Novel

വരും ജന്മം നിനക്കായ്: ഭാഗം 43

രചന: ശിവ എസ് നായർ

“നിന്റെ മനസ്സിൽ എന്തെങ്കിലും പ്ലാനുണ്ടോ ഗായു?” അഖിൽ ചോദിച്ചു.

“ഞാനൊരു വഴി മനസ്സിൽ കണ്ട് വച്ചിട്ടുണ്ട്. പക്ഷേ അത് എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല. അഖിലേട്ടന്റെ സഹായം എന്തായാലും എനിക്ക് വേണ്ടി വരും.” ഗായത്രി പ്രതീക്ഷയോടെ അഖിലിനെ നോക്കി.

“നിനക്ക് എന്ത് സഹായത്തിനും ഞാനുണ്ടാകും ഗായു. ഇത് വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട പ്രശ്നമാണ്. എന്തായാലും നിന്റെ ഐഡിയ കേൾക്കട്ടെ. എന്നിട്ട് തീരുമാനിക്കാം നമുക്ക്.”

“ആദ്യം ശിവപ്രസാദിന്റെ ലാപ്പിൽ നിന്ന് വീഡിയോസൊക്കെ ബാക്കപ്പ് ചെയ്യാൻ പറ്റാത്ത രീതിയിൽ അഖിലേട്ടൻ കളയണം. അത് നടന്ന് കിട്ടയാൽ പിന്നെ ഞാൻ ചെയ്യാൻ പോകുന്നത്, അവനെനിക്ക് ഉറക്ക ഗുളിക അടുത്തതായി തരാൻ പോവുന്നത് എന്നാണെന്ന് നോക്കും.

ഇനി ശിവപ്രസാദ് എപ്പോഴാണോ ഗുളിക കലക്കുന്നത് ആ രംഗം ഞാൻ ഫോണിൽ റെക്കോർഡ് ചെയ്ത് വയ്ക്കും. എന്നിട്ട് അതിന്റെ പേരിൽ ഒരു സീൻ ക്രീയേറ്റ് ചെയ്ത് അവിടുന്ന് ഇറങ്ങും. ആ വീട്ടിൽ നിന്ന് പുറത്ത് ചാടി കഴിഞ്ഞാൽ എന്റെ വീട്ടിലും കാര്യം അവതരിപ്പിക്കും. പിന്നെ കയ്യിലുള്ള തെളിവുകൾ വച്ച് ഡിവോഴ്സിന് അപ്ലൈ ചെയ്യും. ഒപ്പം ഇവന്റെ പേരിൽ പോലിസ് സ്റ്റേഷനിൽ റേപ്പ് കേസും കൊടുക്കും ഞാൻ.

തെളിവിനായി അവന്റെ ലാപ്പിൽ നിന്നെടുത്ത വീഡിയോസിന്റെ കോപ്പി എന്റെ കയ്യിലുണ്ട്.

കേസ് കൊടുക്കുമ്പോ തന്നെ എല്ലാവരും അവന്റെ തനി സ്വഭാവം അറിഞ്ഞോളും. അതുപോലെ അവനിൽ നിന്നെനിക്ക് വിവാഹ മോചനവും വേണം. എന്നോട് ചെയ്തതിനൊക്കെ തക്കതായ ശിക്ഷയും കിട്ടണം. ഇത് മൂന്നുമാണ് എന്റെ ആഗ്രഹം.”

“നീ ആദ്യം പറഞ്ഞത് നടക്കുന്ന കാര്യമാണ്. അതിന് വഴിയുണ്ടാക്കാം. ശിവപ്രസാദിന്റെ ലാപ്ടോപ് നീയെനിക്ക് എടുത്ത് തന്നാൽ മതി. രാവിലെ തന്നാ വൈകുന്നേരം ഞാൻ തിരിച്ചെത്തിക്കാം.

പക്ഷേ നീ ബാക്കി പറഞ്ഞ കാര്യങ്ങൾ എത്രത്തോളം നടക്കുമെന്ന് കണ്ടറിയാം. വെറുതെ ഒരു റിസ്ക് എടുക്കേണ്ട ആവശ്യമുണ്ടോ ഗായു. നീയെല്ലാം മനസ്സിലാക്കിയെന്ന് അറിഞ്ഞാൽ പിന്നെ അവൻ വെറുതെ ഇരിക്കുമെന്ന് നിനക്ക് തോന്നുന്നോ?”

