വരും ജന്മം നിനക്കായ്: ഭാഗം 8
രചന: ശിവ എസ് നായർ
അഴിഞ്ഞുലഞ്ഞ മുടി വാരി കെട്ടികൊണ്ട് ഗായത്രി പെട്ടെന്ന് ചെന്ന് വാതിൽ തുറന്നു. അവളെ അടിമുടി ഒന്നുഴിഞ്ഞു കൊണ്ട് അകത്തേക്ക് എത്തി നോക്കിയ ഊർമിള കാണുന്നത് വെളുത്ത വിരിയിൽ പടർന്ന ചോരക്കറയാണ്.
“ഗായത്രീ… ഇതെന്താ ഈ കാണുന്നത്.” ബെഡിലേക്ക് വിരൽ ചൂണ്ടി ഊർമിള ചോദിച്ചതും അവളും അങ്ങോട്ട് നോക്കി.
വെളുത്ത വിരിയിൽ പടർന്നിരിക്കുന്ന രക്തക്കറ കണ്ട് ഗായത്രി വിളറിപ്പോയി. ഇട്ടിരുന്ന ടോപ്പിന്റെ പിന്നിലും രക്തം പുരണ്ടിരിക്കുന്നത് കണ്ടപ്പോൾ അവൾ വല്ലാതായി. തന്നെ ചുഴിഞ്ഞു നോക്കിയ ഊർമിളയും അത് കണ്ട് കഴിഞ്ഞുവെന്ന് അവൾക്ക് മനസ്സിലായി.
“നിനക്ക് പീരിയഡ്സായോ?” മുഖം ചുളിച്ച് അവർ ചോദിച്ചു.
“ഇന്നലെ രാത്രി ആയതാ.”
“ഓഹ്… ഇന്നലെയേ ആയിട്ടാണോ ബെഡിൽ കേറി കിടന്ന് അത് കൂടി വൃത്തികേടാക്കിയത്?”
“ബ്ലീഡിങ് ഓവറായി പോയിട്ടാ… ഞാൻ അറിയാതെ ഉറങ്ങിപ്പോയി…” കുറ്റവാളിയേ പോലെ ഗായത്രി മുഖം കുനിച്ചു.
“ഈ സമയം ബെഡിൽ കിടക്കാൻ പാടില്ലെന്ന് നിനക്കറിഞ്ഞൂടെ. നിന്റെ അമ്മ ഇതൊന്നും പഠിപ്പിച്ചല്ലേ ഇങ്ങോട്ട് വിട്ടത്? പീരിയഡ്സായി കഴിഞ്ഞാൽ പെണ്ണുങ്ങൾ നിലത്ത് പായ വിരിച്ചു കിടക്കണം. അല്ലാതെ ഭർത്താവിന്റെ കൂടെ കേറി കിടന്ന് അവരുടെ ആയുസ്സ് കുറയ്ക്കുകയല്ല വേണ്ടത്.”
“ഇങ്ങനെയൊക്കെ ഉണ്ടെന്നത് ഞാനാദ്യമായിട്ടാ കേൾക്കുന്നത്.”
“ഇപ്പോൾ കേട്ടല്ലോ… ഇന്ന് മുതൽ ഇനി ഇത് തീരുന്നത് വരെ നിലത്ത് കിടന്നാൽ മതി.”
“ആഹ്… കിടന്നോളാം.” ഗായത്രി പറഞ്ഞു.
“ശിവനെവിടെ?” ബാത്‌റൂമിന്റെ നേർക്ക് പാളി നോക്കിയാണ് ഊർമിള അത് ചോദിച്ചത്.
“ശിവേട്ടൻ ഇന്നലെ ബാൽക്കണിയിലാ കിടന്നത്.” അറിയാതെ അവളുടെ നാവിൽ നിന്നും വീണ് പോയതാണ്. അത് കേട്ടതും അവരവളെ രൂക്ഷമായൊന്ന് നോക്കി.
“ഓഹോ… കെട്ടിക്കേറി വന്ന ദിവസം തന്നെ നീയെന്റെ മോനെ അവന്റെ റൂമിൽ നിന്ന് പുറത്താക്കിയല്ലേ. എന്റെ മോനെ അടിച്ചു പുറത്താക്കിയിട്ട് നീ ഇവിടെ കിടന്ന് സുഖിച്ചുറങ്ങിയേക്കുന്നു.” ക്രോധത്തോടെ പറഞ്ഞ് കൊണ്ടവർ ബാൽക്കണിയുടെ വാതിൽ തുറന്ന് ശിവപ്രസാദിന്റെ അരികിലേക്ക് പോയി.
ആകെ നാണംകെട്ട് വിളറി വെളുത്തു നിൽക്കുകയാണ് ഗായത്രി. രാവിലെ തന്നെ ഊർമിളയുടെ വായിലിരിക്കുന്നത് മുഴുവനും കേട്ടപ്പോൾ അവൾ തളർന്നു പോയിരുന്നു.
ഊർമിള ശിവയുടെ അരികിലേക്ക് പോയ നേരം കൊണ്ട് ചോര പുരണ്ട ബെഡ്ഷീറ്റ് എടുത്ത് ഗായത്രി ബാത്‌റൂമിലെ ബക്കറ്റിൽ കൊണ്ട് പോയി ഇട്ടു. പിന്നെ പുറത്തേക്ക് ഇറങ്ങി വന്ന് കുളിച്ചു മാറാനുള്ള വസ്ത്രം അലമാരയിൽ നിന്നെടുക്കുമ്പോൾ മകനെയും വിളിച്ചെണീപ്പിച്ച് ഊർമിള മുറിയിലേക്ക് വന്നു.
“രാവിലെ തന്നെ നിങ്ങളെ അമ്പലത്തിൽ പറഞ്ഞ് വിടാൻ വന്നതായിരുന്നു ഞാൻ. ഇവൾക്ക് പീരിയഡ്സായോണ്ട് ഇനിയിപ്പോ പോവാൻ പറ്റില്ലല്ലോ.” ഗായത്രിയെ ദേഷ്യത്തോടെ നോക്കി ഊർമിള ശിവയോട് പറഞ്ഞു.
“ഇതൊക്കെ കഴിഞ്ഞിട്ട് പോവാം അമ്മേ. അവൾക്ക് ഇന്നലെ രാത്രി തന്നെ ആയതാ.” ശിവപ്രസാദ് ബെഡിലേക്ക് ഇരുന്നു.
“ഇന്നലെ തന്നെ ആയ സ്ഥിതിക്ക് നിനക്കീ കാര്യം ഗൗരിയോട് ഒന്ന് പറയാമായിരുന്നു. എങ്കിൽ അവളെങ്കിലും എന്നെ ഇക്കാര്യം അറിയിച്ചേനെ. നേരത്തെ ഞാനിത് അറിഞ്ഞിരുന്നെങ്കിൽ എന്റെ മോന് കൊതുകടിയും കൊണ്ട് രാത്രി മുഴുവനും പുറത്ത് കിടക്കേണ്ടി വരില്ലായിരുന്നു.”
ഊർമിള മരുമകളെ കുറ്റപ്പെടുത്തി.
“അമ്മയോട് പറയേണ്ട കാര്യമുണ്ടെന്ന് തോന്നിയില്ല. അല്ലെങ്കിൽ ഇതൊക്കെ എല്ലാവർക്കും ഉണ്ടാവുന്നതല്ലേ. ഇത്രയ്ക്ക് പറഞ്ഞ് നടക്കാൻ എന്തിരിക്കുന്നു?” ഗായത്രിക്ക് ഈർഷ്യ തോന്നി.
“നീ കണ്ടില്ലേ അവളുടെ അഹങ്കാരം പറച്ചിൽ. നിന്റെ വീട്ടിൽ നീയെങ്ങനെ ജീവിച്ചുവെന്ന് എനിക്കറിയണ്ട. ഈ വീട്ടിലെ സ്ത്രീകൾക്ക് ആർത്തവം വന്നാൽ പാലിക്കുന്ന ചില കാര്യങ്ങളുണ്ട്.
അതൊക്കെ നിനക്കും ഇനി ബാധകമാണ്.
നിനക്ക് പുറത്തോട്ട് എങ്ങാനും പോവാനുണ്ടെങ്കിൽ വീടിന്റെ പുറക് വശത്തു കൂടി ഇറങ്ങണം. രാവിലെ കുളിച്ചിട്ടേ അടുക്കളയിൽ കയറാവൂ. കിടക്കയിൽ കിടക്കാൻ പാടില്ല. വിളക്ക് കത്തിക്കുന്ന മുറിയുടെ ഭാഗത്തു നിന്റെ നിഴൽ പോലും വീണേക്കരുത്. പറഞ്ഞതൊക്കെ മനസ്സിലായല്ലോ നിനക്ക്.” ഊർമിള പറഞ്ഞതൊക്കെ കേട്ട് ഗായത്രി മൗനം പാലിച്ചു.
തലേന്ന് രാത്രി കുടിച്ചതിന്റെയാണോന്ന് അറിയില്ല ശിവയ്ക്ക് നല്ല തലവേദന ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവൻ ഒന്നും മിണ്ടാതെ തലയിണയിൽ മുഖം അമർത്തി കിടന്നു.
“നാളെ മുതൽ രാവിലെ ആറുമണി ആവുമ്പേഴേക്കും കുളിച്ചു വേഷം മാറി താഴേക്ക് വന്നേക്കണം വേഗം.” ഗായത്രിയെ കടുപ്പിച്ചൊന്ന് നോക്കിയിട്ട് ഊർമിള പുറത്തിറങ്ങി പോയി. ഒന്ന് നെടുവീർപ്പിട്ട് കൊണ്ട് അവൾ ബാത്‌റൂമിലേക്ക് കയറി.
അമ്മായി അമ്മയുടെ സംസാരം കേട്ടിട്ട് ഗായത്രിക്ക് നല്ല രണ്ട് ഡയലോഗ് തിരിച്ചു പറയാൻ നാവ് തരിച്ചതാണ്. പക്ഷേ അവൾ വളരെ ശ്രമപ്പെട്ട് സ്വയം നിയന്ത്രിച്ചു നിന്നതാണ്.
🍁🍁🍁🍁
ഗായത്രി കുളി കഴിഞ്ഞു വരുമ്പോൾ ശിവപ്രസാദ് നല്ല ഉറക്കത്തിലായിരുന്നു. അവൾക്ക് വയറിനും നടുവിനും നല്ല വേദന തോന്നി. കാലുകൾ കഴച്ചു പൊട്ടുന്നുണ്ട്.
വീട്ടിൽ വച്ച്, അമ്മ ഈ സമയം ഉലുവ വെള്ളം കൊണ്ട് കൊടുക്കുന്നതും അരികിലിരുന്ന് അവൾക്ക് നടുവും വയറുമൊക്കെ ഉഴിയുന്നതൊക്കെ ഗായത്രി വിഷമത്തോടെ ഓർത്തു. അവൾക്കൊന്ന് നീണ്ടുനിവർന്നു കിടക്കാൻ കൊതി തോന്നി.
താനിനി ബെഡിൽ കിടക്കുന്നത് ഊർമിള കണ്ട് കൊണ്ട് വന്നാൽ ബഹളമുണ്ടാക്കിയാലോ എന്ന് ഭയന്ന് വേദന കടിച്ചമർത്തി അവൾ മുറിയിൽ നിന്നും പുറത്തിറങ്ങി. ആ സമയത്താണ് രേവതി അവിടേക്ക് വന്നത്.
“രേവതി… തന്റെ കൈയ്യിൽ പെയിൻ കില്ലർസ് എന്തെങ്കിലും ഉണ്ടാവുമോ? നല്ല വേദനയുണ്ട് എനിക്ക്.” മുഖം ചുളിച്ചുള്ള ഗായത്രിയുടെ സംസാരം കേട്ടപ്പോൾ തന്നെ അവൾക്ക് നല്ല പെയിൻ ഉണ്ടെന്ന് രേവതിക്ക് മനസ്സിലായി.
‘എന്റെ കൈയ്യിൽ ടാബ്ലറ്റ് ഒന്നും ഇരിപ്പില്ല ഗായത്രി. ഞാൻ ആരെ കൊണ്ടെങ്കിലും വാങ്ങിപ്പിക്കാം.”
“വീട്ടിലാണെങ്കിൽ ഈ സമയം അമ്മ കൊണ്ട് തരുന്ന ഉലുവ വെള്ളവും കുടിച്ചു മുറിയിൽ തന്നെ കിടപ്പായിരിക്കും ഞാൻ. ദേഹമൊക്കെ അമ്മ ഉഴിഞ്ഞു തരുമായിരുന്നു. ഇവിടെയാണെങ്കിൽ ഒന്ന് സ്വസ്ഥമായി കിടക്കാൻ പോലും പറ്റില്ല.” ഗായത്രിയുടെ മിഴികളിൽ നീർ വന്ന് മൂടി.
കുറച്ചുമുൻപ് ഊർമിള വന്ന് പറഞ്ഞിട്ട് പോയതൊക്കെ അവൾ രേവതിയോട് പറഞ്ഞു.
“അമ്മായി പറഞ്ഞതൊക്കെ താൻ മുഖവിലയ്ക്ക് എടുക്കണ്ട. അവരെ പേടിച്ച് ഈ വേദനയും സഹിച്ചു കിടക്കാതിരിക്കേണ്ട എന്ത് കാര്യമാ ഉള്ളത്? താൻ പോയി റൂമിൽ റസ്റ്റ് എടുക്ക്. തനിക്കുള്ള ഉലുവ വെള്ളവും മരുന്നും ഭക്ഷണവുമൊക്കെ ഞാൻ അങ്ങോട്ട് കൊണ്ട് തരാം. ഈ ടൈം എനിക്കും ഇതുപോലെ നല്ല പെയിൻ വരാറുണ്ട്. അതുകൊണ്ട് തന്റെ ഇപ്പോഴത്തെ അവസ്ഥ എനിക്ക് മനസ്സിലാവും.” രേവതി അവളെ ആശ്വസിപ്പിച്ചു.
“ഏയ്… ഉലുവ വെള്ളമൊന്നും വേണ്ട എനിക്ക്. ടാബ്ലറ്റ് വാങ്ങുന്നുണ്ടല്ലോ. തത്കാലം പെയിൻ പോവാൻ അത് മതി. മാക്സിമം ടാബ്ലറ്റ് കഴിച്ചു സൈഡ് എഫക്ട് ഒന്നും വരുത്തി വയ്ക്കണ്ടല്ലോ എന്ന് കരുതി ഇതൊന്നും കഴിക്കാത്തതാണ് ഞാൻ. പക്ഷേ ഇവിടെയിപ്പോ വേറെ നിവൃത്തിയില്ലാത്തോണ്ടാ ഞാൻ…” ചുണ്ടുകൾ കടിച്ച് ഗായത്രി സങ്കടം അടക്കി നിർത്തി.
“താനിത്ര തൊട്ടാവാടിയായി പോവല്ലെടോ. ഞാനില്ലേ കൂടെ.”
“അതേ… ബാത്‌റൂമിൽ കഴുകി വച്ച തുണികളുണ്ട്. അത് എവിടെയാ വിരിക്കാ.”
“അത് ഇങ്ങ് തന്നേക്ക്. ഞാൻ ടെറസിൽ കൊണ്ട് പോയി വിരിച്ചോളാം. താൻ പോയി റസ്റ്റ് എടുക്കാൻ നോക്ക്.”
“ഞാൻ കൊണ്ട് പോയി വിരിച്ചോളാം. എവിടെ വിരിക്കുമെന്ന് അറിയാത്തോണ്ട് ചോദിച്ചതാ ഞാൻ.” ഗായത്രി എന്തൊക്കെ പറഞ്ഞെങ്കിലും അവൾ കഴുകി പിഴിഞ്ഞ് വച്ചിരുന്ന ബെഡ് ഷീറ്റും ഡ്രെസ്സുകളും രേവതി തന്നെ ടെറസിൽ കൊണ്ട് പോയി വിരിച്ചിട്ടു.
ഏതോ ഒരു കസിനോട് പറഞ്ഞ് ഗായത്രിക്കുള്ള പെയിൻ കില്ലർ രേവതി വാങ്ങി നൽകിയിരുന്നു. ഒപ്പം അടുക്കളയിൽ നിന്ന് ബ്രേക്ക് ഫാസ്റ്റും അവൾക്ക് കൊണ്ട് കൊടുത്തു. ഫുഡും ടാബ്ലറ്റും കഴിച്ച് കുറച്ചു നേരം കിടക്കാമെന്ന് കരുതി ഉറങ്ങി കിടക്കുന്ന ശിവപ്രസാദിനെ ശല്യപ്പെടുത്താതെ അവൾ ബെഡിനരികിലായി കിടന്നു. വേദന കാരണം ഗായത്രി വേഗം തന്നെ ഉറങ്ങി പോവുകയും ചെയ്തു.
സമയം പതിനൊന്നു മണി കഴിഞ്ഞിട്ടും മരുമകളെ താഴേക്ക് കാണാത്തത് കൊണ്ട് ഊർമിള ഗായത്രിയെ തിരക്കി വീണ്ടും മുകളിലേക്ക് പോയി. പകൽ സമയം വാതിൽ ബോൾട്ടിട്ട് കിടന്നാൽ ആരെങ്കിലും തെറ്റിദ്ധരിച്ചാലോ എന്ന് കരുതി തങ്ങളുടെ മുറിയുടെ വാതിൽ ഗായത്രി ചേർത്ത് അടച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് തന്നെ ഊർമിള വന്ന് തള്ളിയപ്പോൾ വാതിൽ മലർക്കേ തുറന്നുവന്നു.
മുഖത്ത് കിട്ടിയ ശക്തമായൊരടിയാണ് ഗായത്രിയെ ഉറക്കത്തിൽ നിന്നുണർത്തിയത്. ….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…