന്തിച്ചത്. തന്നെയും അത് ബാധിക്കും. ഗായത്രിയോട് പക്ഷേ അത് പറയാനും കഴിയില്ല.

അമ്മായിയോട് ഇതേക്കുറിച്ച് സൂചിപ്പിച്ചാൽ അത് ഗായത്രിയോട് കാണിക്കുന്ന വഞ്ചനയാകും. ഇനിയും താനവളെ പറ്റിക്കുന്നത് ശരിയല്ല. ഗായത്രി അവളുടെ ഇഷ്ടം പോലെ തന്നെ ചെയ്യട്ടെ. ശിവേട്ടൻ ഒരിക്കലും മാറില്ല… സ്വന്തം പ്രവർത്തി കൊണ്ട് ഇപ്പോ കുടുംബത്തിലെ എല്ലാവർക്കും നാണക്കേട് ഉണ്ടാക്കി വയ്ക്കുകയാണ് ശിവേട്ടൻ. അതിനി അനുഭവിക്കയല്ലാതെ വേറെ വഴിയില്ല. ഗായത്രിയെ ഒന്നും അറിയിക്കാതിരുന്നത് തന്റെ തെറ്റാണ്.

നിരാശയോടെ രേവതി മുഖം കുനിച്ചിരുന്നു.

“രേവതിയോട് എനിക്കൊരു റിക്വസ്റ്റ് ഉണ്ട്
ദയവ് ചെയ്ത് നമ്മളിവിടെ പറഞ്ഞതൊന്നും ആരെയും അറിയിക്കാൻ നിൽക്കരുത്. ഞാൻ വേണ്ടത് പോലെ കാര്യങ്ങൾ ചെയ്തോളാം.” ഗായത്രി പറഞ്ഞു.

“എന്നെ അത്രയ്ക്ക് വിശ്വാസമില്ലാതായോ ഗായു. ഞാൻ ആരോടും ഒന്നും പറയില്ല.” രേവതിയുടെ ശബ്ദമിടറി.

“എനിക്കിപ്പോ ആരെയും വിശ്വാസം തോന്നുന്നില്ല. അതുകൊണ്ട് പറഞ്ഞതാ. ഇനിയിപ്പോ അറിയിച്ചാലും എനിക്കൊന്നുമില്ല… ഞാനെല്ലാം അറിഞ്ഞുവെന്ന് ശിവപ്രസാദ് അറിയുമ്പോ അഭിനയം നിർത്തി തനി സ്വഭാവം പുറത്തെടുക്കുമല്ലോ. അത് തന്നെയാ എനിക്ക് വേണ്ടതും.” മനസ്സിൽ ചില പദ്ധതികൾ ഗായത്രി കണക്ക് കൂട്ടുന്നുണ്ടായിരുന്നു.

“ഗായത്രി സൂക്ഷിക്കണം… ശിവപ്രസാദിന്റെ സ്വഭാവം വച്ച് ഗായത്രിക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് പറഞ്ഞ് പരത്തി നാണംകെടുത്തും. അമ്മയും മോനും കൂടി എന്നെപ്പറ്റി പലതും പറഞ്ഞ് എല്ലാരെ മുന്നിലും മോശക്കാരിയാക്കി അവർ നല്ലപിള്ള ചമഞ്ഞു നടക്കുന്നുണ്ട്.”

“ഞാൻ സൂക്ഷിച്ചോളാം…”

ഗായത്രി ഇരുവരോടും യാത്ര പറഞ്ഞിറങ്ങി.

 

🍁🍁🍁🍁🍁

മുകളിൽ കറങ്ങുന്ന സീലിംഗ് ഫാനിലേക്ക് നോക്കി നിശബ്ദം കിടക്കുകയാണ് ഗായത്രി. ശിവപ്രസാദിനെ കുടുക്കാനുള്ള വഴികൾ ആലോചിക്കുകയാണ് അവൾ.

