Novel

വരും ജന്മം നിനക്കായ്: ഭാഗം 64

രചന: ശിവ എസ് നായർ

“ഏത് ഗായത്രിയെ കുറിച്ച നീ പറയുന്നത്?” ശിവപ്രസാദ് അജ്ഞത നടിച്ചു.

കൂടം കൊണ്ട് തലയ്ക്കടിയേറ്റത് പോലെ വിഷ്ണു തരിച്ചു നിന്നു. അവൻ എന്തൊക്കെയോ മറന്ന് പോയിട്ടുണ്ടെന്ന് വിഷ്ണുവിന് തോന്നി.

“ഏട്ടന് ഒന്നും ഓർമ്മയില്ലേ..” അവൻ ഞെട്ടലോടെ ചോദിച്ചു.

“നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല.” ശിവപ്രസാദ് അവനെ മിഴിച്ചു നോക്കി.

“ഏട്ടന് എന്തൊക്കെയാ ഓർമ്മയുള്ളത്.” വിഷ്ണു അവനെ തന്നെ ഉറ്റു നോക്കികൊണ്ട് ചോദിച്ചു.

അവന്റെ ചോദ്യം കേട്ടതും ശിവപ്രസാദ് എന്തോ ആലോചിക്കുന്നത് പോലെ അഭിനയിച്ചു. എന്തൊക്കെ ഓർമ്മയുണ്ട് എന്നുള്ള ചോദ്യത്തിന് ഒരു ഉത്തരം പറയാൻ അവന് കിട്ടിയില്ല.

” എനിക്കൊന്നും ഓർത്തെടുക്കാൻ കഴിയുന്നില്ല വിഷ്ണു. തലയൊക്കെ പൊട്ടി പിളരുന്നതുപോലെ വേദനിക്കുകയാണ്.” ശിവപ്രസാദ് രണ്ട് കൈകൾ കൊണ്ടും തല പൊത്തിപ്പിടിച്ച് നിലവിളിക്കാൻ തുടങ്ങി.

” ആ അമ്മേ… അയ്യോ… എന്റെ തല…. അഹ്. ” കണ്ണുകൾ ഇറുക്കി അടച്ച് ഭയങ്കര വേദന സഹിക്കുന്നത് പോലെ ശിവപ്രസാദ് അനിയന്റെ മുൻപിൽ തകർത്തഭിനയിച്ചു.

അവന്റെ നിലവിളി കേട്ട് വിഷ്ണു ആകെ പരിഭ്രമിച്ചു പോയി.

അപ്പോഴേക്കും ഐസിയുവിൽ ഉണ്ടായിരുന്ന നഴ്സ് അവന്റെ നിലവിളി കേട്ട് അങ്ങോട്ടേക്ക് ഓടിവന്നു.

“എന്താ… എന്തുപറ്റി?” നഴ്സ് വിഷ്ണുവിനോട് ചോദിച്ചു.

” അറിയില്ല സിസ്റ്ററെ… ഏട്ടനോട് എന്തെങ്കിലും ഓർമ്മയുണ്ടോന്ന് ചോദിച്ചപ്പോൾ കൈ കൊണ്ട് തല പൊത്തിപ്പിടിച്ച് നിലവിളിക്കാൻ തുടങ്ങിയതാ. ”

” പേഷ്യന്റിന് ചിലപ്പോൾ ഓർമ്മയ്ക്ക് തകരാർ എന്തെങ്കിലും ഉണ്ടായിരിക്കും. എന്തായാലും ഇയാളോട് ഇനി ചോദ്യങ്ങളൊന്നും ചോദിച്ചു അധികം ബുദ്ധിമുട്ടിക്കരുത്.” നഴ്സ് പറഞ്ഞു.

അതേസമയം ശിവപ്രസാദ് ബെഡിൽ കിടന്ന് ഞെളിപിരി കൊള്ളാൻ തുടങ്ങി. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നതു പോലെയൊക്കെ അവൻ അഭിനയിച്ചു. ഇടയ്ക്ക് തലയ്ക്ക് കൈകൊടുത്ത് നിലവിളിക്കാനും അവൻ മറന്നില്ല.

അത് കണ്ടതും നേഴ്സ് പരിഭ്രമത്തോടെ ഡോക്ടറെ വിളിക്കാൻ പോയി. വിഷ്ണു നിരാശയോടെ ഐസിയുവിൽ നിന്നും പുറത്തേക്ക് കടന്നു.

