Novel

വരും ജന്മം നിനക്കായ്: ഭാഗം 73 || അവസാനിച്ചു

രചന: ശിവ എസ് നായർ

“നീ എന്താ മോളെ അഖിലിനോട് അങ്ങനെയൊക്കെ പറയാൻ പോയത്? ഒന്നുല്ലേലും നീ സ്നേഹിച്ച പയ്യനല്ലേ. എല്ലാം മനസ്സിലാക്കി അവൻ വിളിച്ചപ്പോ നീ ആ കൊച്ചിനെ വേണ്ടെന്ന് വച്ചത് ശരിയായില്ല. നിനക്കും വേണ്ടേ മോളെ ഒരു ജീവിതം.”

തന്നെ കാണാൻ അഖിൽ വന്നതും അവൻ പറഞ്ഞ കാര്യങ്ങളുമൊക്കെ ഗായത്രി ഒരു ദിവസം അമ്മയോട് പറഞ്ഞപ്പോൾ സുമിത്രയിൽ നിന്നും കിട്ടിയ മറുപടി അതായിരുന്നു.

“അമ്മേ… തോന്നുമ്പോ വേണ്ടെന്ന് വയ്ക്കാനും പിന്നീട് വേണമെന്ന് തോന്നുമ്പോ കൂട്ടിച്ചേർക്കാനും കഴിയുന്നതല്ല സ്നേഹ ബന്ധങ്ങൾ. അങ്ങനെ കൂട്ടിച്ചേർക്കുന്ന ബന്ധങ്ങൾക്ക് പഴയ കെട്ടുറപ്പും ഉണ്ടായി കൊള്ളണമെന്നില്ല. അച്ഛനും അമ്മയും കാരണമാണ് ആഗ്രഹിച്ച ജീവിതം എനിക്ക് നഷ്ടപ്പെട്ടത്.” ഗായത്രി കടുപ്പത്തിൽ അവരെയൊന്ന് നോക്കി.

“ശരിയാ… എല്ലാം ഞങ്ങളുടെ തെറ്റ് തന്നെയാ. നിനക്കൊരു കുടുംബം ഉണ്ടായി കാണാനുള്ള ആഗ്രഹം കൊണ്ടാ അമ്മ ഇങ്ങനെ പറഞ്ഞത്.” സുമിത്രയുടെ മിഴികൾ പെട്ടെന്ന് ഈറനായി.

“ഇനി നിങ്ങളൊക്കെ നിർബന്ധിച്ചാലും എന്റെ മനസ്സ് ആഗ്രഹിച്ചാൽ കൂടിയും എനിക്ക് അഖിലേട്ടന്റെ കൂടെ ജീവിക്കാൻ കഴിയില്ല. കാരണം ശിവപ്രസാദ് ശാരീരികമായും മാനസികമായും അത്രത്തോളം എന്നേ വേദനിപ്പിച്ചു കഴിഞ്ഞു. ആ ട്രോമയിൽ നിന്നും എനിക്ക് എന്നാണ് ഒരു മോചനം ലഭിക്കുകയെന്ന് കൂടി അറിയില്ല.

അതുകൊണ്ട് തന്നെ ഇനിയൊരിക്കലും ഒരു പുരുഷനൊപ്പവും ഉത്തമയായ ഭാര്യയായി ജീവിക്കാൻ എനിക്ക് കഴിയില്ല. അന്ന് അത്രയും മൃഗീയമായിട്ടാണ് ശിവപ്രസാദ് എന്നെ ഉപദ്രവിച്ചത്. എന്റെ ബുദ്ധിമോശം കൊണ്ട് കൂടിയാണ് എനിക്കന്ന് അതെല്ലാം അനുഭവിക്കേണ്ടി വന്നത്. ആ ഒരു ഷോക്കിൽ നിന്നും എന്റെ മനസ്സ് തിരിച്ചു വന്നിട്ടില്ല അമ്മേ.

ഇത് ആർക്ക് പറഞ്ഞാലും മനസ്സിലാവില്ല. ഇത്രയും മാനസിക സംഘർഷം അനുഭവിക്കുന്ന എനിക്ക് ഒരിക്കലും അഖിലേട്ടന്റെ അമ്മേടേം അനിയത്തിയുടെയും അവഗണന കൂടി നേരിടാൻ കഴിയില്ല.