ആരുടെയെങ്കിലും സഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല. അവന്റെ ലാപ്പിലുള്ള വീഡിയോസും ബാക്കപ്പ് ചെയ്യാൻ കഴിയാത്ത രീതിയിൽ നശിപ്പിക്കണം.

എല്ലാത്തിനും വിശ്വസിച്ചു കൂടെ നിൽക്കാൻ ആരുമില്ല. ആരെയാ ഒന്ന് സഹായത്തിനു വിളിക്ക. അഖിലിന്റെ മുഖമല്ലാതെ മറ്റാരുടെയും മുഖം അവളുടെ മനസ്സിലേക്ക് വന്നില്ല.

താൻ അറിഞ്ഞ കാര്യങ്ങൾ മുഴുവനും വിശ്വസിച്ചു പറയാനും കൂടെ നിർത്താനും കഴിയുന്നത് അഖിലേട്ടനെ മാത്രമാണ്.

ഗായത്രി അപ്പോൾ തന്നെ അഖിലിനെ വിളിച്ചു.

രണ്ട് തവണ അവൾ വിളിച്ചിട്ടും അവൻ ഫോൺ എടുത്തില്ല. അവൻ എന്തെങ്കിലും തിരക്കിലാവുമെന്ന് കരുതി ഗായത്രി അവൻ തിരിച്ചു വിളിക്കുന്നതും കാത്തിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ അവൾക്ക് അഖിലിന്റെ കാൾ വന്നു.

“ഹലോ…. അഖിലേട്ടാ… തിരക്കിലായിരുന്നോ?” കാൾ എടുത്തപാടെ അവൾ ചോദിച്ചു.

“ഓഫീസിൽ ചെറിയൊരു മീറ്റിങ്ങുണ്ടായിരുന്നു. ഗായു എന്താ വിളിച്ചേ. എന്തെങ്കിലും കാര്യമില്ലാതെ താനെന്നെ വിളിക്കില്ലല്ലോ.” അഖിലിന്റെ സ്വരത്തിൽ പരിഭ്രമം നിഴലിച്ചിരുന്നു.

“എനിക്ക് അഖിലേട്ടനെ കാണണം. വേഗം നാട്ടിലേക്ക് വരാമോ?”

“എന്താടോ അതിന് മാത്രം എന്തുണ്ടായി അവിടെ?” അവന് പേടി തോന്നി.

“ഫോണിലൂടെ പറയാൻ പറ്റുന്ന കാര്യമല്ല. നേരിട്ട് പറയണം. എനിക്കെല്ലാം വിശ്വസിച്ചു പറയാൻ അഖിലേട്ടൻ മാത്രേ ഉള്ളു. ഇപ്പോ മറ്റാരെയും എനിക്ക് വിശ്വാസമില്ല.”

“ഞാൻ വരാം ഗായു… പക്ഷെ പ്രശ്നമെന്താണെന്ന് ചെറിയൊരു സൂചനയെങ്കിലും തന്നൂടെ നിനക്ക്.”

“കുറച്ചു സീരിയസ് ഇഷ്യൂ ആണ് അഖിലേട്ടാ… എന്റെ ജീവിതത്തെ തന്നെ ബാധിക്കുന്ന കാര്യമാണ്. ആരോടെങ്കിലും ഇത് പറഞ്ഞില്ലെങ്കിൽ എനിക്ക് ഭ്രാന്ത് പിടിച്ചു പോകും.” അടക്കി വച്ച തേങ്ങൽ കരച്ചിൽ ചീളുകളായി പുറത്തേക്ക് വന്നു.

“ഗായു… നീ എന്തിനാ കരയുന്നെ… നിനക്ക് ഞാനില്ലേ… നീയൊന്ന് സമാധാനമായിരിക്ക്. രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഞാൻ വരും.” അഖിൽ ഉറപ്പോടെ പറഞ്ഞു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button