Novel

വരും ജന്മം നിനക്കായ്: ഭാഗം 70

രചന: ശിവ എസ് നായർ

“മറ്റൊരുത്തൻ ചവച്ച് തുപ്പിയ വിഴുപ്പിനെ തന്നെ നിനക്ക് വേണോ മോനെ. നിന്നെ കല്യാണം കഴിക്കുന്ന പെൺകുട്ടി മനസ്സു കൊണ്ടും ശരീരം കൊണ്ടും പരിശുദ്ധിയായിരിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ട് നീ എന്തൊക്കെ പറഞ്ഞാലും ഗായത്രിയെ അംഗീകരിക്കാൻ എനിക്ക് കഴിയില്ല മോനെ. അതുകൊണ്ട് അവളും ഒത്തുള്ള ജീവിതം മറക്കുന്നതാണ് നിനക്ക് നല്ലത്.”

ഗായത്രിയെ കുറിച്ച് തന്റെ അമ്മ പറഞ്ഞ വാക്കുകൾ അഖിലിന്റെ മനസ്സിനെ പിടിച്ചുലച്ചു.

“അവളെക്കുറിച്ച് അമ്മ ഇങ്ങനെയൊന്നും പറയരുത്. എന്റെ മനസ്സിൽ അവൾ ഇപ്പോഴും എപ്പോഴും പരിശുദ്ധ തന്നെയാണ്. ഇഷ്ടമില്ലാതെ ഒരു പെണ്ണിനെ താലി കെട്ടി അവളുടെ ഒപ്പം ജീവിക്കുന്നതിനേക്കാൾ നല്ലതല്ലേ എനിക്കിഷ്ടപ്പെട്ടവളെ കെട്ടുന്നത്. അതിന് അമ്മ ഇങ്ങനെ തടസ്സം നിൽക്കരുത്. അവളെ ഞാൻ അത്രയ്ക്കും സ്നേഹിച്ചു പോയി അമ്മേ. ഗായത്രിയെ മറക്കാൻ എന്നെക്കൊണ്ട് കഴിയില്ല.”

അഖിലിന്റെ കണ്ണുകൾ നിറഞ്ഞു.

“നിന്റെ സങ്കടം അമ്മയ്ക്ക് മനസ്സിലാകും മോനെ. പക്ഷേ നീ ഗായത്രിയെ നിന്റെ ഭാര്യയായി ഇങ്ങോട്ട് കൊണ്ടുവന്നു കഴിഞ്ഞാൽ ഞങ്ങളും അവളും ഈ വീടിനുള്ളിൽ ഒരുമിച്ച് കഴിയേണ്ട സാഹചര്യമുണ്ടാകും. അങ്ങനെ ഞങ്ങൾക്ക് മനസ്സു കൊണ്ട് സ്വീകരിക്കാൻ കഴിയാത്തൊരു പെണ്ണിനെ നീ ഇങ്ങോട്ട് കൊണ്ടു വന്നാൽ എപ്പോഴായാലും അതൊരു പൊട്ടിത്തെറിയിലേ അവസാനിക്കു.

അതുകൊണ്ട് ഗായത്രിയെ കല്യാണം കഴിക്കുന്നതിനേക്കാൾ ഭേദം നീ ഈ ജന്മം വിവാഹം കഴിക്കാതിരിക്കുന്നതാണ് മോനെ. അതാകുമ്പോൾ എനിക്ക് നീ കല്യാണം കഴിച്ചില്ലല്ലോ എന്നൊരു സങ്കടം മാത്രമേ ഉണ്ടാവൂ. അവളെ നീ പോലൊരു പെണ്ണിനെ കെട്ടിയല്ലോ എന്നോർത്ത് ജീവിത കാലം മുഴുവനും എനിക്ക് ഇരട്ടി ദുഃഖം അനുഭവിക്കേണ്ടി വരില്ലല്ലോ. ഒരമ്മയുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കുമ്പോഴേ നിനക്ക് ഞാൻ പറഞ്ഞത് മനസ്സിലാകു.

