വരും ജന്മം നിനക്കായ്: ഭാഗം 61
രചന: ശിവ എസ് നായർ
“കുറച്ചു മുൻപ് അഖിലേട്ടൻ ഇവിടുന്ന് ഇറങ്ങി പോകുന്നത് ഞാൻ കണ്ടായിരുന്നു.” ഗൗരി പറഞ്ഞത് കേട്ട് ഗായത്രി അവളെ ഒന്നും നോക്കി.
ഇത്രയും കേട്ടിട്ടും ഇനി ഇവൾക്ക് അഖിലിനെ കുറിച്ച് എന്താണാവോ പറയാനുള്ളതെന്ന് ഗായത്രി ചിന്തിച്ചു.
“എന്നെ കാണാൻ ഇവിടെ പലരും വന്ന് പോയെന്നിരിക്കും. അതിന് നിനക്കെന്താ?” ഗായത്രി ദേഷ്യത്തോടെ ചോദിച്ചു.
“അല്ല… ആ ചേട്ടന് ചേച്ചിയോട് ഇപ്പോഴും പഴയ സ്നേഹമുണ്ടെങ്കിൽ ചേച്ചിക്ക് ശിവേട്ടനെ ഡിവോഴ്സ് ചെയ്തിട്ട് നിങ്ങൾക്ക് കല്യാണം കഴിച്ചു ഒരുമിച്ച് ജീവിക്കാലോ. അപ്പോൾ പിന്നെ ഞാൻ കാരണം ചേച്ചിക്ക് സ്വന്തം ജീവിതം തകർന്നുവെന്ന വിഷമം തോന്നില്ല. ചേച്ചി ഇഷ്ടപ്പെട്ടവനെ തന്നെ കെട്ടിയാൽ എനിക്കും സമാധാനം ആകും.” താൻ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങളൊന്നും മനസ്സിലാക്കാതെ ഗൗരി എത്ര നിസ്സാരമായിട്ടാണ് ഓരോന്ന് പറയുന്നതെന്ന് കേട്ടപ്പോൾ അവൾക്ക് വിറഞ്ഞു കയറി.
“ഇനിയൊരക്ഷരം നീ മിണ്ടരുത്. ഇപ്പോ തന്നെ ഇവിടുന്ന് ഇറങ്ങി പൊയ്ക്കോ. അല്ലെങ്കിൽ എന്റെ കാലിൽ കിടക്കുന്ന ചെരിപ്പൂരി ഞാൻ അടിക്കും.” ഗായത്രി കിടന്നിടത്തു നിന്ന് ചാടി എഴുന്നേറ്റു.
അവളുടെ ദേഷ്യം കണ്ട് ഗൗരി ഭയന്ന് പിന്നോട്ട് രണ്ടടി വച്ച് പോയി.
“നിന്നോട് ഇറങ്ങി പോകാനാ ഞാൻ പറഞ്ഞത്.” ഗായത്രി അലറിയതും അവൾ പേടിച്ചു പുറത്തേക്കിറങ്ങി പോയി.
ഗൗരി വെപ്രാളപ്പെട്ട് ഇറങ്ങി പോകുന്നത് കണ്ട് കൊണ്ടാണ് വിഷ്ണു കുഞ്ഞുമായി അകത്തേക്ക് വന്നത്. അവർ തമ്മിൽ വഴക്ക് നടന്നിട്ടുണ്ടെന്ന് ഗൗരിയുടെ മുഖം കണ്ടപ്പോൾ അവൻ ഊഹിച്ചു.
“ചേച്ചി… ഇതാ മോള്…” വിഷ്ണു കുഞ്ഞിനെ ഗായത്രിയുടെ കയ്യിലേക്ക് വച്ച് കൊടുത്തു.
ഗായത്രി സന്തോഷത്തോടെ ഇരു കൈയ്യും നീട്ടി കുഞ്ഞിനെ വാങ്ങി.
“മൂന്ന് മാസം കഴിഞ്ഞല്ലേ…” അവൾ ചോദിച്ചു.
“ആഹ് ചേച്ചി…”
“വാശിക്കാരി ആണോ?”
“ഏയ് അല്ല… ഇവൾ ചേച്ചിയെ പോലെ പാവാ.” വിഷ്ണു നിഷ്കളങ്കമായി പറഞ്ഞു.
