വരും ജന്മം നിനക്കായ്: ഭാഗം 44
രചന: ശിവ എസ് നായർ
കല്യാണം കഴിഞ്ഞു ഒരു വർഷമായിട്ടും തനിക്ക് പിടി തരാതെ വരാല് പോലെ വഴുതി മാറുന്നവളോട് അവന് ആസക്തി കൂടിയതേയുള്ളു. ശിവപ്രസാദ് മൊബൈൽ എടുത്ത് ഗായത്രിയുടെ വീഡിയോസ് കണ്ടിരുന്നു.
അവന് ഇഷ്ടപ്പെട്ട നാലഞ്ചു വീഡിയോകൾ ശിവപ്രസാദ് ഫോണിൽ ഹൈഡ് ചെയ്ത് ഇട്ടിട്ടുണ്ട്. ഇടയ്ക്കിടെ അവളെ അനുഭവിക്കാൻ ആഗ്രഹം തോന്നിയിട്ട് നടക്കാതെ വരുമ്പോൾ അവൻ അതാണ് എടുത്ത് കാണുന്നത്.
ശിവപ്രസാദ് ഉറങ്ങിയ ശേഷം അവന്റെ ഫോൺ പരിശോധിച്ച് നോക്കണമെന്നുണ്ട് ഗായത്രിക്ക്.
രാത്രി അത്താഴം കഴിക്കാൻ ഇരുവരും ഒരുമിച്ചാണ് താഴേക്ക് പോയത്. ഭക്ഷണം കഴിഞ്ഞ് തിരികെ മുറിയിൽ വന്ന ശേഷം ഗായത്രി കുറച്ചു സമയം കൂടി എഴുത്ത് തുടർന്നു. പതിനൊന്നു മണി കഴിഞ്ഞപ്പോൾ അവൾ ബെഡിൽ വന്ന് കിടന്നു. ശിവപ്രസാദ് ഫേസ്ബുക് ഒക്കെ നോക്കി വെറുതെ അങ്ങനെ കിടക്കുകയാണ്. അവന് ഉറക്കം വരുന്നുണ്ടായിരുന്നില്ല. ഗായത്രി അവന് ഉറങ്ങുന്നതും നോക്കി കിടക്കുകയാണ്.
അതുപോലെ ഒരാഴ്ച ശിവപ്രസാദ് ഓഫീസിൽ നിന്ന് ലീവാക്കിയതും അവളുടെ പദ്ധതികൾ കുളമാക്കി. അത്രയും ദിവസം അവനെ സഹിക്കാൻ താൻ കുറച്ചു കഷ്ടപ്പെടുമെന്ന് അവൾക്ക് ഉറപ്പായ കാര്യമാണ്.
എന്തെങ്കിലും ഒരു വഴി ഈശ്വരൻ കാണിച്ച് തന്നിരുന്നെങ്കിൽ എന്നവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു പോയി.
പിറ്റേന്ന് ലീവായത് കൊണ്ട് പതുക്കെ ഉറങ്ങിയാൽ മതിയല്ലോ എന്ന് കരുതിയാണ് ശിവപ്രസാദ് എന്നും ഉറങ്ങുന്ന നേരമായിട്ടും ഉറങ്ങാതെ മൈബൈൽ നോക്കി കിടക്കുന്നത്. അവനെയും നോക്കി കിടന്ന ഗായത്രിയുടെ കണ്ണുകൾ അറിയാതെ എപ്പോഴോ അടഞ്ഞു പോയി.
രാത്രി ഏറെ വൈകിയാണ് അവൾ പിന്നെ ഉണർന്നത്. കണ്ണ് തുറന്ന് നോക്കുമ്പോൾ ശിവപ്രസാദ് തിരിഞ്ഞു കിടന്ന് ഉറങ്ങുന്നുണ്ട്. സമയം വെളുപ്പിന് മൂന്ന് മണി കഴിഞ്ഞിരുന്നു.
ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചം മുറിയിൽ ചെറിയ പ്രകാശം പരത്തുന്നുണ്ട്. ഗായത്രി ബെഡിൽ നിന്ന് മെല്ലെ തലപൊക്കി നോക്കി. ശിവപ്രസാദിന്റെ നെഞ്ചിനോട് ചേർന്ന് കിടക്കുകയാണ് ഫോൺ.
അവൾ പതിയെ പതിയെ രണ്ട് വിരലുകൾ കൊണ്ട് ഫോൺ നിരക്കി നീക്കി. അവന്റെ നെഞ്ചിനടുത്ത് നിന്ന് ഫോൺ മാറിയതും ഗായത്രി കൈനീട്ടി അതെടുത്തു.
ശിവപ്രസാദ് നല്ല ഉറക്കത്തിലാണെന്ന് അവന്റെ വായ തുറന്നുള്ള കിടപ്പ് കണ്ടപ്പോൾ അവൾക്ക് മനസ്സിലായി.
മൊബൈൽ എടുത്ത് ഓൺ ചെയ്ത് നോക്കിയപ്പോൾ അത് ലോക്കാണ്. പാസ്സ്‌വേർഡ് അറിയാത്തത് കൊണ്ട് ഗായത്രി അവന്റെ വിരൽ വച്ച് നോക്കിയപ്പോൾ ലോക്ക് മാറി കിട്ടി.
കാൾ ലിസ്റ്റും വാട്സാപ്പും ഇൻസ്റ്റാഗ്രാമും ഒക്കെ അവൾ വിശദമായി നോക്കി. സംശയത്തക്ക രീതിയിൽ യാതൊന്നും അവന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ അവൾക്ക് കാണാൻ കാണാൻ കഴിഞ്ഞില്ല.
ഗാലറിയും മൊത്തത്തിലൊന്ന് അരിച്ചു പെറുക്കി നോക്കിയിട്ടും ശിവപ്രസാദ് ഹൈഡ് ചെയ്ത് വച്ചിരുന്ന വീഡിയോസ് ഗായത്രി കണ്ടിരുന്നില്ല. അത് പ്രത്യേകം ഹിഡൻ ഫയൽസായി സേവ് ചെയ്തിരുന്നത് കൊണ്ട് അവൾക്കത് കണ്ട് പിടിക്കാനും അറിയില്ലായിരുന്നു.
മൊബൈലിൽ ഒന്നും ഇല്ലല്ലോ എന്ന ആശ്വാസത്തോടെ അവൾ ഫോൺ അവന്റെ അടുത്ത് തിരികെ വച്ചു. അത് കഴിഞ്ഞ് ഗായത്രി നോക്കിയത് ശിവപ്രസാദ് ഓഫീസിൽ കൊണ്ട് പോകുന്ന ബാഗാണ്. അതിൽ നിന്നും അവൾക്കൊരു പെൻഡ്രൈവ് കിട്ടി.
അവൾ ശബ്ദമുണ്ടാക്കാതെ സ്വന്തം ലാപ്ടോപ്പും എടുത്ത് ബാൽക്കണിയിൽ പോയി ഇരുന്ന ശേഷം പെൻഡ്രൈവ് ലാപ്പിൽ കണക്ട് ചെയ്ത് നോക്കി.
അതിൽ ഗായത്രിയുടെ ഒരു ബാത്രൂം സീനും അഖിലിനെയും ഗായത്രിയെയും വച്ച് മോർഫ് ചെയ്ത വീഡിയോയുമാണ് ഉണ്ടായിരുന്നത്. അപ്പോൾ തന്നെ അവൾ അതിലുള്ള വീഡിയോസ് ഡിലീറ്റ് ചെയ്തു.
സാൻഡിസ്ക് എന്ന കമ്പനിയുടെ പെൻഡ്രൈവ് ആയിരുന്നു അത്. അതുപോലെ ഒരെണ്ണം ഗായത്രിക്കും ഉണ്ട്. അവൾ ഇതുവരെ അത് ഉപയോഗിച്ചിട്ടുമില്ല. അതുകൊണ്ട് തന്നെ ശിവപ്രസാദിന്റെ പെൻഡ്രൈവ് രണ്ടായി ഒടിച്ച് കോളേജിൽ കൊണ്ട് പോകുന്ന ബാഗിൽ സൂക്ഷിച്ചു വച്ച ശേഷം തന്റെ കയ്യിലുണ്ടായിരുന്ന പെൻഡ്രൈവ് അവന്റെ ബാഗിലും അവൾ ഇട്ട് വച്ചു.
അത്രയും ചെയ്തപ്പോൾ തന്നെ അവൾക്ക് പകുതി ആശ്വാസം തോന്നി.
താൻ വിചാരിച്ച കാര്യങ്ങൾ നടത്തിയെടുത്ത സമാധാനത്തിൽ ഗായത്രി വീണ്ടും പോയി കിടന്ന് ഉറങ്ങി.
🍁🍁🍁🍁🍁
രാവിലെ ആദ്യം ഉണർന്നത് ഗായത്രിയാണ്. അവൾ എഴുന്നേറ്റ് നോക്കുമ്പോ കാണുന്നത് ശിവപ്രസാദ് കുളിച്ചു മാറി വന്ന് തിരക്കിട്ട് ഡ്രസ്സ് അയൺ ചെയ്യുന്നതാണ്.
“ശിവേട്ടൻ ഇതെവിടെ പോകുന്നു?” അത്ഭുതത്തോടെ അവൾ ചോദിച്ചു.
“രാവിലെ തന്നെ ജി എം വിളിച്ചിരുന്നു. സാറിന്റെ അത്യാവശ്യമായി എവിടെയോ പോകാനുണ്ടെന്ന്. ഉച്ച കഴിയും വരാൻ. അടുത്ത ആഴ്ചത്തെ മീറ്റിംഗിന്റെ കാര്യം ആരുമായോ ഡിസ്‌കസ് ചെയ്യാനാണെന്നാ തോന്നുന്നത്.” ശിവപ്രസാദ് ഡ്രസ്സ് അയൺ ചെയ്യുന്നതിൽ ശ്രദ്ധിച്ചു കൊണ്ട് പറഞ്ഞു.
“എപ്പഴാ പോകുന്നത്?”
“ഏട്ടരയ്ക്ക് ഞാൻ ഇറങ്ങും. സാറിന്റെ വീട്ടിലേക്ക് ചെല്ലാനാ പറഞ്ഞത്. ഗായു ഇന്നൊരു ദിവസം ബസിൽ പോകുമോ? തന്നെ കൂടി കാത്ത് നിൽക്കാൻ ഇന്നെനിക്ക് നേരമില്ല ഗായു.” അവൻ വാച്ചിലേക്ക് നോക്കിയിട്ട് തിടുക്കം കൂട്ടി.
“ഞാൻ ബസിൽ പൊയ്ക്കോളാം. ശിവേട്ടൻ ലേറ്റ് ആവാതെ വേഗം പോകാൻ നോക്ക്.” ഗായത്രി അത് പറഞ്ഞിട്ട് കുളിക്കാനായി കയറി.
അവൾ കുളിച്ചു വന്ന് നോക്കുമ്പോൾ ശിവപ്രസാദ് പോയി കഴിഞ്ഞിരുന്നു. മേശപ്പുറത്ത് അവന്റെ ലാപ്ടോപ് ഇരിക്കുന്നത് കണ്ടതും അവൾക്ക് ആശ്വാസം തോന്നി.
‘ഭാഗ്യം… അവനത് കൊണ്ട് പോയിട്ടില്ല.’ ആത്മഗതത്തോടെ ഗായത്രി അവന്റെ ലാപ്ടോപ് എടുത്ത് ബാഗിൽ വച്ചു. പിന്നെ വേഗം അഖിലിനെ വിളിച്ചു.
“അഖിലേട്ടാ… ശിവപ്രസാദിന്റെ ലാപ്ടോപ് ഞാനിന്ന് കൊണ്ട് വരും. വീഡിയോസൊക്കെ ഡിലീറ്റ് ചെയ്തിട്ട് എനിക്ക് ഉച്ചയ്ക്ക് തന്നെ ലാപ്പ് തിരിച്ചെത്തിക്കണേ. അവൻ ഒരാഴ്ച ലീവിലാണ്. എന്തോ വർക്ക് തീർക്കാനുണ്ട് പോലും. ഇപ്പോ രാവിലെ ആരോ വിളിച്ചിട്ട് അത്യാവശ്യമായി പോയതാ. ഉച്ച കഴിഞ്ഞു തിരിച്ചു വരും. അതിന് മുൻപ് ലാപ്ടോപ് എനിക്ക് വീട്ടിൽ എത്തിക്കണം.”
“നീ എന്തായാലും കൊണ്ട് വാ. ഞാൻ വേഗം തിരിച്ചെത്തിക്കാൻ ശ്രമിക്കാം.”
“മ്മ്… ശരി… ഞാനിപ്പോ വീട്ടിൽ നിന്നിറങ്ങും. ഞാൻ എത്തുമ്പോ അഖിലേട്ടൻ കോളേജിന് അടുത്ത് ഉണ്ടാവില്ലേ?”
“നീ എത്തുമ്പോ ഞാൻ അവിടെ ഉണ്ടാവും. അധികം വൈകണ്ട.”
“വേഗം എത്താം ഞാൻ.”
ഗായത്രി പെട്ടെന്ന് തന്നെ ഒരുങ്ങി ഇറങ്ങി. ലേറ്റ് ആകുമെന്ന് വിചാരിച്ച് അവൾ പ്രാതൽ കഴിക്കാൻ പോലും നിന്നില്ല.