“അതല്ലാതെ എനിക്ക് മുന്നിൽ വേറെ വഴിയില്ല. എന്തായാലും അവനെന്നെ കൊല്ലുകയൊന്നുമില്ല. കൂടിപ്പോയാൽ ആ വീഡിയോ കാട്ടി ഭീഷണിപ്പെടുത്തും. അതവന്റെ ലാപ്പിൽ നിന്ന് കളഞ്ഞാൽ പിന്നെ ശിവപ്രസാദ് അടങ്ങി കൊള്ളും.” ഗായത്രി ആത്മവിശ്വാസത്തോടെ പറഞ്ഞു.

“ഗായൂ… എനിക്കൊരു സംശയം… ലാപ്ടോപ്പിൽ അല്ലാതെ വേറെ എവിടെയെങ്കിലും ഈ വീഡിയോസ് അവൻ സൂക്ഷിച്ചിട്ടുണ്ടെങ്കിൽ എന്ത് ചെയ്യും നീ?”

“അതിനെക്കുറിച്ച് ഞാനോർത്തതേയില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടോന്ന് ഞാനെങ്ങനെ കണ്ട് പിടിക്കും?”

“നീ അവന്റെ മൊബൈൽ ഒന്ന് ചെക്ക് ചെയ്ത് നോക്ക്. പിന്നെ പെൻഡ്രൈവിൽ സൂക്ഷിച്ചിട്ടുണ്ടോന്നും അറിയണം. ഈ രണ്ട് സാധ്യതയാണ് ഞാൻ കാണുന്നത്. വേറെ എവിടെയും സൂക്ഷിക്കാൻ വഴിയില്ലെന്ന് എന്റെ മനസ്സ് പറയുന്നു.”

“ഞാൻ നോക്കാം…”

“ചിലപ്പോ ലാപ്ടോപിൽ മാത്രേ കാണുള്ളൂ. നമ്മുടെ ഒരു സേഫ്റ്റിക്ക് നീ മൊബൈലും ഒന്ന് നോക്കുന്നത് നല്ലതാ. പിന്നെ അവന്റെ കൈയ്യിൽ പെൻഡ്രൈവ് ഉണ്ടെങ്കിൽ അതും.”

“അത് ഞാൻ നോക്കിയിട്ട് പറയാം. പക്ഷേ ശിവപ്രസാദ് അറിയാതെ ലാപ്ടോപ് എങ്ങനെ എടുത്തുകൊണ്ട് വരുമെന്നാണ് ഞാൻ ആലോചിക്കുന്നത്.”

“എന്തെങ്കിലും ഒരു വഴി കണ്ട് പിടിക്ക് നീ. അതെനിക്ക് കൊണ്ട് തന്നാൽ വീഡിയോസ് റിമൂവ് ചെയ്തിട്ട് വൈകിട്ട് നീ വീട്ടിൽ പോകുന്നതിന് മുൻപ് ഞാൻ ലാപ്ടോപ് കൊണ്ട് തരാം.”

“എത്രയും പെട്ടെന്ന് കൊണ്ട് വരാൻ ഞാൻ ശ്രമിക്കാം.” ഗായത്രി ആലോചനയോടെ പറഞ്ഞു.

“നീ ചോറ് കഴിക്ക് ഗായു. ഉച്ചക്ക് ശേഷം ക്ലാസ്സെടുക്കാൻ ഉള്ളതല്ലേ.”

“അഖിലേട്ടനും കഴിക്ക്… സംസാരത്തിനിടയ്ക്ക് ഭക്ഷണത്തിന്റെ കാര്യം ഞാൻ വിട്ടുപോയി.” ഗായത്രി ഒരുപിടി ചോറ് വായിലേക്ക് വച്ചു.