പുറമെ ഒന്നും ഭാവിക്കാത്ത പോലെ നടക്കുന്നെങ്കിലും കഴിഞ്ഞു പോയതൊക്കെ ഒരു ദുസ്വപ്നം പോലെ എന്റെ മനസ്സിനെ ഇപ്പോഴും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ഇനിയൊരു വിവാഹ ജീവിതം ഞാൻ ആഗ്രഹിക്കുന്നില്ലമ്മേ.

അമ്മയോട് ഞാൻ ഇത്രയും ഓപ്പൺ ആയി കാര്യങ്ങൾ പറഞ്ഞത് ഇനിയൊരു വിവാഹ ജീവിതത്തിലേക്ക് പോകാൻ എന്നെ നിങ്ങളാരും നിർബന്ധിക്കാതിരിക്കാൻ വേണ്ടിയാണ്.

ഇനി എന്റെ ജീവിത ലക്ഷ്യം തന്നെ ജീവിതത്തിൽ ആരുമില്ലാതെ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്ക് ധൈര്യപൂർവ്വം വന്ന് താമസിക്കാനും എന്തെങ്കിലും കൈത്തൊഴിൽ ചെയ്ത് മുന്നോട്ട് ജീവിക്കാനുള്ള ഒരു മാർഗം കണ്ടെത്തി കൊടുക്കാൻ കഴിയുന്ന എന്തെങ്കിലും സംരംഭം തുടങ്ങണം എന്നത് മാത്രമാണ്. വിവാഹമല്ല ജീവിതത്തിന്റെ അവസാന വാക്കെന്ന് നിങ്ങൾ ഇനിയെങ്കിലും മനസ്സിലാക്കണം. ഇന്നത്തെ കാലത്ത് ഒരു പെണ്ണിന് ഇവിടെ ആൺ തുണ ഇല്ലാതെയും ജീവിക്കാൻ കഴിയും.”

അമ്മയോട് തന്റെ മനസ്സിലുള്ളത് പറഞ്ഞ് കഴിഞ്ഞപ്പോൾ ഗായത്രിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. സുമിത്രയോട് അവൾ പറഞ്ഞതൊക്കെ വേണു മാഷും കേൾക്കുന്നുണ്ടായിരുന്നു. മകളുടെ ജീവിതം ഈ വിധമാകാൻ കാരണം തങ്ങളുടെ പിടിവാശി ആണല്ലോ എന്നോർത്ത് ഉള്ളിൽ പരിതപിക്കാൻ മാത്രമേ അയാൾക്ക് കഴിയുമായിരുന്നുള്ളു. സുമിത്രയുടെ അവസ്ഥയും അത് തന്നെ ആയിരുന്നു.

ഗായത്രിയോട് ചെയ്തതിന് പ്രായശ്ചിത്തമായി ഇനിയുള്ള കാലം അവളുടെ ആഗ്രഹം പോലെ ഗായത്രി ജീവിക്കട്ടെ എന്ന് വേണു മാഷും ഭാര്യയും തീരുമാനം എടുത്തു. അവളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ തങ്ങളാൽ കഴിയുന്നത് ചെയ്യാനും അവർ തയ്യാറായി.

🍁🍁🍁🍁🍁🍁

മൂന്ന് വർഷങ്ങൾ കടന്ന് പോയി.

എല്ലാവരെയും ഭീഷണിപ്പെടുത്തി വിഷ്ണുവും ഒത്തുള്ള ജീവിതം നേടി എടുത്തെങ്കിലും പഠനം പാതി വഴിക്ക് മുടങ്ങി കുഞ്ഞിനേം നോക്കി കിടപ്പിലായ ഊർമിളയെയും പരിചരിച്ച് ഗൗരിയുടെ ജീവിതം വീടിനുള്ളിൽ തന്നെ ഒതുങ്ങിപ്പോയി.

വിഷ്ണു മുംബൈയിലെ ജോലി രാജി വച്ച് ഗൾഫിലേക്ക് പോയിരുന്നു. അവരുടെ അച്ഛൻ സുധാകരൻ, മൂത്ത മകൻ ഉണ്ടാക്കി വച്ച നാണക്കേട് കാരണം നാട്ടിൽ തല ഉയർത്തി നടക്കാൻ പറ്റാതെ നാട്ടിൽ നിന്നും ദൂരേക്ക് ട്രാൻസ്ഫർ വാങ്ങി പോയിരുന്നു. റിട്ടയർമെന്റ്ന് ശേഷവും അയാൾ പിന്നെ വീട്ടിലേക്ക് വരാൻ കൂട്ടാക്കിയില്ല.

