ചൈനയ്ക്ക് വച്ചത് ആപ്പിളിന് കൊണ്ടു; ഇന്ത്യയില്‍ തകൃതിയായി നിര്‍മ്മാണവും കയറ്റുമതിയും: ആറ് വിമാനത്തിലായി കയറ്റി അയച്ചത് 600 ടണ്‍ ഐഫോണുകൾ

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചൈനയ്ക്ക് മേല്‍ 145 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ ആറ് കാര്‍ഗോ വിമാനങ്ങള്‍ നിറയെ ഐഫോണുകളാണ് ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്തിച്ചത്. യുഎസ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മറികടക്കാനുള്ള തീവ്ര ശ്രമത്തിലാണ് അമേരിക്കന്‍ എംഎന്‍സിയായ ആപ്പിള്‍.
സ്വന്തം രാജ്യത്തിന്റെ ഇറക്കുമതി തീരുവയില്‍ നിന്ന് രക്ഷപ്പെടാനാണ് അമേരിക്കന്‍ കമ്പനി ഇന്ത്യയില്‍ നിന്ന് 600 ടണ്‍ ഐഫോണുകള്‍ ഇതോടകം കയറ്റി അയച്ചത്. യുഎസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവയാണ് കമ്പനിയ്ക്ക് തിരിച്ചടിയായത്. തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ കമ്പനി ഇന്ത്യയിലെ ഉത്പാദനം വലിയ രീതിയില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
100 ടണ്‍ ഭാരം വഹിക്കുന്ന ആറ് കാര്‍ഗോ വിമാനങ്ങളിലായ 15 ലക്ഷം ഐഫോണുകളാണ് ഇതോടകം ഇന്ത്യയില്‍ നിന്ന് യുഎസിലെത്തിച്ചത്. ഇന്ത്യയ്ക്ക് ഇറക്കുമതി തീരുവയായി യുഎസ് ഏര്‍പ്പെടുത്തിയത് 26 ശതമാനം നികുതിയാണ്. ഇത് കമ്പനിയ്ക്ക് അധിക ചെലവ് സൃഷ്ടിക്കും. എന്നാല്‍ ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് മൂന്ന് മാസത്തെ ഇളവ് അനുവദിച്ചതോടെ ഈ സമയം പരമാവധി ഉപയോഗപ്പെടുത്താനാണ് ആപ്പിളിന്റെ നീക്കം.
ഇതിനുപിന്നാലെ ഇന്ത്യയില്‍ നിന്നുള്ള ഐഫോണ്‍ ഉത്പാദനം 20 ശതമാനം ആപ്പിള്‍ വര്‍ധിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയിലെ ഫോക്‌സ്‌കോണ്‍ പ്ലാന്റിലാണ് ഉത്പാദനത്തിന്റെ ഏറിയ പങ്കും. ഇവിടെ ഞായറാഴ്ച്ച പോലും നിലവില്‍ ഉത്പാദനം നടക്കുന്നുണ്ട്. ചരക്ക് അതിവേഗം കയറ്റി അയയ്ക്കുന്നതിനായി ചെന്നൈ വിമാനത്താവള അധികൃതരുടെ സഹായത്തോടെ കസ്റ്റംസ് പരിശോധനയുടെ ദൈര്‍ഘ്യം 30 മണിക്കൂറില്‍ നിന്ന് ആറ് മണിക്കൂറാക്കി കുറച്ചിട്ടുണ്ട്.
മാര്‍ച്ച് മുതല്‍ ഇന്ത്യയില്‍ നിന്ന് കയറ്റി അയച്ച ഐഫോണുകളുടെ ഞെട്ടിക്കുന്ന കണക്കുകളാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ യുഎസ് തുറന്ന വ്യാപാരയുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന ചൈനയിലാണ് ആപ്പിളിന്റെ 90 ശതമാനം ഉത്പാദനവും നടക്കുന്നത്. നേരത്തെ ചൈനയില്‍ നിന്നും ഇത്തരത്തില്‍ തിടുക്കപ്പെട്ട് വലിയ രീതിയില്‍ ഐഫോണ്‍ കയറ്റി അയച്ചിരുന്നു.
ട്രംപിന്റെ തീരുവ പ്രഖ്യാപനം വരുന്നതിന് മുന്‍പായിരുന്നു വ്യാപകമായി ചൈനയില്‍ നിന്ന് ഐഫോണുകള്‍ കയറ്റുമതി നടത്തിയത്. നിലവില്‍ ചൈനയില്‍ നിന്നുള്ള കയറ്റുമതി ആപ്പിളിന് അധിക ബാധ്യത സൃഷ്ടിക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളില്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ആപ്പിളിന്റെ തീരുമാനം നിലവില്‍ കമ്പനിയ്ക്ക് ഗുണകരമാണ്.