വോട്ടർ പട്ടിക ക്രമക്കേട്: ഡൽഹിയിൽ ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ മാർച്ച്

വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ ഇന്ന് ഡൽഹിയിൽ ഇന്ത്യ മുന്നണിയുടെ പ്രതിഷേധം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി നേതാക്കൾ പ്രതിഷേധ മാർച്ച് നടത്തും. രാവിലെ 11.30ന് പാർലമെന്റിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്കാണ് മാർച്ച്
കർണാടകയിലും ഹരിയാനയിലും മഹാരാഷ്ട്രയിലും വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നുവെന്ന് നേരത്തെ രാഹുൽ ഗാന്ധി തെളിവുകൾ സഹിതം വെളിപ്പെടുത്തിയിരുന്നു. വോട്ടർ പട്ടിക ക്രമക്കേടിലെ തുടർ നടപടികൾ ചർച്ച ചെയ്യാൻ കോൺഗ്രസ് ഇന്ന് പ്രത്യേകം യോഗം ചേരും. വൈകിട്ട് നാല് മണിക്ക് എഐസിസി ആസ്ഥാനത്താണ് യോഗം
ജനറൽ സെക്രട്ടറിമാരും സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാക്കളും യോഗത്തിൽ പങ്കെടുക്കും. വോട്ടർ പട്ടിക ക്രമക്കേടിൽ സംസ്ഥാന വ്യാപകമായി ക്യാമ്പയിൻ ആരംഭിക്കാനാണ് തീരുമാനം. ഇന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെയുടെ വസതിയിൽ ഇന്ത്യ മുന്നണി നേതാക്കൾക്ക് അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട്