വരും ജന്മം നിനക്കായ്: ഭാഗം 72

രചന: ശിവ എസ് നായർ
ഗായത്രിയുമായി സംസാരിച്ച് പിരിഞ്ഞതിന് ശേഷം അഖിൽ നേരെ പോയത് മനുവിന്റെ വീട്ടിലേക്കാണ്.
“ഗായത്രി എന്ത് പറഞ്ഞു?” അഖിലിനെ കണ്ടതും മനു ചോദിച്ചു.
“നോ പറഞ്ഞു, അവൾക്ക് ഇനി ഒരിക്കലും എന്റെ ജീവിതത്തിലേക്ക് കടന്ന് വരാൻ താല്പര്യമില്ല. ഗായുവിനെ കൊണ്ട് അതിന് കഴിയുകയുമില്ല.”
അത് പറയുമ്പോൾ അവന്റെ ശബ്ദം വല്ലാതെ ഇടറിപ്പോയി. തുടർന്ന് ഗായത്രി തന്നോട് പറഞ്ഞ കാര്യങ്ങളൊക്കെ അഖിൽ അവനോട് വിശദീകരിച്ചു.
“ഞാൻ ഇത് പ്രതീക്ഷിച്ചതാ അഖിൽ. ഗായത്രിയെ പോലൊരു പെണ്ണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതിൽ അത്ഭുതപ്പെടാനില്ല. കാരണം നിന്റെ വീട്ടുകാരുടെ സമ്മതമില്ലാതെ നിന്റെ ജീവിതത്തിലേക്ക് വന്നാലും പിന്നീടുള്ള കാലം നിന്റെ വീട്ടിൽ അവൾക്ക് ഒരു സ്വസ്ഥതയോ സമാധാനമോ കിട്ടുമോ? നിന്റെ അമ്മ ഗായത്രിക്ക് സ്വൈര്യം കൊടുക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? അങ്ങനെ സംഭവിച്ചാൽ അമ്മേടേം ഭാര്യയെടേം ഇടയിൽ കിടന്ന് നീ പെട്ട് പോകും. ആരെയും തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയായിരിക്കും.
ഈ ചെറിയ കാലയളവിനുള്ളിൽ തന്നെ ഒത്തിരി അനുഭവിച്ചവളാണ് ഗായത്രി. ഇനിയും അതിന് നീ ആയിട്ട് ഒരു സങ്കടം കൊടുക്കാതിരിക്കുന്നതാണ് നല്ലത്. നിന്റെ അമ്മയ്ക്കും അനിയത്തിക്കും എതിർപ്പില്ലായിരുന്നെങ്കിൽ ഗായത്രിയുടെ മനസ്സ് എപ്പോഴെങ്കിലും മാറുമെന്ന പ്രതീക്ഷയിൽ നിനക്ക് മുന്നോട്ടു പോകാമായിരുന്നു.
പക്ഷേ അവളെ നിനക്ക് വിധിച്ചിട്ടില്ല അഖിലേ. അതുകൊണ്ട് പഴയതെല്ലാം നീ മറന്നേ പറ്റു. ഗായത്രിയുടെ തീരുമാനം അറിഞ്ഞ സ്ഥിതിക്ക് നീ ഇനി അവളുടെ കാര്യമോർത്ത് സങ്കടപ്പെടരുത്.”
മനു ഉപദേശ രൂപേണ പറഞ്ഞു.
“ഇത്ര നാൾ എനിക്കും ഒരു പ്രതീക്ഷ ഉണ്ടായിരുന്നെടാ. പക്ഷേ നീ പറഞ്ഞത് പോലെ ഗായുവിന്റെ ഈ തീരുമാനം ഒരിക്കലും മാറില്ലെന്ന് എനിക്ക് ഇന്നത്തോടെ ബോധ്യമായി. അവളെ ഞാനല്ലാതെ മറ്റാരാ മനസിലാക്കുക. അതുകൊണ്ട് ഞാനിനി അവളെ ഒരു തരത്തിലും ഈ കാര്യം പറഞ്ഞ് ശല്യം ചെയ്യില്ല. ഗായു, അവൾക്ക് ഇഷ്ടമുള്ള പോലെ ഇനി ജീവിക്കട്ടെ. ഒരു സുഹൃത്തായി അവൾക്കൊപ്പം നിൽക്കാനേ ഞാനിപ്പോ ആഗ്രഹിക്കുന്നുള്ളൂ. മറ്റൊന്നും എന്റെ മനസ്സിലുമില്ല.”
അഖിലിന്റെ വാക്കുകൾ ഇടറി.
“അതാ നല്ലത്… കുറച്ചു നാൾ കഴിയുമ്പോ ഒക്കെ മറക്കാനും പുതിയൊരു ജീവിതം തുടങ്ങാനുമൊക്കെ നിനക്കും കഴിയും. അല്ലാതെ നഷ്ടപ്പെട്ടവരെ ഓർത്ത് ഈ ലൈഫ് നശിപ്പിക്കരുത് നീ.”
മനു അവന്റെ കരങ്ങൾ കവർന്നു.
“ഇല്ല മനു… ഗായുവിനെ കിട്ടാത്തതോർത്ത് ഈ ജീവിതം ഞാൻ നശിപ്പിക്കില്ല. അത് അവളെയും വിഷമിപ്പിക്കും.”
അഖിൽ വേദനയോടെ പുഞ്ചിരിച്ചു.
***
പിറ്റേ ദിവസം രാവിലെ അഖിലിനെ എയർപോർട്ടിൽ കൊണ്ട് വിടാൻ വന്നതായിരുന്നു മനു. അവന്റെ അനിയത്തി മീനാക്ഷിയും അവനോടൊപ്പം ഉണ്ടായിരുന്നു.
“അഖിലേ… മീനുവിന് നിന്നോട് എന്തോ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു.”
അഖിലിന്റെ അടുത്ത് വന്ന് ശബ്ദം താഴ്ത്തിയാണ് അവൻ അത് പറഞ്ഞത്.
“എന്ത് കാര്യം?” അഖിൽ അമ്പരപ്പിൽ അവനെ നോക്കി.
“അത് അവൾ തന്നെ പറയും.”
അത് പറഞ്ഞു കൊണ്ട് മീനുവിനെ അഖിലിന്റെ അടുത്തേക്ക് പറഞ്ഞ് വിട്ടിട്ട് മനു ബാഗുകൾ ഒക്കെ കാറിലേക്ക് എടുത്തു വയ്ക്കാൻ തുടങ്ങി.
“മീനുവിന് എന്നോടെന്താ പറയാനുള്ളത്?” കാര്യം മീനാക്ഷി മനുവിന്റെ പെങ്ങൾ ആണെങ്കിലും അഖിലിന് അവളുമായി അത്ര അടുപ്പമൊന്നും ഉണ്ടായിരുന്നില്ല.
തമ്മിൽ കാണുമ്പോൾ ഒരു ചിരിയിലോ ഒന്നോ രണ്ടോ വാക്കിലോ ഇരുവരും സംവദിക്കാറായിരുന്നു പതിവ്. അതുകൊണ്ട് തന്നെ മീനുവിന് തന്നോട് ഇത്ര കാര്യമായിട്ട് എന്താ പറയാനുണ്ടാവുക എന്നോർത്ത് അഖിൽ അത്ഭുതപ്പെട്ടു.
“ഞാനൊരു കാര്യം പറഞ്ഞാൽ അഖിലേട്ടൻ തെറ്റിദ്ധരിക്കരുത്.” പരിഭ്രമത്തോടെയാണ് മീനു അത് പറഞ്ഞത്.
അവളുടെ വാക്കുകൾ കേട്ട് അഖിൽ കൺഫ്യൂഷനോടെ മീനുവിനെ നോക്കി.
“മീനുവിന് എന്താ പറയാനുള്ളതെന്ന് വച്ചാൽ പറഞ്ഞോ.” അഖിൽ പറഞ്ഞു.
“കുട്ടിക്കാലം മുതലേ എനിക്ക് അഖിലേട്ടനെ ഒത്തിരി ഇഷ്ടമാണ്. രണ്ട് വർഷം മുൻപാണ് ഞാൻ മനു ഏട്ടനോട് എന്റെ ഇഷ്ടം തുറന്ന് പറഞ്ഞത്. അന്ന് അഖിലേട്ടൻ ഗായത്രി ചേച്ചിയുമായി ഇഷ്ടത്തിലാണെന്നും നിങ്ങൾ തമ്മിൽ ഉടനെ വിവാഹിതരാകും എന്നാണ് മനുവേട്ടൻ എന്നോട് പറഞ്ഞിരുന്നത്.
അന്ന് അതറിഞ്ഞപ്പോൾ ഞാൻ അഖിലേട്ടനെ മറക്കാൻ പരമാവധി ശ്രമിച്ചിരുന്നു. എന്റെ ഇഷ്ടം അഖിലേട്ടൻ ഒരിക്കലും അറിയണ്ട എന്ന് തന്നെയാണ് കരുതിയിരുന്നതും. പക്ഷേ പിന്നീട് നിങ്ങളുടെ ജീവിതത്തിൽ നടന്നതൊക്കെ മനുവേട്ടൻ വഴി ഞാനും അറിഞ്ഞിരുന്നു.”
മീനു പറഞ്ഞു വന്നത് നിർത്തിയിട്ട് ഭീതിയോടെ അഖിലിനെ ഒന്ന് നോക്കി.
മീനുവിന് തന്നോട് ഇങ്ങനെയൊരു ഇഷ്ടമുണ്ടായിരുന്നു എന്ന് കേട്ടതിന്റെ ഷോക്കിൽ ആയിരുന്നു അഖിൽ. അവൻ അവളെ അന്തംവിട്ട് നോക്കി നിൽക്കുകയാണ്.