നീ അറിഞ്ഞതോ മനസ്സിലാക്കിയതോ പോലെയല്ലല്ലോ ഞാൻ ഗായത്രി മനസ്സിലാക്കിയിട്ടുള്ളത്. നിന്നെ മറന്ന് മറ്റൊരു ജീവിതം ജീവിക്കാൻ ശ്രമിച്ചവളെ എന്റെ മോന് വേണ്ട എന്ന് തന്നെയാണ് എന്റെ തീരുമാനം. ഈ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലായിരുന്നെങ്കിൽ അവൾ അവന്റെ കൂടെ തന്നെ സന്തോഷത്തോടെ ജീവിക്കുമായിരുന്നില്ലേ. അല്ലാതെ അവളുടെ ഭർത്താവിനെ ഉപേക്ഷിച്ച് ഗായത്രി നിന്റെ കൂടെ വരില്ലായിരുന്നല്ലോ.

സ്വന്തം അച്ഛന്റെ അമ്മയുടെയും കണ്ണീരിന് മുമ്പിൽ അല്ലേ അവൾ നിന്നെ മറന്നു മറ്റൊരുത്തന്റെ താലി സ്വീകരിച്ചത്. വീട്ടുകാർക്ക് വേണ്ടി അവൾക്ക് ത്യാഗം ചെയ്യാമെങ്കിൽ നിനക്കും ചെയ്യാം മോനെ.

നല്ലൊരു പെൺകുട്ടിയെ കല്യാണം കഴിച്ചാൽ കുറച്ച് സമയമെടുത്ത് ആയാലും നിനക്ക് എല്ലാം മറക്കാൻ കഴിയും. അഥവാ നിനക്ക് ഗായത്രിയെ മറക്കാൻ കഴിയുന്നില്ലെങ്കിൽ നീ ആരെയും കല്യാണം കഴിക്കണ്ട. ആ വിഷമം ഞാൻ അങ്ങ് സഹിച്ചോളാം.”

അത്രയും പറഞ്ഞു കൊണ്ട് ദേവകി അവിടെ നിന്നും എഴുന്നേറ്റ് പോയി.

“അമ്മയുടെ അഭിപ്രായം തന്നെയാണ് ഏട്ടാ എന്റെയും അഭിപ്രായം. വീട്ടുകാർക്ക് വേണ്ടി ഏട്ടനെ മറന്ന് മറ്റൊരാളെ കല്യാണം കഴിച്ച ആ ചേച്ചിയെ എന്റെ ഏട്ടൻ കല്യാണം കഴിക്കണ്ട. അതിനേക്കാൾ നല്ലത് ഏട്ടൻ ഇങ്ങനെ കല്യാണം കഴിക്കാതെ ജീവിക്കുന്നത് തന്നെയാണ്.”

അഞ്ചുവും തന്റെ തീരുമാനം അറിയിച്ചു.

ഗായത്രിയെ വിവാഹം കഴിക്കുന്നതിനോട് അമ്മയും അനിയത്തിയും യോജിക്കില്ല എന്ന തിരിച്ചറിവ് അഖിലിനെ തളർത്തി. അവരുടെ സപ്പോർട്ട് ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ താൻ പ്രാണനായി സ്നേഹിച്ചവളെ തനിക്ക് ജീവിതത്തിലേക്ക് കൂടെ കൂട്ടാൻ കഴിയുമായിരുന്നു എന്ന് അഖിൽ ചിന്തിച്ചു.

പക്ഷേ ഇനി ഒരിക്കലും തനിക്ക് അതിന് സാധിക്കില്ല എന്ന തിരിച്ചറിവ് അഖിലിനെ ഒത്തിരി വേദനിപ്പിച്ചു. നിറഞ്ഞ കണ്ണുകൾ അമർത്തി തുടച്ച് അവൻ സോഫയിൽ ചാരി കണ്ണുകൾ അടച്ചിരുന്നു.

ഒരാഴ്ച കൂടി കഴിഞ്ഞാൽ അഖിൽ തിരികെ ഗൾഫിലേക്ക് മടങ്ങും. അതിനു മുമ്പ് ഒരിക്കൽ കൂടി ഗായത്രിയെ കണ്ട് ഒന്ന് സംസാരിക്കണമെന്ന് അവന് തോന്നി.

🍁🍁🍁🍁🍁

അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു. ഗായത്രി കോളേജിലെ ക്ലാസ്സ് കഴിഞ്ഞ് സ്കൂട്ടറും എടുത്ത് കോളേജിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് അഖിൽ തന്റെ ബൈക്കിൽ ചാരി റോഡിനപ്പുറം നിൽക്കുന്നത് അവൾ കണ്ടത്.

