വരും ജന്മം നിനക്കായ്: ഭാഗം 9
രചന: ശിവ എസ് നായർ
മുഖത്ത് കിട്ടിയ ശക്തമായൊരടിയാണ് ഗായത്രിയെ ഉറക്കത്തിൽ നിന്നുണർത്തിയത്.
കണ്ണ് തുറന്ന് നോക്കുമ്പോൾ മുന്നിൽ കലിതുള്ളി കൊണ്ട് നിൽക്കുന്ന ഊർമിളയെയാണ് അവൾ കണ്ടവൾ ഞെട്ടി എഴുന്നേറ്റു.
“നിന്നോട് ബെഡിൽ കിടക്കരുതെന്ന് പറഞ്ഞിട്ടല്ലേ ഞാൻ പോയത്. എന്റെ വാക്കിന് എന്തെങ്കിലും വില കല്പിച്ചിരുന്നെങ്കിൽ നീയിങ്ങനെ ചെയ്യില്ലായിരുന്നു.” ഊർമിളയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.
“ഞാൻ ഇവിടെ കിടന്നൂന്ന് വച്ച് ആകാശം ഒന്നും ഇടിഞ്ഞു വീഴാൻ പോണില്ലമ്മേ. തീരെ വയ്യാത്തോണ്ടാ ഞാനൊന്ന് കിടന്നത്. ഇവിടെയല്ലാതെ പിന്നെ ഞാനെവിടെയാ പോയി കിടക്കേണ്ടത്.” അടികൊണ്ട കവിളിൽ കയ്യമർത്തി ഗായത്രി വേദനയോടെ നിന്നു.
“എന്നോട് തർക്കുത്തരം പറയാൻ മാത്രം ആയോ നീ. അതേ കൂടുതൽ വിളച്ചിലെടുത്താൽ അതിന്റെ കേട് നിനക്ക് തന്നെയാ. ഗൗരിയുടെ ജീവിതം നല്ല രീതിയിൽ പോണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ എന്റെ മോനെയും ഞങ്ങളെയും അനുസരിച്ച് അടങ്ങി നിൽക്കുന്നതാ നല്ലത്.”
ഊർമിള വേഗം അപ്പുറത്തേക്ക് പോയി കയ്യിലൊരു പരമ്പുമായി തിരിച്ചു വന്നു.
“ഇനി ഇത് കഴിയുന്നത് വരെ ഇതിൽ കിടന്നോളണം.” ചുരുട്ടിയ പരമ്പ് അവളുടെ നേർക്ക് വലിച്ചെറിഞ്ഞിട്ട് അവർ ശിവപ്രസാദിനെ വിളിച്ചുണർത്തി.
“ഇങ്ങനെ കിടന്നുറങ്ങാതെ എഴുന്നേറ്റ് വന്ന് വല്ലതും കഴിക്ക് ശിവാ.”
“ഞാൻ വന്നോളാം… കുറച്ചുനേരം കൂടെ കിടക്കട്ടെ ഞാൻ. അമ്മ പൊയ്ക്കോ.” ഉറക്കച്ചടവോടെ ശിവപ്രസാദ് തിരിഞ്ഞു കിടന്നു.
“അധികം വൈകണ്ട… നേരം ഉച്ചയാകുന്നു.” പറഞ്ഞിട്ടവർ പുറത്തേക്ക് പോയി.
ഗായത്രി എന്തെങ്കിലും കഴിച്ചോന്ന് ചോദിക്കാൻ പോലും ഊർമിളയ്ക്ക് തോന്നിയില്ല.
കയ്യിലിരുന്ന പരമ്പ് കട്ടിലിന്റെ ചുവട്ടിലേക്ക് ഇട്ടിട്ട് അവൾ മുറിക്ക് പുറത്തേക്കിറങ്ങി. കുറച്ചുനേരം കിടന്നതിനാലും ടാബ്ലറ്റ് കഴിച്ചത് കൊണ്ടും ഗായത്രിക്ക് വേദന കുറച്ച് കുറവുണ്ടായിരുന്നു.
രേവതി അവിടെ എവിടെയെങ്കിലും ഉണ്ടോന്ന് നോക്കുകയായിരുന്നു അവൾ. ഗൗരിയുടെയും വിഷ്ണുവിന്റെയും മുറിയിൽ നിന്ന് തമാശ പറച്ചിലും ഇരുവരുടെയും ചിരികളികളും കേൾക്കുന്നുണ്ടായിരുന്നു. വാതിൽ പാതി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
ഗായത്രി അവരുടെ മുറിക്ക് പുറത്ത് കൂടെ നടന്ന് പോകുന്നത് ഗൗരി കണ്ടു. അവളുടനെ എഴുന്നേറ്റ് ചേച്ചിയുടെ അടുത്തേക്ക് വന്നു.
“ചേച്ചി ഒന്നവിടെ നിന്നേ.” പിന്നിൽ നിന്നും ഗൗരിയുടെ വിളി കേട്ടപ്പോൾ ഗായത്രി നിന്നു.
“എന്താ?” അവൾ അനിയത്തിയെ നോക്കി.
“ചേച്ചിക്ക് ഇഷ്ടമില്ലാതെയാണ് ഈ വിവാഹം കഴിച്ചതെന്നും എനിക്ക് കിട്ടിയ ഈ ജീവിതം ചേച്ചിയുടെ ഭിക്ഷയാണെന്നും എനിക്ക് നല്ല ബോധ്യമുണ്ട്. പക്ഷേ അതിന്റെ പേരിൽ എനിക്ക് കിട്ടിയ ജീവിതം ചേച്ചി കാരണം തന്നെ ഇല്ലാതാക്കരുത് എന്നൊരു അപേക്ഷ കൂടിയുണ്ട് എനിക്ക്.”
“ഏഹ്..! അതിനിപ്പോ ഞാനെന്ത് ദ്രോഹാ നിന്നോട് ചെയ്തത്?” ഗൗരിയുടെ വാക്കുകൾ കേട്ട് അവൾ ഞെട്ടി.
“എന്താ ചെയ്തതെന്ന് ചേച്ചിക്ക് അറിയില്ലല്ലേ. ഇന്നലെ വന്ന് കേറിയതല്ലേ ഉള്ളു നമ്മളിവിടെ. അപ്പഴേക്കും ചേച്ചി, ഇവിടുത്തെ അമ്മയെ ധിക്കരിക്കാനും തർക്കുത്തരം പറയാനും തുടങ്ങിയില്ലേ.
ഇന്നലെ രാത്രി തന്നെ ചേച്ചി പീരിയഡ്സ് ആയിട്ട് ഇവിടെ ആരോടും പറഞ്ഞില്ല. നിങ്ങളെ രാവിലെ അമ്പലത്തിൽ വിടാനായി അമ്മ നേരത്തെ എണീറ്റ് എല്ലാം ഒരുക്കിയതാ. അത് മാത്രോല്ല ബെഡിൽ കിടക്കരുതെന്ന് അമ്മ പറഞ്ഞിട്ട് പോയിട്ടും ചേച്ചി അനുസരിച്ചോ? നമ്മുടെ വീടല്ല ഇതെന്ന് ഓർമ്മ വേണം.”
“ഗൗരി… നിനക്ക് വേണ്ടിയാ ഞാനിതൊക്കെ സഹിക്കുന്നത്. ആ നീ കൂടി എന്റെ മനസ്സ് മനസ്സിലാക്കാൻ ശ്രമിക്കാതെ കുറ്റപ്പെടുത്താൻ തുടങ്ങിയാൽ എല്ലാം വലിച്ചെറിഞ്ഞ് എങ്ങോട്ടെങ്കിലും ഇറങ്ങി പോവും ഞാൻ. അത് വേണ്ടെങ്കിൽ അമ്മായി അമ്മയുടെ വാക്കും കേട്ട് എന്നോട് വഴക്കിന് വരാൻ നിക്കരുത് നീ.
ഇനി നഷ്ടപ്പെടാൻ എനിക്കൊന്നുമില്ല. നിനക്കായിരിക്കും നഷ്ടങ്ങളുണ്ടാവുക എന്ന ഓർമ്മ ഉണ്ടായാൽ നല്ലത്.” ഗായത്രിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.
