വരും ജന്മം നിനക്കായ്: ഭാഗം 65
രചന: ശിവ എസ് നായർ
അന്നത്തെ സംഭവത്തിനു ശേഷം ഗായത്രി ഇന്നാണ് ശിവപ്രസാദിനെ മുഖാമുഖം കാണുന്നത്. അവന് അവളെ ഫേസ് ചെയ്യാൻ ഒരു ജാള്യത തോന്നി. അവളുടെ മുൻപിൽ തനിക്ക് അഭിനയിച്ചു നിൽക്കാൻ പറ്റുമോ എന്ന് ഓർത്ത് ശിവപ്രസാദിനുള്ളിൽ ചെറിയൊരു ഭയം രൂപപ്പെട്ടു.
“അമ്മേ… അവള് വരുന്നുണ്ട്.” ശിവപ്രസാദ് ഊർമിളയെ തോണ്ടി കൊണ്ട് ഗായത്രിക്ക് നേർക്ക് കണ്ണ് കാണിച്ചു.
“ഞാൻ കണ്ടു അവൾ വരുന്നത്. കണ്ടിട്ട് ഒറ്റയ്ക്കാണെന്നാ തോന്നുന്നത്. ” ഊർമ്മിള ശബ്ദം താഴ്ത്തി പറഞ്ഞു.
“അവൾക്ക് ഒറ്റയ്ക്ക് വരാനൊന്നും ഒരു പേടിയും ഇല്ലമ്മേ. ഈ നശിച്ചവള് കാരണം എന്റെ ഇമേജ് മൊത്തം പോയി. നാട്ടുകാർക്കു മുൻപിൽ നാറി നാണം കെട്ടു. ഫോട്ടോ സഹിതം അല്ലേ പത്രത്തിൽ വാർത്ത വന്നത്. ഇപ്പോ പുറത്തിറങ്ങി നടക്കാൻ തന്നെ വയ്യ. അവൾക്കാണെങ്കിൽ ഒരു കൂസലും ഇല്ല.” ശിവപ്രസാദ് ദേഷ്യം കടിച്ചമർത്തി.
“അവളെ അവൾടെ പാട്ടിനു വിട്ടിരുന്നെങ്കിൽ നിനക്ക് ഈ ഗതി വരില്ലായിരുന്നല്ലോ. എന്തിനാണ് നീ വേണ്ടാത്ത വീഡിയോസ് ഒക്കെ എടുത്തു വച്ചിട്ട് ഭീഷണിപ്പെടുത്താൻ പോയത്. ഒരു വർഷം അവളുടെ കൂടെ ജീവിച്ചിട്ടും നിനക്ക് ഗായത്രിയുടെ സ്വഭാവത്തെപ്പറ്റി മനസ്സിലാക്കാൻ പറ്റിയില്ലേ. നീ ഇത്രയും നാളായി അവളെ ചതിക്കുകയായിരുന്നു എന്ന് കൂടി അറിഞ്ഞതുകൊണ്ട് നിന്നെ നശിപ്പിച്ചിട്ടേ അവൾ പോകത്തുള്ളൂ. കിട്ടാവുന്നതിന്റെ പരമാവധി ശിക്ഷ അവർ നിനക്ക് വാങ്ങിത്തരാൻ ശ്രമിക്കും.
ഇനി നിന്റെ മിടുക്ക് കൊണ്ട് വേണം ഈ കേസിൽ നിന്ന് ഊരി പോരേണ്ടത്. അവൾക്ക് നിന്നോട് ഒരിറ്റു ദയ പോലും ഉണ്ടാകില്ല. ഗായത്രിയുടെ നോട്ടം കണ്ടാൽ തന്നെ അറിയാം അവൾക്ക് നിന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടെന്ന്.” ഊർമിള പറഞ്ഞത് കേട്ട് ശിവപ്രസാദ് അസ്വസ്ഥനായി.
