അമേരിക്കക്ക് ലഭിക്കുമോ ആദ്യ വനിതാ പ്രസിഡന്റ്; ജനം ഇന്ന് പോളിംഗ് ബൂത്തിലേക്ക്
47ാമത് പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ അമേരിക്ക ഇന്ന് പോളിംഗ് ബൂത്തിൽ. ഇന്ത്യൻ സമയം വൈകിട്ട് നാലരയോടെ പോളിംഗ് ആരംഭിക്കും. നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസും മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലാണ് വാശിയേറിയ മത്സരം നടക്കുന്നത്.
തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറുകളിൽ വിശ്രമം പോലുമില്ലാതെ സ്ഥാനാർഥികൾ പ്രചാരണത്തിൽ സജീവമായിരുന്നു. ആർക്കൊപ്പം എന്ന് ഉറപ്പില്ലാത്ത ഏഴ് സംസ്ഥാനങ്ങളാണ് അമേരിക്കൻ തെരഞ്ഞെടുപ്പിൽ നിർണായകമാകുക. ഈ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അവസാനവട്ട പ്രചാരണം
പെൻസൽവാനിയ പിടിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു കമല ഹാരിസും ട്രംപും. കഴിഞ്ഞ ദിവസം അഞ്ച് പൊതുയോഗങ്ങളിലാണ് ഇരുവരും ഇവിടെ പങ്കെടുത്തത്. പരമാവധി വോട്ടർമാരെ ബൂത്തുകളിൽ എത്തിച്ച് വിജയം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കമല ഹാരിസ്. വിജയിച്ചാൽ അമേരിക്കൻ ചരിത്രത്തിലെ ആദ്യ വനിത പ്രസിഡന്റ് എന്ന ഖ്യാതിയും ഇന്ത്യൻ വംശജയായ കമല ഹാരിസിന് ലഭിക്കും.