***

എന്തായാലും ശിവപ്രസാദിന്റെ അഭിനയം ഫലം കണ്ടു. ആക്സിഡന്റ് ഉണ്ടായതിന്റെ ഷോക്കിൽ അവന് ഓർമ്മയ്ക്ക് തകരാർ ഉണ്ടായിരിക്കാം എന്ന് ഡോക്ടർ ഊഹിച്ചു. സ്കാനിങ് റിപ്പോർട്ടുകളിൽ ഒന്നും വലിയ കുഴപ്പമില്ലാത്തതിനാൽ മരുന്നു കഴിച്ച് മാറാവുന്നതേയുള്ളൂ എന്ന് ഡോക്ടർ പറഞ്ഞു. പക്ഷേ ഇടയ്ക്കിടയ്ക്ക് ഭ്രാന്തിന്റെ ലക്ഷണങ്ങളും അസ്വസ്ഥതകളും പ്രകടിപ്പിക്കുന്ന ശിവപ്രസാദിനെ കണ്ടപ്പോൾ അവന്റെ മാനസിക നില തകരാറിലായോ എന്ന് ഡോക്ടറിന് സംശയമായി. അവിടുന്ന് ഡിസ്ചാർജ് ആയി കഴിഞ്ഞാൽ മെന്റൽ ഹോസ്പിറ്റലിൽ അവനെ കാണിക്കണമെന്ന് അലക്സ് ജേക്കബ് പറഞ്ഞു.

കാരണം ഇടയ്ക്കിടയ്ക്ക് ഓർമ്മ പോകുന്ന സമയത്ത് വയലന്റ് ആകുന്നതുപോലെ അവൻ അഭിനയിച്ചു. അത് എന്തുകൊണ്ടായിരിക്കാം എന്ന് അലക്സ് ജേക്കബ്ബിന് മനസ്സിലായതും ഇല്ല.

ചിലസമയം ശിവപ്രസാദ് എല്ലാം ഓർമ്മയുള്ളത് പോലെ മറ്റുള്ളവർക്ക് മുന്നിൽ നിൽക്കും. ആ സമയം അവൻ വളരെ നോർമലായി കാണപ്പെട്ടു. ആ സമയങ്ങളിൽ താൻ ഗായത്രിയോട് ചെയ്ത തെറ്റുകൾ ഓർത്ത് മറ്റുള്ളവരുടെ മുന്നിൽ അവൻ പശ്ചാത്തപിക്കുകയും പൊട്ടിക്കരയുകയും ചെയ്തു. ഇടയ്ക്കിടെ അവന്റെ മെമ്മറി ലോസ് ആവുന്നത് കാലക്രമേണ മാറുമെന്ന് അലക്സ് ഡോക്ടർ ഉറപ്പു പറഞ്ഞെങ്കിലും ഇടയ്ക്കിടെ ഭ്രാന്ത് പോലെ കാണിക്കുന്നത് ഒരുപക്ഷേ മാനസിക നില കൈവിട്ട് പോകുന്നതു കൊണ്ടായിരിക്കാം എന്ന് ഡോക്ടർ അലക്സ് ജേക്കബ് ഊഹിച്ചു.

ശിവപ്രസാദിന്റെ കാലിന്റെ പൊട്ടൽ ശരിയായിക്കഴിഞ്ഞാൽ അവനെ ഒന്ന് മെന്റൽ ഹോസ്പിറ്റലിൽ കാണിക്കാനായി ഡോക്ടർ സജസ്റ്റ് ചെയ്തു.

**

ശിവപ്രസാദിന് ഇടയ്ക്ക് ഓർമ്മ പോകുന്നതും അവൻ ഭ്രാന്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നും ഗായത്രിയും അറിഞ്ഞു. വിഷ്ണു തന്നെയാണ് അവളോട് ആ വിവരം വന്നു പറഞ്ഞത്. കേട്ടപ്പോൾ തന്നെ ഗായത്രി പറഞ്ഞത് അവൻ ഓർമ്മയില്ലെന്ന് നടിക്കുന്നതും ഭ്രാന്ത് കാണിക്കുന്നതും അവന്റെ അഭിനയം എന്നാണ്.