“എന്ത് നാടകം കളിച്ചിട്ടായാലും ഞാൻ ഊരി പോരും അമ്മേ. അല്ലാതെ ജയിലിൽ പോയി കിടക്കാൻ ഒന്നും എനിക്ക് വയ്യ. എങ്കിൽ പിന്നെ ഈ നാട്ടിൽ എനിക്ക് ജീവിക്കാൻ കഴിയില്ല. കേസുകള്‍ ഒഴിവായി കിട്ടിയിരുന്നെങ്കിൽ പഴയതു പോലെ ഓഫീസിൽ പോകാമായിരുന്നു. ഇതിപ്പോൾ ഞാൻ കുറ്റവാളിയാണെന്നുള്ള സംശയം അവിടെയുള്ളവരുടെ മനസ്സിലുള്ള സ്ഥിതിക്ക് എനിക്ക് ഒരിക്കലും ഓഫീസിൽ പോകാൻ കഴിയില്ല. ഏത് മുഖവും വച്ചാ ഞാൻ അവരുടെ അടുത്തേക്ക് ചെല്ലുക. കേസിൽ നിന്ന് രക്ഷപ്പെട്ട നിരപരാധിയാണെങ്കിലും പറഞ്ഞു നിൽക്കാം.
അടുത്ത മാസം എനിക്കൊരു പ്രൊമോഷൻ കിട്ടാൻ ഇരുന്നതായിരുന്നു. അതൊക്കെ കയ്യീന്ന് പോയി. ഇനി വേറെ ഏതെങ്കിലും കമ്പനിയിൽ കയറിയാൽ തന്നെ ഒന്നേന്ന് എല്ലാം തുടങ്ങണം. അതിനെക്കാൾ നല്ലത് പഴയ ഓഫീസിൽ തന്നെ എങ്ങനെയെങ്കിലും കയറിപ്പറ്റുന്നതാണ്. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന് അവിടെ തെളിയിക്കാൻ പറ്റിയാൽ പഴയതു പോലെ എനിക്ക് ഓഫീസിൽ അംഗീകാരവും കിട്ടും. അല്ലെങ്കിൽ പിന്നെ ആ ഭാഗത്തേക്ക് നോക്കണ്ട.
ഏത് ചെകുത്താൻ കയറിയ നേരത്താണോ എനിക്ക് അവളെ കയറി പിടിക്കാൻ തോന്നിയതെന്നാ ഞാൻ ആലോചിക്കുന്നത്. ഒന്നും വേണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നുണ്ട് അമ്മേ.
പോലീസുകാരെ കയ്യീന്ന് കുറേ കിട്ടുകയും ചെയ്തു പുറത്തിറങ്ങി നടക്കാനും വയ്യാത്ത അവസ്ഥയായി. ഗായത്രി ഇങ്ങനെ കേസ് കൊടുക്കും എന്നൊന്നും ഞാൻ തീരെ പ്രതീക്ഷിച്ചില്ലായിരുന്നു. എന്റെ ഭീഷണിക്ക് മുന്നിൽ അവൾ പേടിച്ച് വിറച്ച് ഞാൻ പറയുന്നത് കേട്ട് അനുസരിച്ച് കിടക്കുമെന്നാണ് കരുതിയത്. പക്ഷേ ഗായത്രി എനിക്കും ഒരു മുഴം മുമ്പേ തയ്യാറെടുത്തിരിക്കുകയാണ് എന്ന് ഞാൻ അറിയാതെ പോയി.” ശിവപ്രസാദിന്റെ ശബ്ദത്തിൽ നിരാശ നിറഞ്ഞു.
“അവള് വിളഞ്ഞ വിത്താണെന്ന് പണ്ടേ എനിക്ക് തോന്നിയത് കൊണ്ടാ നിന്നോട് അവളെ മുൻപിൽ അടക്കത്തോടെ നിൽക്കാൻ ഞാൻ ഉപദേശിച്ചത്. എന്റെ വാക്കിന് നീയൊരു വിലയും തന്നില്ലല്ലോ. എന്തായാലും കഴിഞ്ഞത് കഴിഞ്ഞ് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ. എന്ത് ചെയ്തിട്ടാണെങ്കിലും നീ ഇതിൽ നിന്ന് രക്ഷപ്പെടാൻ നോക്ക്.” ഊർമ്മിള ഉപദേശ രൂപേണ പറഞ്ഞു.
ഗായത്രി ഇരുവരെയും ഒന്ന് തറപ്പിച്ചു നോക്കിയിട്ട് തന്റെ അഡ്വക്കേറ്റിന്റെ അടുത്തേക്ക് പോയി.
🍁🍁🍁🍁
11 മണിക്കാണ് ഗായത്രിയെയും ശിവപ്രസാദിനെയും കൗൺസിലറുടെ റൂമിലേക്ക് വിളിപ്പിച്ചത്.
ഇരുവരും എഴുന്നേറ്റു അകത്തേക്ക് പോകുന്നത് ഊർമ്മിള പേടിയോടെ നോക്കി നിന്നു.
“ഗായത്രിയോട് ഞാൻ എന്തൊക്കെയോ മോശമായി പെരുമാറിയെന്ന് മറ്റുള്ളവർ പറഞ്ഞാണ് സർ ഞാൻ അറിയുന്നത്. ആക്‌സിഡന്റിന് ശേഷം ഞാൻ ഇടയ്ക്ക് ചില കാര്യങ്ങൾ മറന്ന് പോകുന്നുണ്ട്. അന്ന് നടന്നതൊന്നും വ്യക്തമായി ഓർത്തെടുക്കാൻ എനിക്ക് കഴിയുന്നില്ല.
എന്റെ ഭാര്യയോട് ഞാൻ ഇത്രയ്ക്ക് മോശമായി ചെയ്ത് പോയല്ലോ എന്നോർത്ത് ഒരു രാത്രി പോലും ഞാൻ സമാധാനത്തോടെ ഉറങ്ങിയിട്ടില്ല. എനിക്കെങ്ങനെ ഇങ്ങനെ ചെയ്യാൻ കഴിഞ്ഞുവെന്ന് ഇപ്പോഴും എനിക്കറിയില്ല.
അന്നത്തെ സംഭവത്തിന് ശേഷം ഇന്നാണ് ഞാൻ ഗായത്രിയെ നേരിട്ട് കാണുന്നത്. അവളോട് ചെയ്തതിനൊക്കെ സാറിന്റെ മുന്നിൽ വച്ച് തന്നെ ഞാൻ മാപ്പ് ചോദിക്കുകയാണ്. സംഭവിച്ചതോർത്ത് എനിക്ക് നല്ല കുറ്റബോധമുണ്ട്. ഒരിക്കലും തിരുത്താനാവാത്ത തെറ്റാണ് ഞാൻ ചെയ്ത് പോയതെന്ന് എനിക്കറിയാം. പക്ഷേ അതിലൊക്കെ ഞാനിപ്പോ ഒരുപാട് പശ്ചാതപിക്കുന്നുണ്ട്.
ചില സമയത്ത് എനിക്കെന്റെ നിയന്ത്രണം തന്നെ നഷ്ടമാകുന്നുണ്ട് സർ. മരിക്കാൻ പോലും തോന്നുകയാണ്. ചെയ്ത് പോയ തെറ്റിന്റെ വ്യാപ്തി എന്നെ അത്രയധികം കുത്തി നോവിക്കുന്നുണ്ട്. ഒരു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടും നടന്നില്ല.
എന്തായാലും ഗായത്രിക്ക് എന്നിൽ നിന്ന് ഡിവോഴ്സ് ആവശ്യമാണെന്ന് കേട്ടപ്പോൾ മറുത്തൊന്നും പറയാതെ ഡിവോഴ്സ് പെറ്റീഷൻ ഞാൻ ഒപ്പിട്ട് കൊടുത്തത് അവളോട് അങ്ങനെയെങ്കിലും പ്രായശ്ചിത്തം ചെയ്യാൻ വേണ്ടിയിട്ടാണ്.” കുടുംബ കോടതി കൗൺസിലറിന് മുന്നിൽ സർവ്വവും തകർന്നവനെ പോലെ ശിവപ്രസാദ് പൊട്ടിക്കരഞ്ഞു.
ഒരു നാണവുമില്ലാതെ അവർക്ക് മുന്നിലിരുന്ന് തന്റെ സ്വയരക്ഷ ഓർത്ത് അവൻ കരഞ്ഞു അഭിനയിച്ചു.
ഗായത്രിക്ക് അത് കണ്ട് അരിശമാണ് തോന്നിയത്.
“സർ… ഇതൊക്കെ ഇയാളെ അഭിനയമാണ് സർ. കഴിഞ്ഞ ഒരു വർഷം ഇയാൾ എന്റെ മുന്നിൽ തകർത്ത അഭിനയമാ കാഴ്ച വച്ചത്. ഈ ഓർമ്മ ഇല്ലാത്തതും ഭ്രാന്തും ഒക്കെ കേസിൽ നിന്ന് ഊരിപോരാൻ ഉള്ള അടവാണ്. ഇയാളിൽ നിന്ന് ഡിവോഴ്സ് അനുവദിച്ചു കിട്ടുമ്പോ എന്നോട് ചെയ്ത ക്രൂരതയ്ക്കും തക്ക ശിക്ഷ തന്നെ കിട്ടണം.
