Kerala

വെള്ളാപ്പള്ളി നടേശൻ്റെ മലപ്പുറം പരാമർശം; പരാതിനൽകി യൂത്ത് ലീഗും എഐവൈഎഫും

മലപ്പുറം ജില്ലയെപ്പറ്റിയുള്ള എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വിവാദ പരാമർശത്തിൽ പരാതിനൽകി യൂത്ത് ലീഗും എഐവൈഎഫും. മലപ്പുറം പ്രത്യേക രാജ്യമാണെന്നും പേടിയോടെയാണ് പിന്നാക്ക സമുദായക്കാർ ഇവിടെ ജീവിക്കുന്നത് എന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വിവാദ പരാമർശം. പരാമർശത്തിനെതിരെ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്.

മലപ്പുറം താനൂരിൽ യൂത്ത് ലീഗ് പ്രവർത്തകർ വെള്ളാപ്പള്ളി നടേശൻ്റെ കോലം കത്തിച്ചു. യൂത്ത് ലീഗിൻ്റെ തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് യുഎ റസാഖ് വെള്ളാപ്പള്ളിയ്ക്കെതിരെ ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതിനൽകി. എഐവൈഎഫിൻ്റെ നിലമ്പൂര്‍ നിയോജകമണ്ഡലം കമ്മറ്റിയും പരാമർശത്തിനെതിരെ പോലീസിൽ പരാതിപ്പെട്ടു. പിഡിപിയുടെ എറണാകുളം ജില്ലാ പ്രസിഡൻ്റും വെള്ളാപ്പള്ളിക്കെതിരെ പരാതിനൽകി. തൃക്കാക്കര എസ്പിയ്ക്കും തൃക്കാക്കര പോലീസിലുമാണ് പിഡിപി പരാതിനൽകിയത്.

മലപ്പുറം പ്രത്യേക തരം ആളുകളുടെ രാജ്യമാണെന്നായിരുന്നു വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവന. ഇവിടെ പിന്നാക്ക സമുദായത്തിന് ഒന്നുമില്ല. ഈഴവർക്ക് ഇവിടെ സ്വതന്ത്രമായി വായു പോലും ശ്വസിക്കാനാവുന്നില്ല. പേടിയോടെയാണ് പിന്നാക്ക വിഭാഗക്കാർ ഇവിടെ ജീവിക്കുന്നത്. ഈഴവർക്ക് മലപ്പുറത്ത് കടുത്ത അവഗണയാണ്. തൊഴിലുറപ്പ് മാത്രമേ അവർക്കുള്ളൂ. കാരണം, അവർ വോട്ടുകുത്തി യന്ത്രങ്ങളാണ്. പിന്നാക്ക വിഭാഗം സംഘടിച്ച് വോട്ട് ബാങ്കായി നിൽക്കാത്തതാണ് ഇവിടെയുള്ള അവഗണനയ്ക്ക് കാരണം. ഈഴവർക്ക് രാഷ്ട്രീയ, രാമ്പത്തിക, വിദ്യാഭ്യാസ നീതി ലഭിക്കുന്നില്ലെന്നും വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പറഞ്ഞു. മലപ്പുറം ചുങ്കത്തറയിൽ വച്ച് നടന്ന കൺവെൻഷനുകളിലാണ് വെള്ളാപ്പള്ളി വിവാദ പരാമർശങ്ങൾ നടത്തിയത്.

ചില മനുഷ്യരുടെ സംസ്ഥാനമാണ് മലപ്പുറം എന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഇത്ര നാളുകളായിട്ടും അതിന്റെ ഗുണഫലങ്ങള്‍ മലപ്പുറത്തെ പിന്നാക്ക വിഭാഗക്കാര്‍ക്ക് ലഭിച്ചിട്ടുണ്ടോ? മഞ്ചേരി എൻഎസ്എസ് കോളജ് ഉള്ളതുകൊണ്ട് വിദ്യാഭ്യാസം നേടാൻ അവസരം ലഭിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് കണ്ണേ കരളേ എന്ന് പറഞ്ഞ് ഈഴവരുടെ വോട്ട് വാങ്ങുന്നവർ പിന്നീട് പിന്തിരിഞ്ഞ് നടക്കുകയാണ്. സംസ്ഥാനത്തുടനീളം ഈ പ്രതിസന്ധിയുണ്ട്. എന്നാൽ, മലപ്പുറത്ത് ഇത് അധികമാണ് എന്നും വെള്ളാപ്പള്ളി ആരോപിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!