അഖിൽ അവളെ തന്നെ കണ്ണെടുക്കാതെ നോക്കുകയാണ്. തന്റെ ഭാര്യയാകേണ്ടവളായിരുന്നു. അർഹിക്കാത്ത കൈകളിൽ ചെന്നെത്തി പെട്ട അവളുടെ ഇപ്പോഴത്തെ അവസ്ഥ കണ്ട് അവനവളോട് സഹതാപം തോന്നി. എല്ലാം അറിഞ്ഞിട്ടും തനിക്ക് ഗായത്രിയോടുള്ള സ്നേഹം കൂടിയിട്ടേയുള്ളു.

ചതി പറ്റിയത് മനസ്സിലായതും ആത്മഹത്യ ചെയ്യുകയോ കരഞ്ഞ് നിലവിളിച്ചിരിക്കുകയോ ചെയ്യാതെ അവൾ ധൈര്യപൂർവ്വം ശിവപ്രസാദിനെ നേരിടാൻ തീരുമാനിച്ചതും നല്ല കാര്യമാണ്.

തന്റെ മനസ്സിൽ ഇപ്പോഴും അവളോടുള്ള പ്രണയം അതുപോലെ തന്നെ ഉണ്ടെന്നും ഇനിയും താനവളെ സ്വീകരിക്കാൻ തയ്യാറാണെന്നും അഖിലിന് ഗായത്രിയോട് പറയണമെന്നുണ്ടായിരുന്നു. പക്ഷേ അത് പറയാനുള്ള സാഹചര്യമല്ലാത്തത് കൊണ്ട് അവൻ മൗനം പാലിച്ചു.

ഇരുവരും ഊണ് കഴിഞ്ഞ് കാന്റീനിൽ നിന്ന് പുറത്തിറങ്ങി.

ഗേറ്റിന് അടുത്ത് വരെ ഗായത്രിയും അഖിലിനൊപ്പം ചെന്നു.

“ശിവപ്രസാദിന്റെ ലാപ്ടോപ് എടുത്തിട്ട് നീയെന്നെ വിളിക്ക്. ഞാനിവിടെ വന്ന് വാങ്ങിച്ചോളാം.”

“ഞാൻ വിളിക്കാം അഖിലേട്ടാ.”

“അടുത്ത പീരിയഡ് ക്ലാസ്സില്ലേ നിനക്ക്.”

“ഉണ്ട്…”

“എന്തെങ്കിലും ആവശ്യം വന്നാൽ എന്നെ വിളിക്കാൻ മടിക്കണ്ട.” ഇനിയും എന്തൊക്കെയോ പറയാനുള്ളത് പോലെ അവളുടെ മിഴികളിൽ അവൻ പ്രണയ പൂർവ്വം നോക്കി.

ഒരുവേള ഗായത്രിയുടെ മിഴികളും അഖിലിൽ തറഞ്ഞു നിന്നു. അവന്റെ കണ്ണുകളിൽ പ്രണയ സാഗരം അലയടിക്കുന്നത് നോവോടെ അവൾ കണ്ടു.

ഇനിയവന്റെ സ്നേഹം സ്വീകരിക്കാനുള്ള യോഗ്യതയില്ല എന്ന തിരിച്ചറിവിൽ ഗായത്രിക്ക് ഹൃദയം വേദനയാൽ ഒന്ന് പിടഞ്ഞു.

“എന്നാപ്പിന്നെ ഞാൻ പോട്ടെ…” അഖിൽ അവളുടെ കരങ്ങൾ കവർന്നു.

“എന്തെങ്കിലും അത്യാവശ്യം വന്നാൽ ഞാൻ വിളിക്കുന്നുണ്ട്.” തികട്ടി വന്നൊരു തേങ്ങൽ ഉള്ളിലിരുന്ന് ആർത്തിരമ്പുന്നുണ്ട്. എപ്പോ വേണോ അത് പുറത്തേക്ക് പെയ്തേക്കാം.

“നീ വിഷമിക്കരുത്… ഞാനുണ്ട് കൂടെ.” ഗായത്രിയുടെ കൈകൾ വിട്ട് അവൻ കാറിന് അരികിലേക്ക് നടന്നു.

