വരും ജന്മം നിനക്കായ്: ഭാഗം 46
രചന: ശിവ എസ് നായർ
മൊബൈൽ എടുത്ത് നോക്കിയപ്പോൾ ശിവപ്രസാദിന്റെ ഇരുപത്തി അഞ്ചു മിസ്സ് കാൾ കണ്ട് ഗായത്രിയുടെ നെഞ്ചിടിച്ചു. എല്ലാം കൈവിട്ടു പോയോ എന്നോർത്ത് അവൾക്കാകെ പരിഭ്രമമായി.
വീടിന് മുന്നിൽ ചെന്നിറങ്ങുമ്പോൾ പോർച്ചിൽ ശിവപ്രസാദിന്റെ കാർ കിടക്കുന്നത് ഗായത്രി കണ്ടു. അവളുടെ നെഞ്ചിലപ്പോൾ പഞ്ചാരിമേളം നടക്കുകയായിരുന്നു.
അകത്തേക്ക് കയറി ചെല്ലുമ്പോൾ ശിവപ്രസാദ് ആരോടോ ഫോണിൽ സംസാരിക്കുന്നത് കണ്ടു. അവനെ കണ്ടതും മുഖത്തെ പരിഭ്രമം മറച്ച് അവൾ ചിരിക്കാൻ ശ്രമിച്ചു.
ഊർമിള അടുക്കളയിൽ എന്തോ പണിയിലായിരുന്നത് കൊണ്ട് ഗായത്രി വന്നത് അവർ കണ്ടില്ല.
ശിവപ്രസാദിനെ നോക്കി ചിരിച്ചിട്ട് അവൾ മുകളിലേക്ക് കയറാൻ തുടങ്ങിയപ്പോൾ അവനവളോട് അവിടെ നിൽക്കാൻ ആംഗ്യം കാണിച്ചു. തോളിൽ കിടക്കുന്ന ബാഗിൽ ലാപ്ടോപ് ഉണ്ട്. അത് അവന്റെ കണ്ണ് വെട്ടിച്ച് മുകളിൽ എത്തിച്ചേ മതിയാവൂ. ഗായത്രി ശ്വാസമടക്കി നിന്നു. ഫോണിലെ സംഭാഷണം അവസാനിപ്പിച്ച് ശിവപ്രസാദ് അവളുടെ അടുത്തേക്ക് വന്നു.
“ഗായു… തന്നെ ഞാനെത്ര തവണ വിളിച്ചു. തനിക്കെന്താ ഒന്ന് ഫോണെടുത്താൽ.” അവൻ നല്ല ദേഷ്യത്തിൽ ആണെന്ന് മുഖം കണ്ടപ്പോൾ അവൾക്ക് മനസ്സിലായി.
ഇവിടെ താൻ പേടിക്കുകയോ പരിഭ്രമിക്കുകയോ ചെയ്താൽ എല്ലാം പൊളിയും. അതുകൊണ്ട് നന്നായി അഭിനയിച്ചേ പറ്റു.
“ശിവേട്ടൻ വിളിച്ചിരുന്നോ? ഞാൻ കണ്ടില്ല കേട്ടോ. ക്ലാസ്സിൽ കേറിയാൽ ഞാൻ ഫോൺ സൈലന്റ് മോഡിലിടും. ക്ലാസ്സ് കഴിഞ്ഞു ഇറങ്ങുമ്പോ ചില ദിവസങ്ങളിൽ മാറ്റാൻ മറന്ന് പോവാറുണ്ട്.” ഗായത്രി സ്വാഭാവികതയോടെ പറഞ്ഞു കൊണ്ട് ബാഗിന്റെ മുന്നിലത്തെ സിബ് തുറന്ന് ഫോൺ എടുത്ത് നോക്കുന്നതായി ഭാവിച്ചു.
“അയ്യോ മുപ്പത് മിസ്സ് കോളോ. എന്തെ എന്നെ വിളിച്ചത്? ഫോൺ സൈലന്റ് ആയോണ്ട് ഞാൻ അറിഞ്ഞില്ല. ബസ്സിലെ തിരക്കിൽ നിന്ന് വരാൻ വയ്യാത്തോണ്ട് ഓട്ടോ പിടിച്ചാ വന്നത്.” അവൾ തലവേദന അഭിനയിച്ചു.
“മുറിയിലുണ്ടായിരുന്ന എന്റെ ലാപ്ടോപ് എവിടെ ഗായു. അത് കാണാതെ ടെൻഷൻ അടിച്ചാ ഞാൻ വിളിച്ചത്. എനിക്ക് അർജന്റ് ആയിട്ട് ഒരു മെയിൽ അയക്കാൻ ഉണ്ടായിരുന്നു. താനിനി എന്റെ ലാപ്പ് എങ്ങാനും മാറി എടുത്തോ എന്നറിയാൻ വേണ്ടി വിളിച്ചതാ.”
“ശിവേട്ടന്റെ ലാപ്പ് ഞാൻ അലമാരയിൽ എടുത്ത് വച്ചിട്ടുണ്ടായിരുന്നല്ലോ. അലമാര നോക്കിയില്ലായിരുന്നോ?”
“ഇല്ല… ഞാൻ നോക്കിയില്ല… ഞാൻ മേശപ്പുറത്തല്ലേ വച്ചിട്ട് പോയത്. താനെന്തിനാ അതെടുത്തു അലമാരയിൽ വച്ചത്?”
“ഡ്രസ്സ് അയൺ ചെയ്യാൻ നേരത്ത് എടുത്ത് വച്ചതാ. ഇപ്പോ എടുത്തോണ്ട് വരാം ഞാൻ.”
“വേണ്ട ഞാൻ എടുത്തോളാം.” ശിവപ്രസാദ് അവളെ മറികടന്ന് മുറിയിലേക്ക് കയറി പോകുന്നത് കണ്ടതും ഗായത്രിയും പുറകെ ചെന്നു.
അവനെ എങ്ങനെ തടയണമെന്ന് അവൾക്കൊരു ഐഡിയയും കിട്ടിയില്ല. അലമാര തുറക്കുമ്പോ അവിടെ ലാപ്പ് കാണാതെ ആകുമ്പോൾ താൻ മറുപടി പറയേണ്ടി വരും.
ശിവപ്രസാദ് അലമാരയ്ക്ക് നേരെ നടക്കുമ്പോഴാണ് അവന് ജി എമ്മിന്റെ കാൾ വന്നത്. അത് കണ്ടതും അവൻ ഫോണുമായി ബാൽക്കണിയിലേക്ക് മാറി നിന്നു.
അതുവരെ ശ്വാസം പിടിച്ചു നിന്ന ഗായത്രി ജീവൻ തിരിച്ചു കിട്ടിയത് പോലെ ബാഗിൽ നിന്നും ലാപ്ടോപ് എടുത്ത് അലമാരയിൽ കൊണ്ട് വച്ചു.
“ഞാൻ ഇപ്പോ മെയിൽ അയക്കാം സർ… ലാപ്ടോപ്പിൽ ചാർജില്ലായിരുന്നു.” ഫോണിൽ സംസാരിച്ചു കൊണ്ട് മുറിയിലേക്ക് വന്ന ശിവപ്രസാദ് അലമാരയുടെ അടുത്തേക്ക് വരുന്നതും ലാപ്ടോപ് എടുക്കുന്നതും ഗായത്രി ആശ്വാസത്തോടെ നോക്കി നിന്നു.
ബാൽക്കണിയിൽ ഇട്ടിരുന്ന ചെയറിലേക്ക് പോയി ഇരുന്ന് അവൻ ലാപ്പ് ഓൺ ചെയ്തു. ശിവപ്രസാദിന്റെ മുഖത്തെ ഭാവങ്ങൾ എന്താണെന്ന് വായിച്ചെടുക്കുകയായിരുന്നു ഗായത്രി.