ഇയാള് കാണിച്ച നെറികേടിന്റെ മുഴുവൻ തെളിവും ഞാൻ കോടതി സമക്ഷം ഹാജരാക്കിയിട്ടുണ്ട്.” ശിവപ്രസാദിനെ അവജ്ഞയോടെ ഒന്നു നോക്കിയിട്ട് ഗായത്രി കൗൺസിലറെ നോക്കി പറഞ്ഞു.
ഇരുവർക്കും പറയാനുള്ളതെല്ലാം കേട്ടതിനു ശേഷം കൗൺസിലർ ഒരു തീരുമാനത്തിൽ എത്തി.
“കോടതിയിൽ കേസ് നമ്പർ വിളിക്കുമ്പോ അവിടേക്ക് ചെന്നാൽ മതി.” അവരുടെ കേസ് ഫയൽ മടക്കി വച്ചുകൊണ്ട് കൗൺസിലർ രാമകൃഷ്ണൻ ഇരുവരോടുമായി പറഞ്ഞു.
🍁🍁🍁🍁🍁
ഉച്ചയ്ക്ക് ശേഷമേ കോടതിയിൽ ഗായത്രിയുടെയും ശിവപ്രസാദിന്റെയും കേസ് വിളിക്കുമെന്ന് വക്കീൽ അവളോട് വന്ന് പറഞ്ഞപ്പോൾ ഗായത്രി കോടതി പരിസരത്ത് തന്നെയുള്ള കാന്റീനിലേക്ക് പോയി. കേസിന്റെ വിധി ഇന്ന് തന്നെ ഉണ്ടാകും എന്നാണ് കേട്ടത്. അത് എന്തായിരിക്കും എന്ന് ഓർത്തിട്ട് അവൾക്ക് ആധി തോന്നി
ശിവപ്രസാദും ആകെ ടെൻഷനിൽ ആയിരുന്നു. താനിപ്പോൾ മെന്റലി സ്റ്റേബിൾ അല്ലന്ന് റിപ്പോർട്ടൊക്കെ അവൻ തന്റെ വക്കീൽ മുഖേന കോടതിയിൽ സമർപ്പിച്ചിട്ടുണ്ടായിരുന്നു. ഇനി പറയുന്ന ജഡ്ജിനെ ഡിപെൻഡ് ചെയ്തിരിക്കും തന്റെ മുന്നോട്ടുള്ള ജീവിതമെന്ന് ശിവപ്രസാദ് ഭീതിയോടെ ഓർത്തു.
കാരണം ഗായത്രി സമർപ്പിച്ചിട്ടുള്ള തെളിവുകളൊക്കെ വളരെ സ്ട്രോങ്ങ് ആണ്. പിന്നെ മാനസിക നില തകരാറിലായ രോഗിയാണെങ്കിൽ ശിക്ഷയ്ക്ക് ഇളവ് ലഭിക്കുമെന്ന് അവൻ കേട്ടിട്ടുണ്ട്. തന്റെ വിധി എന്താകുമെന്ന് കണ്ട് തന്നെ അറിയാമെന്ന് ഓർത്തു ശിവപ്രസാദും കാത്തിരുന്നു.
അഖിലനോട് ഗായത്രി കോടതിയിലേക്ക് വരണമെന്ന് പറഞ്ഞിരുന്നെങ്കിലും അവൾ തനിച്ചാണ് അങ്ങോട്ട് പോയിരിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ ഗായത്രിയോട് പറയാതെ തന്നെ അവനും കോടതി പരിസരത്ത് എത്തിയിരുന്നു. അഖിലിന്റെ പരിചയത്തിലുള്ള ഒരു വക്കീലായിരുന്നു ഗായത്രിക്ക് വേണ്ടി കേസ് വാദിക്കുന്നത്. കേസിന്റെ വിവരങ്ങൾ എല്ലാം അപ്പപ്പോൾ അവനും അറിയുന്നുണ്ടായിരുന്നു.
വിധി വന്നതിനു ശേഷം ഗായത്രിയുടെ അടുത്തേക്ക് പോകാമെന്ന് കരുതി അഖിൽ മനുവിന്റെ കൂടെ കോടതി വളപ്പിൽ തന്നെ ഇരുന്നു.
🍁🍁🍁🍁
നീണ്ട കാത്തിരിപ്പിനൊടുവിൽ ഉച്ചയ്ക്കുശേഷം അവരുടെ കേസാണ് ആദ്യം വിളിച്ചത്. ഗായത്രിയും ശിവപ്രസാദും ജഡ്ജിക്ക് മുൻപിൽ ഹാജരായി…….കാത്തിരിക്കൂ………