Novel

വരും ജന്മം നിനക്കായ്: ഭാഗം 59

രചന: ശിവ എസ് നായർ

ഗായത്രിയുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഓർക്കവേ അവന്റെ ഹൃദയം പിടഞ്ഞു. അവളെ നേരിൽ കാണുന്നത് വരെ തനിക്ക് സമാധാനം കിട്ടില്ലെന്ന്‌ അഖിലിന് തോന്നി.

ഹോസ്പിറ്റലിലെ പാർക്കിങ്ങിൽ മനു വണ്ടി നിർത്തുമ്പോൾ അഖിൽ പെട്ടെന്ന് ചാടിയിറങ്ങി മുന്നോട്ട് നടന്നു.

“എടാ… നിക്കടാ… ഞാനും വരാം.” മനു വിളിച്ചു പറഞ്ഞു.

അഖിൽ അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അവൻ വേഗത്തിൽ മുന്നോട്ട് പോവുകയാണ്. ബൈക്ക് പാർക്ക്‌ ചെയ്തിട്ട് മനു അവന്റെ പിന്നാലെ ഓടിച്ചെന്നു.

സ്ത്രീകളുടെ വാർഡിന് മുന്നിലുള്ള നീളൻ വരാന്തയിൽ വേണും മാഷും സുമിത്രയും ഇരിക്കുന്നത് കണ്ടപ്പോൾ അഖിൽ വേഗം അവരുടെ അടുത്തേക്ക് ചെന്നു.

“അങ്കിൾ…” അഖിലിന്റെ വിളിയൊച്ച കേട്ടതും വേണു മാഷ് ഞെട്ടി മുഖം ഉയർത്തി.

“അഖിൽ… നീ… നീയിവിടെ…” അദ്ദേഹം പകപ്പോടെ അവനെ നോക്കി.

“അങ്കിൾ പേടിക്കണ്ട… ഗായത്രി വിളിച്ചിട്ട് വന്നതൊന്നുമല്ല ഞാൻ. ഇന്നത്തെ പത്രത്തിലെ വാർത്ത വായിച്ചിട്ട് ഓടി വന്നതാ അവളെയൊന്ന് കണ്ടിട്ട് പോകാൻ.” അഖിലിന്റെ സ്വരം ഇടറി.

“ഗായത്രി… അകത്തുണ്ട്… ഞങ്ങളോട് അവൾ ഒന്നും മിണ്ടുന്നില്ല മോനെ. നിങ്ങളോട് കാണിച്ച നീതികേടിന് എന്റെ മകളിപ്പോ നന്നായി അനുഭവിക്കുന്നുണ്ട്. ഞങ്ങളുടെ തെറ്റാ… ഗൗരിയുടെ മാനം രക്ഷിക്കാൻ നിനക്ക് തന്ന വാക്ക് ഞാൻ മറന്നു.” വേണു മാഷ് അവന്റെ കൈകൾ കൂട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.

“അവളെ ഈ അവസ്ഥയിൽ കൊണ്ടെത്തിച്ചപ്പോൾ നിങ്ങൾക്ക് സമാധാനമായല്ലോ. അഭിമാനവും കെട്ടിപ്പിടിച്ച് ഇരുന്നതല്ലേ മാഷ്. എന്നിട്ടിപ്പോ എല്ലാവരുടെയും മുന്നിൽ മരുമകൻ കാരണം നാണംകെട്ടില്ലേ. ഇത് ഈശ്വരൻ തന്ന ശിക്ഷയാ.” അപ്പോഴത്തെ സങ്കടം കൊണ്ട് അഖിൽ ഓരോന്ന് പറഞ്ഞു.

“മതി അഖിൽ… ഇപ്പോ തന്നെ അദ്ദേഹം കുറേ അനുഭവിച്ചു കഴിഞ്ഞു. ഇനി നീ കൂടി കുറ്റപ്പെടുത്തണ്ട.” മനു അവന്റെ തോളിൽ അമർത്തി പിടിച്ചു.

“ഞാൻ ഗായത്രിയെ ഒന്ന് കണ്ടിട്ട് പൊയ്ക്കോളാം.” മാഷിനെയും സുമിത്രയെയും നോക്കി പറഞ്ഞിട്ട് അഖിൽ അകത്തേക്ക് നടന്നു. മനു പുറത്ത് തന്നെ നിന്നതേയുള്ളു.

