Sports

ഇന്ത്യയെ ആരു രക്ഷിക്കും; ഇതിലൊരാള്‍: രോഹിത്തോ കോലിയോ അതോ

ഐസിസിയുടെ ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലൊന്നായ ചാംപ്യന്‍സ് ട്രോഫി പടിവാതില്‍ക്കെ എത്തി നില്‍ക്കുകയാണ്. ഈ മാസം 19 മുതലാണ് എട്ടു ടീമുകള്‍ മാറ്റുരയ്ക്കുന്ന ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്റ് പാകിസ്താനിലും യുഎഇയിലുമായി നടക്കാനിരിക്കുന്നത്. വലിയ പ്രതീക്ഷകളോടെയാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ ഇന്ത്യയും പടയൊരുക്കം നടത്തുന്നത്.

12 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു ചാംപ്യന്‍സ് ട്രോഫി ഇന്ത്യയിലേക്കു കൊണ്ടുവരാന്‍ രോഹിത്തിനും സംഘത്തിനും കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ആരാധകര്‍. 2013ലായിരുന്നു ആദ്യമായും അവസാനമായും ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ മുത്തമിട്ടത്. എന്നാല്‍ ഇത്തവണത്തെ ടൂര്‍ണമെന്റിനു മുമ്പ് ടീമിന്റെ നെടുംതൂണുകളായ രണ്ടു പേരുടെ മോശം ബാറ്റിങ് ഫോം ഇന്ത്യയെ ആശങ്കയിലാക്കുന്നുണ്ട്

ഒരാള്‍ നായകന്‍ രോഹിത് തന്നെയാണെങ്കില്‍ മറ്റൊരാള്‍ മുന്‍ ക്യാപ്റ്റനും റണ്‍മെഷീനുമായ വിരാട് കോലിയുമാണ്. ബാറ്റിങില്‍ ഇരുവരും ഒരുമിച്ച് ഫോമൗട്ടാവുന്നത് ഇതാദ്യമാണ്. രണ്ടു പേരുടെയും അഭാവത്തില്‍ ആരാവും ഇന്ത്യന്‍ ബാറ്റിങിലെ പുതിയ ഹീറോയാവുകയെന്നതാണ് ചോദ്യം. ഇതിനു ശേഷിയുള്ള താരങ്ങളെ അറിയാം

ശുഭ്മന്‍ ഗില്‍

ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും യുവ ബാറ്റിങ് സെന്‍സേഷനുമായ ഓപ്പണര്‍ ശുഭ്മന്‍ ഗില്ലാണ് ചാംപ്യന്‍സ് ട്രോഫിയില്‍ കസറാന്‍ ശേഷിയുള്ള ഒരാള്‍. രോഹിത് ശര്‍മയ്‌ക്കൊപ്പം മുഴുവന്‍ മല്‍സരങ്ങളിലും അദ്ദേഹം തന്നെ ഓപ്പണറായി കളിക്കുമെന്നു ഉറപ്പായിരിക്കുകയാണ്.

ഇന്ത്യയുടെ മല്‍സരങ്ങള്‍ നടക്കാനിരിക്കുന്ന ദുബായില്‍ മികച്ച റെക്കോര്‍ഡാണ് ഗില്ലിനുള്ളത്. നേരത്തേ ഇവിടെ ഐപിഎല്ലില്‍ ആറു മല്‍സരങ്ങളില്‍ കളിച്ചപ്പോള്‍ 37.37 ശരാശരിയില്‍ 127.27 സ്‌ട്രൈക്ക് റേറ്റില്‍ 224 റണ്‍സ് താരം സ്‌കോര്‍ ചെയ്തിരുന്നു. ടി20യില്‍ ഇവിടെ ബാറ്റ് ചെയ്യുന്നത് ഗില്‍ ഇഷ്ടപ്പെടുന്നുവെന്നാണ് ഇതു തെളിയിക്കുന്നത്.

ചാംപ്യന്‍സ് ട്രോഫി ഏകദിന ഫോര്‍മാറ്റിലാണെങ്കിലും നേരത്തേ ഇവിടെ കളിച്ചപ്പോഴുള്ള അനുഭവസമ്പത്തും പ്രകടനവുമെല്ലാം ടൂര്‍ണമെന്റില്‍ മികച്ച ഇന്നിങ്‌സുകള്‍ കളിക്കാന്‍ ഗില്ലിനെ സഹായിക്കും. രോഹിത് നേരത്തേ പുറത്തായി മടങ്ങിയാലും വലിയ സ്‌കോറുകളിലൂടെ ടീമിന്റെ ഹീറോയായി ഗില്‍ മാറാനിടയുണ്ട്.

റിഷഭ് പന്ത്

വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്താണ് ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ബാറ്റിങില്‍ മിന്നിക്കാനിടയുള്ള രണ്ടാമത്തെയാള്‍. ദുബായില്‍ മികച്ച റെക്കോര്‍ഡുള്ള മറ്റൊരു ഇന്ത്യന്‍ ബാറ്ററും കൂടിയാണ് അദ്ദേഹം. ഐപിഎല്ലില്‍ ഇവിടെ 12 മല്‍സരങ്ങളില്‍ റിഷഭ് കളിച്ചിട്ടുണ്ട്. 38.44 ശരാശരിയില്‍ 123.13 സ്‌ട്രൈക്ക് റേറ്റില്‍ 346 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു.

ദുബായിലെ പിച്ചില്‍ നേരത്തേ കളിച്ചപ്പോഴുള്ള പരിചയം ചാംപ്യന്‍സ് ട്രോഫിയില്‍ റിഷഭിനെ തീര്‍ച്ചയായും സഹായിക്കും. മാത്രമല്ല തുടക്കത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടാല്‍ മധ്യനിരയില്‍ മികച്ച ഇന്നിങ്‌സുമായി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവരാനും റിഷഭിന്റെ സാന്നിധ്യം സഹായിക്കും.

കെഎല്‍ രാഹുല്‍

സ്റ്റാര്‍ ബാറ്ററും മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ കെഎല്‍ രാഹുലാണ് ഈ ലിസ്റ്റിലെ മൂന്നാമന്‍. രോഹിത് ശര്‍മയും വിരാട് കോലിയും കഴിഞ്ഞാല്‍ നിലവിലെ ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിലെ ഏറ്റവും ബെസ്റ്റെന്നു തന്നെ അദ്ദേഹത്തെ വിളിക്കാം. അന്താരാഷ്ട്ര ക്രിക്കറ്റിലെ അനുഭവസമ്പത്തും മികച്ച ബാറ്റിങ് ടെക്‌നിക്കുമെല്ലാം രാഹുലിനെ സ്‌പെഷ്യലാക്കി മാറ്റുകയും ചെയ്യുന്നു.

ദുബായിലെ പിച്ചില്‍ നേരത്തേ ഐപിഎല്ലില്‍ കളിച്ചപ്പോള്‍ കസറിയിട്ടുള്ള ബാറ്ററും കൂടിയാണ് അദ്ദേഹം. 12 മല്‍സരങ്ങളാണ് ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ രാഹുല്‍ ഇതിനകം ഐപിഎല്ലില്‍ കളിച്ചിട്ടുള്ളത്. 67.33 എന്ന കിടിലന്‍ ശരാശരിയില്‍ 146.02 സ്‌ട്രൈക്ക് റേറ്റില്‍ 606 റണ്‍സ് അദ്ദേഹം വാരിക്കൂട്ടുകയും ചെയ്തു.

Related Articles

Back to top button
error: Content is protected !!