Novel

വരും ജന്മം നിനക്കായ്: ഭാഗം 68

രചന: ശിവ എസ് നായർ

അഞ്ജുവിന്റെ മുറിയിൽ നിന്നും അമ്മാവന്റെ മകൾ വേണിയും മകൻ വിനോദും എന്തോ പറഞ്ഞ് ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി വരുന്നത് കണ്ടതും അഖിലിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അവൻ രൂക്ഷമായി അനിയത്തിയെ ഒന്ന് നോക്കി. അവന്റെ നോട്ടം കണ്ട് അഞ്ജുവിന് ചെറുതായി ഭയം തോന്നി.

“അമ്മാവനും അമ്മായിയും എന്താ പതിവില്ലാതെ ഈ വഴി. വർഷങ്ങൾ ആയല്ലോ നിങ്ങളെ ഈ വഴിയൊക്കെ ഒന്ന് കണ്ടിട്ട്. കൃത്യമായി പറഞ്ഞാൽ അച്ഛൻ മരിച്ചതിനു ശേഷം പിന്നെ നിങ്ങൾ ഈ വീട്ടിലേക്ക് വന്നിട്ടേയില്ല.” പുച്ഛത്തോടെ അഖിൽ അമ്മാവനെയും അമ്മായിയെയും നോക്കി.

“നീയെന്താ മോനെ ഇങ്ങനെയൊക്കെ പറയുന്നത്?” എനിക്കിങ്ങോട്ട് വരാൻ നേരവും കാലവും ഒക്കെ നോക്കണോ. ബിസിനസ് കാര്യങ്ങളുമായി ബന്ധപ്പെട്ട് ഞാൻ കുറച്ചു തിരക്കിൽ ആയിപോയി. അതുകൊണ്ടാണ് എനിക്ക് ഇങ്ങോട്ടൊന്നും വരാൻ പറ്റാതിരുന്നത്. വിനോദും കൂടി ഇപ്പോ ബിസിനസ് ഏറ്റെടുത്ത് നടത്താൻ തുടങ്ങിയതിൽ പിന്നെയാണ് ഞാനൊന്ന് ഫ്രീ ആയത്. അതാ ഇങ്ങോട്ടൊന്ന് ഇറങ്ങാമെന്ന് വിചാരിച്ചത്.

പിന്നെ നീ നാട്ടിൽ വന്നത് ഞങ്ങൾ അറിയാനും കുറച്ചു വൈകി. അല്ലെങ്കിൽ നേരത്തെ തന്നെ മോനെ കാണാൻ ഞങ്ങൾ വരുമായിരുന്നു.” ശിവദാസൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

“മോന് അവിടെ സുഖമല്ലേ, ജോലിയൊക്കെ എങ്ങനെ പോകുന്നു? ഇനിയെന്നാ തിരിച്ചു പോകുന്നത്.” സരസ്വതി കുശലാന്വേഷണം നടത്തി.

“ജോലിക്കൊന്നും ഒരു കുഴപ്പമില്ല… ചിലപ്പോൾ തിരിച്ചു പോയില്ലെന്നും വരും. ഇവിടെ എന്തെങ്കിലും ബിസിനസ് ചെയ്ത് കൂടിയാലോ എന്ന് ആലോചിക്കുന്നുണ്ട് ഞാൻ.” അലസ മട്ടിൽ പറഞ്ഞു കൊണ്ട് അഖിൽ തന്റെ മുറിയിലേക്ക് കയറിപ്പോയി.

അവരോട് ഇനിയും സംസാരിച്ചാൽ താൻ അതിര് കടന്ന് എന്തെങ്കിലും പറഞ്ഞു പോകുമെന്ന് അവന് തോന്നി. വീട്ടിൽ കയറി വരുന്നവരോട് അപമര്യാദയായി പെരുമാറണ്ട എന്ന് കരുതിയാണ് അഖിൽ അവിടെ നിന്നും ഒഴിഞ്ഞു മാറി പോയത്. അവന്റെ ആ പെരുമാറ്റം ഇരുവർക്കും തീരെ ഇഷ്ടമായില്ല.

