Novel

വരും ജന്മം നിനക്കായ്: ഭാഗം 47

രചന: ശിവ എസ് നായർ

അവൻ ചെല്ലുമ്പോ ഗായത്രി ആരോടോ ഫോണിൽ സംസാരിക്കുകയാണ്. ശിവപ്രസാദ് പെട്ടെന്ന് വാതിൽക്കൽ മറഞ്ഞു നിന്നു.

അവളുടെ സംഭാഷണങ്ങൾ ശ്രദ്ധിച്ചപ്പോൾ ഗായത്രി, അമ്മയോടാണ് സംസാരിക്കുന്നതെന്ന് അവന് ബോധ്യമായി. സാധാരണ പോലെയുള്ള സംസാരം…

നടപ്പിലും ഭാവത്തിലും ഒന്നും സംശയം തോന്നുന്നില്ല.

ശിവപ്രസാദ് റൂമിലേക്ക് കയറി വരുന്നത് കണ്ടപ്പോൾ അവൾ അവനെ നോക്കി ചിരിച്ചു.

അവൻ വെറുതെ ബെഡിൽ വന്ന് ഇരിക്കുന്നത് കണ്ടപ്പോൾ അമ്മയോട് സംസാരിക്ക് എന്ന് പറഞ്ഞ് ഗായത്രി അവന്റെ കയ്യിൽ ഫോൺ കൊടുത്തിട്ട് കഴുകാനുള്ള തുണിയും എടുത്ത് പുറത്തേക്ക് പോയി.

സുമിത്രയോട് ഒരഞ്ചു മിനിറ്റ് സംസാരിച്ച ശേഷം ശിവപ്രസാദ് തന്നെ കാൾ കട്ട് ചെയ്തു. മൊബൈൽ തിരികെ ബെഡിലേക്ക് വയ്ക്കാൻ തുടങ്ങുമ്പോ ആണ് അവന് അതൊന്ന് നോക്കാൻ തോന്നിയത്. ഫോണിൽ ലോക്ക് വീണിട്ടുണ്ടായിരുന്നില്ല.

ഗായത്രി താഴെയാണെന്ന് ഉറപ്പ് വരുത്തിയിട്ട് ശിവപ്രസാദ് അവളുടെ മൊബൈൽ മൊത്തത്തിൽ ഒന്ന് പരിശോധിച്ചു.

കാൾ ലോഗിൽ ഒന്നുമില്ല… വാട്സാപ്പിലും സംശയതക്ക ഒന്നും കാണുന്നില്ല. ഗാലറിയിലും ഒന്നുമില്ല… ടെക്സ്റ്റ്‌ മെസ്സേജസ് ഉൾപ്പെടെ ശിവപ്രസാദ് നോക്കി ഉറപ്പ് വരുത്തി.

അപ്പോൾ ഗായത്രിക്ക് എന്റെ മേൽ സംശയം ഒന്നുമില്ലെന്ന് ഉറപ്പാണ്. അപ്പോൾ പിന്നെ ലാപ്പിൽ ഉണ്ടായിരുന്ന വീഡിയോസൊക്കെ എവിടെ പോയി.

ഒരുപക്ഷെ എന്റെ ലാപ്ടോപ് ഗായത്രി എടുത്തിട്ടുണ്ടെങ്കിൽ തന്നെ അവൾക്ക് പാസ്സ്‌വേർഡ്‌ അറിയില്ല. പുറത്ത് കൊണ്ട് പോയി ആരുടെയെങ്കിലും കയ്യിൽ കൊടുത്ത് ഓപ്പൺ ആക്കിയാലേ ഉള്ളു. അത്രയ്ക്കുള്ള ബുദ്ധി ഒന്നും അവൾക്കുണ്ടെന്ന് തോന്നുന്നില്ല.

എങ്കിലും എന്റെ ലാപ്പിൽ എന്തൊക്കെയോ ഒരു മാറ്റം വന്നത് പോലെ ഫീൽ ചെയ്യുന്നു. ഗായത്രി ഇത് എടുത്തിട്ടില്ലെന്ന് ഉറപ്പാണ്. അപ്പോപ്പിന്നെ എന്ത് പറ്റിയതാവും?

ശിവപ്രസാദ് തല പുകച്ചിരുന്നു.