ഓരോ ബെഡിലും ഗായത്രിയെ തിരഞ്ഞു തിരഞ്ഞു ഒടുവിൽ വാർഡിന്റെ അങ്ങേ അറ്റത്തെ ബെഡിൽ ഭിത്തിയിലേക്ക് ചാരി ഇരിക്കുന്ന അവളെ അഖിൽ കണ്ടു. അവൻ അവളുടെ അടുത്തേക്ക് കുതിച്ചു ചെന്നു.

“ഗായൂ…” ഒരുപാട് സ്നേഹത്തോടെ അവൻ വിളിച്ചു.

കാതുകൾക്ക് ചിരപരിചിതമായ സ്വരം കേട്ട് ഗായത്രി ഞെട്ടി മുഖം ചരിച്ചു നോക്കി. അഖിലിനെ കണ്ടതും അവളുടെ മുഖം വിടർന്നു.

“അഖിലേട്ടൻ… ഇവിടെ…?” അവനെങ്ങനെ താൻ ഇവിടെയുണ്ട് എന്നറിഞ്ഞത് എന്നോർത്ത് ഗായത്രി അത്ഭുതപ്പെട്ടു.

“ഇന്നത്തെ പത്രത്തിൽ ശിവപ്രസാദിന്റെ ഫോട്ടോയും വാർത്തയും ഉണ്ടായിരുന്നു. അങ്ങനെയാ നീ ഇവിടെ ഉണ്ടെന്ന് ഞാൻ അറിഞ്ഞത്…” അവളുടെ മനസ്സ് വായിച്ചത് പോലെ അവൻ പറഞ്ഞു.

“എന്റെ കൈയ്യിൽ ഫോണില്ല അഖിലേട്ടാ, സിം മാത്രേയുള്ളൂ. ഫോൺ ഞാൻ തെളിവിനായി പോലീസിന് കൊടുത്തു. അതുകൊണ്ടാ ഒന്നും വിളിച്ചറിയിക്കാൻ പറ്റാതിരുന്നത്.” ഗായത്രിയുടെ ശബ്ദം നേരത്തിരുന്നു…

“അത് സാരമില്ല… ഇന്നലെ നിന്റെ കാര്യങ്ങൾ ഒന്നുമറിയാതെ ഞാൻ ഒത്തിരി ടെൻഷൻ അടിച്ചു. ഇപ്പോ കാണുന്നത് വരെ ഒരു സമാധാനവും ഇല്ലായിരുന്നു. നിന്നെ അവൻ വല്ലാതെ ഉപദ്രവിച്ചോ?” അവളുടെ കവിളിൽ പതിഞ്ഞു കിടക്കുന്ന വിരൽ പാടുകളും ചുണ്ടിലെയും കഴുത്തിലെയും മുറിപ്പാടുകൾ കണ്ട് അഖിലിന്റെ ഹൃദയം പിടഞ്ഞു.

“ഹ്മ്മ്… നന്നായി ഉപദ്രവിച്ചു… പക്ഷേ എന്നെ വേദനിപ്പിച്ചതിന്റെ ഇരട്ടി അവൻ കരയും അഖിലേട്ടാ. അതിനുള്ള പണി ഞാൻ കൊടുക്കും. ഇവിടുത്തെ നിയമ വ്യവസ്‌ഥകളും കോടതിയെയും ഒന്നും എനിക്ക് വിശ്വാസമില്ല. ഓരോ കേസുകളും വർഷങ്ങളോളം അല്ലെ വിധി കാത്ത് കോടതിയിൽ കിടക്കുന്നത്.

ഞാൻ കേസ് കൊടുത്തതിന്റെ ഉദ്ദേശം തന്നെ കുറച്ചു നാളെങ്കിലും അവൻ ജയിലിൽ കിടക്കണം എന്ന ആഗ്രഹം ഉള്ളോണ്ടാണ്. പിന്നെ സമൂഹത്തിന് മുന്നിൽ അവന്റെ മുഖംമൂടി വലിച്ചു കീറണമെന്നും ഉണ്ടായിരുന്നു. അത് രണ്ടും നടന്ന് കിട്ടി.” ഗായത്രി കിതച്ചു കൊണ്ട് പറഞ്ഞു നിർത്തി.