വിനോദിനെയും വേണിയെയും പോലും അഖിൽ മൈൻഡ് ചെയ്തില്ല. അവൻ തങ്ങളെ നോക്കാതെ പോയതിൽ ഇരുവർക്കും വിഷമം തോന്നി. അഖിൽ മുകളിലേക്ക് കയറിപ്പോകുന്നത് നിരാശയോടെയാണ് വേണി നോക്കി നിന്നത്.

“പത്ത് കാശ് സമ്പാദിക്കാൻ തുടങ്ങിയപ്പോ നിന്റെ മോന് നല്ല അഹങ്കാരമായല്ലോ ദേവകി.” സരസ്വതി അനിഷ്ടത്തോടെ അഖിലിന്റെ അമ്മയെ നോക്കി.

“ഏട്ടത്തി ഒന്നും വിചാരിക്കരുത്. ഇവരുടെ അച്ഛൻ മരിച്ചതിൽ പിന്നെ നിങ്ങളെ ആരെയും ഈ വഴിക്ക് കണ്ടിട്ടില്ലല്ലോ. അതിന്റെ ദേഷ്യമാണ് അവന്. ബിസിനസിന്റെ തിരക്കുകൾ കൊണ്ടാണ് നിങ്ങൾക്ക് ഈ വഴി വരാൻ പറ്റാത്തതെന്ന് എനിക്കറിയാം. പക്ഷേ അത് അഖിലിന് പറഞ്ഞാൽ മനസ്സിലാവില്ലല്ലോ.” ദേവകി ക്ഷമാപണത്തോടെ ഇരുവരോടും പറഞ്ഞു.

“ദാസേട്ടന്റെ തിരക്കുകളെ കുറിച്ച് ഞാൻ നിന്നോട് പ്രത്യേകം പറയേണ്ടല്ലോ ദേവകി. വിനോദ് മോനും കൂടി ബിസിനസ്സിലേക്ക് ഇറങ്ങിയ ശേഷമാണ് ദാസേട്ടനൊന്ന് ഫ്രീ ആയത്. ബന്ധുക്കളെയൊന്നും വെറുപ്പിക്കരുതെന്ന് മോനെ പറഞ്ഞ് നീ മനസ്സിലാക്കണം. പിന്നെ വേണി മോളുമായുള്ള കല്യാണ കാര്യവും നീ അവനോട് സൂചിപ്പിക്കണം.” സരസ്വതിയുടെ വാക്കുകൾ കേട്ട് ദേവകി പുഞ്ചിരിച്ചു.

“ഞാൻ പറഞ്ഞ എന്റെ മോൻ കേൾക്കും. ഏട്ടത്തിക്ക് എങ്കിലും ഞങ്ങളെ ഒന്ന് അന്വേഷിച്ചു വരാൻ തോന്നിയല്ലോ. അഖിയോട് ഞാൻ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊള്ളാം.” ദേവകി പറഞ്ഞു.

“പിന്നെ ഗൾഫിലുള്ള ഈ നല്ല ജോലി വിട്ടിട്ട് ഇവിടെ ബിസിനസ് തുടങ്ങാൻ ഒന്നും നീ സമ്മതിക്കണ്ട. വെറുതെ കുറെ കാശ് കളയാം എന്നല്ലാതെ ബിസിനസ് ഒക്കെ അവനെക്കൊണ്ട് പറ്റിയ പണിയാണെന്ന് എനിക്ക് തോന്നുന്നില്ല.” ശിവദാസൻ ഉപദേശ രൂപേണ പറഞ്ഞു കൊണ്ട് അവരെ നോക്കി.

