Novel

വരും ജന്മം നിനക്കായ്: ഭാഗം 60

രചന: ശിവ എസ് നായർ

“അച്ഛാ… എന്നെയൊന്നു നോക്ക് അച്ഛാ… അമ്മേ…” അവൾ ഇരുവരെയും നോക്കി വിളിച്ചു.

പെട്ടെന്ന് വേണു മാഷ് കൈ വീശി അവളുടെ മുഖത്ത് ആഞ്ഞടിച്ചു.

അപ്രതീക്ഷിതമായി കിട്ടിയ ആ അടിയിൽ ഗൗരി വേച്ചു വീഴാൻ പോയി.

“നിന്നെ ആദ്യമേ തല്ലി വളർത്താതെ ലാളിച്ചു വളർത്തിയതിന്റെ കുഴപ്പമാ എന്റെ മോളിപ്പോ അനുഭവിക്കുന്നത്.

നീ ഒരുത്തിയുടെ പിടിവാശി കാരണമാണ് ഞങ്ങളെല്ലാരും ഇന്നീ അവസ്ഥയിൽ ആകാൻ കാരണം. അന്നേ നീയങ്ങു ചത്തു തുലഞ്ഞ മതിയായിരുന്നു എന്ന് ഇപ്പോൾ തോന്നുവാ. എങ്കിൽ ഞങ്ങൾക്കെങ്കിലും സമാധാനം കിട്ടിയേനെ.” വേണു മാഷ് കലിയോടെ ഗൗരിയെ നോക്കി.

“അച്ഛാ… മതി… ഇതൊരു ഹോസ്പിറ്റൽ അല്ലെ. എല്ലാരും കാണുന്നു.” വിഷ്ണു അയാളെ സമാധാനിപ്പിക്കാനെന്നോണം അയാളുടെ കൈയ്യിൽ അമർത്തി പിടിച്ചു.

“ഇവിടെ ആയത് കൊണ്ടാ ഒരടിയിൽ നിർത്തിയത് ഞാൻ. നീയിവളെ എന്റെ മുന്നിൽ നിന്ന് വിളിച്ചോണ്ട് പോകാൻ നോക്ക്.” വേണു മാഷ് മുഖം തിരിച്ചു നിന്നു.

“നിങ്ങള് ഗായത്രിയെ കാണാൻ വന്നതല്ലേ. പോയി അവളെ കണ്ടിട്ട് വാ. അതുവരെ കുഞ്ഞിനെ ഞാൻ എടുക്കാം.” സുമിത്ര കുഞ്ഞിന് വേണ്ടി കൈനീട്ടിയപ്പോൾ വിഷ്ണു നിറ കണ്ണുകളോടെ മോളെ അവരുടെ കൈയ്യിൽ കൊടുത്തു.

അച്ഛൻ എതിരൊന്നും പറയാതിരുന്നതും അവനെ സന്തോഷിപ്പിച്ചു.

തന്നോടുള്ള വെറുപ്പ് കുഞ്ഞിനോട് കാണിക്കാത്തതിൽ ഗൗരിക്കും സമാധാനം തോന്നി.

തന്റെ മുകളിലൂടെ എങ്കിലും അച്ഛന്റേം അമ്മേടേം സ്നേഹം തിരിച്ചു പിടിക്കാമെന്ന പ്രതീക്ഷയായിരുന്നു അവൾക്ക്.

“വേണുവേട്ട… ദേ മോളെ നോക്കിയേ… ഗായത്രി കുഞ്ഞിലേ ഉള്ളത് പോലെ ഉണ്ട്.” ഇരുവരും അകത്തേക്ക് കയറിയതും സുമിത്ര കുഞ്ഞുമായി മാഷിന്റെ അരികിൽ വന്നു.

വേണും തല ചരിച്ചു കുഞ്ഞിനെ ഒന്ന് നോക്കി. അയാളുടെ ചുണ്ടിൽ ഒരു ചെറു ചിരി വിടർന്നു. അപ്പൂപ്പനെയും അമ്മുമ്മയെയും തിരിച്ചറിഞ്ഞത് പോലെ കുഞ്ഞി ചുണ്ടുകൾ വിടർത്തി മോള് ചിരിച്ചു. അത് കണ്ടതും അവരുടെ ഹൃദയം നിറഞ്ഞു.

മാഷ് അവരിൽ നിന്നും കുഞ്ഞിനെ വാങ്ങി നെറുകയിൽ അരുമയായി ചുംബിച്ചു.

***

“ഏട്ടത്തീ…” ബെഡിൽ മറുവശത്തേക്ക് ചരിഞ്ഞു കിടക്കുന്നവളെ നോക്കി വിഷ്ണു വിളിച്ചു.

“വിഷ്ണൂ… നീയോ.” അവന്റെ ശബ്ദം കേട്ട് ഗായത്രി പിന്തിരിഞ്ഞു നോക്കി.

“ഏട്ടത്തിയെ എന്റേട്ടൻ നന്നായി ഉപദ്രവിച്ചല്ലേ.” അവളുടെ കോലം കണ്ട് വിഷ്ണുവിന്റെ കണ്ണുകൾ നിറഞ്ഞു.

“ഹ്മ്മ്മ്… നിനക്ക് ഇവിടെ വരെ വന്ന് എന്നെയൊന്നു കാണാൻ തോന്നിയല്ലോ.” ഗായത്രി പുഞ്ചിരി തൂകി.

ചേച്ചിയുടെ അവസ്ഥ കണ്ട് കിടുങ്ങി നിൽക്കുകയാണ് ഗൗരി. ഇത്രയ്ക്കൊന്നും അവൾ പ്രതീക്ഷിച്ചതല്ല. ഭർത്താവ് ഭാര്യയെ എങ്ങനെയാ റേപ്പ് ചെയ്യുക എന്നൊക്കെ ചിന്തിച്ചാണ് അവൾ വന്നത് തന്നെ.

പക്ഷേ ഗായത്രിയുടെ ശരീരത്തിൽ കാണുന്ന മുറിപ്പാടുകൾ തന്നെ അവന്റെ ക്രൂരത വിളിച്ചോതി.

“ഏട്ടത്തിയോട് ഏട്ടൻ കാണിച്ച നെറികേടിന് എന്ത് ശിക്ഷ വേണമെങ്കിലും നൽകാം. കേസുമായി മുന്നോട്ടു പോകാൻ എന്റെ പിന്തുണ ഉണ്ടാവും ചേച്ചി. തെറ്റ് ചെയ്തവർ അതിന്റെ ശിക്ഷ അനുഭവിക്കണം എന്ന് തന്നെയാണ് എന്റെ തീരുമാനവും.

ഞങ്ങൾ ചെയ്ത തെറ്റിന്റെ ഫലം ഏട്ടത്തി കൂടി അനുഭവിക്കേണ്ടി വന്നതിൽ എനിക്ക് സങ്കടമുണ്ട്. അന്ന് അച്ഛന്റെയും അമ്മയുടെയും തണലിൽ ജീവിച്ചിരുന്നത് കൊണ്ട് എനിക്ക് ഇവളെ കല്യാണം കഴിക്കാൻ അവരുടെ പിന്തുണ ആവശ്യമായിരുന്നു. അമ്മ അവസരം നോക്കി അത് മുതലാക്കുമെന്നും കരുതിയില്ല.. അന്ന് ഗൗരി മനസ്സ് വച്ചിരുന്നെങ്കിലും ഇങ്ങനെ ഒന്നും നടക്കില്ലായിരുന്നു.” വിഷ്ണു അവളുടെ കൈകൾ കൂട്ടിപ്പിടിച്ചു കരഞ്ഞു.

“ഇങ്ങനെയൊക്കെ നടന്നത് ഒരു കണക്കിന് നന്നായി. അതുകൊണ്ട് നിന്റെ ഏട്ടന്റെ തനിനിറം പുറത്ത് വന്നല്ലോ. ഇനിയൊരു പെണ്ണും അവന്റെ ചതിയിൽ ചെന്ന് വീഴില്ലല്ലോ.” ഗായത്രി ഒന്ന് നെടുവീർപ്പിട്ടു.

“ഏട്ടത്തിക്ക് എന്ത് ആവശ്യം വന്നാലും എന്നെ വിളിക്കാം. ഞാൻ കൂടെയുണ്ടാവും.”

“നീയിനി എന്നെ ഏട്ടത്തി എന്ന് വിളിക്കണ്ട. ഞാൻ ഇപ്പോൾ നിന്റെ ഏട്ടന്റെ ഭാര്യ അല്ല. അതുകൊണ്ട് ചേച്ചി എന്ന് വിളിച്ചാൽ മതി.” ഗായത്രി പറഞ്ഞു.

“ഞാ… ഞാൻ… ഞാനിനി മുതൽ ചേച്ചി എന്ന് വിളിച്ചോളാം.” അത് പറയുമ്പോൾ അവന്റെ മിഴികൾ അവളുടെ ശൂന്യമായ കഴുത്തിലേക്ക് ആയിരുന്നു.

എത്ര പെട്ടെന്നാണ് ജീവിതം മാറി മറിഞ്ഞത്. നല്ലൊരാളെ ഭാര്യയായി കിട്ടിയിട്ടും സ്വന്തം ജീവിതം ഏട്ടൻ എറിഞ്ഞുടച്ചത് ഓർത്ത് വിഷ്ണുവിന് കടുത്ത വ്യഥ തോന്നി. ഇനി ഒന്നും പറഞ്ഞിട്ടോ ചെയ്തിട്ടോ കാര്യമില്ല. എല്ലാം കൈവിട്ട് പോയി. ഇനി വരുന്നിടത്തു വച്ച് കാണാം അത്ര തന്നെ.

വിഷ്ണുവിന് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയണമെന്ന് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ കാര്യങ്ങൾ ചോദിച്ചു അവളെ വീണ്ടും വിഷമിപ്പിക്കണ്ട എന്ന് കരുതി അവൻ മൗനം പാലിച്ചു.

“മോളെ കൊണ്ട് വന്നില്ലേ?” ഗായത്രി പെട്ടെന്ന് ഓർത്തത് പോലെ ചോദിച്ചു

“കൊണ്ട് വന്നു. പുറത്ത് അമ്മയുടെ കയ്യിലുണ്ട്. ഏട്ടത്തിക്ക് കാണണോ… സോറി… ചേച്ചിക്ക് കാണണോ മോളെ.” അബദ്ധം പിണഞ്ഞത് പോലെ അവൻ നാക്ക് കടിച്ചു.

“കൊണ്ട് വാ… പ്രസവിച്ചപ്പോ കണ്ടതാ അവളെ.” ഗൗരിയോടുള്ള ദേഷ്യവും വെറുപ്പും കൊച്ചു കുഞ്ഞിനോട് കാണിക്കാൻ പാടില്ലെന്ന് ഗായത്രിക്ക് അറിയാം.

അല്ലെങ്കിലും കുട്ടികളോട് ക്രൂരത കാണിക്കുകയും വെറുപ്പ് കാട്ടുകയും അവരെ ഉപദ്രവിക്കുകയും മറ്റും ചെയ്യുന്നതുമൊക്കെ ദുഷ്ട മനസ്സുള്ളവർക്ക് മാത്രേ പറ്റു. നല്ലത് ചിന്തിക്കുകയും നല്ലത് പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് അങ്ങനെയൊന്നും ആവാൻ കഴിയില്ല.

വിഷ്ണു മോളെ എടുത്തു കൊണ്ട് വരാൻ പുറത്ത് പോയപ്പോൾ ഗൗരി ചേച്ചിക്ക് അരികിലായി ഇരുന്നു.

“ചേച്ചിക്ക് എന്നോട് ദേഷ്യം ഉണ്ടോ?”

ഗായത്രി ഒന്നും മിണ്ടിയില്ല.

“എനിക്കറിയാം എന്നോട് വെറുപ്പായിരിക്കുമെന്ന്. അത്രയ്ക്ക് വലിയ തെറ്റാണല്ലോ ഞാൻ ചെയ്തതും. ഇനിയെങ്കിലും എന്നോട് ക്ഷമിച്ചൂടെ ചേച്ചിക്ക്. എന്റെ പൊട്ട ബുദ്ധിക്ക് തോന്നിയ ഓരോന്ന് ഞാൻ കാട്ടി കൂട്ടി. എല്ലാത്തിനും ചേച്ചിയുടെ കാല് പിടിച്ചു ഞാൻ ക്ഷമ ചോദിക്കാ. പ്ലീസ്…”

ഗൗരി അവളുടെ പാദങ്ങളിൽ തൊട്ടപ്പോൾ ഗായത്രി വെറുപ്പോടെ കാല് പിന്നോട്ട് വലിച്ചു.

“ചേച്ചി… എന്റെ തെറ്റ് തിരിച്ചറിഞ്ഞു ഞാൻ ക്ഷമ ചോദിച്ചില്ലേ?”

“ഒന്ന് ഇറങ്ങി പോകുന്നുണ്ടോ ഇവിടുന്ന്. എനിക്ക് കുറച്ചു സമാധാനം വേണം.” ഗായത്രി സഹികെട്ടു പറഞ്ഞു.

“ചേച്ചിക്ക് എന്നെ കാണുന്നതേ വെറുപ്പാണല്ലോ. പക്ഷെ ഒരു കാര്യം ചേച്ചി മറക്കരുത്, ചേച്ചി എന്നോട് കൊന്ന് കളയാൻ പറഞ്ഞ കുഞ്ഞിനെയാണ് ഇപ്പോ കാണണമെന്ന് പറഞ്ഞത്. അവളെ നൊന്തു പ്രസവിച്ച എന്നോട് കുറച്ചു കരുണ കാണിക്കാം…” ഗൗരിയെ മുഴുമിക്കാൻ ഗായത്രി അനുവദിച്ചില്ല.

“ഛീ… നിർത്തടി… അന്ന് അങ്ങനെ പറഞ്ഞതിൽ എനിക്കൊരു കുറ്റബോധവും ഇതുവരെ തോന്നിയിട്ടില്ല. നീയാണ് വയറ്റിൽ കുരുത്ത ജീവനെ വച്ച് നാടകം കളിച്ചത്. എന്നിട്ട് ഒടുവിൽ നിന്റെ കാര്യം സാധിച്ചു കഴിഞ്ഞപ്പോൾ അതിനെ നശിപ്പിക്കണമെന്ന് അവനോട് പറഞ്ഞത് ഞാനും കേട്ടത. വിഷ്ണുവിന്റെ പിടിവാശി ഒന്ന് കൊണ്ട് മാത്രം ആ കുഞ്ഞ് പുറംലോകം കണ്ടത്.

അതുകൊണ്ട് എന്നോട് ന്യായീകരിക്കാൻ വരരുത് നീ. നിന്നെ പോലെ ഒരു വൃത്തികെട്ട പെണ്ണിനെ എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. സ്വന്തം കൂടപ്പിറപ്പിന്റെ ജീവിതം വച്ചാ നീ കളിച്ചത്.” ഗായത്രി കിതപ്പടക്കി.

ഗൗരിയുടെ മുഖം താഴ്ന്നു.

“ശിവേട്ടൻ സ്വഭാവം ശരിയല്ലെന്ന് തോന്നിയെങ്കിൽ ചേച്ചിക്ക് ഒരു മുൻകരുതൽ എടുക്കാമായിരുന്നു. എങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നല്ലോ. ഇതിപ്പോ എല്ലാരും അറിഞ്ഞു നാണക്കേട് ആയില്ലേ. പെട്ടെന്നൊരു ദിവസം ആരും കേറി റേപ്പ് ചെയ്യില്ലല്ലോ. ആദ്യമേ ആ ബന്ധം ശരിയല്ല എന്ന് തോന്നിയെങ്കിൽ ചേച്ചിക്ക് ഉപേക്ഷിച്ചു പോകായിരുന്നു. ആരും ഒന്നും പറയാൻ വരില്ലായിരുന്നല്ലോ.”

“നിന്നോട് ഞാൻ അഭിപ്രായം ചോദിച്ചില്ല. എനിക്കറിയാം എന്താ വേണ്ടതെന്ന്.”

“നമ്മുടെ നാട്ടിലെ നിയമങ്ങൾ ചേച്ചിക്ക് അറിയാലോ. വെറുതെ കോടതി കേറി ഇറങ്ങി സ്വയം നാണം കെടേണ്ടി വരും. അതിനേക്കാൾ നല്ലത് ഡിവോഴ്സ് വാങ്ങി ചേച്ചിക്ക് ചേച്ചിയുടെ ജീവിതം നോക്കുന്നതല്ലേ.” ഗൗരി തന്റെ മനസ്സിൽ തോന്നിയത് പറഞ്ഞു.