ഡിലീറ്റ് ആയിപോയ വീഡിയോസ് പെൻഡ്രൈവിൽ ഉണ്ടല്ലോ എന്നായിരുന്നു അവന്റെ ആശ്വാസം. മൂന്നാല് വീഡിയോസ് ചെറിയ ക്ലിപ്സാക്കി ഫോണിലും ഉണ്ട്.

ശിവപ്രസാദ് വേഗം പെൻഡ്രൈവ് എടുത്ത് കൊണ്ട് വന്ന് ലാപ്പിൽ കണക്ട് ചെയ്ത് നോക്കി. പക്ഷേ അതിലും ഒന്നുമില്ലെന്ന് കണ്ടതും അവനൊന്ന് ഞെട്ടി.

ഈശ്വരാ ഇതിലുള്ളതും പോയോ? അതെങ്ങനെ സംഭവിച്ചു? ഗായത്രിയും അഖിലും കൂടിയുള്ള ബെഡ്‌റൂം സീനസൊക്കെ ഉണ്ടാക്കാൻ കുറെ കഷ്ടപ്പെട്ടതാണ്. അതിന്റെ ഒരു കോപ്പി ഫോണിൽ എടുത്ത് വയ്ക്കാത്തത് അബദ്ധമായി പോയി.

ലാപ്പിലെയും പെൻഡ്രൈവിലെയും വീഡിയോകൾ ഒരുമിച്ച് എങ്ങനെ പോയി? ഗായത്രിയെ സംശയിക്കാമെന്ന് വച്ചാൽ അവളുടെ പെരുമാറ്റം കാണുമ്പോൾ ഒന്നും അറിഞ്ഞതായി തോന്നുന്നില്ല. പിന്നെങ്ങനെ?

ഇനി ഓഫീസ് ലാപ്ടോപ്പിൽ നിന്ന് ഡാറ്റാസ് കോപ്പി ചെയ്തപ്പോൾ വൈറസ് എങ്ങാനും കയറിയോ? പോയ വീഡിയോ സൊക്കെ ഇനി എങ്ങനെ തിരിച്ചെടുക്കും? ഇതിന്റെ പുറകെ മിനക്കെടാൻ ഈ ഒരാഴ്ച എന്തായാലും സമയം കിട്ടില്ല. റൂമിൽ വീണ്ടും ക്യാമറ വയ്ക്കേണ്ടി വരും.

ശ്ശേ… എല്ലാം ഒറ്റയടിക്ക് ഇങ്ങനെ പോകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. എന്തായാലും ഗായത്രിയെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാ. എല്ലാം അറിഞ്ഞു വച്ചിട്ട് എന്റെ മുന്നിൽ അവൾ അഭിനയിക്കുന്നതാണോ എന്നറിയണം. അവളെല്ലാം അറിഞ്ഞിട്ടുണ്ടെങ്കിൽ ഉറപ്പായും ഞാൻ അവളെ തൊടുന്നത് ഗായത്രിക്ക് ഇഷ്ടമാവില്ല. അതൊന്ന് പരീക്ഷിച്ചറിയണം.

ശിവപ്രസാദ് മനസ്സിൽ ചില പദ്ധതികൾ മെനഞ്ഞു.

🍁🍁🍁🍁🍁

ഗായത്രി വാഷിംഗ്‌ മെഷീനിൽ തുണികൾ അലക്കാൻ ഇടുകയായിരുന്നു. അവൾ മനഃപൂർവമാണ് ശിവപ്രസാദിന്റെ കയ്യിൽ തന്റെ മൊബൈൽ കൊടുത്തിട്ട് വന്നത്. തന്നെ സംശയം ഉണ്ടെങ്കിൽ അവൻ തന്റെ മൊബൈൽ ഉറപ്പായും പരിശോധന നടത്തുമെന്ന് അവൾക്ക് ഉറപ്പായിരുന്നു. എന്തായാലും ഗായത്രി വിചാരിച്ച വഴിക്ക് തന്നെ കാര്യങ്ങൾ വന്നു.

