വരും ജന്മം നിനക്കായ്: ഭാഗം 56

രചന: ശിവ എസ് നായർ
“നിങ്ങടെ ഇളയ മോൾ കൂടെ ആ വീട്ടിലെ മരുമോൾ ആയിട്ടുണ്ട്. അത് കൂടെ ഓർത്താൽ നല്ലത്.” ഊർമിള ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു.
“ഞങ്ങൾക്ക് ഒരു മോളേയുള്ളു. ഗൗരിയെ ആ കല്യാണത്തോടെ ഞങ്ങൾ ഒഴിവാക്കി വിട്ടതാ. അതുകൊണ്ട് ഒരിക്കൽ കൂടി അവളെ പേരും പറഞ്ഞ് ഞങ്ങളെ വിരട്ടാൻ നോക്കണ്ട.” മാഷ് ദേഷ്യത്തോടെ അവരെ നോക്കി.
“എന്റെ മോൻ വിഷ്ണുവിനോട് അവളെ ഉപേക്ഷിക്കാൻ പറഞ്ഞ അവന്റെ ചേട്ടന് വേണ്ടി അവനത് ചെയ്യും. കാണണോ നിങ്ങൾക്കത്. ഗൗരിയെ വിഷ്ണു ഉപേക്ഷിച്ചാൽ കൈകുഞ്ഞിനേയും കൊണ്ട് അവള് തെരുവിൽ ജീവിക്കേണ്ടി വരും. നിങ്ങൾ നട തള്ളിയാലും ഗൗരി നിങ്ങടെ മോളല്ലാതെ ആവുന്നില്ലല്ലോ.”
“ഊർമിളെ… വേണ്ടാത്ത സംസാരങ്ങൾ ഒഴിവാക്കുന്നതാ നിനക്ക് നല്ലത്. അവര് അവരുടെ നിലപാട് പറഞ്ഞ് കഴിഞ്ഞല്ലോ. ഇനി വിഷ്ണുവിന്റെ ജീവിതം കൂടി നശിപ്പിക്കണോ നിനക്ക്.” സുധാകരൻ അമർഷം പൂണ്ടു.
“എനിക്ക് എന്റെ രണ്ട് മക്കളും ഒരുപോലെ ആണ്. അവർക്ക് ഭാര്യമാരെ വേറെയും കിട്ടുമല്ലോ. പക്ഷേ ജീവിതം ഒന്നല്ലേയുള്ളു. അത് നശിച്ചു പോയാൽ പിന്നെ എന്തുണ്ടായിട്ടെന്താ.
ഈ നാറ്റക്കേസ് പുറത്തറിഞ്ഞാൽ ശിവപ്രസാദിന്റെ കരിയർ തന്നെ തകരും. നാണക്കേട് കാരണം അവനു പിന്നെ പുറത്തിറങ്ങി നടക്കാൻ കഴിയോ? നല്ലൊരു ജീവിതം പിന്നെ കിട്ടുമോ? അവളവനെ കള്ളകേസിൽ ജയിലിൽ അടയ്ക്കാതെ ഇരിക്കണമെങ്കിൽ നമ്മൾ എന്തെങ്കിലും ചെയ്തേ പറ്റു.” ഊർമിള വാശിയിലാണ്.
“ഗൗരിയെ വിഷ്ണു ഉപേക്ഷിക്കുന്നെങ്കിൽ ഉപേക്ഷിച്ചോട്ടെ. എന്റെ വീട്ടിൽ കയറ്റിയില്ലെങ്കിലും അവൾക്ക് കേറി കിടക്കാൻ ഒരു വാടക വീട് ഞാൻ ശരിയാക്കി കൊടുത്തോളം. എന്നാലും നിങ്ങളെ ഭീഷണിക്ക് മുന്നിൽ ഞങ്ങൾ വഴങ്ങില്ല. ഒരിക്കൽ ഗൗരിയുടെ തന്നെ വാശി കാരണമാണ് എന്റെ മോളിന്ന് ഈ വേദനയൊക്കെ അനുഭവിക്കേണ്ടി വന്നത്. അതിന് നിങ്ങടെ മോൻ കണക്ക് പറയേണ്ടി വരും.
ഞങ്ങളുടെ തീരുമാനത്തിന് ഒരു മാറ്റവുമില്ല. നിങ്ങൾക്ക് പോകാം. നമുക്ക് കോടതിയിൽ വച്ച് കാണാം.” വേണു മാഷ് ഇനിയൊന്നും പറയാനില്ലെന്ന ഭാവത്തിൽ മുഖം തിരിച്ചു.
“എനിക്കെന്ത് ചെയ്യാൻ പറ്റുമെന്ന് കാണിച്ചു തരാം ഞാൻ. നിങ്ങൾക്ക് നിങ്ങടെ മോളെ പോലെ തന്നെ എനിക്ക് വലുത് എന്റെ മോനാ. അകത്തു കിടക്കുന്നവളെ കൂടി ഞാനൊന്ന് കാണട്ടെ.” ഊർമിള കലിതുള്ളി കൊണ്ട് ഗായത്രിക്ക് അരികിലേക്ക് പോയി.
“അവള് പറഞ്ഞതൊന്നും കാര്യമാക്കണ്ട നിങ്ങൾ. നമുക്ക് ഈ പ്രശ്നം രമ്യതയിൽ പരിഹരിച്ചൂടെ മാഷേ. ഒന്നുല്ലേലും നമ്മൾ ബന്ധുക്കൾ അല്ലേ. ഭാവിയിൽ ഓരോ ആവശ്യങ്ങൾക്ക് ഒരുമിച്ച് കൂടേണ്ടവർ ഇങ്ങനെ ശത്രുക്കളെ പോലെ തമ്മിലടിക്കുന്നത് ശരിയാണോ.
ഗായത്രിക്ക് ശിവ പ്രസാദിന്റെ കൂടെ ജീവിക്കണ്ടെങ്കിൽ വേണ്ട. ഡിവോഴ്സ് ചെയ്തോട്ടെ. പക്ഷേ അവളോട് ഇപ്പോ കൊടുത്ത റേപ്പ് കേസ് പിൻവലിക്കാൻ ഒന്ന് പറഞ്ഞൂടെ.” സുധാകരൻ അവസാന ശ്രമമെന്നോണം അപേക്ഷിച്ചു.
“ഈ കാര്യത്തിൽ എനിക്ക് കൂടുതലൊന്നും പറയാനില്ല.” വേണു മാഷ് ദേഷ്യത്തോടെ അവിടുന്ന് എഴുന്നേറ്റു പോയി.
അവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന തിരിച്ചറിവോടെ സുധാകരൻ ഭാര്യ പോയ വഴിയേ നടന്നു.
🍁🍁🍁🍁🍁
കുറച്ചു സമയം വശത്തേക്ക് ചരിഞ്ഞു കിടന്നിട്ട് നടുവിന് വേദന തോന്നിയപ്പോ ഗായത്രി മെല്ലെ നിവർന്നു കിടന്നു.
ഓരോ ബെഡിലും അവളെ നോക്കി നോക്കി വന്ന ഊർമിള നീണ്ട് നിവർന്നു കിടക്കുന്ന മരുമകളെ കണ്ട് ക്രോധമടക്കി അവളുടെ അടുത്തേക്ക് പാഞ്ഞു ചെന്നു.
ഒരു നിമിഷം അവളുടെ നീര് വച്ച കവിൾ തടങ്ങളും പൊട്ടി ഒലിച്ച ചുണ്ടുകളും കഴുത്തിലും കവിളിലുമൊക്ക പല്ലുകൾ ആഴ്ന്ന പാടുകൾ കണ്ട് നടുങ്ങി പോയി. തന്റെ മകൾ അവളെ നന്നായി ഉപദ്രവിച്ചിട്ടുണ്ടെന്ന് വേദന കൊണ്ടുള്ള ഗായത്രിയുടെ ഞരക്കത്തിൽ നിന്ന് തന്നെ അവർക്ക് മനസ്സിലായി.
ഈ അവസ്ഥയിൽ അവളോട് എങ്ങനെയാ ഏത് രീതിയിലാ സംസാരിച്ചു തുടങ്ങേണ്ടത് എന്നറിയാതെ ഊർമിള നിശബ്ദം നിന്നു. അവർക്ക് പിന്നാലെ വന്ന സുധാകരൻ മരുമകളുടെ കോലം കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി.
വേദന കടിച്ചമർത്തി നിവർന്നു കിടന്ന ഗായത്രി കണ്ണ് തുറന്ന് നോക്കുമ്പോൾ തന്നെ തന്നെ ഉറ്റ് നോക്കി നിൽക്കുന്നവരെ കണ്ടു.
ഇനി ഇവർ ഇങ്ങോട്ട് എഴുന്നള്ളിയത് എന്തിനായിരിക്കുമെന്ന് അവളോർത്തു.
“കണ്ടല്ലോ നിങ്ങടെ മോൻ എന്നോട് കാണിച്ച ക്രൂരത…”
ഗായത്രി ഇരുവരെയും നോക്കി.
