Novel

വരും ജന്മം നിനക്കായ്: ഭാഗം 6

രചന: ശിവ എസ് നായർ

“എനിക്ക് അഖിലേട്ടനിൽ വിശ്വാസമുണ്ട്. എല്ലാം പറഞ്ഞ് സമ്മതിച്ചിട്ട് ഒടുവിൽ അച്ഛൻ കാല് മാറാതിരുന്നാൽ മതി.”

ഗായത്രി അന്ന് പറഞ്ഞ വാക്കുകൾ അയാളുടെ കാതുകളിൽ വീണ്ടും വീണ്ടും മുഴങ്ങി കേൾക്കും പോലെ തോന്നി.

“അവസാനം നീ പറഞ്ഞത് പോലെ തന്നെ നടന്നല്ലോ മോളെ. ആദ്യമായി വേണു മാഷ് കൊടുത്ത വാക്ക് തെറ്റിച്ചത് നിന്റെ കാര്യത്തിലായിരുന്നു.” പഴയ ഓർമ്മയിൽ മാഷിന്റെ നെഞ്ച് നീറി.

താൻ വിചാരിച്ചത് പോലെ അല്ലായിരുന്നു കാര്യങ്ങൾ നടന്നത്. അഖിൽ… അവൻ മിടുക്കനായിരുന്നു. രാത്രിയോ പകലോ എന്നില്ലാതെ കിട്ടുന്ന ജോലിക്കൊക്കെ പോയി കുടുംബത്തെ പോറ്റുമ്പോഴും അവൻ പരീക്ഷകൾക്ക് വേണ്ടി നന്നായി തയ്യാറെടുക്കുന്നുണ്ടായിരുന്നു.

നല്ല പോലെ പഠിച്ചു നല്ല മാർക്ക്‌ വാങ്ങി തന്നെയാണവൻ എഞ്ചിനീയറിങ് പാസ്സായത്. തന്റെ മകൾ അവനെ നന്നായി മനസിലാക്കിയിരുന്നു. അവൾക്ക് അവന്റെ കഴിവിൽ പൂർണ്ണ വിശ്വാസവുമായിരുന്നു.

തന്റെ ധാരണകൾ അപ്പാടെ തിരുത്തി എഴുതുന്നത് പോലെയായിരുന്നു അഖിലിന്റെ പിന്നീടുള്ള നീക്കങ്ങൾ. മകൾ വഴി അവന്റെ വിവരങ്ങൾ അപ്പപ്പോൾ തന്നെ വേണു മാഷ് അറിയുന്നുമുണ്ടായിരുന്നു.

ഗായത്രി പിജിക്ക് ചേരുമ്പോൾ അഖിൽ കടൽ കടന്ന് പോയിരുന്നു. ദുബായിൽ നല്ലൊരു കമ്പനിയിൽ അവന് ജോലി ലഭിച്ചിരുന്നു. കടങ്ങൾ ഒന്നൊന്നായി വീട്ടുകയും അഖിൽ വീട് പണി തുടങ്ങി വയ്ക്കുകയും ചെയ്തു. അപ്പോഴേക്കും വർഷം രണ്ട് കഴിഞ്ഞുപോയി.

താൻ വിചാരിച്ചത് പോലെയല്ല അഖിലെന്നും പറഞ്ഞ വാക്ക് അവൻ പാലിക്കുന്നുണ്ടെന്ന് അറിഞ്ഞതും വേണു മാഷിന് സന്തോഷം തോന്നി. അഖിൽ മിടുക്കനാണെന്ന് ബോധ്യമായതോടെ ഗായത്രിയെ അവന് കെട്ടിച്ചു കൊടുക്കാൻ അയാൾക്ക് പൂർണ്ണ സമ്മതവുമായിരുന്നു. മാഷ് ആ വിവരവും ഇരുവരോടും പറയുകയും ചെയ്തു. അഖിൽ ഇനി നാട്ടിൽ വരുമ്പോൾ കല്യാണം നടത്താമെന്നും വേണു മാഷ് അവന് വാക്ക് നൽകി.

അപ്പോഴേക്കും ഗായത്രി പിജി കഴിഞ്ഞ് പി എസ് സി കോച്ചിംഗും ഒപ്പം നെറ്റ് എക്സാമിനുള്ള തയ്യാറെടുപ്പിലുമായിരുന്നു.