“അവനെ കൈയ്യിൽ കിട്ടിയാൽ അടിച്ചു കൊല്ലാനുള്ള ദേഷ്യമുണ്ട് എനിക്ക്.” അഖിൽ മുഷ്ടി ചുരുട്ടി ദേഷ്യം നിയന്ത്രിച്ചു.

“ഇവിടുത്തെ എസ് ഐ മാഡം നല്ലൊരു സ്ത്രീ ആണെന്ന് തോന്നുന്നു. അവനെ കോടതിയിലേക്ക് കൊണ്ട് പോകുന്നതിന് മുൻപ് നന്നായി കൈകാര്യം ചെയ്തോളാമെന്ന് അവര് ഏറ്റിട്ടുണ്ട്.” ഗായത്രി പറഞ്ഞു.

“നിന്റെ വേദന കണ്ട് നിൽക്കാൻ എനിക്ക് കഴിയുന്നില്ല ഗായു. ആ ചെറ്റയുടെ പ്രവർത്തികൾ കാരണം വിഷമിക്കുന്നത് നീയല്ലേ. ഇതോർത്തു നീ വിഷമിക്കരുത്. നിന്റെ ജീവിതം ഇതോടെ നശിച്ചുവെന്നും നീ കരുതരുത്.” അഖിൽ ഉപദേശ രൂപേണ പറഞ്ഞു.

“ഞാനെന്തിന് വിഷമിക്കണം അഖിലേട്ടാ. ശിവപ്രസാദ് എന്നെ റേപ്പ് ചെയ്യുന്നത് ആദ്യമായിട്ടല്ലല്ലോ. മുൻപ് എന്നെ ഉറക്കി കിടത്തി ഉപദ്രവിച്ചിരുന്നു ഇന്നലെ ബോധത്തോടെ ഇരിക്കുമ്പോ ചെയ്തു. ഇന്നലെത്തേത് കുറച്ചു കടുത്തുപോയി.

ശരീരത്തിലെ വേദന കുറച്ചു ദിവസം കഴിഞ്ഞു മാറും. തളർന്നു പോകാതിരിക്കാൻ എന്റെ മനസ്സിനെയും ഞാൻ പഠിപ്പിച്ചിട്ടുണ്ട്. എന്നെ വേദനിപ്പിച്ചതിന് അവൻ ഇനി അനുഭവിച്ചോളും.” നേർത്ത ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ വിടർന്നു.

ഗായത്രിയുടെ മനസാന്നിധ്യം കണ്ട് അഖിൽ അഭിമാനിച്ചു. അവൾ അത്ര പെട്ടെന്ന് തളർന്നു പോകുന്ന ദുർബലയായ മനസ്സുള്ള പെണ്ണല്ലെന്ന് അഖിലിന് ഉറപ്പായി.

“നിന്റെ മനസ്സുറപ്പ് ഞാൻ സമ്മതിച്ച് ഗായു.” അഖിലിന് അത് പറയാതിരിക്കാൻ ആയില്ല.

“എനിക്കെല്ലാം നഷ്ടപ്പെട്ടെന്ന് പറഞ്ഞ് കരഞ്ഞു നിലവിളിച്ചിരിക്കാൻ പറ്റില്ല അഖിലേട്ടാ. എന്റെ അനുഭവങ്ങൾ എന്നെ ശക്തയാക്കി കഴിഞ്ഞു. ഒന്നിനും എന്നെ തളർത്താനോ തകർത്താനോ കഴിയില്ല. ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും തിരിച്ചടികളും ഫേസ് ചെയ്യാൻ ഞാൻ പഠിച്ചു. അതുകൊണ്ട് ഇപ്പോ ഒന്നിനെ കുറിച്ചോർത്തും എനിക്ക് സങ്കടമില്ല.” ഗായത്രി ആ പറഞ്ഞത് അഖിലിന്റെ ഹൃദയത്തിൽ തന്നെ കൊണ്ടു.

