Kerala

വിജയലക്ഷ്മിയെ വിളിച്ചുവരുത്തിയത് ക്ഷേത്രത്തിൽ പോകാമെന്ന് പറഞ്ഞ്; പ്ലെയർ കൊണ്ട് തലയ്ക്കടിച്ചു

കരുനാഗപ്പള്ളി സ്വദേശി വിജയലക്ഷ്മിയെ അമ്പലപ്പുഴ കരൂരിൽ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാത്രിയിൽ മറ്റൊരാൾ വിജയലക്ഷ്മിയുടെ ഫോണിൽ വിളിച്ചതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ ആൺസുഹൃത്താണ് പ്രതി ജയചന്ദ്രൻ. അമ്പലപ്പുഴ ക്ഷേത്രത്തിൽ തൊഴാമെന്ന് പറഞ്ഞാണ് ജയചന്ദ്രൻ വിജയലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.

സംഭവം നടക്കുമ്പോൾ ജയചന്ദ്രന്റെ ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നില്ല. പ്ലയർ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രൻ കൊലപ്പെടുത്തിയത്. തുടർന്ന് നിർമാണം നടക്കുന്ന വീട്ടിൽ കുഴിച്ചിടുകയായിരുന്നു. മൃതദേഹം കെട്ടിവലിച്ചാണ് നിർമാണം നടക്കുന്ന കെട്ടിടത്തിലേക്ക് കൊണ്ടുപോയത്. അമ്പലപ്പുഴ കാരൂർ സ്വദേശിയാണ് പിടിയിലായ ജയചന്ദ്രൻ.

ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു വിജയലക്ഷ്മി. വിജയലക്ഷ്മിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. നവംബർ ഏഴിന് രാത്രിയാണ് വിജയലക്ഷ്മി കൊലചെയ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. 13ാം തീയതിയാണ് ഇവരെ കാണാനില്ലെന്ന് പരാതി പൊലീസിന് ലഭിക്കുന്നത്. നവംബർ ആറ് മുതൽ കാണാനില്ലെന്നായിരുന്നു പരാതി.

 

 

Related Articles

Back to top button