ബസ് സ്റ്റോപ്പിൽ എത്തിയ ഉടനെ അവൾക്ക് ബസ്സ് കിട്ടി. സ്കൂൾ, കോളേജ്, ഓഫീസ് ടൈം ആയത് കൊണ്ട് ബസ്സിൽ നല്ല തിരക്കാണ്. സൂചി കുത്താൻ ഇടമില്ലാതെ ആളുകൾക്കിടയിൽ ഞെങ്ങി ഞെരുങ്ങിയാണ് ഗായത്രി നിൽക്കുന്നത്. സാധാരണ അത്ര തിരക്കുള്ള ബസ്സിൽ അവൾ കയറാറെ ഇല്ല. ഇന്ന് അത്യാവശ്യമായത് കൊണ്ട് ഗായത്രി തിരക്കൊന്നും വക വച്ചില്ല. അവളുടെ മനസ്സിൽ നിറയെ ശിവപ്രസാദ് തിരിച്ചെത്തുന്നതിന് മുൻപ് ലാപ്ടോപ് തിരികെ കൊണ്ട് വയ്ക്കാൻ പറ്റണെ എന്നായിരുന്നു.
കോളേജ് സ്റ്റോപ്പിൽ ബസ് ഇറങ്ങുമ്പോ അവൾ കണ്ടു ഗേറ്റിന് അടുത്ത് ബൈക്കിൽ ചാരി നിൽക്കുന്ന അഖിലിനെ. അവൾ ധൃതിയിൽ അവനരുകിലേക്ക് നടന്നു.
“അഖിലേട്ടാ… ഇതാ ലാപ്ടോപ്. ഉച്ചക്ക് തന്നെ എത്തിക്കണേ…” ബാഗിൽ നിന്നും ലാപ്പ് എടുത്ത് അവൾ അഖിലിന് നേർക്ക് നീട്ടി.
“മാക്സിമം വേഗം കൊണ്ട് വരാൻ നോക്കാം. ഇൻകേസ് വൈകിയാൽ നീ ശിവപ്രസാദിന് ഡൌട്ട് ഉണ്ടാവാതെ എങ്ങനെയെങ്കിലും ഇത് തിരികെ വീട്ടിൽ വയ്ക്കാൻ ശ്രമിക്കണം.”
“അവൻ കയ്യോടെ പിടിച്ചാൽ പിന്നെ എന്റെ പ്ലാനൊന്നും നടക്കില്ല.”
“ഡിലീറ്റ് ചെയ്ത ഫയൽസ് ബാക്കപ്പ് ചെയ്യാൻ പറ്റാത്ത രീതിയിൽ കളയണ്ടേ. ഞാൻ പെട്ടെന്ന് എത്തിക്കാൻ നോക്കാം.”
“എന്നാ പിന്നെ ഞാൻ ക്ലാസ്സിലേക്ക് പോട്ടെ. കൊണ്ട് വരുമ്പോ എന്നെ വിളിക്ക്. ഞാൻ വന്ന് വാങ്ങിച്ചോളാം.”
“ശരി… നീ പൊയ്ക്കോ.” അഖിൽ ബൈക്കിൽ കയറി ഇരുന്ന് അവൾക്ക് നേരെ കൈവീശി.
ഗായത്രി ഗേറ്റ് കടന്ന് പോയതും അവൻ വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു.
🍁🍁🍁🍁🍁
രാവിലെ മൂന്ന് പീരിയഡ് ഗായത്രിക്ക് ക്ലാസ്സുണ്ടായിരുന്നു. ഉച്ചക്ക് ശേഷമുള്ള രണ്ട് പീരിയഡ് ഇനി ക്ലാസ്സില്ല. അതുകൊണ്ട് ലാപ്ടോപ് കിട്ടി കഴിഞ്ഞാൽ ശിവപ്രസാദ് എത്തുന്നതിനു മുൻപ് വേഗം വീട്ടിൽ എത്തണമെന്ന് ഗായത്രി ചിന്തിച്ചു. പക്ഷേ അഖിൽ ഇതുവരെ വിളിച്ചിട്ടില്ല…
ശിവപ്രസാദ് ഉച്ചയ്ക്ക് ശേഷം എപ്പോ വേണമെങ്കിലും വീട്ടിലെത്താം. വന്ന് കഴിഞ്ഞാൽ വർക്ക് ചെയ്യാൻ വേണ്ടി ലാപ്ടോപ് തപ്പും. അതവിടെ കാണാതായാൽ ഉറപ്പായും തന്നെ വിളിക്കും.
അതോർക്കുമ്പോൾ തന്നെ അവൾക്ക് വെപ്രാളം തോന്നി. ഈ ടെൻഷൻ തനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ്.
പെട്ടെന്നാണ് ഗായത്രിയുടെ കയ്യിലിരുന്ന മൊബൈൽ ബെല്ലടിച്ചത്……കാത്തിരിക്കൂ………