അവൾ തിരികെ മുറിയിൽ വരുമ്പോ ശിവപ്രസാദ് ബാൽക്കണിയിൽ ഇരിക്കുന്നത് കണ്ടു. ശ്രദ്ധ മുഴുവൻ ലാപ്പിലാണ്. അവന്റെ അരികിലായി പെൻഡ്രൈവ് ഇരിക്കുന്നത് ഗായത്രി കണ്ടു.

വീഡിയോസ് നഷ്ടപെട്ട വിവരം ശിവപ്രസാദ് അറിഞ്ഞിട്ടുണ്ടാവുമെന്ന് അവൾക്ക് തോന്നി. അതിന്റെ ഒരു നിരാശ അവന്റെ മുഖത്ത് കാണാനുമുണ്ട്.

ഇനി എന്തൊക്കെ പ്ലാൻ ചെയ്യുമെന്ന് കണ്ടറിയാം. ചിലപ്പോൾ വീണ്ടും ക്യാമറ പ്രയോഗം നടത്താനും ചാൻസുണ്ട്. കരുതി ഇരിക്കേണ്ടി വരും. ഇനിയൊരു ക്യാമറ പ്രയോഗത്തിന് അവസരം കൊടുക്കുന്നതിനു മുൻപ് എല്ലാം അവസാനിപ്പിച്ചിട്ട് ഇവിടുന്ന് ഇറങ്ങണം.

ഉണക്കി എടുത്ത തുണികൾ അവൾ അലമാരയിലേക്ക് മടക്കി വച്ചു.

ഗായത്രി റൂമിൽ വന്നത് കണ്ടതും ശിവപ്രസാദ് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു.

“ഗായൂ…” അവളുടെ പിന്നിലൂടെ വന്ന് ഇടുപ്പിൽ കൈ ചുറ്റി അവൻ വിളിച്ചു.

പെട്ടെന്നുള്ള ഈ നീക്കം ഒരു പക്ഷേ തന്റെ മനസ്സിലിരിപ്പ് അറിയാൻ വേണ്ടിയാകും എന്ന് അവൾക്ക് തോന്നി.

“ഇതെന്താ ഇന്ന് പതിവില്ലാത്തൊരു സ്നേഹ പ്രകടനം.” അവന്റെ കൈ വിടുവിക്കാതെ തന്നെ അവൾ മുഖം തിരിച്ച് അവനെ നോക്കി.

ശിവപ്രസാദിന്റെ മിഴികൾ അവളുടെ മുഖത്ത് തന്നെ തങ്ങി നിൽക്കുകയാണ്.

ഗായത്രിയുടെ മുഖത്ത് വിരിയുന്ന ഓരോ ഭാവങ്ങളും സസൂക്ഷ്മമം നിരീക്ഷിക്കുകയാണ് അവൻ.

“ഇന്ന് ഞാൻ തന്നോട് ദേഷ്യപ്പെട്ടതിന് സോറി… ലാപ്പ് കാണാതെ ഞാനാകെ ടെൻഷനായി പോയി.”

“അത് എന്റെ മിസ്റ്റേക്ക് അല്ലെ… ഞാൻ ഫോൺ സൈലന്റ് മോഡ് മാറ്റാൻ മറന്നത് കൊണ്ടല്ലേ ശിവേട്ടന്റെ കാൾ കാണാതെ പോയത്. അതുപോലെ ലാപ്ടോപ് എടുത്ത് അലമാരയിൽ വച്ച കാര്യം ഞാൻ മെസ്സേജ് എങ്കിലും അയക്കാനുള്ളതായിരുന്നു. രാവിലത്തെ തിരക്കിൽ അതൊന്നും ഓർമ്മ പോയില്ല. സോ, ഞാനല്ലേ സോറി പറയേണ്ടത്. തെറ്റ് പറ്റിയാൽ സോറി പറയാൻ എന്തിന് മടിക്കണം. ഞാൻ കാരണമല്ലേ ശിവേട്ടൻ ഇത്ര ടെൻഷനടിച്ചത്.” നിഷ്കളങ്കത ഭാവിച്ച് അവൾ പറഞ്ഞു.

“തന്റെ തലവേദന മാറിയോ?”

“കടുപ്പത്തിൽ ഒരു ചായ കുടിച്ചപ്പോ മാറി.”

“പിന്നേ… ഇന്ന് മൂഡുണ്ടാവോ തനിക്ക്. അതോ ഇന്നും പട്ടിണി ആണോ എനിക്ക്.” കൗശലത്തോടെ അവൻ ചോദിച്ചു.