“അവൻ മോളോട് കാണിച്ച നെറികേടിന് ഞാൻ മാപ്പ് ചോദിക്കുന്നു. നിന്നെ ഇവിടെ വരെ വന്ന് കാണുന്നത് വരെ ഇത്രയും ദയനീയമാണ് നിന്റെ അവസ്ഥയെന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല…. മാപ്പ്… ” അത്ര മാത്രം പറഞ്ഞിട്ട് വെന്തുരുകുന്ന ഹൃദയത്തോടെ സുധാകരൻ പിന്തിരിഞ്ഞു നടന്നു.
ഗായത്രിയുടെ മുഖത്ത് നോക്കാനോ അവളോട് കേസ് പിൻവലിക്കാൻ പറയാനുള്ള ശക്തിയോ അയാൾക്കുണ്ടായിരുന്നില്ല. അവളുടെ അവസ്ഥ കണ്മുന്നിൽ കണ്ടപ്പോൾ തന്നെ സ്വന്തം മകൻ എത്ര മാത്രം അവളെ വേദനിപ്പിച്ചുവെന്ന് സുധാകരന് ബോധ്യമായി. ഇനിയൊരു നിമിഷം കൂടി അവിടെ നിൽക്കാൻ അയാൾ ആഗ്രഹിച്ചില്ല.
തന്റെ മകനെ കേസിൽ നിന്ന് രക്ഷിക്കണമെന്ന് ഗായത്രിയുടെ മുഖത്ത് നോക്കി ചോദിക്കാൻ സുധാകരന് ഇനി കഴിയില്ല. അങ്ങനെ കൂടി ആ പെൺകുട്ടിയുടെ ശാപമേൽക്കാൻ അയാൾ ആഗ്രഹിച്ചില്ല.
“എന്റെ മകൻ നിങ്ങളുടെ മകളെ ഒരുപാട് വേദനിപ്പിച്ചുവെന്ന് മനസ്സിലായി. അവന്റെ വിധി ഇനി ദൈവം തീരുമാനിക്കട്ടെ. കേസ് പിൻവലിക്കണമെന്ന് പറഞ്ഞ് ഞാനിനി വരില്ല… എല്ലാത്തിനും മാപ്പ്…” തകർന്ന ഹൃദയത്തോടെ വേണു മാഷിന്റെ കരങ്ങൾ കൂട്ടിപ്പിടിച്ച് സുധാകരൻ പറഞ്ഞു.
ശേഷം അയാൾ കാറിനരികിലേക്ക് പോയി.
🍁🍁🍁🍁🍁
“ഗായത്രീ… നിന്നോട് ഞാൻ ചോദിക്കുന്നത് തെറ്റാണെന്ന് അറിയാം. എങ്കിലും ചോദിക്കാതെ വയ്യല്ലോ.
പെറ്റ വയറിന്റെ ദണ്ണമായി കണ്ടാൽ മതി. ശിവപ്രസാദ് എന്റെ മോനായി പിറന്ന് പോയില്ലേ. അവനൊരു കഷ്ടത വരുമ്പോ അവന്റെ അമ്മയായ എനിക്ക് കണ്ട് നിൽക്കാൻ കഴിയില്ല. അതുകൊണ്ട് നിന്റെ കാല് പിടിച്ചു ഞാൻ ചോദിക്കുവാ ഗായത്രി
നീ അവനെതിരെ പോലീസിൽ കൊടുത്ത കംപ്ലയിന്റ് പിൻവലിക്കണം. അവൻ നിന്നോട് കാണിച്ചത് തെറ്റാണ്. ഒരു ഭർത്താവും ഒരു ഭാര്യയോടും ഇങ്ങനെ ചെയ്യാൻ പാടില്ല. ഒരു തവണയല്ലേ അവനിങ്ങനെയൊരു അബദ്ധം പറ്റിയത്.
നിനക്കത് ക്ഷമിച്ചൂടെ… നിന്റെ കാല് പിടിച്ചു ചോദിക്കുവാ ഞാൻ. നിനക്കിനി അവനെ വേണ്ടെങ്കിൽ ഡിവോഴ്സ് ചെയ്തോ. പകരം എല്ലാവർക്കും മുൻപിൽ ഞങ്ങളെ നാണം കെടുത്തി കേസുമായി മുന്നോട്ടു പോകരുത്. ശിവപ്രസാദ് നിന്നെയിനി ഒരിക്കലും ശല്യം ചെയ്യാൻ വരില്ല…
നിന്റെ അനിയത്തിയും എന്റെ മരുമകൾ അല്ലെ. നിങ്ങടെ ജീവിത പ്രശ്നം അവരെ ജീവിതത്തെ കൂടി ബാധിക്കാൻ പാടില്ലല്ലോ. നമ്മൾ ഇനിയും ബന്ധുക്കൾ ആയി സഹകരിച്ചു ജീവിക്കേണ്ടതല്ലേ.
ഈശ്വരനെ ഓർത്ത് ഇതിന്റെ പേരിൽ പോലിസ് കേസിനും പ്രശ്നത്തിനും നിൽക്കാതെ പരസ്പരം എല്ലാം പറഞ്ഞവസാനിപ്പിക്കാം നമുക്ക്.”
ഊർമിള നന്നായി കരഞ്ഞുകൊണ്ട് ശബ്ദമിടറി ഒക്കെയാണ് അത്രയും പറഞ്ഞത്.
അവർ പറഞ്ഞ് തീരട്ടെ എന്ന് കരുതി ഗായത്രി ഒന്നും മിണ്ടാതെ എല്ലാം കേട്ട് കിടന്നു.
“നീയിങ്ങനെ തളർന്നു കിടക്കുമ്പോ ഞാൻ ഇങ്ങനെയൊന്നും പറയുന്നത് ശരിയല്ല എന്നറിയാം. പക്ഷേ വൈകും തോറും എല്ലാം എല്ലാരും അറിയും. അതിന് മുൻപേ നമ്മൾ തന്നെ ഒരു പരിഹാരം കാണുന്നതല്ലേ നല്ലത്.
നാളെ ആയാൽ ശിവപ്രസാദിനെ കോടതിയിൽ കൊണ്ട് പോകുമെന്നൊക്കെയാ പോലിസ് പറയുന്നത്. നിന്നെ അവൻ ഉപദ്രവിച്ചതിന് പകരമായി നീയും അവനെ തിരിച്ചു തല്ലി ഈ പരുവത്തിൽ ആക്കിയില്ലേ. അതോടെ മതിയാക്കി കൂടായിരുന്നോ. എന്തിനാ പോലീസിനെയൊക്കെ ഉൾപെടുത്താൻ പോയത്. ഇത് കുടുംബത്തിന് മൊത്തം നാണക്കേട് ഉണ്ടാക്കുമെന്ന് നീ എന്തേ ഓർത്തില്ല.
നമുക്ക് ഈ പ്രശ്നം പറഞ്ഞ് തീർക്കാം ഗായത്രി. കോടതിയും കേസും കൂട്ടവും ഒന്നും വേണ്ട.” ഗായത്രിയുടെ കാലിൽ തൊട്ട് ഏങ്ങലോടെ ഊർമിള ഇരുന്നു.
“അമ്മേയെന്ന് വിളിച്ച എന്റെ നാവ് കൊണ്ട് നിങ്ങളെന്നെ വേറൊന്നും വിളിപ്പിക്കരുത്. നാണമുണ്ടോ സ്ത്രീയേ നിങ്ങൾക്ക് എന്നോടിത് പറയാൻ. നിങ്ങളൊരു പെണ്ണല്ലേ… മകന്റെ സ്വഭാവ വൈകൃതത്തെ കുറിച്ച് നിങ്ങൾക്ക് നേരത്തെ അറിയാമായിരുന്നിട്ടും അത് മറച്ചു വച്ച് കല്യാണം നടത്തിയില്ലേ നിങ്ങൾ.”
“നീ വെറുതെ ഇല്ലാത്ത കാര്യം പറയരുത് ഗായത്രി.”
“എന്റെ മുന്നിൽ നിങ്ങൾ നാടകം കളിക്കണ്ട. വർണ്ണയുമായുള്ള വിവാഹം മുടങ്ങാനുണ്ടായ കാരണമൊക്കെ വർണ്ണ എന്നോട് നേരിട്ട് തന്നെ പറഞ്ഞിട്ടുണ്ട്.” അത് കേട്ടതും ഊർമിളയുടെ മുഖം കടലാസ് പോലെ വിളറി.
“ഇപ്പോ ഉള്ള കേസിന്റെ കൂടെ ഒരു ഗാർഹിക പീഡന കുറ്റം നിങ്ങളുടെ നേരെയും ഞാൻ കൊടുക്കട്ടെ. കല്യാണം കഴിഞ്ഞു വന്ന് കേറിയ പിറ്റേന്ന് തന്നെ നിങ്ങളെന്റെ കരണത്തടിച്ചത് ഞാൻ മറന്നിട്ടില്ല.” ഓർമ്മയുണ്ടോ നിങ്ങൾക്കത്.” ഗായത്രിയുടെ ചോദ്യം കേട്ട് ഊർമിള അവളെ ഭയത്തോടെ നോക്കി……കാത്തിരിക്കൂ………