ഇനി അവന് എന്തെങ്കിലും സംശയം തോന്നുമോ എന്നായിരുന്നു അവളുടെ പേടി. ഗായത്രി പെട്ടെന്ന് ഫോൺ എടുത്ത് അഖിലിനെ വിളിച്ചു. അവളുടെ കാൾ കാത്തിരുന്നത് പോലെ അവൻ ഒറ്റ റിങ്ങിൽ തന്നെ കാൾ എടുത്തു.
“ഹലോ അഖിലേട്ടാ…” ഗായത്രി വിളിച്ചു.
“എന്തായി ഗായു? എല്ലാം ഓക്കേ ആണോ?”
“എന്തോ ഭാഗ്യത്തിന് ശിവപ്രസാദ് കാണാതെ ലാപ്ടോപ് അലമാരയിൽ വയ്ക്കാൻ പറ്റി. പക്ഷേ അവനെന്തോ സംശയമുള്ള എനിക്ക് തോന്നുന്നു.”
“അതെന്താ? അവൻ നിന്നോട് എന്തെങ്കിലും ചോദിച്ചോ?”
“എന്നോട് ഒന്നും ചോദിച്ചില്ല. ബാൽക്കണിയിൽ ഇരുന്ന് ഓഫീസിൽ ആരോടോ ഫോണിൽ സംസാരിക്കുകയാ. അതിന്റെ കൂടെ മെയിൽ അയക്കാൻ ലാപ്പിൽ വേണ്ടി എന്തോ നോക്കുന്നുണ്ട്. പക്ഷേ അവന്റെ മുഖത്ത് അത്ര തെളിച്ചമില്ല. എന്തൊക്കെയോ സംശയങ്ങൾ ഉള്ളപോലെ മുഖം ചുളിയുന്നുണ്ട്. ലാപ്ടോപ് മാറ്റിയിട്ടുണ്ടെന്ന് ശിവപ്രസാദിന് മനസ്സിലാകുമോ?” ഗൗരവം നിറഞ്ഞ ശിവപ്രസാദിന്റെ മുഖം kanavebഗായത്രിക്ക് ആകെ ടെൻഷനായി.
“ശിവപ്രസാദിന്റെ കയ്യിലിരുന്ന ലാപ്പിന്റെ അതേ കളറും മോഡലും തന്നെയാണ് ഞാൻ തന്നത്. അവൻ ലാപ്പിൽ ഇട്ടിരുന്ന അതേ വാൾപേപ്പറുമാണ് ഞാൻ അതിലും ഇട്ടിട്ടുള്ളത്. പെട്ടെന്ന് ഒരു ഡൌട്ട് തോന്നാൻ സാധ്യതയില്ല. പിന്നെ അതിലുള്ള ഫോട്ടോസും വീഡിയോസും ഇല്ലെന്ന് കാണുമ്പോൾ ചിലപ്പോൾ ഡൌട്ട് തോന്നാം. എന്നാലും ലാപ്ടോപ് മറ്റുമെന്ന് ഊഹിച്ചെടുക്കാനൊന്നും ശിവപ്രസാദിന് പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല.
ലാപ്ടോപ്പിന് പകരം മൊബൈൽ ആണ് മാറ്റിയിരുന്നെങ്കിൽ കണ്ട് പിടിച്ചേനെ. പക്ഷേ ഇത് സാധ്യത കുറവാ. അവൻ യൂസ് ചെയ്ത് കൊണ്ടിരുന്ന അതേ സിസ്റ്റമല്ലേ. അതുകൊണ്ട് അക്കാര്യം ഓർത്ത് നീ വറീഡ് ആവണ്ട. എങ്കിലും ഒന്ന് കരുതി ഇരുന്നോ എങ്ങാനും നിന്നെ സംശയം തോന്നിയാലോ?” അഖിൽ അവസാനം പറഞ്ഞ വാക്കുകൾ അവളുടെ ആധി കൂട്ടിയതേയുള്ളു.
“എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ മെസ്സേജ് ഇടാം.” ഗായത്രി കാൾ കട്ടാക്കി കാൾ ലോഗ് ഡിലീറ്റ് ചെയ്തു.
ശിവപ്രസാദിനെ കുറിച്ച് രേവതിയും വർണ്ണയും സംസാരിക്കുന്ന വോയിസ് റെക്കോർഡ് അഖിലിന് അയച്ചിട്ട് ആ ചാറ്റും വോയിസ് റെക്കോർഡും ഫോണിൽ നിന്ന് കളഞ്ഞു. എന്തെങ്കിലും ഡൌട്ട് തോന്നിയാൽ അവൻ തന്റെ ഫോൺ പരിശോധിക്കാൻ സാധ്യത ഉണ്ടെന്ന് ഗായത്രിക്ക് തോന്നി.
ഫോൺ ബെഡിലേക്ക് ഇട്ടിട്ട് അവൾ മേല് കഴുകി താഴേക്ക് പോയി. അതേസമയം ലാപ്ടോപ്പിന് മുന്നിൽ അക്ഷമനായി ഇരിക്കുകയാണ് ശിവപ്രസാദ്.
ലാപ്പിൽ ലോഗിൻ ചെയ്തിരുന്ന ജി മെയിൽ ലോഗോട്ട് ആയി പോയിരിക്കുന്നു. പെട്ടെന്ന് യൂസർ ഐഡിയും പാസ്സ്‌വേർഡഡും അടിച്ച് മെയിൽ ലോഗിൻ ചെയ്ത് ജി എമ്മിന് മെയിൽ അയച്ചിട്ട് അവൻ കാൾ കട്ട് ചെയ്തു.
ലാപ്ടോപിന് എന്തൊക്കെയോ ഒരു മാറ്റമുള്ളത് പോലെ ശിവപ്രസാദിന് ഡൌട്ട് തോന്നി. അവൻ ലാപ്പ് മുഴുവൻ ഒന്ന് പരിശോധിച്ചു. ഗായത്രിയുടെ വീഡിയോസൊന്നും അതിൽ കാണാതായപ്പോ അവന് അപകടം മണത്തു. ലാപ്പിലുണ്ടായിരുന്ന ഇമേജസും വീഡിയോസും എല്ലാം ഡിലീറ്റ് ആയിപോയോ? അതോ ആരെങ്കിലും ഡിലീറ്റ് ചെയ്തോ? ഗായത്രി തന്റെ ലാപ്ടോപ് എടുത്ത് നോക്കിയോ?ഓഫീസ് ഡാറ്റാസ് ഒക്കെ അതുപോലെ ഉണ്ട്. അത് മാത്രം ആണ് കാണാത്തത്.
ഗായത്രിക്ക് പക്ഷേ തന്റെ ലാപ്പിന്റെ പാസ്‌വേഡ് അറിയില്ലല്ലോ. പിന്നെ എങ്ങനെ ഇതെല്ലാം പോയി. അവൾ തന്റെ കള്ളത്തരം മനസ്സിലാക്കിയോ? ശിവപ്രസാദിന്റെ മനസ്സിൽ സംശയങ്ങൾ നാമ്പിട്ടു.
അവൻ എഴുന്നേറ്റ് റൂമിൽ വന്ന് നോക്കി. ഗായത്രി അവിടെ ഇല്ലെന്ന് കണ്ടതും ശിവപ്രസാദ് താഴേക്ക് പോയി.
ടീവി കണ്ടുകൊണ്ട് അമ്മയും അവളും ചായ കുടിച്ചിരിക്കുന്നത് അവൻ കണ്ടു. ശിവപ്രസാദ് സ്റ്റെയറിന് പിന്നിലേക്ക് മാറി നിന്ന് അവളെ പഠിക്കുന്നത് പോലെ ചുഴിഞ്ഞു നോക്കി…
ഗായത്രി ചായ കുടിച്ചിട്ട് ഗ്ലാസ് അടുക്കളയിൽ കൊണ്ട് പോയി കഴുകി വച്ചിട്ട് മുകളിലേക്ക് കയറിപ്പോയി.