അഖിൽ മുകളിലേക്ക് കയറി പോയെങ്കിലും തന്റെ മുറിയിലേക്ക് പോകാതെ താഴെ നടക്കുന്ന സംഭാഷണങ്ങൾ ശ്രദ്ധിച്ചു കൊണ്ട് സ്റ്റെയർ കേസിന് മുകളിൽ അവർ കാണാതെ നിൽക്കുകയായിരുന്നു അവൻ. തനിക്കുള്ള കല്യാണ ആലോചനയും ആയിട്ടാണ് അമ്മാവന്റെയും അമ്മായിയുടെയും ഈ അപ്രതീക്ഷിത വരവ് എന്ന് അവൻ ഊഹിച്ചു. താഴെക്കിറങ്ങിച്ചെന്ന് അവരോട് നാലു വർത്തമാനം പറയാൻ അവന്റെ നാവ് തരിച്ചെങ്കിലും അഖിൽ ആത്മസംയമനം പാലിച്ചു നിന്നു.

“എന്നാപ്പിന്നെ ഞങ്ങൾ ഇറങ്ങട്ടെ ദേവകി. അഖിലിനോട് സംസാരിച്ചിട്ട് നീ വിവരമറിയിക്ക്. നല്ലൊരു മുഹൂർത്തം നോക്കി നമുക്ക് ഇവരുടെ രണ്ടുപേരുടെയും നിശ്ചയം അങ്ങ് നടത്താം.” ശിവദാസൻ സോഫയിൽ നിന്നും എഴുന്നേറ്റു.

“ഞാൻ മോനോട് പറഞ്ഞിട്ട് വിവരം അറിയിക്കുന്നുണ്ട്.” ദേവകി ചിരിച്ചു.

“എങ്കിൽ ശരി, ഞങ്ങൾ വേറൊരു ദിവസം വരാം. ഇങ്ങനെ വീട്ടിൽ തന്നെ ഇരിക്കാതെ ഇടയ്ക്ക് മോളെയും കൂട്ടി നീ അങ്ങോട്ടൊക്കെ ഒന്ന് ഇറങ്ങ്.” ഇറങ്ങാൻ നേരം ദേവകിയുടെ കൈപിടിച്ച് സരസ്വതി പറഞ്ഞു.

“വരാം ഏട്ടത്തി.” അഞ്ചുവും ദേവകിയും പുഞ്ചിരിയോടെ അവരെ യാത്രയാക്കി.

കാറിൽ കയറാൻ നേരം വിനോദ് പിന്തിരിഞ്ഞ് അഞ്ജുവിനെ നോക്കി പുഞ്ചിരിച്ചു കാണിച്ചു. അവന്റെ ചിരിയും കണ്ണു കൊണ്ടുള്ള നോട്ടവും കണ്ട് അവൾക്ക് ഒരു നിമിഷം നാണം തോന്നി. ആ കാഴ്ച കണ്ടു കൊണ്ടാണ് അഖിൽ മുകളിൽ നിന്നും താഴേക്ക് വന്നത്.

“ആരോട് ചോദിച്ചിട്ട അമ്മ അവരെയൊക്കെ ഈ വീട്ടിൽ വിളിച്ചു കയറ്റിയത്. നാലെണ്ണവും കൂടി ഇങ്ങോട്ട് വന്നിറങ്ങിയപ്പോൾ തന്നെ പറഞ്ഞ് വിട്ടൂടായിരുന്നോ?” അഖിൽ അമർഷത്തോടെ ചോദിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് വന്നു.

“വീട്ടിൽ കയറി വരുന്നവരോട് എങ്ങനെയാ ഇറങ്ങി പോകാൻ പറയുന്നത്. മരിച്ചു പോയ നിന്റെ അച്ഛന്റെ ചേച്ചിയാണ് അവർ. ആ ഒരു ബഹുമാനമെങ്കിലും നമ്മൾ അവർക്ക് കൊടുക്കണ്ടേ.” ദേവകി ശാസനയോടെ മകനെ നോക്കി.