“അഖിലേട്ടനെ മോഹിക്കാൻ എനിക്ക് അർഹതയുണ്ടോ എന്നൊന്നും അറിയില്ല. അവസരം നോക്കി നിങ്ങൾക്കിടയിലേക്ക് ഞാൻ വന്നു കയറുകയാണെന്നും ചിന്തിക്കരുത്. എന്നെങ്കിലും അഖിലേട്ടൻ ഒരു വിവാഹം കഴിക്കുമെങ്കിൽ അത്രയും നാളും കാത്തിരിക്കാൻ ഞാൻ തയ്യാറാണ്. ഈ മനസ്സിലെ മുറിവുണങ്ങാൻ സമയം വേണമെന്ന് എനിക്കറിയാം. എത്ര വർഷം കാത്തിരിക്കാനും ഞാൻ തയ്യാറാണ്. എനിക്ക് അഖിലേട്ടനെ അത്രയ്ക്ക് ഇഷ്ടമാണ്. മനുവേട്ടനും അമ്മയും ഒന്നും എന്റെ ഇഷ്ടത്തിന് എതിരല്ല. അഖിലേട്ടൻ പോകുന്നതിനു മുൻപ് എനിക്ക് ഇക്കാര്യം പറയണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാൻ നേരിട്ട് വന്ന് ഇക്കാര്യം പറഞ്ഞത്. ഉടനെ ഒരു മറുപടി തരണം എന്നില്ല. നന്നായി ആലോചിച്ച് മനുവേട്ടനോട് പറഞ്ഞാൽ മതി.”
അത്രമാത്രം പറഞ്ഞു കൊണ്ട് അഖിലിന്റെ മറുപടിക്ക് കാത്തു നിൽക്കാതെ മീനു പിൻതിരിഞ്ഞ് നടന്നു പോയി. അവൾ പോകുന്നത് കണ്ട് മനു അവന്റെ അടുത്തേക്ക് വന്നു.
“ഡാ… നിന്റെ പെങ്ങൾ എന്തൊക്കെയാടാ പറഞ്ഞിട്ട് പോയത്.” കേട്ടതൊന്നും വിശ്വസിക്കാനാവാതെ അഖിൽ മനുവിനെ മിഴിച്ചു നോക്കി.
“അവൾക്ക് നിന്നെ ഇഷ്ടമാണ് അഖിൽ. നീ പോകുന്നതിന് മുൻപ് മീനുവിന് അവളുടെ ഇഷ്ടം നിന്നെ അറിയിക്കണമെന്ന് പറഞ്ഞ് വാശി പിടിച്ചാണ് എന്റെ ഒപ്പം ഇങ്ങോട്ട് വന്നത്. നിന്നോട് അവളെ ഇഷ്ടപ്പെടണമെന്നോ കെട്ടണമെന്നോ എന്നൊന്നും ഞാൻ പറയില്ല. എന്ത് വേണമെന്ന് നിനക്ക് തീരുമാനിക്കാം.” ചിരിയോടെ പറഞ്ഞു കൊണ്ട് മനു ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു.
“നീ എന്ത് ആലോചിച്ചു നിൽക്കാ, വന്ന് വണ്ടിയിൽ കയറ്.” അഖിൽ കാറിലേക്ക് കയറാതെ എന്തോ ഓർത്ത് നിൽക്കുന്നത് കണ്ട് മനു വിളിച്ചു.
എന്തൊക്കെയോ ആലോചനയിൽ മുഴുകി നിന്ന അഖിൽ പെട്ടെന്ന് വന്ന് കാറിൽ കയറി ഇരുന്നു.
അവൻ കയറിയതും മനു വണ്ടി സ്റ്റാർട്ട് ചെയ്തു.
എയർപോർട്ടിലേക്കുള്ള യാത്രയിൽ ഉടനീളം അഖിൽ തീർത്തും നിശബ്ദനായി കാണപ്പെട്ടു. മീനുവിന് തന്നോട് ഇങ്ങനെ ഒരു ഇഷ്ടമുണ്ടാകുമെന്ന് അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല.
എയർപോർട്ടിൽ എത്തിയതും മനുവിനോട് യാത്ര പറഞ്ഞ് അഖിൽ തന്റെ ബാഗുകൾ എടുത്ത് അകത്തേക്ക് കയറിപ്പോയി.
ആ നിമിഷം അവന്റെ മനസ്സിലും ഹൃദയത്തിലും നിറഞ്ഞു നിന്നത് ഗായത്രി മാത്രമായിരുന്നു. ആ നിമിഷം ഒരു തുള്ളി കണ്ണുനീർ അവന്റെ കവിളിനെ നനച്ചു കൊണ്ട് നിലത്തേക്ക് പതിച്ചു……കാത്തിരിക്കൂ………