തനിക്ക് ഈ ജന്മം ഇനിയൊരിക്കലും അഖിലേട്ടന്റെ പ്രണയം സ്വന്തമാകില്ലെന്ന സത്യം ഉൾക്കൊണ്ട് വേദനയോടെ അവൾ അവൻ പോകുന്നത് നോക്കി നിന്നു. മിഴികൾ അവളറിയാതെ തന്നെ നിറഞ്ഞൊഴുകുന്നുണ്ട്.

അഖിൽ കയറിയ കാർ കണ്ണിൽ നിന്ന് മറഞ്ഞതും ഗായത്രി ഡിപ്പാർട്മെന്റിലേക്ക് പോയി.

🍁🍁🍁🍁🍁

വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ ഗായത്രി ശിവപ്രസാദിന്റെ ലാപ്ടോപ് റൂമിലുണ്ടോന്ന് പരിശോധിച്ചു.

മുറിയിലും അലമാരയിലും ഒന്നും ലാപ്ടോപ് കാണാത്തത് കൊണ്ട് അവനത് കൊണ്ട് പോയിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി.

നാളെ അവനത് ഓഫീസിലേക്ക് കൊണ്ട് പോവാതിരുന്നെങ്കിൽ എന്ന് ഗായത്രി ആത്മാർത്ഥമായി ആഗ്രഹിച്ചു.

ഗായത്രി വന്ന് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ശിവപ്രസാദും എത്തിച്ചേർന്നു. അവൻ സ്റ്റെപ് കയറി വരുന്ന ശബ്ദം കേട്ടപ്പോൾ അവൾ പെട്ടെന്ന് അലമാരയിൽ നിന്ന് തന്റെ വസ്ത്രങ്ങളൊക്കെ വാരി പുറത്തിട്ടു.

പിന്നെ അത് മടക്കാനെന്നോണം ബെഡിലേക്ക് ഇരുന്നു. താൻ അവിടെ ഉള്ളപ്പോൾ എന്തായാലും അലമാരയിൽ ഇരിക്കുന്ന ഉറക്ക ഗുളിക ശിവപ്രസാദ് എടുത്ത് കൊണ്ട് പോകില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു.

റൂമിലേക്ക് വന്ന് കേറിയപാടെ ഗായത്രി അവിടെ ഇരിക്കുന്നത് കണ്ട് അവന്റെ മുഖമൊന്ന് വിളറി. ഇന്നും തന്റെ പദ്ധതി ഒന്നും നടക്കില്ലെന്ന് ശിവപ്രസാദിന് തോന്നി.

“താനെന്താ തുണികളൊക്കെ വാരി വലിച്ചു ഇട്ടേക്കുന്നത്.” അവൻ സാധാരണ മട്ടിൽ ചോദിച്ചു.

“അലക്കിയ ഡ്രെസ്സൊക്കെ അലമാരയിൽ മടക്കി വയ്ക്കാന്ന് വിചാരിച്ചു. ഞായറാഴ്ച ചെയ്യാൻ മറന്ന് പോയി ഞാൻ.” അവളും വെളുക്കെ ചിരിച്ചു കാണിച്ചു.

“ഞാൻ കൂടെ സഹായിക്കണോ?”

“ഏയ്‌… വേണ്ട… ഇത് എനിക്ക് ചെയ്യാവുന്നതേ ഉള്ളു. ശിവേട്ടൻ മേല് കഴുകിയിട്ട് താഴേക്ക് ചെല്ല്. അമ്മ ചായ ഇട്ട് വച്ചിട്ടുണ്ട്.”

“താൻ കുടിച്ചോ?”

“ഞാൻ കുടിച്ചു.”

“എന്നും വൈകുന്നേരം നമ്മൾ ഒരുമിച്ചല്ലേ കുടിക്കുന്നത്. ഇന്നെന്താ പതിവില്ലാതെ നേരത്തെ.” ശിവപ്രസാദ് നിരാശ മറച്ചു വച്ചു.

“എനിക്ക് നോട്സ് എഴുതാൻ ഉണ്ട്. അതുകൊണ്ട് നേരത്തെ ചായ കുടിച്ചിട്ട് ഇങ്ങ് പോന്നു. ഇതൊക്കെ കഴിഞ്ഞിട്ട് വേണം എഴുതാൻ ഇരിക്കാൻ.” അവൾ തിടുക്കം അഭിനയിച്ച് കൊണ്ട് തുണികൾ ഓരോന്നായി മടക്കി കൊണ്ടിരുന്നു.

