ഹിന്ദു ഐ എ എസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വാട്‌സ് ആപ്പ് ഗ്രൂപ്പ്; അഡ്മിന്‍ മലപ്പുറം മുന്‍ കലക്ടര്‍

ഹിന്ദു ഐ എ എസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വാട്‌സ് ആപ്പ് ഗ്രൂപ്പ്; അഡ്മിന്‍ മലപ്പുറം മുന്‍ കലക്ടര്‍
തിരുവനന്തപുരം: മലയാളികളായ ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് പുതിയ വിവാദം. 'മല്ലു ഹിന്ദു ഓഫീസേഴ്‌സ്' എന്ന പേരിലെ ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത് വ്യവസായ-വാണിജ്യ വകുപ്പ് ഡയരക്ടറും മലപ്പുറം മുന്‍ കലക്ടറുമായ കെ. ഗോപാലകൃഷ്ണന്‍ ഐഎഎസ്. ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഐ എ എസ് ഉദ്യോഗസ്ഥര്‍ തന്നെ ആശങ്കയറിച്ചതിന് പിന്നാലെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യുകയും ഫോണ്‍ ഹാക്ക് ചെയ്തതാണെന്ന് വിശദീകരണവുമായി ഗോപാലകൃഷ്ണന്‍ രംഗത്തെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ഹിന്ദു ഉദ്യോഗസ്ഥരുടെ പേരില്‍ ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടത്. സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. ഇതിലേക്ക് ആഡ് ചെയ്തതിനു പിന്നാലെ ചില ഉദ്യോഗസ്ഥര്‍ കെ. ഗോപാലകൃഷ്ണനോട് നേരിട്ട് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഡിലീറ്റ് ചെയ്തത്. 11 ഐഎഎസ് ഉദ്യോഗസ്ഥരാണ് ഗ്രൂപ്പിലുണ്ടായിരുന്നത്. േെഫാണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നും കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ ഉള്‍പ്പെടുത്തി ആരോ ഗ്രൂപ്പ് ഉണ്ടാക്കിയതാണെന്നും വിശദീകരിച്ച് ഉദ്യോഗസ്ഥര്‍ക്ക് ഗോപാലകൃഷ്ണന്‍ ഓഡിയോ സന്ദേശം അയച്ചിരുന്നു. ഫോണ്‍ ഹാക്ക് ചെയ്തെന്നു കാണിച്ച് സൈബര്‍ പൊലീസിനു പരാതി നല്‍കിയിട്ടുണ്ട്. കോവിഡ് കാലത്ത് മലപ്പുറം ജില്ലാ കലക്ടറായിരുന്ന കെ. ഗോപാലകൃഷ്ണന്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി പൊതുജനങ്ങളില്‍നിന്നു ധനസമാഹരണം നടത്താന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളോട് അഭ്യര്‍ഥിച്ചത് വലിയ വിവാദമായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഗോപാലകൃഷ്ണന്‍ രംഗത്തെത്തി. തന്റെ അറിവോടെയല്ല സംഭവമെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു. ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാണ്. ഗ്രൂപ്പ് നിര്‍മിച്ചത് മറ്റ് ആരോ ആണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.സംഭവത്തിന് പിന്നാലെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തുവെന്നും വാട്സാപ് അണ്‍ഇസ്റ്റാള്‍ ചെയ്തുവെന്നും ഗോപാലകൃഷ്ണന്‍ പറയുന്നു. ഉടന്‍ തന്നെ ഫോണ്‍ മാറ്റുമെന്നും ഗോപാലകൃഷ്ണന്‍, ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച സന്ദേശത്തില്‍ പറയുന്നു.  

Share this story