Novel

വരും ജന്മം നിനക്കായ്: ഭാഗം 54

രചന: ശിവ എസ് നായർ

തങ്ങളുടെ മകനെ സ്റ്റേഷനിൽ ഉള്ളവർ അപമാനിക്കുന്നത് കണ്ട് നെഞ്ച് പൊട്ടുന്ന വേദനയോടെ നിൽക്കുകയാണ് സുധാകരനും ഊർമിളയും.

“മാഡം… ഇവന്റെ അച്ഛനും അമ്മയുമാണ്. ഇവർക്ക് മാഡത്തിനെ കണ്ട് സംസാരിക്കണമെന്ന്.”

ഒരു കോൺസ്റ്റബിൾ രാധികയുടെ അടുത്ത് വന്ന് പറഞ്ഞു.

അവർ പിന്തിരിഞ്ഞു ഇരുവരെയും നോക്കി.

“നിങ്ങളെ ഒന്ന് കാണാൻ വേണ്ടി ഇരിക്കുകയായിരുന്നു ഞാൻ.” മുന്നിലെ കസേരകൾ ചൂണ്ടി കാണിച്ച് അവരോട് ഇരിക്കാൻ പറഞ്ഞിട്ട് രാധികയും ഇരുന്നു.

“മാഡം… ഞാൻ ഓഫീസിൽ ഇരിക്കുമ്പോഴാണ് ഇവനെ പോലിസ് പിടിച്ചുകൊണ്ട് പോയെന്ന് ഭാര്യ വിളിച്ചു പറയുന്നത്. എന്റെ മോൻ എന്ത് തെറ്റ് ചെയ്തിട്ടാ അവനെ നിങ്ങളിങ്ങോട്ട് കൊണ്ട് വന്നത്.” സുധാകരന്റെ ശബ്ദമിടറി.

സ്റ്റേഷന്റെ മൂലയ്ക്ക് തല കുമ്പിട്ട് നിൽക്കുന്ന മകനെ അയാൾ വേദനയോടെ നോക്കി. അച്ഛനെയും അമ്മയെയും അഭിമുഖീകരിക്കാൻ അവന് കഴിഞ്ഞില്ല.

“നിങ്ങളുടെ മകൻ ചെയ്ത തെറ്റ് ഞാൻ പറഞ്ഞു തരാം. വീട്ടിൽ ആളില്ലാത്ത നേരം നോക്കി ഇവൻ സ്വന്തം ഭാര്യയെ ബലാത്സംഗം ചെയ്തു. അത് പുറത്ത് പറയാതിരിക്കാൻ ഭാര്യയുടെ കുളിസീൻ വീഡിയോ എടുത്ത് വച്ചിട്ട് അത് കാണിച്ച് ഭീഷണിപ്പെടുത്തിയിരിക്കുന്നു.

കേസ് സ്ട്രോങ്ങാണ്, ജാമ്യം കിട്ടില്ല. നിങ്ങളുടെ മരുമകൾ ഗായത്രി ഇപ്പോ ജില്ലാ ആശുപത്രിയിൽ അഡ്മിറ്റാണ്. റേപ്പ് നടന്നിട്ടുണ്ടെന്ന് പരിശോധിച്ച ഡോക്ടർ സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.”

എസ് ഐ പറഞ്ഞതൊന്നും വിശ്വസിക്കാൻ കഴിയാനാവാതെ തരിച്ചിരിക്കുകയാണ് സുധാകരൻ. പക്ഷേ പ്രതീക്ഷിച്ചതെന്താണോ അത് കേട്ട ഭാവമാണ് ഊർമിളയുടെ മുഖത്ത്. അവർ മകനെ രൂക്ഷമായൊന്ന് നോക്കി.

“ഞാനീ കേട്ടതൊക്കെ സത്യമാണോ? എന്റെ അറിവിൽ അവൻ അത്തരക്കാരനല്ല മാഡം. പിന്നെങ്ങനെ…” സുധാകരൻ അവിശ്വസനീയതയോടെ ചോദിച്ചു.

“എന്റെ മോനൊരിക്കലും അങ്ങനെ ചെയ്യില്ല മാഡം. ഇക്കാര്യത്തിൽ എന്റെ മരുമകളെ എനിക്കത്ര വിശ്വാസം പോര മാഡം. അവൾക്ക് എന്റെ മകനെ കല്യാണം കഴിക്കാൻ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല. അവൾ എന്റെ മോനെ കുടുക്കാൻ നാടകം കാണിച്ചതായിരിക്കും.” ഊർമിള പറഞ്ഞത് കേട്ട് രാധികയുടെ മുഖം കോപം കൊണ്ട് ചുവന്നു.

“പ്രായത്തിനു മുതിർന്നതായത് കൊണ്ട് മാത്രം നിങ്ങളെ ഞാനിവിടുന്ന് പിടിച്ചു പുറത്താക്കുന്നില്ല. ആദ്യം നിങ്ങൾ ഹോസ്പിറ്റലിൽ കിടക്കുന്ന മരുമകളെ പോയി കാണ്. അപ്പോ മനസ്സിലാകും നിങ്ങടെ മോന്റെ പ്രവർത്തികൾ.

പിന്നെ എല്ലാ അച്ഛനമ്മമാർക്കും സ്വന്തം മക്കൾ നല്ലവരായിരിക്കും. പക്ഷേ ഇവിടെ ഇവൻ ചെയ്ത തെണ്ടിത്തരത്തിന് ഇവനെതിരെ സകല തെളിവുകളും അവൻ തന്നെ ഉണ്ടാക്കി വച്ചിട്ടുണ്ട്. പിന്നെ ഇവനിത് ഇന്നോ ഇന്നലെയോ ഒന്നുമല്ല ചെയ്യാൻ തുടങ്ങിയത്. അതൊന്നും നിങ്ങളെ ബോധിപ്പേണ്ട ആവശ്യമെനിക്ക് ഇല്ല. നിങ്ങടെ മോനറിയാം അവൻ ചെയ്ത വൃത്തികേട്. അത് കൊണ്ടല്ലേ ഇങ്ങനെ തല കുനിച്ചു നിൽക്കുന്നത്.”

സുധാകരനും ഊർമിളയ്ക്കും ഇനിയെന്ത് പറയണമെന്ന് അറിയില്ലായിരുന്നു.

“ഇവൻ കാണിച്ച ചെറ്റത്തരം നിങ്ങളെ കാണിക്കാൻ കൊള്ളില്ല. പക്ഷേ ഇവന്റെ വായീന്ന് വീഴുന്ന വൃത്തികേടുകൾ ഈ റെക്കോർഡിങ് കേട്ടാൽ മനസ്സിലാവും.” ഗായത്രി തന്റെ ഫോണിൽ റെക്കോർഡ് ചെയ്തിരുന്ന വോയിസ്‌ ക്ലിപ്പ് അവരെ കേൾപ്പിച്ചു.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ നാണക്കേട് കൊണ്ട് മുഖമുയർത്താൻ അവർക്കായില്ല.

“നീ ഇത്രയ്ക്ക് വൃത്തികെട്ടവനാണെന്ന് ഞാനറിഞ്ഞില്ല…” ശിവപ്രസാദിന്റെ മുഖത്ത് ആഞ്ഞുതല്ലിയാണ് സുധാകരൻ തന്റെ ദേഷ്യം തീർത്തത്.

പിന്നീട് ആരെയും നോക്കാതെ അയാൾ പുറത്തേക്കിറങ്ങി പോയപ്പോൾ ഊർമിളയും അയാൾക്ക് പിന്നാലെ പോയി.

“അവന്റെ പാന്റും കൂടി അഴിച്ചു മാറ്റിയിട്ട് സെല്ലിൽ ഇട്ടേക്ക്. പിന്നെ നാളെ കോടതിയിൽ ഹാജരാക്കാൻ കൊണ്ട് പോകുന്നതിന് മുൻപ് നന്നായി ഒന്ന് പെരുമാറിയേക്ക്. പുറമേക്ക് മുറിവോ ചതവോ ഒന്നും കാണാത്ത രീതിയിൽ വേണം. ഇനിയൊരു പെണ്ണിനോടും ഇവൻ കയ്യൂക്ക് കാണിക്കാൻ പോവാത്ത രീതിയിൽ വേണം കൊടുക്കാൻ.” സുരേഷിന് നിർദ്ദേശം നൽകിയിട്ട് രാധിക തന്റെ റൂമിലേക്ക് പോയി.

ശിവപ്രസാദ് തനിക്കടുത്തേക്ക് വന്ന സുരേഷിനെ ദയനീയ ഭാവത്തിലൊന്ന് നോക്കി. അത് വക വയ്ക്കാതെ അയാളവനെ പിടിച്ചു വലിച്ച് സെല്ലുനുള്ളിലേക്ക് കൊണ്ട് പോയി.

“ഇങ്ങോട്ട് വാടാ… ”

“അയ്യോ സാറെ… വേണ്ട സാറെ.. പാന്റ് ഊരരുത്. മാഡത്തിനോട് ഒന്ന് പറയ്യ് സാറെ.”

“സ്വന്തം ഭാര്യയെ കേറി പീഡിപ്പിക്കാൻ നാണമുണ്ടോടാ നിനക്ക്. മര്യാദക്ക് നീയായിട്ട് പാന്റ് ഊരിക്കോ. ഞാൻ അങ്ങോട്ട്‌ വന്നാൽ വലിച്ചങ്ങു കീറും.”

“സാറെ പ്ലീസ് സാറെ. മാഡത്തിനോട് ഒന്ന് പറയ്യ് സാറെ. ഞാൻ എങ്ങനെ… ഇവിടെ.. ഡ്രെസ്സൊന്നുമില്ലാതെ…” ശിവപ്രസാദ് സഹ തടവുകാരനെ ഒന്ന് നോക്കിയിട്ട് സുരേഷിനോട് കെഞ്ചി പറഞ്ഞു.

“മോനേ… പെണ്ണ് കേസാ ഇത്. അതും പീഡനം. മാഡവും ഒരു സ്ത്രീയാണ്. ഒരു ദയവും നീ അവിടുന്ന് പ്രതീക്ഷിക്കണ്ടാ. സ്വന്തം ഭാര്യേടെ നഗ്നത വീഡിയോ എടുത്ത് നെറ്റിൽ ഇടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയവനല്ലേ നീ. ആ നീ ഒന്നറിയണം ഉടുതുണി ഇല്ലാതെ മറ്റുള്ളവർക്ക് മുൻപിൽ നിൽക്കേണ്ടി വരുമ്പോഴുള്ള മാനസികാവസ്ഥ… ഇവിടെ പിന്നെ നിന്റെ സീൻ പിടിക്കാൻ ആരുമില്ല. അകത്ത് കിടക്കുന്ന അവനല്ലേ കാണുള്ളൂ. അതങ്ങ് സഹിച്ചേക്ക്.”

“എനിക്ക് പറ്റില്ല സാർ…” ശിവപ്രസാദ് കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു.

“എന്റേന്ന് ഇടി മേടിക്കണ്ടെങ്കിൽ ഇങ്ങോട്ട് ഊരടാ.” സുരേഷ് ശബ്ദമുയർത്തിയതും അവൻ ഭയത്തോടെ പാന്റ് ഊരി നൽകി.

അവനെ കലിപ്പിലൊന്ന് നോക്കിയിട്ട് സുരേഷ് അപ്പുറത്തേക്ക് പോയി.

സെല്ലിന്റെ ഒരു മൂലയിലേക്ക് മാറി ഇരുന്നിട്ട് ശിവപ്രസാദ് യൂറിൻ ബാഗ് ഭീതിയിലേക്ക് ചാരി വച്ചു.

“നിങ്ങക്ക് ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ…” സഹതടവുകാരൻ അവനെ നോക്കി കളിയാക്കി കൊണ്ട് ചോദിച്ചു.

അപമാനം കൊണ്ട് ശിവപ്രസാദ് ചൂളിപ്പോയി. ഒന്നും മിണ്ടാതെ അവൻ ഇരുളിലേക്ക് കൂടുതൽ നീങ്ങി ഇരുന്നു.

🍁🍁🍁🍁

“സുധേട്ടാ… നമ്മുടെ മോനൊരു തെറ്റ് പറ്റിപ്പോയി. അതിന് അവനെ ഇവിടെയിങ്ങനെ അനാഥനെ പോലെ ഉപേക്ഷിച്ചു പോവുകയാണോ വേണ്ടത്. അവന് നമ്മളല്ലാതെ മറ്റാരുണ്ട്.” ഊർമിള കരച്ചിലോടെ ചോദിച്ചു.

“ഈ നാറ്റക്കേസിൽ ഞാൻ ഇടപെട്ട് അവനെ രക്ഷിക്കുമെന്ന് നീ സ്വപ്നത്തിൽ പോലും വിചാരിക്കണ്ട. എന്നെങ്കിലും ഞാൻ നിന്നെ കേറി പിടിച്ചിട്ടുണ്ടോ? എവിടുന്ന് കിട്ടി ഇവനീ സ്വഭാവം. അവന്റെ ആദ്യത്തെ ബന്ധം മുടങ്ങി പോവാൻ കാരണം ഇനി ആ കൊച്ചിനോട് വല്ല വൃത്തികേട് കാണിച്ചിട്ടാണോ എന്നെനിക്ക് സംശയമുണ്ട്.”

ഭർത്താവിന്റെ വാക്കുകൾ കേട്ട് ഊർമിള ഞെട്ടിപ്പോയി.

“കഴിഞ്ഞ കാര്യങ്ങൾ ചിക്കി ചികയാൻ നിൽക്കാതെ ആദ്യം അവനെ പുറത്തിറങ്ങാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന് നോക്ക് നിങ്ങൾ. അവൻ ജയിലിൽ പോയാൽ കുടുംബത്തിനു മൊത്തം നാണക്കേടാവും. ആരുടെയും മുഖത്ത് പോലും നോക്കാൻ പറ്റില്ല നമുക്ക്.”

“ഇങ്ങനെ തല തെറിച്ച സന്തതികൾ ഉണ്ടായാൽ പിന്നെ നാണക്കേടൊക്കെ അനുഭവിച്ചല്ലേ പറ്റു. റേപ്പ് കേസ് ആയതുകൊണ്ട് കോടതിയിൽ വക്കീലിനെ കൊണ്ട് വാദിച്ചു വേണം ജാമ്യം എടുക്കാൻ. കോടതി അവനെ റിമാൻഡ് ചെയ്താൽ പിന്നെ പതിനാല് ദിവസം കഴിഞ്ഞേ ജാമ്യം കിട്ടു.”

“അയ്യോ അതുവരെ നമ്മുടെ മോൻ ജയിലിൽ കിടക്കില്ലേ.”

“അവനായിട്ട് ചോദിച്ചു വാങ്ങിയതല്ലേ. സ്വയം അനുഭവിക്കട്ടെ.”

“ഗായത്രിയുടെ കാല് പിടിച്ചിട്ടായാലും കേസ് പിൻവലിപ്പിക്കണം. ഇത് നാട്ടുകാരും ബന്ധുക്കളും അറിഞ്ഞാൽ പിന്നെ നമുക്ക് ഈ നാട്ടിലൂടെ തല പൊക്കി നടക്കാൻ പറ്റോ.” ഊർമിളയ്ക്ക് അതോർത്തായിരുന്നു ആവലാതി.

“ഞാൻ ആരുടെയും കാല് പിടിക്കാനൊന്നും വരില്ല. വേണോങ്കി നീ പോയി പിടിക്ക്. എന്നാലും പ്രയോജനം ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ എന്തിനാ വെറുതെ ഇനിയും നാണംകെടുന്നത്.”

“അങ്ങനെ പറഞ്ഞാൽ എങ്ങനെയാ ശരിയാവാ. നമ്മുടെ മോനല്ലേ അവൻ. അവനെ രക്ഷിക്കേണ്ടത് നമ്മുടെ കടമയല്ലേ.”

“എന്താ വേണ്ടതെന്ന് ഞാനൊന്ന് ആലോചിക്കട്ടെ. ആദ്യം നമുക്ക് ഗായത്രിയെ പോയൊന്നു കാണാം.” സുധാകരൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നപ്പോൾ മറു വശത്തെ ഡോർ തുറന്ന് ഊർമിളയും കയറി.

 

🍁🍁🍁🍁🍁🍁🍁

മുകളിൽ കറങ്ങുന്ന സീലിംഗ് ഫാനിലേക്ക് നോക്കി മിണ്ടാതെ കിടക്കുകയാണ് ഗായത്രി. അവളുടെ അരികിലിരുന്ന് സുമിത്ര പതം പറഞ്ഞ് കരയുന്നുണ്ട്.

പോലിസ് സ്റ്റേഷനിൽ നിന്ന് വിളിച്ചു വിവരം പറയുമ്പോഴാണ് വേണു മാഷും സുമിത്രയും നടന്ന കാര്യങ്ങളൊക്കെ അറിയുന്നത്. കേട്ട പാതി അവർ ഓടിപ്പിടച്ച് ആശുപത്രിയിലേക്ക് വന്നു.

ഇതുവരെ അച്ഛനോടോ അമ്മയോടോ അവൾ ഒരക്ഷരം മിണ്ടിയിട്ടില്ല. അത് കൂടി ആയപ്പോൾ അവരുടെ സങ്കടം ഇരട്ടിച്ചു.

“ഞങ്ങള് കാരണമല്ലേ മോൾക്കീ ഗതി വന്നത്. അച്ഛനോടും അമ്മയോടും ഒന്ന് ക്ഷമിക്ക് മോളേ നീ.” സുമിത്ര അവളുടെ കൈയ്യിൽ സ്വന്തം കൈ ചേർത്ത് വച്ചു.

മകളുടെ ചോര കല്ലിച്ച ചുണ്ടും അടികൊണ്ട് ചുവന്ന കവിൾ തടങ്ങളും ആ മാതാപിതാക്കൾക്ക് ഹൃദയ ഭേദകമായ കാഴ്ചയായിരുന്നു. …..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button