അവനെ കണ്ടതും ഗായത്രി തന്റെ സ്കൂട്ടർ റോഡിന്റെ സൈഡിലേക്ക് ഒതുക്കി നിർത്തി. അപ്പോഴേക്കും അഖിൽ റോഡ് ക്രോസ് ചെയ്ത് അവളുടെ അടുത്തായി വന്നു.

“അഖിലേട്ടൻ എന്താ പതിവില്ലാതെ ഇവിടെ.? എന്നെ കാണാൻ വന്നതാണോ.” ഗായത്രി ചോദ്യ ഭാവത്തിൽ അവനെ നോക്കി.

“ഞാൻ നിന്നെ കാണാൻ വന്നതാണ് ഗായു. എനിക്ക് നിന്നോട് അല്പം സംസാരിക്കാനുണ്ടായിരുന്നു.” അഖിൽ പറഞ്ഞു.

“അഖിലേട്ടന് എന്നോട് എന്താ പറയാനുള്ളത്?” അവൾ ചോദിച്ചു.

“എനിക്ക് നിന്നോട് അല്പം സീരിയസായി തന്നെ സംസാരിക്കാനുണ്ട്. അതുകൊണ്ട് നമുക്ക് ഏതെങ്കിലും കോഫി ഷോപ്പിൽ പോയിരുന്ന് സ്വസ്ഥമായി സംസാരിക്കാം ഗായു. ഇവിടെ ഈ റോഡിൽ വച്ച് സംസാരിച്ചാൽ ശരിയാവില്ല.” അഖിലിന്റെ സ്വരത്തിൽ ഗൗരവം പ്രകടമായിരുന്നു.

“എങ്കിൽ നമുക്ക് അവിടെ പോയിരിക്കാം.” കോളേജിന് എതിർവശത്തുള്ള ഒരു കോഫി ഷോപ്പ് ചൂണ്ടി ഗായത്രി പറഞ്ഞു.

“ഓക്കേ… നീ വാ…” അഖിൽ ഗായത്രിയുടെ കൈപിടിച്ച് റോഡ് ക്രോസ് ചെയ്ത് കോഫി ഷോപ്പിലേക്ക് കയറിച്ചെന്നു.

ഇരുവരും രണ്ട് കോഫിയും കട്ട്ലറ്റും ഓർഡർ ചെയ്തതിനു ശേഷം ഒരു മേശയ്ക്ക് എതിർവശത്തായി ഇരുപ്പുറപ്പിച്ചു.

ഓർഡർ ചെയ്ത് 10 മിനിറ്റ് കഴിഞ്ഞപ്പോൾ അവർക്കുള്ള കോഫിയും കട്ട്ലെറ്റും വെയിറ്റർ അവരുടെ മുൻപിൽ കൊണ്ടു വച്ചു.

“അഖിലേട്ടന് എന്താ പറയാനുള്ളത്?” കോഫി കുടിച്ചു കഴിഞ്ഞിട്ടും അവൻ ഒന്നും മിണ്ടാതിരിക്കുന്നത് കണ്ട് ഗായത്രി ചോദിച്ചു.

“നാളെ കഴിഞ്ഞാൽ ഞാൻ തിരിച്ച് ദുബായ്ക്ക് പോകും. അതിനു മുമ്പ് നിന്നെ കണ്ട് ചില കാര്യങ്ങളിൽ ഒരു ക്ലാരിഫിക്കേഷൻ വരുത്തണമെന്ന് എനിക്ക് തോന്നി ഗായു.” അഖിൽ മുഖവുരയോടെ പറഞ്ഞു.

“അഖിലേട്ടൻ എന്താ പറയാൻ പോകുന്നതെന്ന് എനിക്ക് മനസ്സിലായി.” അവന്റെ മുഖത്തെ ഭാവവും ഗൗരവവും ഒക്കെ കണ്ടപ്പോൾ എന്തായിരിക്കും അവൻ പറയാൻ പോകുന്നതെന്ന് അവൾ ഏകദേശം ഊഹിച്ചു.