കുറച്ചു സമയം അവിടെ ചുറ്റിപ്പറ്റി നിന്നിട്ട് ഒന്നും നടക്കില്ലെന്ന് തോന്നിയത് കൊണ്ട് അവൻ മേല് കഴുകിയിട്ട് താഴേക്ക് പോയി.

ഗായത്രി നോക്കുമ്പോൾ ശിവപ്രസാദ് തന്റെ ലാപ്ടോപ് മേശപ്പുറത്തു കൊണ്ട് വച്ചിട്ടുണ്ട്.

നാളെ അവനത് എടുക്കാതെ പോയാൽ തനിക്ക് കൊണ്ട് പോകാമായിരുന്നു എന്നവൾ ഓർത്തു.

തുണികളൊക്കെ മടക്കി വച്ചിട്ട് ഗായത്രി എഴുതാൻ ഇരുന്നു.

ചായ കുടിച്ചു കഴിഞ്ഞു ശിവപ്രസാദ് മുറിയിലേക്ക് വന്ന് ബെഡിൽ കയറി ഫോൺ നോക്കി കിടന്നു.

“നാളെ മുതൽ ഒരാഴ്ച ഞാൻ ഓഫീസിൽ ലീവാണ് ഗായു.” ശിവപ്രസാദ് പെട്ടന്ന് അവളോട് പറഞ്ഞു.

“ഏഹ്? എന്തിനാ ഇപ്പോ പെട്ടെന്ന് ലീവ്.” ഗായത്രി ഞെട്ടൽ മറച്ച് ചോദിച്ചു.

“അടുത്ത ആഴ്ച ഒരു ക്ലയന്റ് മീറ്റിങ്ങുണ്ട്. അതിനുള്ള പ്രിപ്പറേഷന് വേണ്ടിയാ ലീവെടുക്കുന്നത്.”

“ആണോ….” ഒന്ന് ചിരിച്ചെന്ന് വരുത്തി ഗായത്രി എഴുത്തു തുടർന്നു.

കണ്ണും മനസ്സും അവൾക്ക് നീറിപ്പുകയുന്നത് പോലെ തോന്നി. ഒരാഴ്ച കൂടി താനെങ്ങനെ ഇവനെ സഹിക്കും. എത്ര ദിവസം ഇങ്ങനെ അകറ്റി നിർത്താൻ കഴിയും? ശിവപ്രസാദ് വീട്ടിലുണ്ടെങ്കിൽ ലാപ്ടോപ് ഒരാഴ്ചത്തേക്ക് കൊണ്ട് പോകാനേ പറ്റില്ല.

ഗായത്രി ചിന്തകളിൽ മുഴുകിയിരുന്നു. അവളുടെ മനസ്സാകെ അസ്വസ്ഥമായി. തന്റെ പ്ലാനൊക്കെ ഇങ്ങനെയാണെങ്കിൽ പാളിപ്പോകും. അവൾക്ക് വല്ലാത്ത വിഷമവും ദേഷ്യവും തോന്നി.

അവന് പിന്തിരിഞ്ഞിരുന്നാണ് ഗായത്രി നോട്സ് എഴുതുന്നത്. അതുകൊണ്ട് അവളുടെ മുഖത്തെ ഭാവങ്ങളൊന്നും അവൻ കാണുന്നുണ്ടായിരുന്നില്ല. നിറഞ്ഞു തൂവിയ കണ്ണുകൾ ഗായത്രി വാശിയോടെ തുടച്ചു. ശിവപ്രസാദിന്റെ നോട്ടം മുഴുവനും അവളുടെ പിന്നഴകിൽ മാത്രമായിരുന്നു.

കല്യാണം കഴിഞ്ഞു ഒരു വർഷമായിട്ടും തനിക്ക് പിടി തരാതെ വരാല് പോലെ വഴുതി മാറുന്നവളോട് അവന് ആസക്തി കൂടിയതേയുള്ളു. ശിവപ്രസാദ് മൊബൈൽ എടുത്ത് ഗായത്രിയുടെ വീഡിയോസ് കണ്ടിരുന്നു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button