വയനാട് പുനരധിവാസം: ടൗൺഷിപ്പിന് പുറത്തു താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് 15 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി
Jan 23, 2025, 10:09 IST
                                            
                                                
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയിൽ ഇതുവരെ 712 കോടി രൂപ ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതിനാൽ കൂടുതൽ സഹായം പ്രതീക്ഷിക്കുന്നുണ്ട്. 2221 കോടി രൂപ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട് വയനാട്ടിൽ ടൗൺഷിപ്പ് നൽകാൻ ഭൂമി വിലയ്ക്ക് വാങ്ങുമെന്നും ഭാവിയിൽ ഒരു നില കൂടി നിർമിക്കാൻ കഴിയുന്ന രീതിയിലാകും വീടുകൾ നിർമിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൗൺഷിപ്പിന് പുറത്ത് താമസിക്കാൻ ആഗ്രഹിക്കുന്നവർക്ക് 15 ലക്ഷം രൂപ നൽകും. പുനരധിവാസം പൂർത്തിയാക്കും വരെ വീടുകളുടെ വാടക സർക്കാർ നൽകും. അതിനുള്ള പണം അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു എന്നാൽ പുനരധിവാസം അനിശ്ചിതത്വത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. ദുരന്തം കഴിഞ്ഞ് ആറ് മാസമായിട്ടും പരുക്കേറ്റവർക്ക് ചികിത്സ സഹായം നൽകിയില്ല. സ്വന്തം കയ്യിൽ നിന്ന് പണമെടുത്താണ് പലരും ചികിത്സ നടത്തുന്നത്. വീട് നിർമാണത്തിന് കണക്കാക്കിയ 30 ലക്ഷം രൂപ ഉയർന്ന നിരക്കാണെന്നും പല സ്‌പോൺസർമാരും പിൻവാങ്ങുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.
                                            
                                            