വരും ജന്മം നിനക്കായ്: ഭാഗം 62
രചന: ശിവ എസ് നായർ
കണ്ണടച്ച് തുറക്കുന്ന നിമിഷം കൊണ്ട് അവൻ ജീപ്പിൽ നിന്നും റോഡിലേക്ക് എടുത്തു ചാടി. പിന്നിൽ വന്ന വണ്ടി ശിവപ്രസാദിനെ ഞൊടിയിടയിൽ ഇടിച്ചിടുകയും ചെയ്തു.
മുന്നിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിൽ നിന്നും അപ്രതീക്ഷിതമായി കാറിന് മുന്നിലേക്ക് എടുത്ത് ചാടിയ ആളിനെ കണ്ട് ഡ്രൈവർ സഡൻ ബ്രേക്ക് ഇട്ടെങ്കിലും അപ്പോഴേക്കും കാർ അവനെ ഇടിച്ചിരുന്നു.
ഒരു നിമിഷം ട്രാഫിക് ജാമായി. മുകളിലേക്ക് ഒന്ന് ഉയർന്ന് പൊങ്ങി ഇടിച്ച വണ്ടിക്ക് മുൻപിൽ തന്നെ ശിവപ്രസാദ് വീണ് കിടന്നു. അവന്റെ ശിരസ്സ് റോഡിൽ അടിച്ചിട്ട് പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു.
പിന്നാലെ വന്ന വണ്ടിക്ക് മുൻപിലേക്ക് എടുത്തു ചാടിയ പ്രതിയെ കണ്ട് പോലീസുകാർ പരിഭ്രമിച്ചു പോയി. ആവർ വേഗം ജീപ്പ് സൈഡ് ആക്കി നിർത്തി.
ശിവപ്രസാദിന് ബോധം നഷ്ടമായിരുന്നു. കാർ ഡ്രൈവർ ആകെ പേടിച്ചരണ്ടു നിൽക്കുകയാണ്. പോലീസുകാർക്ക് അയാളെയും കുറ്റം പറയാൻ പറ്റാത്ത അവസ്ഥയാണ്. തങ്ങൾ പോലും ഇങ്ങനെ പ്രതീക്ഷിച്ചില്ല. അവൻ ചാടുന്നത് കണ്ട് പിടിക്കാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും അവൻ റോഡിലേക്ക് വീണ് കഴിഞ്ഞിരുന്നു.
പോലീസുകാർ ഉടനെ ആംബുലൻസ് വിളിച്ചു വരുത്തി. അടുത്തുള്ള ജില്ലാ ആശുപത്രിയിലേക്ക് ശിവപ്രസാദിനെ കൊണ്ട് പോകാനുള്ള ഏർപ്പാടുകൾ ചെയ്തു. അവിടെ തന്നെയാണ് ഗായത്രിയും അഡ്മിറ്റ് ആയിട്ടുള്ളത്.
***
ശിവപ്രസാദിന്റെ ആക്‌സിഡന്റ് വാർത്ത അധികം വൈകാതെ തന്നെ എല്ലാവരും അറിഞ്ഞിരുന്നു. ഗായത്രിക്ക് അത് കേട്ടിട്ടും പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. അവൻ ജയിലിലേക്ക് പോയില്ലല്ലോ എന്നോർത്ത് മാത്രം ഒരു വിഷമം തോന്നി.
മകൻ വണ്ടി ഇടിച്ചു ആശുപത്രിയിൽ ആണെന്ന് അറിഞ്ഞതും ഊർമിള നിലവിളിച്ചു കൊണ്ട് അവിടേക്ക് പാഞ്ഞു വന്നു. ശിവപ്രസാദ് തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്നു.
ഇരുപത്തി നാല് മണിക്കൂർ ഒബ്സെർവേഷൻ കഴിഞ്ഞാൽ മാത്രമെ വാർഡിലേക്ക് മാറ്റു. തലയ്ക്കു പിന്നിൽ എട്ട് സ്റ്റിച് ഉണ്ട്. നെറ്റിയിൽ നാലെണ്ണം. ഇടത് കാലിനും പൊട്ടലുണ്ട്.