അത് കേട്ടപ്പോൾ ഗായത്രിയുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.
കുറച്ചു സമയം കൂടി ഗായത്രിക്കൊപ്പം സംസാരിച്ചിരുന്നിട്ട് വിഷ്ണു ഗൗരിയെയും കൂട്ടി മടങ്ങിപോയി.
***
ശിവപ്രസാദിനെ ഇന്നാണ് കോടതിയിൽ ഹാജരാക്കുന്നത്. അവനെ ജാമ്യത്തിൽ എടുക്കാൻ വരാനിരിക്കുന്ന വക്കീലിന് മറ്റെന്തോ എമർജൻസി ഹോസ്പിറ്റലിൽ കേസ് വന്നതിനാൽ അവന്റെ ജാമ്യത്തിനായി കോടതിയിൽ എത്താൻ കഴിയില്ലെന്ന് അറിഞ്ഞപ്പോൾ സുധാകരന് നിരാശ തോന്നി.
വേറൊരു വക്കീലിനെ കണ്ടെത്താനുള്ള സമയമില്ലാത്തത് കൊണ്ട് ഇനി വരുന്നത് പോലെ വരട്ടെ എന്ന് അയാൾ വിചാരിച്ചു. ഊർമിളയ്ക്ക് പക്ഷേ തന്റെ മകൻ ജയിലിൽ പോകുന്നത് ഓർത്തിട്ട് സഹിക്കാൻ കഴിഞ്ഞില്ല. അവർ ഒരേ കരച്ചിൽ തന്നെയായിരുന്നു.
****
നേരം വെളുക്കുന്നത് വരെ ശിവപ്രസാദ് ലോക്കപ്പിനുള്ളിൽ ഉടുതുണി ഒന്നുമില്ലാതെയാണ് ഇരുന്നത്. പിന്നെ യൂറിൻ ബാഗ് നിറഞ്ഞപ്പോൾ അത് കളയാൻ പുറത്തേക്ക് പോണമെന്ന് അവൻ ഒരു കോൺസ്റ്റബിളിനോട് പറഞ്ഞപ്പോൾ അയാൾ അവന്റെ പാന്റും ഷർട്ടും എടുത്തു കൊടുത്തു.
രാത്രി മുഴുവനും തുണി ഇല്ലാതെ തണുത്തു വിറച്ചു ഇരുന്നതിനാൽ തിരികെ വസ്ത്രങ്ങൾ ഇടാൻ കിട്ടിയപ്പോൾ അവന് എന്തെന്നില്ലാത്ത ആശ്വാസം തോന്നി.
തന്നെ ജാമ്യത്തിൽ എടുക്കാൻ അച്ഛൻ വക്കീലിനെയും കൊണ്ട് വരുമെന്ന പ്രതീക്ഷയിൽ ആണ് ശിവപ്രസാദ് ഒരു രാത്രി മുഴുവനും എങ്ങനെയൊക്കെയോ അവിടെ കഴിച്ചു കൂട്ടിയത്.
എട്ട് മണി കഴിഞ്ഞപ്പോൾ എസ് ഐ രാധിക സ്റ്റേഷനിലേക്ക് കയറി വന്നു. വന്ന ഉടനെ അവർ കോൺസ്റ്റബിൾ സുരേഷിനെ അടുത്തേക്ക് വിളിച്ചു.
“കോടതിയിലേക്ക് കൊണ്ട് പോകുന്നതിന് മുൻപ് അവനെ നന്നായി ഒന്ന് പെരുമാറിയേക്ക് സുരേഷേ.”
“ശരി മാഡം…” സുരേഷ് തലയാട്ടി കൊണ്ട് പുറത്തേക്ക് പോയി.
പുറമേക്ക് മുറിവോ ചതവോ ഒന്നും കാണാത്ത രീതിയിൽ സുരേഷ്, ശിവപ്രസാദിനെ നന്നായി തന്നെ കൈകാര്യം ചെയ്തിരുന്നു. അതോടെ അവനു ഒന്ന് നിവർന്നു നിൽക്കാൻ പോലും ശക്തി ഇല്ലാതായി.
പത്തു മണിക്ക് ശിവപ്രസാദിനെ കോടതിയിലേക്ക് കൊണ്ട് പോകുമ്പോൾ സുധാകരനും ഊർമിളയും അവനെ കാണാനായി വന്നിരുന്നു.
ഊർമിളയാണ് അയാളെ നിർബന്ധിച്ചു കൂടെ കൊണ്ട് വന്നത്. തലേന്ന് സ്റ്റേഷനിൽ നിന്ന് നാണംകെട്ട് പുറത്ത് പോകേണ്ടി വന്നത് കൊണ്ട് സുധാകരന് ഇന്നും അവിടേക്ക് വരാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതുകൊണ്ട് അയാൾ കാറിൽ തന്നെ ഇരുന്നു. അവനെ കോടതിയിലേക്ക് കൊണ്ട് പോകാൻ ജീപ്പിലേക്ക് കയറ്റുന്നതിന് മുൻപായി ഊർമിള മോന്റെ അടുത്തേക്ക് കരഞ്ഞു കൊണ്ട് വന്നു.
“എടാ… മോനെ… നിനക്ക് ജാമ്യം എടുക്കാൻ വരാനിരുന്ന വക്കീലിന് ഇന്ന് വരാൻ പറ്റില്ല. അയാളുടെ ആരോ സീരിയസ് ആയിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണെന്ന് അറിഞ്ഞിട്ട് അയാൾ അങ്ങോട്ട് പോയി. ഇന്ന് രാവിലെ ആണ് അയാൾ അത് വിളിച്ചു പറഞ്ഞത്. അച്ഛന് പെട്ടെന്ന് വേറെ ആരെയും ശരിയാക്കാൻ പറ്റിയില്ല.”
ഊർമിളയുടെ വാക്കുകൾ കേട്ട് അവന്റെ മനസ്സിടിഞ്ഞു.
“അയ്യോ അമ്മേ… ജാമ്യം എടുത്തില്ലെങ്കിൽ പതിനാല് ദിവസത്തേക്ക് എനിക്ക് ജയിലിൽ തന്നെ കിടക്കേണ്ടി വരും.” ശിവപ്രസാദ് ധർമ്മ സങ്കടത്തിലായി.
“നിന്നെ പോലീസുകാർ കുറേ ഉപദ്രവിച്ചോ മോനെ? ” കൂനിപ്പിടിച്ചുള്ള അവന്റെ നിൽപ്പ് കണ്ട് ഊർമിള ചോദിച്ചു.
അവന്റെ അതിനു മറുപടിയായി ഒന്ന് മൂളിയതേ ഉള്ളു.
“നിന്നെ ഈ ഗതിയിലാക്കിയ ആ നശിച്ചവള് ഒരിക്കലും ഗുണം പിടിക്കാൻ പോണില്ല.” ഊർമിള തലയിൽ കൈ വച്ച് പ്രാകി.
“അതെ… സംസാരിച്ചത് മതി… ഞങ്ങൾക്ക് കോടതിയിൽ പോകാൻ നേരമായി.” സുരേഷ് വന്ന് അവരോട് പറഞ്ഞതും ഊർമിള മകനെ ഒന്ന് നോക്കിയിട്ട് കണ്ണ് തുടച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി പോയി.
**
ശിവപ്രസാദിനെ കോടതിയിൽ ഹാജരാക്കി. തെളിവുകളുടെ അടിസ്ഥാനത്തിൽ അവനെ കോടതി പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കോടതിയിൽ നിന്നും ശിവപ്രസാദിനെ പോലീസുകാർ സബ് ജയിലിലേക്ക് കൊണ്ട് പോയി.
തന്റെ പ്രിയപ്പെട്ട മകൻ കുറ്റവാളിയെ പോലെ ജീപ്പിന് പിന്നിൽ തല കുനിച്ചിരുന്ന് പോകുന്നത് കണ്ട് ഊർമിളയുടെ ഹൃദയം പിടഞ്ഞു.
ശിവപ്രസാദ് വളരെയധികം നിരാശനായി കാണപ്പെട്ടു. തനിക്ക് ജയിലിലേക്ക് പോകേണ്ടി വരുമെന്ന് അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. ഇതോടെ തന്റെ കരിയർ നശിച്ചുവെന്ന സത്യം വേദനയോടെ അവൻ തിരിച്ചറിഞ്ഞു.
ജയിലിൽ നിന്ന് പുറത്തിറങ്ങിയാലും മറ്റുള്ളവരെ എങ്ങനെ ഫേസ് ചെയ്യുമെന്ന് ഓർത്ത് അവന് ആധിയായി. ഭാര്യയെ പീഡിപ്പിച്ചവൻ എന്ന പേര് കിട്ടിയത് കൊണ്ട് തനിക്കിനി ഒരു ജീവിതവും കിട്ടാൻ പോകുന്നില്ല. നാണക്കേട് കാരണം ഇനി ഓഫീസിൽ പോകാൻ കഴിയില്ല, അവിടെ എല്ലാവരുടെയും മുന്നിൽ താൻ അത്രയ്ക്കും മാന്യൻ ആയിരുന്നു. ഒരു ദിവസം കൊണ്ടാണ് അതെല്ലാം തകിടം മറിഞ്ഞത്.
ഗായത്രിയുടെ കയ്യിൽ എനിക്കെതിരെ തെളിവുകൾ ഉണ്ട്. അതവൾ കോടതിയിൽ സമർപ്പിക്കും. ശിക്ഷ കിട്ടി അകത്തു പോയാൽ മാനം പോകും. ഈ കുരുക്കിൽ നിന്ന് രക്ഷപെടാൻ തനിക്ക് ഒരു മാർഗവും ഇല്ലല്ലോ എന്നോർത്ത് ശിവപ്രസാദ് മുഖം താഴ്ത്തി ഇരുന്നു.
ഒരുവേള ഈ ജീവിതം അവസാനിപ്പിച്ചാലോ എന്ന് പോലും അവൻ ചിന്തിച്ചു. ജീപ്പിന് പിന്നിൽ വരുന്ന വണ്ടികൾ കണ്ടപ്പോൾ ശിവപ്രസാദിന്റെ ചിന്തകൾ കലങ്ങി മറിഞ്ഞു. ജയിലിൽ പോകുന്നതിനെ കുറിച്ച് അവന് ഓർക്കാനേ കഴിയില്ല. ഇന്നലെ ഒരു ദിവസം ലോക്കപ്പിൽ കഴിച്ചു കൂട്ടിയത് തന്നെ കഷ്ടപ്പെട്ടാണ്. ജീവിതത്തിൽ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത നാണക്കേടും വേദനയും ഇന്നും ഇന്നലെയും ആയിട്ട് താൻ അനുഭവിക്കുകയാണ്. പത്രങ്ങളും സോഷ്യൽ മീഡിയകളും തന്നെ പ്രതിയായി കണ്ട് വലിച്ചു കീറാൻ തുടങ്ങും. അതെല്ലാം കൂടി ആലോചിച്ചപ്പോൾ തന്നെ അവന് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി.
എന്തെങ്കിലും ചെയ്തേ പറ്റു… പക്ഷേ ജയിലിൽ കിടക്കുമ്പോ താൻ നിസ്സഹായനാണ്. ഒന്നും ചെയ്യാൻ കഴിയില്ല.
എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലെ അവന്റെ മുഖം വലിഞ്ഞു മുറുകി. അവൻ തനിക്ക് എതിർ വശത്ത് ഇരിക്കുന്ന പോലീസുകാരെ നോക്കി. അവർ മറ്റെന്തൊക്കെയോ പറഞ്ഞ് ചിരിക്കുകയാണ്. ഇരുവരും തന്നെ ശ്രദ്ധിക്കുന്നില്ല എന്നവൻ ഉറപ്പ് വരുത്തി.
ശേഷം ശിവപ്രസാദ് ശ്വാസമൊന്ന് ആഞ്ഞു വലിച്ച് തയ്യാറെടുത്തു. പിന്നെ കണ്ണടച്ച് തുറക്കുന്ന നിമിഷം കൊണ്ട് അവൻ ജീപ്പിൽ നിന്നും റോഡിലേക്ക് എടുത്തു ചാടി. പിന്നിൽ വന്ന വണ്ടി ശിവപ്രസാദിനെ ഞൊടിയിടയിൽ ഇടിച്ചിടുകയും ചെയ്തു…..കാത്തിരിക്കൂ………