“കുറെ ദിവസായി ശിവേട്ടനെ ഞാൻ മുഷിപ്പിക്കുന്നുണ്ടല്ലോ. ഇന്ന് ഏതായാലും ഞാൻ ഒഴിവ് കഴിവ് പറയില്ല. പിന്നെ, മനഃപൂർവമല്ല ഞാൻ ശിവേട്ടനെ ഒഴിവാക്കുന്നത് കേട്ടോ. എനിക്ക് താല്പര്യം തോന്നാഞ്ഞിട്ടാ. അതെന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല. എങ്കിലും മാറാൻ ഞാൻ ശ്രമിക്കുന്നുണ്ട്. ഇല്ലെങ്കിൽ നമ്മുടെ ലൈഫ് തന്നെയാണല്ലോ നഷ്ടമാകുന്നത്.” ഗായത്രി തെല്ലൊരു ഇടർച്ചയോടെ പറഞ്ഞു.

എപ്പോഴും അവന്റെ അഭിനയത്തിൽ ഗായത്രി ആണ് വീഴുന്നതെങ്കിൽ ഇത്തവണ അവളുടെ അഭിനയത്തിൽ ശിവപ്രസാദ് മൂക്കും കുത്തി വീണു.
കഴിഞ്ഞ രാത്രി താൻ പറഞ്ഞതൊക്കെ കേട്ട് അവൾക്ക് കുറ്റബോധം തോന്നിയിട്ടാണ് ഇപ്പോഴീ മാനസാന്തരം എന്നവന് തോന്നി.

“ഇപ്പോഴെങ്കിലും തനിക്കൊന്ന് മാറി ചിന്തിക്കാൻ തോന്നിയല്ലോ.” ശിവപ്രസാദ് അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു.

ഗായത്രി എതിർപ്പ് പ്രകടിപ്പിച്ചില്ല. മെല്ലെ മെല്ലെ അവന്റെ പിടുത്തം മുറുകി വന്നു. അവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്ത് ചുണ്ടിൽ അരുമയായി ചുംബിച്ചു. ഇരു കവിളുകളിലും മുഖത്തും അവന്റെ അധരങ്ങൾ ഇഴഞ്ഞു നടന്നു.

ഉള്ളിൽ നുരഞ്ഞു പൊന്തിയ വെറുപ്പ് പുറത്ത് പ്രകടിപ്പിക്കാതെ ഗായത്രി വിധേയത്വത്തോടെ നിന്ന് കൊടുത്തു. അത് കണ്ടതും ശിവപ്രസാദിന്റെ ആവേശം ഇരട്ടിച്ചു.

അപ്പോൾ തന്നെ അവളെ പൊക്കിയെടുത്ത് ബെഡിലേക്ക് ഇടാൻ അവന്റെ കൈ തരിച്ചു. ഇത്തവണ ശിവപ്രസാദിനെ എന്ത് പറഞ്ഞ് തടഞ്ഞു നിർത്തുമെന്നാണ് ഗായത്രി ആലോചിച്ചത്. അവന്റെ സിരകൾക്ക് ചൂട് പിടിച്ചു തുടങ്ങിയിരുന്നു. അവളെ ഭിത്തിയിലേക്ക് ചേർത്ത് നിർത്തി കാതിൽ മെല്ലെ കടിച്ചു. ഗായത്രിക്ക് അത് നന്നായി വേദനിച്ചു.

“അതേ… ഇങ്ങനെ കടിക്കാനൊന്നും പറ്റില്ല. എനിക്ക് നന്നായി വേദനിച്ചു. തിരിച്ചൊരെണ്ണം തരട്ടെ ഇതുപോലെ.” ദേഷ്യത്തോടെ ഗായത്രി അവനെ തള്ളി മാറ്റി.

“സോറി ഗായു… ഞാൻ പെട്ടെന്ന് ഒരാവേശത്തിൽ ചെയ്ത് പോയതാ.” അവൻ അവളുടെ കൈ പിടിച്ചു മാപ്പ് പറഞ്ഞു.

“ഇങ്ങനെ വേദനിപ്പിക്കുന്നത് ശരിയല്ലട്ടോ. ശിവേട്ടൻ എപ്പോഴും ഇങ്ങനെയാ. ഏതെങ്കിലും രീതിയിൽ എന്നെ വേദനിപ്പിക്കും.” അവനെ ഒഴിവാക്കാൻ ഒരു കാരണം കിട്ടിയത് ഗായത്രി നന്നായി മുതലാക്കി.

“ഇനി ഉണ്ടാവില്ല ഗായു… ഐആം സോറി.” പറ്റിയ അബദ്ധമോർത്ത് അവന് തന്നോട് തന്നെ ദേഷ്യം തോന്നി.

പെട്ടെന്നാണ് അവന്റെ മൊബൈൽ റിങ് ചെയ്യാൻ തുടങ്ങിയത്. ഒഫീഷ്യൽ കാൾ ആണെന്ന് കണ്ടതും ശിവപ്രസാദ് അവളോട് കൈ കാണിച്ചിട്ട് പുറത്തേക്ക് പോയി.

പിന്നെ കുറെ സമയത്തേക്ക് അവൻ വർക്കിൽ തന്നെയായിരുന്നു. അത് കണ്ട് ഗായത്രിക്ക് സമാധാനം തോന്നി. ഇനി രാത്രി കിടക്കാനാകുമ്പോൾ ശിവപ്രസാദ് ശല്യം ചെയ്യാനായി വരുമെന്ന് അവൾക്കറിയാം. അതിന് മുൻപ് അവനിട്ടൊരു എട്ടിന്റെ പണി കൊടുക്കണമെന്ന് ഗായത്രി മനസ്സിലുറപ്പിച്ചു.

അത്താഴം കഴിക്കാൻ സമയമായപ്പോഴാണ് ശിവപ്രസാദ് ജോലി മതിയാക്കി താഴേക്ക് ഇറങ്ങി വന്നത്.

ചപ്പാത്തിയും മസാലക്കറിയുമായിരുന്നു രാത്രിയിലേക്ക്. ശിവപ്രസാദിന് കറി വിളമ്പി എടുത്ത ബൗളിൽ ഗായത്രി ചെറിയ അളവിൽ പാത്രം കഴുകാൻ ഉപയോഗിക്കുന്ന വിമ്മിന്റെ ലിക്യുഡ് മിക്സ്‌ ചെയ്തിരുന്നു. അത് കഴിച്ചു കുറച്ചു കഴിഞ്ഞാൽ വയറിളകാൻ തുടങ്ങും. അല്ലെങ്കിൽ ഛർദിച്ച് അവശനാകും. രണ്ടിൽ ഏതായാലും ഈ രാത്രി അവന് തന്നെ തൊടാൻ പറ്റരുതെന്ന ഉദേശമേ ഗായത്രിക്ക് ഉണ്ടായിരുന്നുള്ളൂ.

കറിയിൽ വിം കലർന്നത് അറിയാതെ ശിവപ്രസാദ് ചപ്പാത്തി, കറി കൂട്ടി ആസ്വദിച്ചു കഴിച്ചു. ഗായത്രി വളരെ പതിയെയാണ് കഴിച്ചെണീറ്റത്.

പാത്രങ്ങളൊക്കെ കഴുകി വച്ച് കുറച്ചു സമയം ടീവി കണ്ടിരുന്ന ശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ് അവൾ മുറിയിലേക്ക് പോയത്. അപ്പോഴേക്കും വയറ്റിൽ പോയ വിം അതിന്റെ പണി തുടങ്ങിയിരുന്നു.

ഗായത്രി റൂമിലെത്തുമ്പോൾ വർക്ക്‌ ഫിനിഷ് ചെയ്ത് ലാപ്ടോപ് ഓഫാക്കി ശിവപ്രസാദും റൂമിലേക്ക് കയറി വന്നു.

ഒരു വഷളൻ ചിരിയോടെ അവളെ പിന്നിലൂടെ കെട്ടിപ്പിടിക്കാനായി വന്നപ്പോഴാണ് അവന് വയറ്റിനൊരു വേദന തോന്നിയത്. അടിവയർ പൊത്തിപ്പിടിച്ച് കൊണ്ട് ശിവപ്രസാദ് ബാത്‌റൂമിലേക്ക് ഓടി…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button