“ഇത്രയും വർഷം ഇവരൊക്കെ എവിടെ പോയി കിടക്കുകയായിരുന്നു. നമ്മള് ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്ന് ഇവരൊക്കെ അന്വേഷിച്ചിട്ടുണ്ടോ? ഇപ്പോൾ ഞാൻ ഗൾഫിൽ പോയി സമ്പാദിക്കാൻ തുടങ്ങിയെന്ന് അറിഞ്ഞപ്പോൾ ഒരു നാണവുമില്ലാതെ ഇളിച്ചു കൊണ്ട് കയറി വന്നതാണെന്ന് അമ്മയ്ക്ക് മനസ്സിലായില്ലേ.” അഖിൽ ദേഷ്യം കൊണ്ട് ഉറഞ്ഞ് തുള്ളി.

“ഏട്ടൻ ഇത്രയ്ക്ക് ദേഷ്യപ്പെടാൻ മാത്രം ഇവിടെ ഒന്നും സംഭവിച്ചില്ലല്ലോ. ബിസിനസിന്റെ തിരക്കുകൾ ഒക്കെ ഉള്ളതു കൊണ്ടല്ലേ അമ്മാവന് ഇതുവഴി വരാൻ പറ്റാത്തത്. അച്ഛൻ മരിച്ചപ്പോൾ അവരൊക്കെ വന്നതാണല്ലോ. എല്ലാവർക്കും അവരുടേതായ തിരക്കുകൾ ഉണ്ടാവില്ലെ? അല്ലാതെ എപ്പോഴും ഇവിടെ വന്ന് നമ്മൾ എങ്ങനെയാ ജീവിക്കുന്നത് എന്നൊക്കെ നോക്കിയിരിക്കാൻ പറ്റുമോ?” അഞ്ചു ചോദിച്ചു.

“നീ ഒരക്ഷരം മിണ്ടിപ്പോകരുത്. ഇത്രയും വർഷം തിരിഞ്ഞു നോക്കാത്തവർ ഒന്ന് വന്ന് ചിരിച്ചു കാണിച്ചപ്പോ ഴേക്കും അമ്മയെപ്പോലെ നീയും പഴയതൊക്കെ മറന്നു. എല്ലു മുറിയെ ഞാൻ കഷ്ടപ്പെട്ടിട്ട നിന്നെ പഠിപ്പിക്കുന്നതും ഈ വീട് കെട്ടിപ്പൊക്കിയതും. ഇത്രയും നാൾ ആരുടെയും സഹായവും സഹകരണവും ഇല്ലാതെ നമുക്ക് തനിച്ച് ജീവിക്കാമെങ്കിൽ ഇനിയും അങ്ങനെ പറ്റും. അതുകൊണ്ട് ഇത്രയും നാളും ഇല്ലാതിരുന്ന ബന്ധുത്വം ഒന്നും ഇനിയും വേണ്ട.” അഖിൽ ദേഷ്യത്തോടെ ഇരുവരെയും നോക്കി.

“നീ ഇങ്ങനെ ദേഷ്യപ്പെടല്ലേ മോനെ. അമ്മാവനും അമ്മായിയും വെറുതെ വന്നതല്ല. വേണിയെ ഇങ്ങോട്ട് കെട്ടിച്ചുവിടാൻ അവർക്ക് താല്പര്യമുണ്ട്. അതുപോലെ വിനോദിന് നമ്മുടെ അഞ്ചു മോളെ കൊടുക്കുമോ എന്നും അവർ ചോദിച്ചിട്ടുണ്ട്.

നിന്റെ ഇഷ്ടം കൂടി നോക്കിയതിനു ശേഷം നിനക്ക് താല്പര്യമാണെങ്കിൽ രണ്ടാളുടെയും നിശ്ചയം ഒരേ ദിവസം തന്നെ നടത്താമെന്നാണ് അമ്മാവനും അമ്മായിയും പറഞ്ഞത്. വേണി മോള് നല്ല സുന്ദരിയാ, നിനക്ക് ചേരും. പിന്നെ നീ തിരിച്ചു പോകുന്നതിനു മുമ്പ് നിശ്ചയം നടത്തണമെന്നാണ് ഏട്ടത്തി പറഞ്ഞിട്ട് പോയത്.