ഗായത്രിക്ക് ശിവപ്രസാദിനോടുള്ള ദേഷ്യം കൊണ്ടായിരിക്കും അങ്ങനെ പറയുന്നതെന്ന് വിഷ്ണു ഓർത്തു. കാരണം തനിക്ക് മുന്നിൽ ഓർമ്മ പോകുന്ന സമയത്ത് ചേട്ടൻ കാണിക്കുന്ന പരാക്രമങ്ങൾ നേരിട്ട് കാണുന്നതുകൊണ്ട് അതൊരു അഭിനയമായി അവന് തോന്നിയില്ല. അത് മാത്രമല്ല ഓർമ്മയുള്ള സമയത്ത് ശിവപ്രസാദ് താൻ ഗായത്രിയോട് ചെയ്തുപോയ തെറ്റുകൾ ഓർത്ത് കുറ്റബോധം കൊണ്ട് കരയുന്നത് വിഷ്ണു കണ്ടതാണ്. ചേട്ടൻ ചെയ്ത തെറ്റുകൾക്ക് ശിക്ഷ കിട്ടണം എന്ന് തന്നെയാണ് അവന്റെ ആഗ്രഹവും. അത് കൊണ്ട് അവന്റെ വിഷമം കാണുമ്പോൾ വിഷ്ണുവിന് പ്രത്യേകിച്ച് സഹതാപം ഒന്നും തോന്നാറില്ല. പക്ഷേ ചേട്ടൻ കാണിക്കുന്നതൊക്കെ അഭിനയമാണെന്ന് മാത്രം അവന് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

ഗായത്രിക്ക് പക്ഷേ ശിവപ്രസാദിന്റെ അഭിനയം കണ്ടു നല്ല വശം ഉള്ളതു കൊണ്ട് ഇക്കാര്യം കേട്ടപ്പോൾ തന്നെ അവന് ഒരു സൂക്കേടും ഇല്ലെന്ന് അവൾ ഉറപ്പിച്ചു പറഞ്ഞു. കേസിൽ നിന്നും ഇളവ് കിട്ടാനുള്ള അവന്റെ അടവുകൾ ആയിരിക്കും ഇതെന്ന് ഗായത്രി ഊഹിച്ചു. കാരണം അവനെ അവളോളം മറ്റാർക്കും നന്നായി അറിയില്ലല്ലോ.

ഏഴു ദിവസത്തെ ആശുപത്രി വാസത്തിനുശേഷം ഗായത്രി ഡിസ്ചാർജ് ആയി സ്വന്തം വീട്ടിലേക്ക് വന്നു. ശിവപ്രസാദ് അപ്പോഴും ഹോസ്പിറ്റലിൽ തന്നെയായിരുന്നു.

ഡിസ്ചാർജ് ആയി വീട്ടിലേക്ക് വന്നതിനുശേഷം പഴയതുപോലെ കോളേജിൽ പോയി തുടങ്ങണമെന്ന് അവൾ തീരുമാനിച്ചു. അതിനോടകം തന്നെ കോളേജിൽ അവരും അവൾക്ക് സംഭവിച്ചത് അറിഞ്ഞു കഴിഞ്ഞിരുന്നു. കോളേജ് അധികൃതരും കൂടെയുള്ള മറ്റ് ടീച്ചേഴ്സും അവൾ പഠിപ്പിക്കുന്ന സ്റ്റുഡൻസും അവളെ കാണാൻ വീട്ടിൽ വന്നിട്ടുണ്ടായിരുന്നു. ഇക്കാര്യത്തിൽ കോളേജിൽ എല്ലാവരുടെയും സപ്പോർട്ട് കണ്ടപ്പോൾ അവൾക്ക് അതൊക്കെ ഒരു ഊർജ്ജമായി തോന്നി.

പക്ഷേ വിവരം അറിഞ്ഞ് അവളെ കാണാൻ എത്തിയ ബന്ധുക്കളിൽ പലരും ഗായത്രിയെ പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തിട്ടാണ് പോയത്. അവർക്കൊക്കെ ഭർത്താവ് റേപ്പ് ചെയ്തെന്ന് കേട്ടപ്പോൾ തമാശ പോലെയാണ് തോന്നിയത്. അവളുടെ കയ്യിലിരിപ്പ് ശരിയല്ലാത്തതു കൊണ്ടായിരിക്കും ശിവപ്രസാദ് ദേഹോപദ്രവം ചെയ്തിട്ടുണ്ടാവുകയെന്ന് ബന്ധുക്കൾ വിധിയെഴുതിയപ്പോൾ ഗായത്രിക്ക് അവരോട് കടുത്ത പുച്ഛം തോന്നി.

അവരെയൊന്നും ഒരിക്കലും പറഞ്ഞു മനസ്സിലാക്കാൻ പറ്റില്ലെന്ന് അവൾക്കറിയാമായിരുന്നു. ശിവപ്രസാദിനെതിരെ ഇങ്ങനെയൊരു കേസ് കൊടുക്കുമ്പോൾ അതിന്റെ അനന്തരഫലങ്ങളും നന്നായി ആലോചിച്ചിട്ട് തന്നെയാണ് ഗായത്രി കേസ് കൊടുക്കാൻ തീരുമാനിച്ചത്. തന്റെ ഭാഗം വിശ്വസിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ടാകുമെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു.

മറ്റുള്ളവർ തന്നെ കുറ്റപ്പെടുത്തുന്നതും പരിഹസിക്കുന്നതും അവൾ കാര്യമാക്കാനേ പോയില്ല.

ഹോസ്പിറ്റലിൽ നിന്നും വീട്ടിലെത്തിയിട്ട് ഒരാഴ്ച കൂടി റസ്റ്റ് എടുത്ത ശേഷമാണ് ഗായത്രി കോളേജിൽ പോകാൻ തീരുമാനിച്ചത്. ശിവപ്രസാദിന്റെ വീട്ടിലുള്ള തന്റെ സാധനങ്ങളൊക്കെ ബാഗിലാക്കി തയ്യാറാക്കി വെച്ചിട്ടുണ്ടായിരുന്നത് കൊണ്ട് വിഷ്ണുവിനോട് പറഞ്ഞ് അവൾ അത് എടുപ്പിച്ചിരുന്നു. ഒരിക്കൽ കൂടി ആ വീട്ടിലേക്ക് പോകാൻ അവൾ ആഗ്രഹിച്ചിരുന്നില്ല.

***
ജയിലിലേക്ക് കൊണ്ടുപോകുന്ന വഴി പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനാൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രാധിക മാഡത്തിന് ഉൾപ്പെടെ അന്ന് ശിവപ്രസാദിന് ഒപ്പം ജീപ്പിൽ ഉണ്ടായിരുന്ന മറ്റ് പോലീസുകാർക്കും സസ്പെൻഷൻ കിട്ടിയിരുന്നു.

ആത്മഹത്യാ ശ്രമത്തോടെ സാരമായ പരിക്കുകൾ പറ്റി ശിവപ്രസാദ് ഹോസ്പിറ്റലിൽ ആയതിനാൽ പതിനാല് ദിവസത്തെ റിമാൻഡ് കാലാവധി കഴിഞ്ഞപ്പോൾ സുധാകരൻ, വക്കീലിനെ കൊണ്ട് തന്റെ മകന് ജാമ്യം എടുത്തിരുന്നു.

അങ്ങനെ മൂന്നാഴ്ചത്തെ ഹോസ്പിറ്റൽ വാസം കഴിഞ്ഞു ശിവപ്രസാദ് തിരികെ സ്വന്തം വീട്ടിലെത്തി. താൻ ആഗ്രഹിച്ച പോലെ ജയിലിൽ കിടക്കാതെ രക്ഷപ്പെട്ടത് അവനൊരു ആശ്വാസം തന്നെയായിരുന്നു. പക്ഷേ കേസിൽ നിന്നും ഊരി പോരണമെങ്കിൽ കാശ് കുറെ ചെലവാക്കേണ്ടി വരുമെന്ന് അവന് അറിയാമായിരുന്നു. എങ്കിലും ജയിലിൽ പോകാതെ കഷ്ടിച്ച് രക്ഷപ്പെട്ടതിൽ അവന് സമാധാനം തോന്നി. വീട്ടിൽ എത്തിയത് കൊണ്ട് ഇനി ബാക്കി കാര്യങ്ങൾ പ്ലാൻ ചെയ്യാൻ പറ്റും.

ശിവപ്രസാദിന്റെ ഓർമ്മ ഇല്ലായ്മയും ഭ്രാന്തും അവന്റെ അഭിനയം ആണെന്ന് ഊർമിള ഒഴികെ വീട്ടിൽ മറ്റാർക്കും തന്നെ അറിയില്ലായിരുന്നു.

ശിവപ്രസാദിനെ ഹോസ്പിറ്റലില്‍ ഡിസ്ചാർജ് ആക്കിയതിനു ശേഷം വിഷ്ണു ഗൗരിയെയും കുഞ്ഞിനെയും കുട്ടി മുംബൈയിലേക്ക് മടങ്ങിപ്പോയിരുന്നു.

കേസിന്റെ കാര്യങ്ങൾ ഒരു വഴിക്ക് നടക്കുമ്പോൾ ഗായത്രി തന്റെ ദിനചര്യകളിലേക്ക് കടന്നിരുന്നു. നേരത്തെ തന്നെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു വച്ചിരുന്നത് കൊണ്ട് പ്രതിസന്ധികളിൽ തളരാതെ തനിക്ക് ചുറ്റും കേൾക്കുന്ന പരിഹാസ വാക്കുകളെ അവഗണിച്ച് അവൾ കോളേജിൽ പോയി തുടങ്ങി.

കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന ചില ബന്ധുക്കൾക്കിടയിൽ നിന്നും പരദൂഷണം പറഞ്ഞു നടക്കുന്ന നാട്ടിലുള്ള ചില ആളുകൾക്കിടയിൽ നിന്നും മാത്രമേ ഗായത്രിക്കും വീട്ടുകാർക്കും മുനവച്ച വാക്കുകൾ കേൾക്കേണ്ടി വന്നുള്ളൂ. പരിചയമില്ലാത്ത ആളുകൾക്കിടയിൽ ഗായത്രിക്ക് തുറിച്ചു നോട്ടങ്ങളോ പരിഹാസ വാക്കുകളോ കേൾക്കേണ്ടി വന്നില്ല.

പക്ഷേ അവിടെയൊക്കെ ശിവപ്രസാദിന്റെ കാര്യമായിരുന്നു കഷ്ടം. പത്രത്തിൽ ഫോട്ടോ ഉൾപ്പെടെ വാർത്ത വന്നിരുന്നതുകൊണ്ട് അവന് താൻ പോകുന്ന സ്ഥലത്ത് നിന്നെല്ലാം ആളുകൾ അവനെ തിരിച്ചറിയുകയും അവരിൽ നിന്ന് കളിയാക്കലും പരിഹാസവും കേൾക്കേണ്ടി വരികയും ചെയ്തു. അതൊക്കെ അവന് നല്ല മാനസിക ബുദ്ധിമുട്ടും നാണക്കേടും ഉണ്ടാക്കിയിരുന്നു.

***

നാളെയാണ് ശിവപ്രസാദിനും ഗായത്രിക്കും കോടതിയിൽ ഹാജരാകേണ്ട ദിവസം. റേപ്പ് കേസിനോടൊപ്പം ഗായത്രി ശിവപ്രസാദിൽ നിന്ന് വിവാഹമോചനവും ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. വക്കിൽ മുഖേന മ്യൂച്ചൽ ഡിവോഴ്സ് പേപ്പറിൽ അവനും ഒപ്പിട്ടു നൽകിയിരുന്നു. നാളെ കോടതിയിൽ ചെല്ലുമ്പോൾ അതിന്റെ ഭാഗമായി കൗൺസിലിംഗ് ഒക്കെയുണ്ട്. പിറ്റേന്ന് കോളേജിൽ നിന്ന് ലീവ് ആക്കി ഗായത്രി തനിച്ചാണ് കോടതിയിലേക്ക് പോയത്. പോകുന്ന വിവരമൊക്കെ അഖിലിനെ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു അവൾ. അവൻ കൂടെ വരാമെന്ന് പറഞ്ഞെങ്കിലും അവൾ അത് സമ്മതിച്ചില്ല.

പിറ്റേന്ന് രാവിലെ തന്നെ ഗായത്രി കോടതിയിലേക്ക് പുറപ്പെട്ടു. അവൾ എത്തുമ്പോൾ ശിവപ്രസാദും അവിടെ ഉണ്ടായിരുന്നു. അവന് കൂട്ടിന് ഊർമിളയും കൂടെ വന്നിട്ടുണ്ടായിരുന്നു. കോടതി വളപ്പിലേക്ക് കയറി ചെന്നപ്പോഴേ ഗായത്രി അവരെ കണ്ടിരുന്നു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!