വഖഫ് ബിൽ ചർച്ചയിൽ രാഹുലും പ്രിയങ്കയും എന്തുകൊണ്ട് പങ്കെടുത്തില്ല; ചോദ്യത്തിൽ നിന്നൊഴിഞ്ഞ് മാറി സതീശൻ

ലോക്‌സഭയിൽ വഖഫ് നിയമഭേദഗതി ബിൽ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കാത്ത സംഭവത്തിൽ കോൺഗ്രസ് പ്രതിരോധത്തിൽ. ഇതേ കുറിച്ചുള്ള ചോദ്യത്തിന് നേതാക്കൾ സംസാരിച്ചല്ലോയെന്ന് പറഞ്ഞ് വിഡി സതീശൻ ഒഴിഞ്ഞുമാറി
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളും ചോദ്യം കേട്ടതായി ഭാവിച്ചില്ല. അതേസമയം മുനമ്പത്തെ പ്രശ്‌നം ബിൽ പാസായാലും അവസാനിക്കില്ലെന്ന് വിഡി സതീശൻ പറഞ്ഞു. ബില്ലിന് മുൻകാല പ്രാബല്യം ഇല്ലെന്നാണ് കേന്ദ്രമന്ത്രി പറഞ്ഞത്. സംസ്ഥാന സർക്കാർ വിചാരിച്ചാൽ പത്ത് മിനിറ്റ് കൊണ്ട് പ്രശ്‌നം പരിഹരിക്കാമെന്നും സതീശൻ പറഞ്ഞു
ഊടുവഴികളിലൂടെ വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വഖഫ് ബില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ എതിർപ്പ് ശ്രദ്ധേയമാണ്. മുനമ്പത്തിന്റെ പേരിൽ ന്യൂനപക്ഷ ഐക്യവും സൗഹൃദവും നഷ്ടമാകാൻ പാടില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു.