വരും ജന്മം നിനക്കായ്: ഭാഗം 52
രചന: ശിവ എസ് നായർ
അവന്റെ മുഖത്തേക്ക് പോലും നോക്കാനാവാതെ ഒരക്ഷരം മിണ്ടാതെ മുഖം കുനിച്ചിരിക്കുകയാണ് ഗായത്രി. അവളുടെ ഇരിപ്പ് കണ്ട് മനസ്സിൽ ചിരിച്ചുകൊണ്ട് അവൻ നിലത്ത് കിടന്ന വസ്ത്രങ്ങൾ എടുത്തു ധരിച്ചു.
“എന്തേ? കേസ് കൊടുക്കാൻ പോണില്ലേ? എവിടെ പോയി നിന്റെ ചങ്കൂറ്റമൊക്കെ… ആവിയായി പോയോ.” ഗായത്രിയെ നോക്കി ശിവപ്രസാദ് പരിഹസിച്ചു.
ശരീരം മുഴുവനും വേദന കൊണ്ട് നീറി പുകയുന്നുണ്ട് ഗായത്രിക്ക്. മനസ്സിന്റെ ധൈര്യം കൊണ്ട് മാത്രമാണ് അവളതൊക്കെ സഹിച്ച് കടിച്ചു പിടിച്ചിരിക്കുന്നത്.
“ഞാൻ നിന്നെ പീഡിപ്പിച്ചെന്ന് പറഞ്ഞ് പോയി കേസ് കൊടുക്കെടി നീ… എനിക്കത് പുല്ലാ… നീ കേസ് കൊടുത്ത് കഴിഞ്ഞാൽ നാണംകെടാൻ പോകുന്നതും നീ തന്നെയാ… അതൊക്കെ നേരിടാൻ ധൈര്യം ഉണ്ടെങ്കിൽ നീ കൊടുക്ക്.” ശിവപ്രസാദ് അവളെ വെല്ലുവിളിച്ചു.
ഗായത്രി വേച്ച് വേച്ച് എഴുന്നേറ്റു. ഒന്ന് നിവർന്നു നിന്നപ്പോൾ തന്നെ അവൾക്ക് ശരീരം ഒന്നാകെ കൊതിപ്പറിക്കുന്ന വേദന അനുഭവപ്പെട്ടു. ഒരു വിധം അവൾ നടന്ന് അലമാരയ്ക്ക് മുന്നിലെത്തി. ധരിച്ചിരുന്ന വസ്ത്രങ്ങൾ അവൻ കത്രിക കൊണ്ട് വെട്ടി കീറിയതിനാൽ അവൾ അലമാരയിൽ നിന്ന് വേറൊരു ചുരിദാർ എടുത്തിട്ടു.
ഗായത്രിയുടെ ഓരോ നീക്കങ്ങളും സസൂക്ഷ്മമം നിരീക്ഷിച്ചു കൊണ്ട് ശിവപ്രസാദ് ചെയറിലേക്ക് ഇരുന്നു.
“എന്താടി നിനക്കൊന്നും പറയാനില്ലേ?”
“ഇനി ഞാനെന്ത് പറയാനാണ്? ചെയ്യേണ്ടതൊക്കെ നിങ്ങൾ ചെയ്ത് കഴിഞ്ഞില്ലേ?” കരയുന്ന പോലെ ഗായത്രി ചോദിച്ചു.
“ഇത് വെറും സാമ്പിൾ മാത്രം… ഇനി എന്തൊക്കെ നീ അനുഭവിക്കാൻ കിടക്കുന്നു. നിന്നെ കരയിപ്പിക്കുന്ന അളവിൽ ഞാൻ നിന്നെ വേദനിപ്പിക്കും ഗായു. എന്നെ സഹിക്കാൻ തയ്യാറായി ഇരുന്നോ നീ.”
“ഇത് തന്നെ എനിക്ക് താങ്ങാൻ കഴിയുന്നില്ല… എന്നോട് കുറച്ചെങ്കിലും ദയവ് കാണിക്കണം നിങ്ങൾ.” ഗായത്രി പൊട്ടിക്കരഞ്ഞു കൊണ്ട് അവന്റെ കാൽക്കൽ ഇരുന്നു.
“ഇത്ര വേഗം നിന്റെ ശൗര്യമൊക്കെ ചോർന്നോ ഗായു? അത്ര പെട്ടെന്ന് അടിയറവ് പറയുന്ന ഇനമല്ലല്ലോ നീ.” ശിവപ്രസാദ് അവളെ ചുഴിഞ്ഞു നോക്കി.
“ഇനി ഞാൻ എന്ത് ചെയ്തിട്ടും എന്താ കാര്യം. നിങ്ങൾക്ക് നേരെ ചെറുവിരൽ അനക്കിയാൽ എന്റെ വീഡിയോ നെറ്റിൽ ഇടുമെന്നല്ലേ ഭീഷണി. എന്റെ നഗ്നത ലോകം കണ്ടാൽ പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതിന് എന്താ അർത്ഥം. എല്ലാ രീതിയിലും നിങ്ങളെന്നെ തോൽപ്പിച്ചു കളഞ്ഞു.”
“അപ്പോ നിനക്ക് പേടിയുണ്ട് അല്ലേ?” ശിവപ്രസാദ് പിറകിലേക്ക് ചാഞ്ഞിരുന്ന് ആർത്തുചിരിച്ചു.
ആ തക്കം നോക്കി ഗായത്രി മേശപ്പുറത്തിരുന്ന എമർജൻസി ലാമ്പ് എടുത്ത് അവന്റെ മർമ്മം നോക്കി ആഞ്ഞൊരു ഇടി ഇടിച്ചു. ഇത്തവണ ഗായത്രിക്ക് ലക്ഷ്യം തെറ്റിയില്ല.
“അമ്മേ…” ഒട്ടും പ്രതീക്ഷിക്കാതെ കിട്ടിയ ആ പ്രഹരത്തിൽ ശിവപ്രസാദ് നക്ഷത്രമെണ്ണി പോയി. അവന്റെ അലർച്ച കണ്ട് അവൾ ചിരിച്ചു. അടി കിട്ടിയ സമയം ശിവപ്രസാദിന്റെ കയ്യിലിരുന്ന മൊബൈൽ താഴെ പോയിരുന്നു. അവൻ വേദന കൊണ്ട് പുളയുന്നത് നോക്കി ഗായത്രി ഒരു നിമിഷം നിന്നു.
ഇനി തന്റെ നേർക്ക് തിരിയാൻ ഒരവസരം അവന് കൊടുക്കരുതെന്ന് കരുതി എമർജൻസി ലാമ്പ് കൊണ്ട് ഗായത്രി ശിവപ്രസാദിന്റെ തലയ്ക്കിട്ട് ഒരടി കൊടുത്തു.
“ആ… അമ്മേ…” അവന്റെ നെറ്റി പൊട്ടി ചോര ഒഴുകി.
ഗായത്രി ആ അവസരം നോക്കി നിലത്ത് വീണ് കിടന്ന അവന്റെ മൊബൈൽ എടുത്തു വച്ചു. ശേഷം തന്റെ ഫോൺ എടുത്ത് പോലിസ് സ്റ്റേഷനിലേക്ക് വിളിച്ചു.
“നീയെന്താടാ വിചാരിച്ചത് നിന്നെ പേടിച്ച് ഞാൻ മിണ്ടാതെ ഇരിക്കുമെന്നോ? എന്റെ ദേഹത്ത് അനാവശ്യമായി കൈ വച്ച നിന്നെ ഞാനിനി വെറുതെ വിടില്ലെടാ. നീ അനുഭവിക്കാൻ പോകുന്നേയുള്ളു. ഞാനിനി എന്താ ചെയ്യാൻ പോണതെന്ന് നീ കണ്ടോ.” ഗായത്രി പകയോടെ പറഞ്ഞു.
“എടീ… നിന്നെ ഞാൻ…” ശിവപ്രസാദ് കൈ നീട്ടി അവളുടെ മുടിക്കുത്തിൽ പിടിക്കാൻ ശ്രമിച്ചതും അവൾ പിടഞ്ഞു മാറി.
“ഇനി പോലിസ് വരുന്നത് വരെ നീ ഇതിനകത്ത് തന്നെ കിടക്ക്. ഞാൻ പുറത്തുണ്ടാവും.” അവനെ തള്ളി താഴെ ഇട്ടിട്ട് ഗായത്രി മുറിക്ക് പുറത്തിറങ്ങി പുറത്ത് നിന്നും വാതിൽ അടച്ചു.
“നീ പോയി കേസ് കൊടുക്കെടി… നിന്റെ കുളിസീൻ ഇന്ന് തന്നെ ഞാൻ നെറ്റിലിടും.” റൂമിനുള്ളിൽ നിന്നും ശിവപ്രസാദ് അലറി.
“അതിന് നിന്റെ ഫോൺ ഇപ്പോ എന്റെ കയ്യിലാ ഉള്ളത്. ഇതിനി നിനക്ക് കിട്ടാനും പോകുന്നില്ല. ഇപ്പോ തന്നെ ഞാനിത് തല്ലി പൊട്ടിച്ചു കളയും.”
“അത് നീ തല്ലി പൊട്ടിച്ചു കളഞ്ഞാലും എന്റെ ലാപ്പിലും പെൻഡ്രൈവിലുമൊക്കെ ഞാൻ എടുത്തു വച്ചിട്ടുണ്ടെടി. അതുമതി എനിക്ക് നിന്നെ നാറ്റിക്കാൻ.” ലാപ്ടോപിൽ നിന്ന് ഡിലീറ്റ് ആയ വീഡിയോസ് ബാക്കപ്പ് ചെയ്യാൻ പറ്റുമെന്ന വിശ്വാസത്തിലാണ് ശിവപ്രസാദ് അങ്ങനെ പറഞ്ഞത്.
“നിന്റെ ലാപ്പിൽ നിന്നും പെൻഡ്രൈവിൽ നിന്നും എല്ലാം കളഞ്ഞത് ഞാൻ തന്നെയാ. അതൊന്നും നിനക്കൊരിക്കലും തിരിച്ചെടുക്കാനും പറ്റില്ല. നിന്റെ ചെറ്റത്തരം എല്ലാം അറിഞ്ഞിട്ട് തന്നെയാടാ ഞാൻ നിൽക്കുന്നത്. നിന്നെ പൂട്ടുമ്പോ തെളിവോടെ പൂട്ടണമെന്ന് കരുതി. നീയായിട്ട് തന്നെ ഇപ്പോ നിന്റെ കുഴി തോണ്ടി കഴിഞ്ഞു.
എന്നെ വിരട്ടി കൂടെ നിർത്താമെന്നത് നിന്റെ വ്യാമോഹം മാത്രമായി പോയി. നീ കളിച്ചത് എന്നോടായി പോയി. നിന്റെ പതനം കണ്ടിട്ടേ ഇനി ഞാൻ അടങ്ങു. എനിക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ഞാൻ ചെയ്യും.” കിതച്ചു കൊണ്ടവൾ പറഞ്ഞ് നിർത്തുമ്പോൾ അവളുടെ വാക്കുകൾ കേട്ട് ശിവപ്രസാദ് ഞെട്ടി തരിച്ചു പോയി.
അവനിനി എന്ത് ചെയ്യണമെന്ന് ഒരു രൂപവും കിട്ടിയില്ല. ഒരു നിമിഷത്തെ ആവേശത്തിന് അവളെ എന്തൊക്കെയോ ചെയ്ത് പോയി. ഭീഷണിപ്പെടുത്തി നിർത്താൻ വീഡിയോസ് ഉണ്ടല്ലോ എന്ന ധൈര്യത്തിൽ പരിധി വിട്ട് പെരുമാറി.
ഇനി പോലിസ് കേസ് ആയാൽ പീഡന കുറ്റത്തിന് അകത്ത് കിടക്കേണ്ടി വരും. തന്റെ ജോലി, കരിയർ എല്ലാം നശിക്കും. എല്ലാവരുടെയും മുൻപിൽ നാണംകെട്ട് നാറും. അതൊക്കെ ഓർത്തപ്പോ തന്നെ അവനു ഭ്രാന്ത് കയറി.
🍁🍁🍁🍁
ശിവപ്രസാദിന്റെ വീടിന് മുന്നിൽ പോലിസ് ജീപ്പ് വന്ന് നിന്നു. ഗായത്രി എങ്ങനെയൊക്കെയോ എഴുന്നേറ്റ് വന്ന് ഒരു വിധത്തിൽ വാതിൽ തുറന്ന് കൊടുത്തു.
വനിത എസ് ഐ ആയിരുന്നത് കൊണ്ട് അവൾക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമായി. നടന്നതൊക്കെ ഗായത്രി എസ് ഐ രാധിക മാഡത്തിനോട് പറഞ്ഞു.