അവൻ വന്ന് ഊർമിളയുടെ അരികിലിരുന്നു.
“നിന്റെ ലാപ്ടോപ് കിട്ടിയോ?” അവനെ കണ്ടതും ഊർമിള ചോദിച്ചു.
“കിട്ടി… അലമാരയിൽ ഉണ്ടായിരുന്നു.”
“അമ്മേ… ഗായത്രിയുടെ സ്വഭാവത്തിൽ എന്തെങ്കിലും മാറ്റമുള്ളതായി അമ്മയ്ക്ക് തോന്നിയോ?”
“എന്ത് മാറ്റം?”
“അസ്വഭാവികമായി എന്തെങ്കിലും?”
“എനിക്കൊന്നും തോന്നിയില്ല… എന്താ നിനക്ക് വല്ലോം തോന്നിയോ?” ഊർമിള മകനെ നോക്കി.
“ഞാൻ ചോദിച്ചതാ. ഇന്ന് രാവിലെ അവൾ എപ്പഴാ പോയത്?
“എന്നും പോകുന്ന പോലെ…”
“ഇടയ്ക്ക് എപ്പോഴെങ്കിലും തിരിച്ചു വന്നോ? ഞാൻ വരുന്നതിന് മുൻപ് എങ്ങാനും?”
“ഇല്ല… നീയെന്താ ഇങ്ങനെ ചോദിക്കുന്നത്.”
“അവളെന്റെ ലാപ്ടോപ് എടുത്ത് കൊണ്ട് പോകുന്നത് അമ്മ കണ്ടോ?”
“ഇല്ലെടാ മോനെ…. അവളിന്ന് തിരക്ക് പിടിച്ച ഇറങ്ങി പോയത്. ഒന്നും കഴിച്ചതുമില്ല… ഉച്ചക്ക് കഴിക്കാനും ഒന്നും കൊണ്ട് പോയില്ല. ഇതിനിടയ്ക്ക് നിന്റെ ലാപ്ടോപ് എടുത്ത് കൊണ്ട് പോയിട്ട് അവൾക്കെന്ത് ചെയ്യാനാ. എന്താ എന്തെങ്കിലും പ്രശ്നമുണ്ടോ?”
“പ്രശ്നമൊന്നുമില്ല… അവൾടെ ലാപ്പിന് പകരം എന്റെ ലാപ്ടോപ് ഒരിക്കൽ മാറി എടുത്തിട്ടുണ്ട്. അതുകൊണ്ട് ചോദിച്ചതാ.” ശിവപ്രസാദിന് അമ്മയോട് ഒന്നും പറയാൻ തോന്നിയില്ല.
“നീയും അവളുമായി വഴക്കൊന്നുമില്ലല്ലോ അല്ലേ?!
“ഇല്ല…”
“അവൾടെ ആരോഗ്യ പ്രശ്നങ്ങളൊക്കെ മാറിയാൽ വേഗം ഒരു കൊച്ചിനെ കൊടുക്കാൻ നോക്ക്. അല്ലെങ്കിൽ അവളിങ്ങനെ അവൾടെ ഇഷ്ടം നോക്കി നടക്കും. നീ പെൺങ്കോന്തനെ പോലെ അവളെ വാലിൽ തൂങ്ങി ഇങ്ങനെ നടക്കാം.” അമ്മയുടെ പുച്ഛത്തോടെയുള്ള സംസാരം അവന്റെ വാശി കൂട്ടിയതേയുള്ളു.
ശിവപ്രസാദ് ദേഷ്യത്തോടെ എഴുന്നേറ്റ് മുകളിലേക്ക് പോയി. അവൻ ചെല്ലുമ്പോ ഗായത്രി ആരോടോ ഫോണിൽ സംസാരിക്കുകയാണ്. ശിവപ്രസാദ് പെട്ടെന്ന് വാതിൽക്കൽ മറഞ്ഞു നിന്നു……കാത്തിരിക്കൂ………