ഇതുവരെ ബോധം വരാത്തത് കൊണ്ട് പേഷ്യന്റിന്റെ കണ്ടിഷൻ പറയാൻ പറ്റില്ലെന്ന് ആണ് ഡോക്ടർ പറഞ്ഞത്. തലയക്ക് ഏറ്റ മുറിവ് അത്ര മാരകമല്ലെങ്കിലും മറ്റെന്തെങ്കിലും പ്രശ്നം അത് കൊണ്ട് ഉണ്ടാകുമോ എന്ന് ബോധം വന്നാലേ പറയാൻ പറ്റുള്ളൂ എന്നാണ് അവനെ പരിശോധിച്ച ഡോക്ടർ ടെ നിഗമനം.
ഊർമിള പതം പറഞ്ഞ് കരഞ്ഞു കൊണ്ട് ആശുപത്രി വരാന്തയിൽ തന്നെ കുഴഞ്ഞു വീണു. ഒടുവിൽ അവരെ സ്‌ട്രെചറിൽ എടുത്തു കിടത്തി കാഷ്വലിറ്റിയിൽ കൊണ്ട് പോയി ഡ്രിപ് ഇടേണ്ടി വന്നു.
മനസാന്നിധ്യം കൈവിടാതെ സുധാകരൻ ആണ് എല്ലാത്തിനും ഓടി നടന്നത്. മക്കൾ എത്രയൊക്കെ തെറ്റ് ചെയ്താലും അവർക്ക് എന്തെങ്കിലും സംഭവിക്കുന്നത് അച്ഛനമ്മമാരെ തളർത്തും. ശിവപ്രസാദ് ജീപ്പിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന് കേട്ടപ്പോൾ മുതൽ അയാളുടെ മനസ്സ് നീറുന്നതാണ്. സ്വന്തം തെറ്റിൽ പശ്ചാത്താപം തോന്നിയായിരിക്കും അവൻ അങ്ങനെ ചെയ്തതെന്ന് അയാൾ കരുതിയപ്പോൾ, ഊർമിള പറഞ്ഞത് ഒരു തെറ്റും ചെയ്യാത്ത എന്റെ മോനെ ഗായത്രി കള്ള കേസ് കൊടുത്തു പോലീസിനെ കൊണ്ട് പിടിപ്പിച്ചത് കൊണ്ടാണ് അവൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത് എന്നാണെന്ന് ആണ്.
അതിൽ ഒരു സത്യവും ഇല്ലെന്ന് സുധാകരന് അറിയാം. സ്വന്തം മകന്റെ തെറ്റ് മറച്ചു വയ്ക്കാൻ ആണ് ഊർമിള ശ്രമിക്കുന്നത്. പക്ഷേ സുധാകരന് അവൻ തെറ്റ് ചെയ്തുവെന്ന് നല്ല ബോധ്യമുണ്ട്. നാണക്കേടും അപമാനവും മകനെ തകർത്ത് കാണുമെന്ന് അയാൾ ഊഹിച്ചു.
***
ഐ സി യു വിന് ഉള്ളിൽ കയറി ഊർമിളയും സുധാകരനും ശിവപ്രസാദിനെ കണ്ടു. അവൻ ബോധമില്ലാതെ കണ്ണുകൾ അടച്ച് കിടക്കുന്നത് കണ്ട് ഊർമിള വാവിട്ട് കരഞ്ഞു.
“സുധേട്ടാ… കണ്ടില്ലേ നമ്മുടെ മോൻ… ഒരു തെറ്റും ചെയ്യാത്ത അവനെയാണ് ആ ദുഷ്ട ഈ അവസ്ഥയിൽ ആക്കിയത്. എന്റെ മോൻ തെറ്റ് ചെയ്തിരുന്നെങ്കിൽ ഒരിക്കലും ആത്മഹത്യയ്ക്ക് ശ്രമിക്കില്ലായിരുന്നു. ചെയ്യാത്ത കുറ്റത്തിന് ജയിലിൽ പോകുന്നതിനേക്കാൾ മരിക്കുന്നത് ആയിരിക്കും നല്ലതെന്ന് അവന് തോന്നിക്കാണും. അതിൽ അവനെ തെറ്റ് പറയാനും ഒക്കില്ല. നമ്മുടെ മോനെ ജാമ്യത്തിൽ ഇറക്കാൻ നിങ്ങളും ഉത്സാഹം കാണിച്ചില്ലല്ലോ.” സാരിതുമ്പ് കൊണ്ട് ഊർമിള മുഖം പൊത്തി.
“ഇവിടെ കിടന്ന് ഇങ്ങനെ ഒച്ചപ്പാടും ബഹളവും ഉണ്ടാക്കാതെ നീയൊന്ന് മിണ്ടാതിരിക്ക് ഊർമിളെ. ഈ സമയവും അവൻ ചെയ്ത തെറ്റ് അംഗീകരിക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്താൻ ആണ് നീ ശ്രമിക്കുന്നത്.” സുധാകരൻ പറഞ്ഞത് കേട്ട് അവർക്ക് ദേഷ്യം വന്നു.
“നിങ്ങക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ലേ മനുഷ്യാ. പോലീസുകാർ പറഞ്ഞത് പോലെ അത്ര വലിയ ഭീകര പ്രശ്നമൊന്നും അവന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ഗായത്രി വെറുതെ അങ്ങോട്ട് അവനെ കേറി ചൊറിഞ്ഞിട്ട് വാങ്ങിച്ചു കൂട്ടിയതാവും. അല്ലെങ്കിലും ഒരു ഭാര്യേടെ കടമ അവൾ ചെയ്തിട്ടില്ല. അതുകൊണ്ട് നമ്മുടെ മോനെ അത്രയ്ക്ക് അങ്ങോട്ട് അടച്ചാക്ഷേപിക്കണ്ട.”
“നിന്നോട് തർക്കിക്കാൻ ഞാൻ ഇല്ല. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. ഇവിടെ ഇങ്ങനെ കരഞ്ഞു കൂവി ഇരുന്നിട്ട് വീണ്ടും പ്രെഷർ കുറഞ്ഞു തല ചുറ്റി വീണാൽ എടുത്തു കൊണ്ട് ഓടാൻ എന്നെ കിട്ടില്ല. മനുഷ്യൻ ഇവിടെ ആകെ നാണംകെട്ട് നാറി തൊലി ഉരിഞ്ഞു നിൽക്കുവാ.
അവൻ തെറ്റ് ചെയ്തത് കൊണ്ടാണ് ഇപ്പോ ഇങ്ങനെയൊക്കെ ഉണ്ടായത്. അത് മനസ്സിലാക്കി പക്വതയോടെ പെരുമാറാൻ നോക്ക്.” സുധാകരൻ ദേഷ്യം ഭാവിച്ചു.
“നിങ്ങളും കണ്ടതല്ലേ അവന്റെ കിടപ്പ്. ബോധം പോലും വന്നിട്ടില്ല. പെറ്റ വയറല്ലേ. എനിക്കും ദണ്ണം കാണില്ലേ. എന്തായാലും അവളെ ഞാൻ വെറുതെ വിടില്ല. എന്റെ മോനെ ഇങ്ങനെ കിടത്തിയ അവൾക്ക് ഞാൻ സ്വസ്ഥത കൊടുക്കില്ല. അവൾടെ മോന്ത്യ്ക്ക് ഒരെണ്ണം കൊടുത്താലേ എനിക്ക് സമാധാനം ആവു. അതിന്റെ പേരിൽ ഇനി അവൾക്ക് എന്നെ കൂടി ജയിലിൽ അടയ്ക്കണമെങ്കിൽ ആവട്ടെ.” ഊർമിള വിടുന്ന മട്ടില്ലെന്ന് കണ്ടതും സുധാകരന് കോപം നിയന്ത്രിക്കാൻ ആയില്ല.
