വരും ജന്മം നിനക്കായ്: ഭാഗം 55

രചന: ശിവ എസ് നായർ
മകളുടെ ചോര കല്ലിച്ച ചുണ്ടും അടികൊണ്ട് ചുവന്ന കവിൾ തടങ്ങളും ആ മാതാപിതാക്കൾക്ക് ഹൃദയ ഭേദകമായ കാഴ്ചയായിരുന്നു.
“ഗായൂ… മോളേ… അമ്മയോട് എന്തെങ്കിലുമൊന്ന് മിണ്ട് നീ. ഞങ്ങള് ചെയ്തത് തെറ്റാ, സമ്മതിക്കുന്നു. അതിന്റെ പേരിൽ നീയിങ്ങനെ ഞങ്ങളോട് മിണ്ടാതിരിക്കരുത്.” സുമിത്ര കരഞ്ഞു കൊണ്ടിരുന്നു.
“അച്ഛനോടും നിനക്ക് ദേഷ്യമാണോ മോളേ? അന്ന് ഗൗരി വീട്ടിലുണ്ടാക്കിയ പ്രശ്നം നീയും കണ്ടതല്ലേ മോളേ. അതുകൊണ്ടല്ലേ ഞങ്ങൾക്ക് നിന്നെ ഇഷ്ടമില്ലാത്ത വിവാഹത്തിന് നിർബന്ധിക്കേണ്ടി വന്നത്. അല്ലാതെ മനഃപൂർവമല്ലല്ലോ.” വേണു മാഷ് അവൾക്കരികിൽ വന്നിരുന്നു.
“ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഞങ്ങൾ വിചാരിച്ചില്ലല്ലോ. അവൻ നല്ല പയ്യനാണെന്നല്ലേ കരുതിയത്.” സുമിത്ര പറയുകയാണ്.
“അമ്മയൊന്ന് മിണ്ടാതിരിക്കുന്നുണ്ടോ. കുറെ നേരമായല്ലോ തുടങ്ങിയിട്ട്. നിങ്ങടെ സ്വാർത്ഥത കൊണ്ടാണ് എന്റെ ജീവിതം നശിച്ചു പോയത്. ഞാൻ ഇങ്ങനെയൊക്കെ അനുഭവിക്കേണ്ടി വന്നതിന്റെ കാരണക്കാരും നിങ്ങളാണ്.
ഗൗരിക്ക് വേണ്ടി എന്റെ ജീവിതം നിങ്ങൾ ബലി കൊടുത്തു. അതും ഒരു വൃത്തികെട്ടവന്. അവളുടെ താളത്തിനൊത്തു തുള്ളരുതെന്ന് നിങ്ങളോട് ഞാനൊരു ആയിരം പ്രാവശ്യമെങ്കിലും പറഞ്ഞ് കാണും. എന്നിട്ടും ഗൗരിയുടെ ആത്മഹത്യാ നാടകത്തിന് നിങ്ങൾ വീണു. എന്നിട്ട് എന്നെ ഭീഷണിപ്പെടുത്തി കല്യാണത്തിന് സമ്മതിച്ചു.
ഗൗരി ആ കൊച്ചിനെ പ്രസവിക്കുന്നതിനേക്കാൾ വല്യ നാണക്കേടല്ലേ ഇപ്പോ ഉണ്ടായത്. എന്റെ ജീവിതത്തിനേക്കാൾ അച്ഛന് വലുത് സ്വന്തം അഭിമാനമായിരുന്നു.” ഗായത്രി സഹികെട്ടു പറഞ്ഞതാണ്.
“നീ ഞങ്ങളെ കുറ്റപ്പെടുത്തുകയാണോ മോളേ?” അച്ഛനും അമ്മയും ഒരേ സ്വരത്തിൽ ചോദിച്ചു.
“അതേ… കുറ്റപ്പെടുത്തുക തന്നെയാ. എല്ലാം നിങ്ങൾ കാരണമല്ലേ ഉണ്ടായത്. അന്നെനിക്ക് എന്റെ സ്വാർത്ഥത നോക്കി പോകാൻ തോന്നിയില്ല.”
“എന്തായാലും നടക്കാനുള്ളത് നടന്നു. ഇനി ബാക്കി കാര്യങ്ങളെ കുറിച്ച് ചിന്തിക്കണ്ടേ. നീയിങ്ങനെ കിടക്കുന്നത് കാണുമ്പോ അമ്മയ്ക്ക് സഹിക്കുന്നില്ല മോളേ…”
“എനിക്ക് ആരുടെയും സഹതാപം വേണ്ട. ദൈവം സഹായിച്ച് എനിക്ക് ഒറ്റയ്ക്ക് എണീറ്റ് ഇരിക്കാനും നടക്കാനുമൊക്കെ പറ്റുന്നുണ്ട്. അതുകൊണ്ട് രണ്ട് പേരും കൂടി ഇവിടെ കരഞ്ഞു വിളിച്ചിരിക്കാതെ ഒന്ന് വീട്ടിലേക്ക് പോയി തരോ. ഇവിടുന്ന് ഡിസ്ചാർജ് ആയാൽ ഞാൻ അങ്ങോട്ട് തന്നെയല്ലേ വരുന്നത്.” ഗായത്രിക്ക് മുഷിഞ്ഞു തുടങ്ങി.
“ഗായത്രീ… ഞങ്ങൾ നിന്റെ അച്ഛനും അമ്മയുമാണ്. നിന്റെ അച്ഛൻ ഒരു അറ്റാക്ക് കഴിഞ്ഞിരിക്കുകയാണ്. വയ്യാതിരിക്കുമ്പോൾ തന്നെ ഇങ്ങനെ തോന്ന്യാസം പറയണോ ഞങ്ങളോട്.”
“എനിക്കിപ്പോ ഇങ്ങനെ പറയാനേ അറിയൂ. അനുഭവിച്ചത് മൊത്തം ഞാനല്ലേ.” ഗായത്രിക്ക് ഒരു മനസ്സലിവും അവരോട് തോന്നിയില്ല.
“നീ ഹോസ്പിറ്റലിൽ ആണെന്ന് കേട്ട് ഉടുതുണി പോലും മാറാതെ നിന്ന വേഷത്തിൽ തന്നെ ഓടി വന്നതാ ഞങ്ങൾ. അത് നിന്നോട് സ്നേഹമില്ലാഞ്ഞിട്ട് ആണോ. നീയല്ലേ ഞങ്ങൾക്കിപ്പോ മകളായി ഉള്ളു.
എന്നിട്ട് ഇങ്ങോട്ട് വന്ന് കേറിയപ്പോ തൊട്ട് ഈ നിമിഷം വരെ ഒരു വാക്കും ഉരിയാടാതെ ഇരുന്നിട്ട് കുറ്റം പറയാൻ മാത്രം വായ തുറന്നേക്കുന്നു. ഇങ്ങനെയൊന്നും ഞങ്ങളെ വിഷമിപ്പിക്കരുത് നീ. നിന്റെ കിടപ്പ് കാണുമ്പോ നെഞ്ച് പൊട്ടുന്ന വേദനയാ. അതിന്റെ കൂടെ വാക്കുകൾ കൊണ്ടും നീ ഞങ്ങളെ വേദനിപ്പിക്കരുത്.” സുമിത്ര സാരിതുമ്പ് കൊണ്ട് മൂക്ക് പിഴിഞ്ഞു.
“സുമിത്രേ… മതി… അവള് എന്താന്ന് വച്ചാൽ പറഞ്ഞോട്ടെ. കേൾക്കാൻ നമ്മൾ ബാധ്യസ്ഥരാണ്. അവൾക്ക് ഈ അവസ്ഥ വരുത്തി വച്ചത് നമ്മളല്ലേ. അപ്പോ എല്ലാം കേട്ടേ പറ്റു.” വേണു മാഷ് നെഞ്ച് തിരുമി കൊണ്ട് പറഞ്ഞു.
മകളുടെ അവസ്ഥ കണ്ട് അയാൾക്ക് കടുത്ത കുറ്റബോധവും മാനസിക സംഘർഷവും അനുഭവപ്പെട്ടു.
“ഇവിടെ നിന്നാൽ എന്റെ വായീന്ന് ഇതുപോലെ ഇനിയും കേൾക്കാം. അത് കേൾക്കണ്ടെങ്കിൽ അച്ഛനും അമ്മയും വീട്ടിൽ പൊയ്ക്കോ. എന്റെ കാര്യങ്ങൾ നോക്കാനിവിടെ നഴ്സുമാർ ഉണ്ട്.”
“അങ്ങനെ അനാഥയെ പോലെ നിന്നെ ഇവിടെ ഇട്ടിട്ട് പോവാൻ എനിക്ക് പറ്റില്ല.”
“അമ്മ ഞാൻ പറയുന്നത് കേൾക്കുന്നതാ നല്ലത്. എന്റെ കൂടെ ഇപ്പോ ആരും വേണ്ട. കുറച്ചു ദിവസം ഞാനൊന്ന് ഒറ്റയ്ക്ക് കിടന്നോട്ടെ. നിങ്ങളെയൊക്കെ കാണുമ്പോ എനിക്ക് എന്റെ ദേഷ്യം നിയന്ത്രിക്കാൻ പോലും പറ്റുന്നില്ല. നിങ്ങളിങ്ങനെ ഇവിടെ കടിച്ചു തൂങ്ങി നിന്നാൽ ഞാൻ ഡിസ്ചാർജായി കഴിഞ്ഞാൽ വല്ല ഹോസ്റ്റലിലേക്കും പോകും. അത് വേണ്ടെങ്കിൽ വീട്ടിലേക്ക് തിരിച്ചു പൊയ്ക്കോ.
അച്ഛന്റേം അമ്മേടേം സാമീപ്യവും സ്നേഹവും സഹതാപം നിറഞ്ഞ നോട്ടങ്ങളും ഒന്നും എനിക്കിപ്പോ വേണ്ട…
ഞാനൊന്ന് സ്വസ്ഥതയോടെ കിടന്നോട്ടെ.”
സുമിത്ര അവളോട് എന്തോ പറയാനായി തുടങ്ങിയതും വേണു മാഷ് അവരെ കയ്യെടുത്തു വിലക്കി ഒന്നും പറയണ്ടെന്ന് പറഞ്ഞു.
ഗായത്രിക്ക് തങ്ങളോടിപ്പോ നല്ല ദേഷ്യമുണ്ടെന്ന് വേണു മാഷിന് ബോധ്യമായി. അവളോടിനി എന്ത് പറഞ്ഞിട്ടും കാര്യമില്ല. ഗായത്രിയെ അവളുടെ ഇഷ്ടത്തിന് വിടുകയല്ലാതെ വേറെ വഴിയില്ല.
അച്ഛനോടും അമ്മയോടും വീട്ടിലേക്ക് തിരികെ പോകാൻ പറഞ്ഞ് ഗായത്രി വാശി പിടിച്ചു. ഇരുവരും പോകാൻ കൂട്ടാക്കാതെ നിന്നെങ്കിലും അവൾ വാശിയിൽ തന്നെ നിന്നു. അതോടെ വേണു മാഷും സുമിത്രയും ആശുപത്രി വരാന്തയിലേക്ക് ഇറങ്ങി നിന്നു.
ഗായത്രിയെ അവിടുന്ന് തനിച്ചു വിട്ടിട്ട് വീട്ടിലേക്ക് പോകാൻ ഇരുവർക്കും മനസ്സ് വന്നില്ല. അതുകൊണ്ട് അവൾക്ക് ഒരാവശ്യം വന്നാൽ ഓടി വരാൻ കണക്കിന് ജില്ലാ ആശുപത്രിയുടെ വരാന്തയിൽ കൊതുക് കടി സഹിച്ച് അവരിരുന്നു.
ആ നേരത്താണ് സുധാകരനും ഊർമിളയും ഗായത്രിയെ എവിടെയാണ് കിടത്തിയിരിക്കുന്നതെന്ന് നോക്കി വരാന്തയിലൂടെ നടന്ന് വരുന്നത് ഇരുവരും കണ്ടത്.
അതിനോടകം മാഷിനെയും സുമിത്രയെയും അവരും കണ്ടിരുന്നു.
“നിങ്ങടെ മോള് എന്റെ കൊച്ചിനെ ജയിലിൽ കേറ്റി. അവനെ പോലീസുകാർ അവിടെയിട്ട് കൊല്ലാകൊല ചെയ്യുവാ.” ഊർമിള വാവിട്ട് കരഞ്ഞു.
“അവന്റെ കയ്യിലിരിപ്പിന് അതൊന്നും കിട്ടിയാൽ പോരാ. എന്റെ മോളെ അവൻ ചെയ്ത് വച്ചേക്കുന്നത് നിങ്ങള് പോയി നോക്ക്.” സുമിത്രയും വിട്ട് കൊടുത്തില്ല.
“എന്റെ മോൻ അത്തരക്കാരൻ ഒന്നുമല്ല. അവൾക്ക് അവനെ കല്യാണം കഴിക്കുന്നത് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് ഗായത്രി ഇങ്ങനെ പകരം വീട്ടിയതാ അവനോട്.”
“ഒരു വർഷം കഴിഞ്ഞാണോ പകരം ചോദിക്കുന്നത്. നിങ്ങടെ മോന്റെ തെറ്റ് മറയ്ക്കാൻ അവളെ കുറ്റം പറയണ്ട.” വേണു മാഷിന് അരിശം വന്നു.
“എനിക്കറിയാം എന്റെ മോനേ. ഒരു വർഷം വരെ പ്രശ്നങ്ങളൊന്നുമില്ലാതെ ജീവിച്ചിട്ട് ഇപ്പോ പെട്ടെന്നെങ്ങനെ എന്റെ ചെക്കന്റെ പേരിൽ ഇല്ലാത്ത പീഡനമൊക്കെ ഉണ്ടായി.” ഊർമിള ദേഷ്യപ്പെട്ടു.
“അതൊന്നും എനിക്കറിയില്ല… എന്തായാലും പോലീസുകാർ അവനെ വെറുതെ പിടിച്ചു കൊണ്ട് പോവില്ലല്ലോ.” സുമിത്ര തർക്കിച്ചു.
“ഊർമിള ഒന്ന് മിണ്ടാതിരിക്ക്. ഞാൻ സംസാരിക്കട്ടെ.” സുധാകരൻ ശാസനയോടെ ഭാര്യയെ നോക്കി. അതോടെ അവരൊന്ന് അടങ്ങി.
“മാഷേ… അങ്ങോട്ടും ഇങ്ങോട്ടും പഴി പറഞ്ഞിരിക്കാതെ മോളോട് നിങ്ങളൊന്നു സംസാരിക്കണം. ഈ വിഷയം പുറത്തറിഞ്ഞാൽ നാണക്കേട് നമ്മൾക്ക് മാത്രമാണ്. നാട്ടുകാർക്ക് പറഞ്ഞ് ചിരിക്കാൻ ഒരു കഥയാവും.
ഗായത്രിയോട് നിങ്ങൾ കേസ് പിൻവലിക്കാൻ പറയണം. പകരം എന്ത് വേണമെങ്കിലും കൊടുക്കാം. തെറ്റ് അവന്റെ ഭാഗത്താണെന്ന് ഞാൻ സമ്മതിക്കുന്നു. പക്ഷേ ഞങ്ങളെ ഓർത്ത് ഇത് കേസാക്കരുത്.” സുധാകരൻ താഴ്മയായി പറഞ്ഞു.
“സുധേട്ടാ… നിങ്ങളെന്താ ഇങ്ങനെയൊക്കെ പറയുന്നത്. നമ്മുടെ മോൻ മാത്രമല്ല ഇക്കാര്യത്തിൽ തെറ്റ് കാരൻ. ഗായത്രിയുടെ ഭാഗത്തും തെറ്റ് കാണില്ലേ. എന്നിട്ട് അവനെ മാത്രം എല്ലാ കുറ്റവും ആരോപിച്ച് തടവ് പുള്ളിയാക്കി വച്ചേക്കുന്നു.” തങ്ങൾ അറിഞ്ഞ അത്രയൊന്നും വേണു മാഷും സുമിത്രയും അറിഞ്ഞിട്ടില്ലെന്ന് മനസ്സിലാക്കിയാണ് ഊർമിള അങ്ങനെയെല്ലാം പറഞ്ഞത്. കാരണം, എങ്ങനെയെങ്കിലും തന്റെ മകനെ കേസിൽ നിന്ന് രക്ഷിക്കണമെന്നൊരു ചിന്ത മാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ.
“ശിവപ്രസാദിനെ വിശ്വസിച്ചാണ് ഞാനെന്റെ മോളെ അവൾക്ക് ഇഷ്ടമില്ലാതിരുന്നിട്ടും നിർബന്ധ പൂർവ്വം ഈ ബന്ധത്തിലേക്ക് തള്ളി വിട്ടത്. അവൻ നല്ലവനായിരിക്കുമെന്ന് വിചാരിച്ചു. പക്ഷേ അത് തെറ്റാണെന്ന് ഞങ്ങൾക്ക് ബോധ്യമായി. ഞങ്ങടെ കൊച്ചിനെ ജീവനോടെ കിട്ടിയത് തന്നെ ഭാഗ്യം. ശിവപ്രസാദ് ചെയ്ത ചെറ്റത്തരത്തിന് അവന് നല്ല ശിക്ഷ തന്നെ കിട്ടണം എന്നാണ് എന്റെ ആഗ്രഹം. അതുകൊണ്ട് കേസ് പിൻവലിക്കാൻ പറഞ്ഞ് ആരും ഇങ്ങോട്ട് വരണ്ട.” വേണു മാഷ് സ്വരം കടുപ്പിച്ചു.
“നിങ്ങടെ ഇളയ മോൾ കൂടെ ആ വീട്ടിലെ മരുമോൾ ആയിട്ടുണ്ട്. അത് കൂടെ ഓർത്താൽ നല്ലത്.” ഊർമിള ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു……കാത്തിരിക്കൂ………