ജയിലിൽ ശിവപ്രസാദിന്റെ ജീവിതവും ദുരിത പൂർണമായിരുന്നു. സഹ തടവുകാരിൽ നിന്നും ഏൽക്കുന്ന കൊടിയ പീഡനങ്ങൾ അവനെ ഒത്തിരി തളർത്തി. പല രാത്രികളിലും ഗായത്രിയോട് ചെയ്തു പോയ തെറ്റുകൾ ഓർത്ത് ശിവപ്രസാദ് കുറ്റബോധം കൊണ്ട്  ഉരുകി ഉരുകി ജയിലിലെ കഠിനമായ ദിനങ്ങൾ തള്ളി നീക്കി കൊണ്ടിരുന്നു.

🍁🍁🍁🍁🍁

ഗായത്രിക്കും ഒടുവിൽ അവൾ ആഗ്രഹിച്ചത് പോലെ തന്നെ തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിഞ്ഞു. ജീവിതത്തിൽ ആരുമില്ലാതെ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകൾക്ക് വന്ന് താമസിക്കാൻ ആയി അവൾ ചെറിയൊരു ഹോസ്റ്റൽ പണിതുയർത്തി. വളരെ ചെറിയൊരു തുക മാത്രമാണ് വാടകയായി അവൾ വാങ്ങിയിരുന്നതും.

ഹോസ്റ്റലിനോട് ചേർന്ന് തന്നെ പൊതിച്ചോറും അച്ചാറും സ്നാക്സുമൊക്കെ വിൽക്കുന്ന ചെറിയ ബിസിനസ് യൂണിറ്റും അവൾ തുടങ്ങി വച്ചു.

ജോലിയില്ലാത്ത സ്ത്രീകൾക്ക് ഒരു വരുമാന മാർഗ്ഗം ഉണ്ടാക്കാനാണ് അവളത് തുടങ്ങിയത്. എന്തായാലും അത് മറ്റുള്ളവർക്ക് സഹായമാവുക തന്നെ ചെയ്തു.

ഗായത്രിയുടെ വിശേഷങ്ങളൊക്കെ അഖിലും അറിയുന്നുണ്ടായിരുന്നു. രണ്ടുപേരും ഇപ്പോഴും നല്ല സുഹൃത്തുക്കൾ ആയി തുടരുന്നുണ്ട്. അന്ന് നാട്ടിൽ നിന്നും പോയിട്ട് അവൻ പിന്നീട് ഇതുവരെ തിരിച്ചു വന്നിട്ടില്ലായിരുന്നു.

മൂന്ന് വർഷങ്ങൾക്ക് ശേഷം അഖിൽ ഇത്തവണ നാട്ടിൽ വരുന്നുണ്ട്. അതും മനുവിന്റെ പെങ്ങൾ മീനാക്ഷിയുമായുള്ള വിവാഹത്തിനായിട്ടാണ് അവൻ വരുന്നതും. അഖിലിന്റെ വിവാഹ വാർത്ത അറിഞ്ഞു ഏറ്റവും കൂടുതൽ സന്തോഷിച്ചതും ഗായത്രിയാണ്.

🍁🍁🍁🍁🍁🍁

കാത്തിരിപ്പുകൾക്കൊടുവിൽ ഇന്നാണ് അഖിലിന്റെയും മീനാക്ഷിയുടെയും വിവാഹം ദിവസം. അവർക്കൊപ്പം തന്നെ മനുവിന്റെയും അഖിലിന്റെ പെങ്ങൾ അഞ്ജുവിന്റെയും വിവാഹം നടക്കുന്നുണ്ട്.

വധുവിന്റെ വേഷത്തിൽ അഖിലിന്റെ വാമ ഭാഗത്തായി മീനു വന്നിരിക്കുന്നത് നിറഞ്ഞ മനസ്സോടെയാണ് ഗായത്രി കണ്ടത്. അഖിൽ അവളെ താലി ചാർത്തുന്നത് കാണാനായി സദസ്സിന്റെ ഏറ്റവും മുന്നിൽ തന്നെ അവൾ ഉണ്ടായിരുന്നു.