“നിന്റെ മോനായിട്ട് തന്നെ ഇപ്പോ കുറേ പ്രശ്നം ഉണ്ടാക്കി വച്ചിട്ടുണ്ട്. ഇനി നീ കൂടി തുടങ്ങിയാൽ അമ്മേം മോനും കൂടി ഒരുമിച്ച് ജയിലിൽ പോയി കിടന്നോ. എന്റെ പട്ടി പോലും തിരിഞ്ഞു നോക്കാൻ വരില്ല. ഞാൻ പറയുന്നത് കേട്ട് അടങ്ങി നിന്നാൽ നിനക്ക് കൊള്ളാം.. അല്ലാതെ നിന്റെ മോൻ ചെയ്തതൊന്നും പോരാഞ്ഞിട്ട് ഇനി നീ കൂടി അതിനെ ഉപദ്രവിക്കാൻ പോയിട്ടുണ്ടെങ്കിൽ ബാക്കി വരുന്നതൊക്കെ ഒറ്റയ്ക്ക് അങ്ങോട്ട് സഹിക്കേണ്ടി വരും. പിന്നെ എന്റെ ഭാര്യയായി ആ വീട്ടിലേക്ക് വരാമെന്നും വിചാരിക്കണ്ട. അവൻ കാരണം തന്നെ ഇപ്പോ ആരുടെയും മുഖത്ത് നോക്കാൻ പറ്റാത്ത അവസ്ഥയായി. ഞാൻ എങ്ങോട്ടെങ്കിലും ഇറങ്ങി പോകും, പറഞ്ഞേക്കാം.” സുധാകരൻ കലി തുള്ളി കൊണ്ട് അവിടുന്ന് പോയപ്പോൾ ഊർമിള സ്വന്തം തലയ്ക്കു അടിച്ചു കൊണ്ട് അവിടെ കണ്ട കസേരയിലേക്ക് ഇരുന്നു.
**
ഗൗരിയെയും കുഞ്ഞിനെയും തറവാട്ടിൽ കൊണ്ടാക്കിയിട്ട് മടങ്ങി വരുമ്പോഴാണ് വിഷ്ണു ശിവപ്രസാദിന്റെ ആക്‌സിഡന്റ് വിവരം അറിഞ്ഞത്. വീട്ടിലേക്ക് പോകാൻ തുടങ്ങിയവൻ അച്ഛനും അമ്മയും ഹോസ്പിറ്റലിൽ ഉണ്ടെന്ന് അറിഞ്ഞതും അവൻ വീണ്ടും ജില്ലാ ആശുപത്രിയിലേക്ക് തന്നെ മടങ്ങി വന്നു.
**
വിഷ്ണു ഹോസ്പിറ്റലിൽ എത്തിയപ്പോൾ വൈകുന്നേരം ആയിരുന്നു. അച്ഛനെ അവിടെ എങ്ങും നോക്കിയിട്ട് കണ്ടതും ഇല്ലായിരുന്നു. അമ്മ ഐ സി യുവിന് മുന്നിൽ തന്നെ നിൽക്കുന്നത് കണ്ട് അവൻ അവരുടെ അടുത്തേക്ക് വന്നു.
അപ്പോഴാണ് ഐ സി യുവിന്റെ ഡോർ തുറന്ന് ശിവപ്രസാദിനെ ചികിൽസിക്കുന്ന ഡോക്ടർ പുറത്തേക്ക് വന്നത്. അയാളുടെ മുഖത്ത് പടർന്നിരുന്ന ആശങ്ക കണ്ടപ്പോൾ ഊർമിളയ്ക്ക് ഭയമായി.
“ഡോക്ടർ… എന്റെ മോന്… അവനു ബോധം വന്നോ ഡോക്ടർ?” ആധിയോടെ ചോദിച്ചു കൊണ്ട് ഊർമിള ഡോക്ടർടെ അടുത്തേക്ക് വന്നു.
ഡോക്ടർ അലക്സ് ജേക്കബ് മുരടനക്കി കൊണ്ട് എന്തോ പറയാൻ ആരംഭിച്ചു…..കാത്തിരിക്കൂ………