എന്തായാലും നിങ്ങൾക്ക് രണ്ടുപേർക്കും വിവാഹ പ്രായമായല്ലോ. അഞ്ചു മോളെ നമുക്ക് പരിചയമുള്ളിടത്ത് കെട്ടിച്ച് വിടുമ്പോൾ എനിക്ക് സമാധാനവും ഉണ്ടാവും.” ദേവകി അത് പറയുമ്പോൾ അഖിലിന്റെ മുഖം ദേഷ്യത്താൽ ചുവന്ന് തുടുത്തു.

” വിനോദനെ കല്യാണം കഴിക്കാൻ നിനക്ക് ഇഷ്ടമുണ്ടോ? ” അഖിൽ രൂക്ഷമായി അഞ്ജുവിനെ നോക്കി.

” ഇഷ്ടപ്പെടാതിരിക്കാൻ പ്രത്യേകിച്ച് കാരണമൊന്നും ഇല്ലല്ലോ. ഏട്ടന് വേണിയെ ഇഷ്ടമാണെങ്കിൽ നമ്മുടെ രണ്ടുപേരുടെയും നിശ്ചയവും കല്യാണവും ഒരേ സമയത്ത് തന്നെ നടക്കും. ” അഞ്ചു പറഞ്ഞത് കേട്ട് അഖിൽ കോപം നിയന്ത്രിച്ചു.

” അങ്ങനെ നീയിപ്പോ അവനെ ഇഷ്ടപെടണ്ട. വേണിയെ കല്യാണം കഴിക്കാൻ എനിക്കൊരു താല്പര്യവുമില്ല. അതുകൊണ്ട് നീയും വേണ്ടാത്തതൊന്നും ആഗ്രഹിക്കാൻ നിക്കണ്ട. ഇത്രയും വർഷത്തിനിടയ്ക്ക് അമ്മാവനും അമ്മായിയും ഈ വഴി വന്നില്ലെങ്കിലും വേണിക്കോ വിനോദിനോ ഒരു തവണയെങ്കിലും നമ്മളെ ഒന്ന് വിളിക്കാനോ ഇങ്ങോട്ട് വരാനോ തോന്നിയിട്ടില്ലല്ലോ. അതുകൊണ്ട് അങ്ങനെയുള്ളവരുമായി ബന്ധം കൂടാതിരിക്കുന്നത് തന്നെയാണ് നല്ലത്. അതുകൊണ്ട് നിന്റെ മനസ്സിൽ വേണ്ടാത്ത വല്ല മോഹവും കയറി കൂടിയിട്ടുണ്ടെങ്കിൽ അതങ്ങ് കളഞ്ഞേക്ക്. അമ്മയോടും കൂടിയാ ഞാനിത് പറയുന്നത്. ”

അഖിൽ ശാസനയോടെ പറഞ്ഞു.

” അഞ്ചു മോൾക്ക് സ്ത്രീധനം ഒന്നും വേണ്ടെന്നാണ് അവർ പറഞ്ഞിട്ടുള്ളത്. ഇവളെ വേറെ ആർക്കെങ്കിലും കെട്ടിച്ചു കൊടുക്കുകയാണെങ്കിൽ കൊടുക്കാനുള്ള സ്ത്രീധനം നിന്റെ കയ്യിലുണ്ടോ. അങ്ങനെയാണെങ്കിൽ നീ ഇവളെ ആർക്കു വേണമെങ്കിലും കെട്ടിച്ചു കൊടുത്തോ എനിക്കൊരു പ്രശ്നവുമില്ല. അവർക്കാണെങ്കിൽ സ്ത്രീധനം ഒന്നും കൊടുക്കേണ്ടല്ലോ എന്ന് കരുതിയാണ് അഞ്ചു സമ്മതം പറഞ്ഞത്. എനിക്കും ഈ ബന്ധത്തിനോട് താല്പര്യം ഉണ്ട്. നീ സമ്മതിച്ചേ പറ്റു മോനെ.”

ദേവകി ഉറച്ച സ്വരത്തിൽ പറഞ്ഞു……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!