മുഹൂർത്ത സമയത്ത് നാദസ്വര മേളങ്ങളുടെ അകമ്പടിയോടെ അഖിൽ മീനുവിന്റെ കഴുത്തിൽ താലി ചാർത്തുമ്പോൾ ഗായത്രിയുടെ ഹൃദയം അവർക്ക് വേണ്ടി നിശബ്ദമായി പ്രാർത്ഥിച്ചു.

താലി കെട്ടും ഫോട്ടോഷൂട്ടും കഴിഞ്ഞപ്പോൾ ഗായത്രി സ്റ്റേജിൽ കയറി അവരുടെ അടുത്തേക്ക് ചെന്നു. അഖിലിനോട് ചേർന്നു നിൽക്കുന്ന മീനാക്ഷിയെ കാണുമ്പോൾ ഗായത്രിക്ക് നഷ്ടബോധമൊന്നും തോന്നിയില്ല. ഈ ജന്മത്തിൽ ചേരേണ്ടത് അവരാണെന്ന ഉത്തമ ബോധ്യം അവൾക്കുണ്ടായിരുന്നു.

“മീനു… ഇതാണ് ഗായത്രി.” തങ്ങൾക്കടുത്തേക്ക് വന്ന ഗായത്രിയെ ചൂണ്ടി അഖിൽ പറഞ്ഞു.

“ഫോട്ടോയിൽ കാണുന്ന പോലെ തന്നെ ഉണ്ട് ചേച്ചിയെ നേരിട്ട് കാണാൻ.” ചിരിയോടെ പറഞ്ഞു കൊണ്ട് മീനു അവളെ കെട്ടിപിടിച്ചു. ഹൃദയം നിറഞ്ഞൊരു പുഞ്ചിരിയോടെ ഗായത്രിയും അവളെ ആലിംഗനം ചെയ്തു.

“എനിക്ക് സന്തോഷമായി അഖിലേട്ടാ… രണ്ടാളും സന്തോഷത്തോടെ ജീവിക്കണം.” കയ്യിലിരുന്ന ഗിഫ്റ്റ് പാക്കറ്റ് അവർക്ക് നേരെ നീട്ടി കൊണ്ട് ഗായത്രി ഇരുവരോടുമായി പറഞ്ഞു.

അതിനു മറുപടിയായി അഖിലും മീനുവും ഹൃദ്യമായി ഒന്ന് പുഞ്ചിരിച്ചു.

ശേഷം അവരുടെ കൂടെ ഒരു ഫോട്ടോ കൂടി എടുത്തതിനു ശേഷമാണ് ഗായത്രി മണ്ഡപത്തിൽ നിന്നും ഇറങ്ങിയത്. ആ നിമിഷം അവളുടെ ഹൃദയം അത്യധികം സന്തോഷത്തിൽ തന്നെയായിരുന്നു.

തനിക്കുണ്ടായ നഷ്ടമോർത്ത് അപ്പോൾ ഗായത്രിയുടെ കണ്ണുകൾ നിറഞ്ഞിരുന്നില്ല. ജീവിതം ചിലപ്പോൾ ഇങ്ങനെയൊക്കെ ആകാമെന്ന് ഓർത്ത് അവൾ സ്വയം സമാധാനിച്ചു. കോളേജ് ലൈഫും ഹോസ്റ്റലിലെ അന്തേവാസികൾക്കൊപ്പമുള്ള നിമിഷങ്ങൾ അത്രമേൽ അവളെ സന്തുഷ്ടപ്പെടുത്തുന്നുണ്ടായിരുന്നു.

തങ്ങൾക്കരികിൽ നിന്നും ഗായത്രി പിൻവാങ്ങുമ്പോൾ അഖിലിന്റെ ഹൃദയം അവളെ നഷ്ടപ്പെട്ടതോർത്ത് വിങ്ങി.

അടുത്ത ജന്മമെങ്കിലും ഗായത്രി തന്റേതാകണേ എന്നൊരു പ്രാർത്ഥന മാത്രമേ അവന്റെ മനസ്സിൽ അപ്പോൾ ഉണ്ടായിരുന്നുള്ളൂ.

“ഐ വിൽ മിസ്സ്‌ യൂ ഗായു…” അഖിലിന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു. അവന്റെ ഹൃദയവേദന മനസ്സിലാക്കിയത് പോലെ മീനു അവന്റെ കൈകളിൽ മുറുകെപ്പിടിച്ച് അഖിലിന് സ്വാന്തനമേകി അവനോട് ചേർന്ന് നിന്നു.

……അവസാനിച്ചു………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!