ഗായത്രിയുടെ അവസ്ഥ കണ്ട് അവളെ ഹോസ്പിറ്റലിൽ എത്തിക്കാനുള്ള ഏർപ്പാട് ചെയ്തു രാധിക. മൊഴി എടുക്കൽ അതിന് ശേഷമാകാം എന്ന് കരുതി.
മുറിയിൽ പരിക്ക് പറ്റി കിടന്ന ശിവപ്രസാദിനെയും കസ്റ്റഡിയിൽ എടുത്ത ശേഷം ഹോസ്പിറ്റലിലേക്ക് മാറ്റാൻ തീരുമാനമായി.
ആംബുലൻസിൽ ഗായത്രിയെ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്തു. ശിവപ്രസാദിനെ ജീപ്പിൽ കൊണ്ട് പോയ മതീന്ന് രാധിക മാഡം മറ്റുള്ളവരോട് പറഞ്ഞു.
അവനെയും വഹിച്ചു കൊണ്ട് പോലിസ് ജീപ്പ് ഗേറ്റ് കടന്ന് പോകാൻ തുടങ്ങുമ്പോഴാണ് ഊർമിള ഒരു ഓട്ടോയിൽ അവിടെ വന്നിറങ്ങിയത്.
പോലിസ് ജീപ്പിനുള്ളിൽ ചോര ഒലിപ്പിച്ചിരിക്കുന്ന മകനെ കണ്ട് ഊർമിള ഞെട്ടി.
“അയ്യോ… ശിവ… ഇതെന്താടാ പറ്റിയെ? പോലീസുകാർ എന്തിനാ നിന്നെ പിടിച്ചോണ്ട് പോകുന്നത്?” അലമുറയിട്ട് കൊണ്ട് അവർ ജീപ്പിന് അടുത്തേക്ക് പാഞ്ഞു വന്നു.
അമ്മയെ കണ്ട് ശിവപ്രസാദിന്റെ മുഖം താഴ്ന്നു.
“നിങ്ങള് ഇവന്റെ ആരാ…” ഊർമിളയുടെ അടുത്തേക്ക് വന്ന രാധിക ചോദിച്ചു.
“മാഡം… എന്റെ മോനാ… അവനെന്താ പറ്റിയെ? അവനെ നിങ്ങൾ എങ്ങോട്ടാ കൊണ്ട് പോകുന്നത്?”
“നിങ്ങളുടെ മകൻ അവന്റെ ഭാര്യയെ വീട്ടിൽ ആരുമില്ലാത്ത നേരം നോക്കി അതി ക്രൂരമായി പീഡിപ്പിച്ചു. നിങ്ങളുടെ മരുമകളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിട്ടുണ്ട്.
ആ കുട്ടി ഇവന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ ഇവന്റെ തലയ്ക്കിട്ട് ഒരടി കൊടുത്തു. മാരകമായ മുറിവൊന്നുമില്ല… കൂടുതൽ അറിയണമെങ്കിൽ സ്റ്റേഷനിലേക്ക് വന്നാൽ മതി.”
അത്രയും പറഞ്ഞിട്ട് രാധിക ജീപ്പിലേക്ക് കയറി. അവർ കയറിയതും വണ്ടി സ്റ്റാർട്ട് ആയി.
എസ് ഐ പറഞ്ഞിട്ട് പോയത് കേട്ട് ഞെട്ടി നിൽക്കുകയാണ് ഊർമിള. ഒരു നിമിഷം അവർക്ക് എന്താ ചെയ്യേണ്ടതെന്ന് ഒരു രൂപവും കിട്ടിയില്ല. ശിവപ്രസാദിനെയും കൊണ്ട് പോലിസ് ജീപ്പ് അകന്ന് പോകുന്നത് നോക്കി അവർ നിസ്സഹായായി നിന്നു.
അയല്പക്കത്തെ ആളുകൾ എന്താ സംഭവമെന്ന് അറിയാതെ പരസ്പരം ഊഹാപോഹങ്ങൾ പറഞ്ഞുകൊണ്ട് ഊർമിളയെ തന്നെ നോക്കി നിൽക്കുകയാണ്. അവർക്ക് വല്ലാത്ത നാണക്കേട് തോന്നി.
നടന്നത് എന്താണെന്ന് വ്യക്തമല്ല. പക്ഷേ തന്റെ മകൻ എന്തോ തെറ്റ് ചെയ്‌തെന്ന് മാത്രം ഊർമിളയ്ക്ക് മനസ്സിലായി…….കാത്തിരിക്കൂ………