ഓണത്തിന് ഓളമുണ്ടാക്കാന്‍ ടി3 അള്‍ട്ര മോഡലുമായി വിവോ
കൊച്ചി: ഇത്തവണത്തെ ഓണവും കഴിഞ്ഞ കുറേ വര്‍ഷത്തെ ട്രെന്റായ ബ്രാന്റുകളുടെ മത്സരം കടുപ്പിക്കുമെന്ന് തീര്‍ച്ച. കേവലം ഒരു ഉപഭോഗ സംസ്ഥാനമായ കേരളമാണ് ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ബ്രാന്റുകളുടെയും പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്ന്. കാറും ടിവിയും ഇതര ഉല്‍പന്നങ്ങളുമെല്ലാം കേരള വിപണിയിലേക്കു കുത്തിയൊഴുകുന്ന നേരമാണ് ഓണക്കാലം.
പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ റിയല്‍മി 13 സീരിസുമായി കളംനിറഞ്ഞു കളിക്കുമ്പോള്‍ കളികാണാന്‍ നില്‍ക്കാതെ കച്ചമുറുക്കി കളിക്കാന്‍തന്നെ ഒരുമ്പെട്ടിറങ്ങിയിരിക്കയാണ് മറ്റൊരു പ്രമുഖ മൊബൈല്‍ ഫോണ്‍ നിര്‍മാണ കമ്പനിയായ വിവോ.
റിയല്‍മിയുടെ 13 സീരിസിനെ പൂട്ടാന്‍തന്നെ ലക്ഷ്യമിട്ടാണ് വിവോ ടി3 എത്തുന്നതെന്നാണ് പ്രചരിപ്പിക്കപ്പെടുന്നത്. 12ാം തിയ്യതി ഉച്ചക്ക് 12ന് പുത്തന്‍ താരത്തെ വിപണിയിലെത്തിക്കുമെന്നാണ് വിവോ അധികൃതര്‍ വ്യക്തമാക്കുന്നത്.
തുടക്കത്തില്‍ ഫ്‌ളിപ്കാര്‍ട്ട്, വിവോയുടെ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ തുടങ്ങിയവ വഴിയാവും ടി3യുടെ വില്‍പന. 30,000നും 35,000നും ഇടയിലാവും വിലയെന്നാണ് റിപ്പോര്‍ട്ട്. റിയല്‍മി 13 പ്രോപ്ലസ് 5ജിയും മോട്ടറോളയുടെ എഡ്ജ് 50 പ്രോയും ആവും ടി3യുടെ പ്രധാന എതിരാളികള്‍ എന്നതിനാല്‍ ഈ രണ്ടു കമ്പനികള്‍ക്കും ടി3യുടെ വരവ് വലിയ വെല്ലുവിളിയാവുമെന്ന് തീര്‍ച്ച.
80 വാട്ട്‌സ് അതിവേഗ ചാര്‍ജിങ് സാധ്യമാക്കുന്ന ടി3 അള്‍ട്ര മോഡലിന് 5,500 എംഎഎച്ച് ബാറ്ററിയാണ് കരുത്തു പകരുന്നത്.
12 ജിബിയാണ് ഇതിന്റെ വെര്‍ച്വല്‍ റാം ശേഷി. 3ഡി കാര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേയും ഇതിന്റെ സവിശേഷതയാണ്. 6.78 ഇഞ്ച് 1.5കെ ഡിസ്‌പ്ലേക്ക് 120എച്ച്‌സെഡ് റിഫ്രഷ് റേറ്റും 4,500 എന്‍ഐടിഎസ് പീക്ക് ബ്രൈറ്റ്‌നസുമാണ് ഉണ്ടാവുക. പച്ചയായിരിക്കും ഈ ഫോണിന്റെ നിറമെന്നാണ് പുറത്തുവന്നിരിക്കുന്ന ചിത്രം വ്യക്തമാക്കുന്നത്.