“ആ നാണക്കേട് ഞാൻ സഹിച്ചോളാം. അനിയത്തിയുടെ ഗർഭം ഒളിപ്പിക്കാൻ വേണ്ടിയാണ് എനിക്കയാളെ വിവാഹം കഴിക്കേണ്ടി വന്നതെന്ന് ഞാൻ എല്ലാവരോടും വിളിച്ചു പറയട്ടെ. അപ്പോ എന്നേക്കാൾ നാണക്കേട് ആവും നിനക്ക്. പിന്നെ നാട്ടിലൂടെ നടക്കാൻ നീ മടിക്കും. ഇപ്പോൾ തന്നെ കൊച്ചിനേം കൊണ്ട് ഒളിച്ചു ജീവിക്കുന്നത് പോലെയല്ലേ നീ കഴിയുന്നത്. നീ സ്വയം വരുത്തി വച്ച നാണക്കേട് ഒന്നും എന്തായാലും എനിക്കില്ല.

നീ ഇതൊക്കെ പറയുന്നതിന്റെ ഉദ്ദേശം എനിക്ക് മനസ്സിലായി. ഇത് ഇനി പോലിസ് കേസും വഴക്കും ആയാൽ നിനക്ക് കൂടി നാണക്കേട് വരുമെന്ന് ഓർത്തല്ലേ നിന്റെ ടെൻഷൻ. പിന്നെ ആ വീട്ടിൽ അല്ലെ നിനക്ക് ഇനി ജീവിക്കേണ്ടതും. അപ്പോ അവരുടെ കുത്തുവാക്കും നീ കേൾക്കേണ്ടി വരും. അതൊക്കെ ഒഴിവാക്കാൻ അല്ലെ നീ ഇങ്ങനെ വളച്ചു കെട്ടി പറഞ്ഞു വരുന്നത്. നിന്റെ മനസ്സിലിരിപ്പ് ഞാൻ കേസ് പിൻവലിക്കണം എന്നായിരിക്കുമെന്ന് എനിക്കറിയാം.. ആ അടവ് എന്റെ അടുത്ത് വേണ്ട.

ആ വീട്ടിൽ അമ്മായി അമ്മയുടെ കുത്തുവാക്കുകൾ കേട്ട് തന്നെ നീ ജീവിക്കണം. ഒരു രണ്ട് വർഷം കഴിഞ്ഞാൽ വിഷ്ണു ഗൾഫിൽ പോകുമെന്ന് എന്നോട് പറഞ്ഞിരുന്നു. അവൻ പോയാൽ വീണ്ടും ആ വീട്ടിൽ തന്നെ നിനക്ക് നിൽക്കണം. നിന്നെ അവർ കൊല്ലാകൊല ചെയ്യും. ഇതൊക്കെ നീ സഹിക്കേണ്ടി വരും ഗൗരി. നിന്റെ ലൈഫ് സേഫ് ആക്കാൻ വേണ്ടി ഒരു വിട്ട് വീഴ്ചയ്ക്കും ഞാൻ തയ്യാറല്ല. നിന്റെ കാര്യങ്ങൾ എനിക്ക് അറിയുകയും വേണ്ട. എന്നോട് നീ മാപ്പ് ചോദിക്കുന്നതിൽ ആത്മാർത്ഥയും ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അതുകൊണ്ട് ഇവിടെ നിന്ന് നേരം കളയണമെന്നില്ല.”

തന്റെ മനസ്സിലുണ്ടായിരുന്ന കാര്യങ്ങൾ അതേപോലെ ഗായത്രി പറഞ്ഞത് കേട്ടപ്പോൾ ഗൗരിയുടെ മുഖം വിളറി പോയി.

പക്ഷേ അവൾ മാപ്പ് ചോദിച്ചത് സ്വന്തം തെറ്റ് മനസ്സിലാക്കിയിട്ട് തന്നെയായിരുന്നു. പക്ഷേ അതും ചേച്ചി തെറ്റിദ്ധരിച്ചുവെന്ന് ഗൗരിക്ക് മനസ്സിലായി. ഇനി ഒരിക്കലും തന്നെ ചേച്ചി വിശ്വസിക്കില്ല എന്ന് അവളജ്ജ് തോന്നി.

“കുറച്ചു മുൻപ് അഖിലേട്ടൻ ഇവിടുന്ന് ഇറങ്ങി പോകുന്നത് ഞാൻ കണ്ടു.” ഗൗരി പറഞ്ഞത് കേട്ട് ഗായത്രി അവളെ ഒന്നും നോക്കി.

ഇത്രയും കേട്ടിട്ടും ഇനി ഇവൾക്ക് അഖിലിനെ കുറിച്ച് എന്താണാവോ പറയാനുള്ളതെന്ന് ഗായത്രി ചിന്തിച്ചു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!