National

വഖഫ് ഭേദഗതി നിയമം; എന്തിനാണ് ഈ കലാപം: രാഷ്ട്രീയ ലാഭത്തിനായി കലാപമുണ്ടാക്കരുതെന്ന് മമത ബാനർജി

വഖഫ് ഭേദഗതി ബില്ലിനെ ചൊല്ലി ബംഗാളില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ ശക്തമായ താക്കീതുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. രാഷ്ട്രീയ ലാഭത്തിനായി കലാപമുണ്ടാക്കാന്‍ പ്രേരിപ്പിക്കരുതെന്ന് മമത ബാനര്‍ജി ആവര്‍ത്തിച്ചു. കലാപത്തിന് പ്രേരിപ്പിക്കുന്നവര്‍ സമൂഹത്തെ ആകെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണെന്നും മമത ചൂണ്ടിക്കാണിച്ചു. ബംഗാളില്‍ വഖഫ് ഭേദഗതി ബില്ല് നടപ്പാക്കില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവര്‍ത്തിച്ചു. ത്രിണമൂല്‍ കോണ്‍ഗ്രസ് പശ്ചിമ ബംഗാള്‍ ഭരിക്കുന്നിടത്തോളം കാലം ഇതിന് അനുവദിക്കില്ലെന്നാണ് മമത പറഞ്ഞത്.

എല്ലാ മതവിഭാഗങ്ങളിലുമുള്ള ആളുകളോടുമുള്ള എന്റെ ആത്മാര്‍ത്ഥമായ അഭ്യര്‍ത്ഥന ദയവായി ശാന്തത പാലിക്കുക, സംയമനം പാലിക്കുക എന്നതാണ്. മതത്തിന്റെ പേരില്‍ ഒരിക്കലും മതവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുത്. ഓരോ മനുഷ്യജീവനും വിലപ്പെട്ടതാണ്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി കലാപങ്ങള്‍ക്ക് പ്രേരിപ്പിക്കരുത്. കലാപത്തിന് പ്രേരിപ്പിക്കുന്നവര്‍ സമൂഹത്തെ ദ്രോഹിക്കുകയാണ് ചെയ്യുന്നത്.

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് കനത്ത താക്കീതുമായി കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ദീദി രംഗത്ത് വന്നത്.

മാല്‍ഡ, മൂര്‍ഷിദാബാദ്, സൗത്ത് 24 പര്‍ഗാനാസ് ഹൂഗ്ലീ ജില്ലകളിലെല്ലാം കടുത്ത ആക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പൊലീസ് വാഹനങ്ങളുള്‍പ്പെടെയാണ് പലയിടങ്ങളിലും കത്തിയമര്‍ന്നത്. അക്രമ സംഭവങ്ങള്‍ കൂടുതലായതോടെയാണ് ബംഗാളില്‍ വഖഫ് ഭേദഗതി ബില്ല് നടപ്പാക്കില്ലെന്ന് വ്യക്തമാക്കി മമത രംഗത്തുവന്നത്. വഖഫ് ഭേദഗതി ബില്ലില്‍ ടിഎംസി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയുടെ നയം വ്യക്തമാക്കാനായി ഈ നിയമം ഞങ്ങള്‍ കൊണ്ടുവന്നതല്ലെന്നും മമത ആവര്‍ത്തിക്കുന്നുണ്ട്.

ഓര്‍ക്കുക, പലരും എതിര്‍ക്കുന്ന ഈ നിയമം ഞങ്ങള്‍ ഉണ്ടാക്കിയതല്ല. ഈ നിയമം ഉണ്ടാക്കിയതിന് കേന്ദ്ര സര്‍ക്കാരാണ് ഉത്തരവാദി. അതിനാല്‍ നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനാണ്. ഞങ്ങള്‍ ഈ നിയമത്തെ പിന്തുണയ്ക്കുന്നില്ല. ഇത് ബംഗാളില്‍ നടപ്പാക്കുകയും ഇല്ല, പിന്നെന്തിനാണ് ഈ കലാപം.

ഈ കലാപം എന്തിനെന്ന ചോദ്യത്തിനൊപ്പം ഒരു അക്രമ പ്രവര്‍ത്തനത്തെയും സര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും ബംഗാള്‍ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ രാഷ്ട്രീയ നേട്ടത്തിനായി മതത്തെ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുകയാണെന്നും അവര്‍ ബിജെപിയെ ഉന്നമിട്ട് പറഞ്ഞു. ജനങ്ങളോട് അവരുടെ പ്രേരണയ്ക്ക് വഴങ്ങരുതെന്നും മമത പറഞ്ഞു. ‘മതം എന്നത് അര്‍ത്ഥമാക്കുന്നത് മനുഷ്യത്വം, നല്ലമനസ്, നാഗരികത, ഐക്യം എന്നിവയാണെന്ന് താന്‍ കരുതുന്നുവെന്നും സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.

മുര്‍ഷിദാബാദില്‍ നടക്കുന്ന അക്രമ സംഭവങ്ങളില്‍ മമത മൗനം പാലിക്കുന്നുവെന്നും ഇത് വഖഫ് ബില്ലിനെതിരായ പ്രതിഷേധത്തെ സഹായിക്കാനാണെന്നുമുള്ള തരത്തില്‍ ബിജെപി നേതാവ് സുവേന്ദു അധികാരി പ്രതികരിച്ചിരുന്നു. മമത ബാനര്‍ജി സര്‍ക്കാരിന്റെ മൗനം ഭയപ്പെടുത്തുന്നുവെന്നും സര്‍ക്കാര്‍ ഇത്തരം നിയമലംഘനങ്ങള്‍ അനുവദിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്നുവെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി. ഇതിനുള്ള മറുപടിയാണ് അതേ ഭാഷയില്‍ മമത നല്‍കിയിരിക്കുന്നത്. രാഷ്ട്രീയലാഭത്തിനായി കലാപമുണ്ടാക്കുകയാണ് ബിജെപിയെന്ന് പേരെടുത്ത് പറയാതെ തന്നെ അവര്‍ ഓര്‍മ്മപ്പെടുത്തുകയാണ്.

Related Articles

Back to top button
error: Content is protected !!