അകലെയാണെങ്കിലും വീഡിയോ കാൾ വഴി അവർ ദിവസവും കാണുകയും വിശേഷങ്ങൾ തമ്മിൽ പങ്ക് വയ്ക്കുകയും ചെയ്യുമായിരുന്നു.

കാര്യങ്ങൾ ഇങ്ങനെ സ്മൂത്തായി പോകുമ്പോഴായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.

“നിങ്ങള് വെറുതെ കഴിഞ്ഞതൊക്കെ ഓർത്തിരുന്ന് ബിപി കൂട്ടാൻ നിക്കണ്ട. വന്ന് കിടക്കാൻ നോക്ക്.” സുമിത്രയുടെ വാക്കുകൾ കേട്ട് വേണു മാഷ് ചിന്തകളിൽ നിന്നുണർന്നു.

“ഹാ… കിടക്കാം…” നെഞ്ച് തിരുമി കൊണ്ടയാൾ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു. പിന്നാലെ സുമിത്രയും.

🍁🍁🍁🍁🍁

റിസപ്ഷൻ കഴിയുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു. വീട് നിറച്ചും ബന്ധുക്കളെ കൊണ്ട് നിറഞ്ഞിരുന്നു. രണ്ട് മക്കളുടെയും കല്യാണം ഒരു ദിവസം ആയതുകൊണ്ട് അവരത് നല്ലത് പോലെ ആഘോഷിച്ചിരുന്നു.

പാട്ടും ഡാൻസുമൊക്കെ കഴിഞ്ഞു റൂമിലേക്ക് പോകുമ്പോ സമയം പന്ത്രണ്ടര കഴിഞ്ഞിരുന്നു. റൂമിലെത്തി ഇട്ടിരുന്ന ലഹങ്കയൊക്കെ അഴിച്ചു കളഞ്ഞു ഒരു നൈറ്റ്‌ ഡ്രസ്സ്‌ എടുത്തിട്ടപ്പോഴാണ് ഗായത്രിക്ക് സമാധാനമായത്. കുളിക്കാൻ മടിച്ചവൾ ബാത്‌റൂമിൽ കയറി ഫേസ് വാഷ് ഇട്ട് മുഖമൊക്കെ മേക്കപ്പ് കളഞ്ഞു.

പെട്ടെന്നാണ് അടിവയറ്റിൽ ഒരു കൊളുത്തി പിടുത്തം പോലെ അവൾക്ക് തോന്നിയത്. കുറെ നേരമായി നടുവേദനയും കാല് കഴപ്പും തുടങ്ങിയിട്ട്. സ്റ്റേജിൽ കുറെ നേരം നിന്നതിന്റെ ആകുമെന്നാണ് അവളാദ്യം വിചാരിച്ചത്. പക്ഷേ ഇപ്പോ വയറു വേദന കൂടി തുടങ്ങിയപ്പോൾ തനിക്ക് ഡേറ്റ് തെറ്റിയെന്ന് ഗായത്രിക്ക് ഉറപ്പായി. അവളുടെ സംശയം ശരിയായിരുന്നു.

വന്ന് കയറിയ ദിവസം തന്നെ ഇങ്ങനെ ആയല്ലോ എന്നോർത്ത് ഗായത്രിക്ക് നല്ല സങ്കടം തോന്നി. പാഡിന് വേണ്ടി വീട്ടിൽ നിന്ന് കൊണ്ട് വന്ന തന്റെ ബാഗ് മുഴുവൻ തിരഞ്ഞപ്പോഴാണ് എടുത്തു വച്ച വിസ്പർ പാക്കറ്റ് ബാഗിൽ വയ്ക്കാൻ മറന്ന് പോയെന്ന് അവൾ തിരിച്ചറിയുന്നത്. ഗായത്രി ആകെ സങ്കടപ്പെട്ട് ഇനിയെന്താ ചെയ്യുക എന്നറിയാതെ നിൽക്കുമ്പോഴാണ് രേവതി അവിടേക്ക് വന്നത്

“എന്തെ കുളിക്കുന്നില്ലേ ഗായു?” ചോദിച്ചു കൊണ്ട് രേവതി മുറിയിലേക്ക് കയറി.

“ഹോ… ഇന്ന് തന്നെ രണ്ട് തവണ കുളിച്ചു. ഇനിയും വയ്യ ഒന്നൂടെ കുളിക്കാൻ. ഒന്ന് കിടന്നാൽ മതിയെന്നേയുള്ളു. ജസ്റ്റ്‌ മുഖമൊക്കെ ഒന്ന് കഴുകി മേക്കപ്പ് കളഞ്ഞതേയുള്ളൂ.” ഗായത്രി മടിയോടെ പറഞ്ഞു.

“ശിവേട്ടൻ കൂട്ടുകാരോടൊപ്പം മദ്യ സേവ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് കാത്തിരിക്കാൻ നിൽക്കണ്ട താൻ കിടന്ന് ഉറങ്ങിക്കോ. നമുക്ക് രാവിലെ കാണാം. ഞാനൊരു ഗുഡ് നൈറ്റ്‌ പറയാൻ വന്നതാ.”

“എന്നോട് പറഞ്ഞിരുന്നു വരാൻ ലേറ്റ് ആകുമെന്ന്. അതേയ്… രേവതിയുടെ കയ്യിൽ പാഡ് ഉണ്ടാവോ? എനിക്ക് പീരിയഡ്സായി ഇപ്പോ. വീട്ടിൽ നിന്നും ബാഗ് പാക്ക് ചെയ്യുമ്പോ ഞാനത് എടുത്തു വയ്ക്കാൻ വിട്ട് പോയി. ഇവിടെ ആരോട് ചോദിക്കുമെന്നോർത്ത് നിൽക്കുമ്പോഴാ രേവതി വന്നത്.”

“അയ്യോ… അതെന്താ ഇന്ന് തന്നെ ഡേറ്റ് ആയത്. നാളെ രാവിലെ നിങ്ങളെ അമ്പലത്തിൽ വിടുന്ന ചർച്ച താഴെ നടക്കുന്നുണ്ടായിരുന്നു.. ഇനിയിപ്പോ താൻ പീരിയഡ്സായി എന്ന് കേക്കുമ്പോ അമ്മായിയുടെ മുഖം കറുക്കും.” രേവതി പറഞ്ഞത് കേട്ടപ്പോ ഗായത്രിക്ക് ടെൻഷനായി.

“പത്തുദിവസം നേരത്തെയാ… ടെൻഷൻ അടിച്ചിട്ടാവും നേരത്തെ ആയത്.” വ്യസനത്തോടെ അവൾ പറഞ്ഞു.

“സാരമില്ല… അമ്മായി പറയുന്നത് മൈൻഡ് ചെയ്യണ്ട. എന്തായാലും ചോദിച്ച സാധനം ഞാനിപ്പോ കൊണ്ട് വരാം.” രേവതി അവളെ സമാധാനിപ്പിച്ചു.

ഗായത്രിക്ക് പാഡ് കൊണ്ട് കൊടുത്തിട്ട് അവളോട് ഗുഡ് നൈറ്റ്‌ പറഞ്ഞ് രേവതി കിടക്കാനായി പോയി.

ശിവപ്രസാദ് കൂട്ടുകാരോടൊപ്പം മദ്യ സേവയിലാണെന്ന് രേവതി പറഞ്ഞത് കൊണ്ട് അവൻ ഉടനെയൊന്നും റൂമിലേക്ക് വരാൻ സാധ്യത ഉണ്ടാവില്ലെന്ന് ഗായത്രി വിചാരിച്ചു.

ക്ഷീണവും ശരീര വേദനയും കാരണം അവനെ കാത്ത് നിൽക്കാതെ വാതിൽ ചാരി ലൈറ്റ് ഓഫ് ചെയ്ത് അവൾ ബെഡിന് ഓരം ചേർന്ന് കിടന്നു.

ഉറക്കം വരാത്തതിനാൽ മൊബൈൽ എടുത്ത് വാട്സാപ്പ് ഓപ്പൺ ചെയ്ത് നോക്കി. എല്ലാവരും വിഷസ് ഇട്ടിട്ടുണ്ട്, സ്റ്റാറ്റസ് ഇട്ടിട്ടുണ്ട്, ഫാമിലി ഗ്രൂപ്പിൽ മുഴുവനും തങ്ങളുടെ കല്യാണ ഫോട്ടോകളും ആശംസകളും കൊണ്ട് നിറഞ്ഞിട്ടുണ്ട്.

ഗായത്രി മടുപ്പോടെ ഫോട്ടോസ് സ്ക്രോൾ ചെയ്ത് വിട്ടു. ആശംസകൾ കൊണ്ട് നിറഞ്ഞ അനേകം ചാറ്റുകൾക്കിടയിൽ അഖിലിന്റെ മെസ്സേജ് എന്തെങ്കിലും ഉണ്ടോന്നവൾ തിരഞ്ഞു.

ഇല്ല… ഒന്നുമില്ല… ഒരു മെസ്സേജ് പോലും അയച്ചിട്ടില്ല… പക്ഷേ, ശിവപ്രസാദ് അവളെ താലി കെട്ടുന്നതിന്റെ വീഡിയോയും ഒപ്പം ക്യാപ്ഷനായി ഹാപ്പി മാരീഡ് ലൈഫ് മൈ ഡിയർ എന്നും കൊടുത്ത് അഖിൽ വാട്സാപ്പിൽ സ്റ്റാറ്റസ് ഇട്ടിരിക്കുന്നത് ഗായത്രി കണ്ടു.

അവൾക്ക് അത് കണ്ടപ്പോൾ വല്ലാത്ത സങ്കടം വന്നു. അഖിലിന്റെ ലാസ്റ്റ് സീൻ നോക്കിയപ്പോൾ ഒരു മണിക്കൂർ മുൻപാണെന്ന് കണ്ടു. നെറ്റ് ഓഫ് ചെയ്ത് മൊബൈൽ തലയിണയുടെ അടിയിൽ വച്ച് ഗായത്രി കണ്ണുകൾ അടച്ച് കിടന്നു.

ഗായത്രിക്കൊന്ന് അലറി കരയണമെന്ന് തോന്നി. പുതപ്പ് വായിലേക്ക് അമർത്തി തേങ്ങൽ പുറത്ത് കേൾക്കാതെ അവൾ പൊട്ടികരഞ്ഞു. അവളുടെ മിഴികൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. കണ്ണുനീർ വീണ് തലയിണ നനഞ്ഞു കുതിർന്ന് പോയി.

കരഞ്ഞു തളർന്ന് എപ്പോഴോ അവളുടെ മിഴികൾ അടഞ്ഞു. ശിവപ്രസാദ് മുറിയിലേക്ക് വരുമ്പോൾ കാണുന്നത് ഉറങ്ങി കിടക്കുന്ന ഗായത്രിയെയാണ്. സമയം വെളുപ്പിന് രണ്ട് മണി. അവൻ വാതിലടച്ച് കുറ്റിയിട്ട് ബാത്‌റൂമിൽ പോയി ഒന്ന് ഫ്രഷായി വന്നു.

റൂമിൽ ലൈറ്റ് തെളിക്കാതെ തന്നെ ബെഡ് ലാമ്പിന്റെ വെളിച്ചത്തിൽ ശിവപ്രസാദ് ഇട്ടിരുന്ന ഡ്രസ്സ്‌ മാറ്റി ഒരു ത്രീ ഫ്രോത് മാത്രം എടുത്ത് ധരിച്ചു.

അരണ്ട വെളിച്ചത്തിൽ ബെഡിന്റെ ഒരു വശത്തേക്ക് ചരിഞ്ഞു കിടക്കുന്ന ഗായത്രിയെ അവൻ കണ്ണിമയനക്കാതെ നോക്കി നിന്നു.

ആദ്യരാത്രിക്കായി റൂം മുഴുവനും മുല്ലപ്പൂക്കളും റോസാപ്പൂക്കളും കൊണ്ടും നന്നായി അലങ്കരിച്ചിരുന്നത് ശിവപ്രസാദ് നോക്കി കണ്ടു. താൻ വരുന്നത് വരെ അവൾക്കൊന്ന് കാത്തിരുന്നൂടായിരുന്നോ. ഇന്നത്തെ ദിവസം കുടിച്ചു നശിപ്പിക്കണ്ടെന്ന് കരുതി ഒരു തുള്ളി മദ്യം പോലും കഴിക്കാതെ അവരെ സന്തോഷിപ്പിച്ച ശേഷം അധികം വൈകിപ്പിക്കാതെ പെട്ടെന്നിങ്ങു വന്നത് തന്നെ ഗായത്രിയെ കാണാനുള്ള ആവേശത്തിലാണ്. ഇവിടെ വന്നപ്പോഴേക്കും അവൾ ഉറക്കം പിടിച്ചിരിക്കുന്നു.

“ഇന്ന് നിന്നെ ഉറക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല…” ആത്മഗതത്തോടെ ശിവപ്രസാദ് ഗായത്രിക്കരികിലായി ചേർന്ന് കിടന്ന് അവളെ കെട്ടിപ്പുണർന്നു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button