അവൾ ആ പറഞ്ഞതിന്റെ അർത്ഥം തന്നെ ഓർത്തും ഗായത്രി ഇപ്പോൾ വിഷമിക്കുന്നില്ല എന്നാണോ എന്ന് അവൻ ചിന്തിച്ചു.

“ഇനി എന്താ നിന്റെ പ്ലാൻ?”

“ഡിസ്ചാർജ് ആയി കഴിഞ്ഞാൽ കോളേജിൽ പോയി തുടങ്ങണം. പിന്നെ മ്യൂചൽ ഡിവോഴ്സിന് അപ്ലൈ ചെയ്യണം. രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ഞങ്ങളുടെ വെഡിങ് ആനിവേഴ്സറി ആണ്.” അവസാന വാചകങ്ങൾ പറയുമ്പോൾ അവളുടെ ചുണ്ടിൽ പുച്ഛം കലർന്നിരുന്നു.

“എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ എന്നെ വിളിക്കാൻ മടിക്കരുത്.” അവൻ അവളുടെ കണ്ണുകളിൽ നോക്കി.

“അഖിലേട്ടനെ അല്ലാതെ മറ്റാരെയാ ഞാൻ വിളിക്കുക?” അവൾ നേർമയായി ചിരിച്ചു.

“ഇതുപോലെ എന്നും ബോൾഡായിട്ട് ഇരിക്കണം നീ.”

“അതെന്നും അങ്ങനെ തന്നെ ആയിരിക്കും അഖിലേട്ടാ. ഇനിയൊരിക്കലും ഞാൻ തളർന്നു പോകില്ല തോൽക്കുകയും ഇല്ല.” അവളുടെ സ്വരം പാറ പോലെ ഉറച്ചിരുന്നു.

കുറച്ചു സമയം കൂടി ഗായത്രിയോട് സംസാരിച്ചിരുന്നിട്ട് അവൻ യാത്ര പറഞ്ഞ് ഇറങ്ങി.

തിരിച്ചു പോകുമ്പോ വേണു മാഷിനെ കണ്ട് യാത്ര പറയാനും അവൻ മറന്നില്ല.

ആശുപത്രിയിലെ നീളൻ വരാന്തയിൽ കൂടി മനുവിനൊപ്പം അഖിൽ നടന്ന് വന്ന് ബൈക്കിൽ കയറി, ഇരുവരും പോകുന്നത് ടാക്സി കാറിൽ വിഷ്ണുവിനൊപ്പം വന്നിറങ്ങിയ ഗൗരിയും കാണുന്നുണ്ടായിരുന്നു.

ടാക്സി കൂലി കൊടുത്തിട്ട് വിഷ്ണു അവളുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങി. ശേഷം ഇരുവരും അകത്തേക്ക് നടന്നു.

വിഷ്ണുവും ഗൗരിയും കുഞ്ഞിനെയും കൊണ്ട് വരുന്നത് ആദ്യം കണ്ടത് സുമിത്രയാണ്.

“വേണുവേട്ട… ദാ ഗൗരിയും വിഷ്ണുവും വരുന്നുണ്ട്. കുഞ്ഞും ഉണ്ട് കൈയ്യിൽ.” ഇതുവരെ തങ്ങളുടെ പേരക്കുട്ടിയെ കണ്ടിട്ടില്ലാത്തതിനാൽ സുമിത്രയിൽ ആവേശം തുടി കൊട്ടി.

“അവളോട് ഒരക്ഷരം മിണ്ടിയേക്കരുത് നീ. ഇവൾക്ക് വേണ്ടി ജീവിതം ഹോമിച്ചിട്ടാ അകത്ത് ഒരുത്തി പാതി ജീവനോടെ കിടക്കുന്നതെന്ന് മറക്കണ്ട.” വേണു മാഷിന്റെ സ്വരം മുറുകി.

“അവളോട് ഞാൻ മിണ്ടില്ല… പക്ഷേ കുഞ്ഞിനെ നോക്കരുത്, എടുക്കരുത് എന്നൊന്നും പറയരുത്. അത് നമ്മുടെ കൂടി ചോരയാ ഏട്ടാ. അത് മറക്കരുത്. ആ കുഞ്ഞിനെ നോക്കാതെ മുഖം തിരിക്കാൻ എനിക്ക് പറ്റില്ല.” സുമിത്ര പറഞ്ഞു.