“നിന്നോട് എനിക്ക് ഒരു റിക്വസ്റ്റ് മാത്രമേ ഉള്ളൂ. എനിക്ക് പറയാനുള്ളത് മുഴുവൻ കേട്ടതിനു ശേഷം മാത്രമേ നീ ഇവിടെ നിന്ന് തിരിച്ചു പോകാൻ പാടുള്ളൂ. അല്ലാതെ അന്ന് കോടതി മുറ്റത്ത് വച്ച് പെട്ടെന്ന് ഇറങ്ങിപ്പോയത് പോലെ ഇവിടെ നിന്നും ഇറങ്ങി പോകരുത് നീ. അതെനിക്ക് സഹിക്കാൻ കഴിഞ്ഞെന്ന് വരില്ല.” അഖിൽ അപേക്ഷാ ഭാവത്തിൽ അവളെ നോക്കി.

“ഇന്നെന്തായാലും അഖിലേട്ടന് പറയാനുള്ളത് മുഴുവൻ കേട്ടതിനു ശേഷം മാത്രമേ ഞാൻ പോകു.” ഗായത്രി കൈകൾ മാറത്ത് പിണച്ചു കെട്ടി അവനെ കേൾക്കാനായി തയ്യാറെടുത്തു.

“ഗായു… ഞാൻ അന്ന് നിന്നോട് പറഞ്ഞില്ലേ. നിന്നെ എനിക്ക് ഇപ്പോഴും ഇഷ്ടമാണ് കല്യാണം കഴിക്കാൻ താല്പര്യം ഉണ്ടെന്ന്.. നിന്റെ മനസ്സിൽ ഇപ്പോൾ അങ്ങനെയുള്ള ചിന്തകളൊന്നും ഇല്ല എന്ന് എനിക്കറിയാം. എങ്കിലും എനിക്ക് നിന്നോടുള്ള ഇഷ്ടം ഇപ്പോഴും ഒരു ശതമാനം പോലും കുറഞ്ഞിട്ടില്ല.

നാൾക്ക് നാൾ എനിക്ക് നിന്നോടുള്ള ഇഷ്ടം കൂടിയിട്ടേയുള്ളൂ. കേവലം സഹതാപത്തിന്റെ പുറത്തല്ല നിന്നെ ഞാൻ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത്. നമ്മൾ സ്വപ്നം കണ്ട ജീവിതം ഒരുമിച്ചു ജീവിക്കാൻ വേണ്ടിയാണ് ഞാൻ നിന്നെ ക്ഷണിക്കുന്നത്. നിന്റെ മനസ്സ് മാറുന്നതിനായി എത്ര വർഷം കാത്തിരിക്കാനും ഞാൻ തയ്യാറാണ്.

നിനക്കെന്നെ ഇപ്പോഴും ഇഷ്ടമുണ്ടെന്ന് എനിക്കറിയാം ഗായു. പിന്നെ എന്തിനാണ് നീ എന്റെ മുന്നിൽ നിന്നും ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നത്. നിന്റെ ജീവിതത്തിലെ പ്രശ്നങ്ങളൊക്കെ അവസാനിച്ച സ്ഥിതിക്ക് നമുക്ക് ഒരുമിച്ച് ജീവിച്ചു കൂടെ. അത് ഉടനെ വേണമെന്ന് എനിക്കൊരു നിർബന്ധവുമില്ല. എല്ലാം മറക്കാൻ നിനക്ക് സമയം വേണമെന്ന് എനിക്കറിയാം. അതുവരെ കാത്തിരിക്കാൻ ഞാൻ ഒരുക്കവുമാണ്. ഒരിക്കൽ നിന്റെ അച്ഛൻ കാരണം നിന്നെ എനിക്ക് കൈവിട്ടു പോയി. ഇനിയും നിന്നെ കൈവിട്ടു കളയാൻ എനിക്ക് മനസ്സ് വരുന്നില്ല ഗായു. നിന്നോടുള്ള സ്നേഹം കൊണ്ടാണ് ഞാൻ ഇത്രയും കെഞ്ചി ചോദിക്കുന്നത്. എന്നെങ്കിലും നീ എന്റെ ജീവിതത്തിലേക്ക് കടന്നു വരുമോ? എന്റെ പഴയ ഗായുവായി?”

അവസാന വാചകങ്ങൾ പറയുമ്പോൾ അഖിലിന്റെ ശബ്ദമിടറി……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!