“ചേച്ചി എന്നെ ഭീഷണിപ്പെടുത്താൻ നോക്കുവാണോ?”
“ഭീഷണിപ്പെടുത്താൻ ഗൗരി അല്ല ഗായത്രി.”
“ചേച്ചി… ചേച്ചി ഇങ്ങനെ പെരുമാറുന്നത് ദോഷം ചെയ്യുന്നത് എനിക്കാ. കുറച്ചു മുൻപ് വിഷ്ണുവിന്റെ അമ്മ വന്ന് പറഞ്ഞിട്ട് പോയത് ചേച്ചി അനുസരണക്കേട് കാട്ടിയാൽ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നത് ഞാനായിരിക്കും. അതുകൊണ്ട് ചേച്ചിയോട് മര്യാദക്ക് നിൽക്കാൻ പറയണമെന്നാ. അല്ലാതെ ചേച്ചിയെ ഉപദേശിക്കാൻ വന്നതൊന്നുമല്ല ഞാൻ.
എന്തായാലും എനിക്ക് വേണ്ടി ഈ ജീവിതം തിരഞ്ഞെടുക്കാൻ തയ്യാറായ ചേച്ചിക്ക് കുറച്ചൊക്കെ അഡ്ജസ്റ്റ് ചെയ്ത് നിന്നൂടെ. ശിവേട്ടനെ സ്നേഹിച്ചു ജീവിക്കാൻ ശ്രമിക്ക്. ആളൊരു പാവമാണെന്ന് കണ്ടിട്ട് തോന്നുന്നു.” സ്വരമിടറി ഗൗരി അത് പറയുമ്പോൾ അവളെ നോക്കി പുച്ഛത്തോടെ ചിരിച്ചു ഗായത്രി.
“ശിവേട്ടനെ സ്നേഹിക്കണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിച്ചോളാം. തത്കാലം നീ നിന്റെ കാര്യം നോക്കിയാൽ മതി. എന്തായാലും ഇനി ഞാൻ കാരണം നിനക്കൊരു ബുദ്ധിമുട്ട് ഉണ്ടാവണ്ട.” ഗായത്രി വെട്ടിതിരിഞ്ഞു നടന്നു.
സ്വന്തം കൂടപ്പിറപ്പ് പോലും തന്നെ മനസ്സിലാക്കാൻ ശ്രമിക്കാതെ സ്വാർത്ഥമായിട്ടാണല്ലോ ചിന്തിക്കുന്നത് എന്നോർത്തപ്പോൾ അവൾക്ക് നെഞ്ച് നെഞ്ച് നീറി.
🍁🍁🍁🍁
വിഷമത്തോടെ ബാൽക്കണിയിൽ ചെന്നിരിക്കുമ്പോഴാണ് ഗായത്രിക്കരികിലേക്ക് രേവതി വന്നത്.
“അമ്മായി തന്നെ അടിച്ചു അല്ലെ?” ഗായത്രിയുടെ മുഖത്ത് തിണർത്ത് കിടക്കുന്ന വിരൽ പാടുകളിൽ അരുമയായി തൊട്ടു അവൾ.
“എങ്ങനെ അറിഞ്ഞു?” ഗായത്രിയുടെ മിഴികൾ നിറഞ്ഞു.
“എന്റെ അമ്മയോട് പറയുന്ന കേട്ടു. അപ്പോൾ തന്നെ ഞാനിങ്ങോട്ട് കേറി പോന്നു. ഇവിടെ വന്ന് സങ്കടപ്പെട്ടിരിക്ക അല്ലേ?” രേവതിക്ക് അവളോട് സഹതാപം തോന്നി.
“എന്നെ തല്ലുമെന്ന് വിചാരിച്ചില്ല ഞാൻ.”
“ഇന്നലെ ഇങ്ങോട്ട് വന്ന് കയറിയപ്പോൾ തന്നെ ഇങ്ങനെ ആണെങ്കിൽ പോകപോകെ താൻ നന്നായി കഷ്ടപ്പെടും ഗായു.”
“ഇന്നത്തോടെ എനിക്കത് മനസ്സിലായി. പക്ഷേ ഗൗരിക്ക് വേണ്ടി ഇതൊക്കെ സഹിക്കയല്ലാതെ വേറെ വഴിയില്ല എനിക്ക്.”
“ഗൗരി പ്രെഗ്നന്റ് ആയതുകൊണ്ട് ഈ വിവാഹത്തിന് സമ്മതിച്ചുവെന്ന് കരുതി ഇവരുടെ അടിയും തൊഴിയുമൊക്കെ താൻ സഹിക്കണോ? നിങ്ങളെ ആരെയും ഓർക്കാതെ ഇങ്ങനെയൊരു തെറ്റ് ചെയ്ത അനിയത്തിക്ക് വേണ്ടി ഈ ത്യാഗം വേണ്ടിയിരുന്നില്ല ഗായത്രി.”
“അങ്ങനെ തന്നെയായിരുന്നു എന്റെയും തീരുമാനം. ഗൗരി പ്രെഗ്നന്റ് ആണെന്ന വിവരം വീട്ടിൽ അറിഞ്ഞു ഒത്തിരി ബഹളം ഉണ്ടായതാ.”
രണ്ട് മാസം മുൻപ് വീട്ടിൽ അരങ്ങേറിയ സംഭവ വികാസങ്ങൾ ഗായത്രി രേവതിയോട് പറയാൻ തുടങ്ങി.
🍁🍁🍁🍁
രണ്ട് മാസങ്ങൾക്ക് മുൻപുള്ളൊരു വൈകുന്നേരം.
നെറ്റ് എക്സാം കഴിഞ്ഞ് വളരെ വൈകിയാണ് ഗായത്രി അന്ന് വീട്ടിലെത്തിയത്. വന്ന് കയറുമ്പോൾ തന്നെ അവൾ കേൾക്കുന്നത് ഗൗരിയുടെ ഉച്ചത്തിലുള്ള കരച്ചിലാണ്. ഒപ്പം അച്ഛന്റെയും അമ്മയുടെയും ശകാര വാക്കുകളും അടിക്കുന്ന ശബ്ദവുമൊക്കെ കേൾക്കാം.
“അച്ഛാ… തല്ലല്ലേ… എനിക്ക് വേദനിക്കുന്നമ്മേ… അയ്യോ… ആ..” നിലത്ത് കിടന്ന് കരയുകയാണ് ഗൗരി.
സുമിത്രയും വേണു മാഷും എന്തൊക്കെയോ പറഞ്ഞു കൊണ്ട് അവളെ മാറി മാറി തല്ലുകയാണ്.
പതിവില്ലാത്ത ആ കാഴ്ച കണ്ട് ഗായത്രി ഒന്ന് ഞെട്ടി.
“അച്ഛാ… എന്തിനാ അവളെ തല്ലുന്നത്?”
ഗായത്രി ഉറക്കെ ചോദിച്ചപ്പോഴാണ് അവൾ വന്നത് ഇരുവരും കാണുന്നത്.
“ഇവള് കാണിച്ച നെറികേടിന് തല്ലുകയല്ല കൊല്ലുകയാണ് വേണ്ടത്.” സുമിത്ര ചീറി.
പിന്നെ പൊട്ടിക്കരഞ്ഞുകൊണ്ട് ഗായത്രിക്ക് അടുത്ത് വന്നു.
“നീയിത് കണ്ടോ മോളെ… അവള് നമ്മളെ എല്ലാരേയും ചതിച്ചു. രാവിലെ അവളുടെ മുറി അടിച്ചുവാരാൻ പോയപ്പോൾ കിട്ടിയതാ.” ഉള്ളം കൈയ്യിൽ ചുരുട്ടി പിടിച്ചിരുന്ന പ്രെഗ്നൻസി കിറ്റ് സുമിത്ര അവൾക്ക് നേരെ നീട്ടി.
പ്രെഗ്നൻസി കിറ്റിൽ തെളിഞ്ഞു നിൽക്കുന്ന രണ്ട് പിങ്ക് വരകൾ കണ്ടതും ഗായത്രി ഞെട്ടിപ്പോയി….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…