“ഗൗരിയോട് മിണ്ടണ്ട എന്ന് മാത്രേ ഞാൻ പറഞ്ഞുള്ളു. കുഞ്ഞിനെ കാണാനോ എടുക്കാനോ ആഗ്രഹം ഉണ്ടെങ്കിൽ ആയിക്കോ. ഇവൾടെ വയറ്റിൽ ജനിച്ചു പോയി എന്നല്ലാതെ ആ ചെറിയ കുഞ്ഞ് എന്ത് പിഴച്ചു.” വേണു മാഷ് പറഞ്ഞത് കേട്ട് സുമിത്രയ്ക്ക് സന്തോഷം തോന്നി.

കുഞ്ഞിനെ എടുക്കുന്നതിൽ എതിര് പറഞ്ഞില്ലല്ലോ എന്നൊരു ആശ്വാസവും.

“അച്ഛാ… ഏട്ടത്തിക്ക് എന്ത് പറ്റി? ഞങ്ങൾ ഏട്ടത്തിയെ ഒന്ന് കാണാൻ വേണ്ടിയാ പെട്ടെന്ന് തന്നെ ടിക്കറ്റ് എടുത്തു വന്നത്.” മാഷിന് അടുത്തേക്ക് വന്ന വിഷ്ണു ചോദിച്ചു.

“മോന്റെ അമ്മ വിവരങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ടാവില്ലേ. ഇനി ഞാൻ കൂടി പറയണോ.” മാഷ് പറഞ്ഞു.

“അച്ഛാ.. അമ്മ ഒന്നും വിട്ട് പറഞ്ഞിട്ടില്ല. ഏട്ടത്തിയെ കുറ്റപ്പെടുത്തി ആണ് സംസാരിച്ചത്. അപ്പോൾ തന്നെ എനിക്ക് തോന്നി ന്യായം ഏട്ടത്തിയുടെ ഭാഗത്ത്‌ ആയിരിക്കുമെന്ന്. തെറ്റ് ആര് ചെയ്താലും അവരെ സപ്പോർട്ട് ചെയ്യാൻ പാടില്ലെന്ന് എനിക്കറിയാം അച്ഛാ. അതുകൊണ്ടാ ഏട്ടത്തിയെ നേരിൽ വന്ന് കണ്ട് കാര്യങ്ങൾ അന്വേഷിക്കണമെന്ന് എനിക്ക് തോന്നിയത്.” വിഷ്ണുവിന്റെ വാക്കുകൾ ഇടറി.

സുമിത്ര അവനോട് തങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ പങ്ക് വച്ചു.

“ഇത്രയേ ഞങ്ങൾക്ക് അറിയൂ മോനെ. കൂടുതൽ എന്തെങ്കിലും അവള് ഞങ്ങളോട് പറഞ്ഞിട്ടില്ല. ഇനി മോൻ ചോദിച്ചു നോക്ക്. എന്തായാലും നിന്റെ ചേട്ടൻ എന്റെ കുഞ്ഞിനെ കൊല്ലാകൊല ചെയ്തു കളഞ്ഞു.”

സുമിത്ര കണ്ണീർ ഒപ്പി.

വന്ന നേരം മുതൽ ഗൗരി അച്ഛനെയും അമ്മയെയും മാറി മാറി നോക്കുകയാണ്. പക്ഷേ ഇരുവരും അവളുടെ മുഖത്തേക്ക് പോലും നോക്കാത്തത് ഗൗരിയെ നന്നായി വിഷമിപ്പിച്ചു.

“അച്ഛാ… എന്നെയൊന്നു നോക്ക് അച്ഛാ… അമ്മേ…” അവൾ ഇരുവരെയും നോക്കി വിളിച്ചു.

പെട്ടെന്ന് വേണു മാഷ് കൈ വീശി അവളുടെ മുഖത്ത് ആഞ്ഞടിച്ചു.

അപ്രതീക്ഷിതമായി കിട്ടിയ ആ അടിയിൽ ഗൗരി വേച്ചു വീഴാൻ പോയി……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!