സുധാകരന്റെ സമ്മര്‍ദ തന്ത്രത്തിന് വഴങ്ങില്ല; പുതിയ കെപിസിസി പ്രസിഡന്റിനെ ഉടനെ പ്രഖ്യാപിക്കും

പുതിയ കെപിസിസി പ്രസിഡന്റിനെ ഇന്നോ നാളെയോ പ്രഖ്യാപിച്ചേക്കുമെന്ന് വിവരം. ഇതിന് മുന്നോടിയായി കെ സുധാകരനുമായി ഹൈക്കമാൻഡ് ഒരിക്കൽ കൂടി ആശയവിനിമയം നടത്തും. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത് ഇനി വൈകേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് തീരുമാനം
അതേസമയം തനിക്ക് പ്രസിഡന്റാകണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് ഹൈക്കമാൻഡിനെ സമീപിച്ചിട്ടുണ്ട്. ഇനിയും വൈകിയാൽ കൂടുതൽ നേതാക്കൾ അവകാശവാദവുമായി രംഗത്തുവരാനുള്ള സാധ്യത കണക്കിലെടുത്താണ് പ്രഖ്യാപനം വേഗത്തിലാക്കാൻ ഹൈക്കാൻഡ് തീരുമാനിച്ചത്.
കെ സുധാകരന്റെ സമ്മർദ തന്ത്രത്തിന് വഴങ്ങേണ്ടതില്ലെന്ന വിലയിരുത്തലും ഹൈക്കമാൻഡിനുണ്ട്. കെ സുധാകരൻ നടത്തിയ പരസ്യ പ്രതികരണങ്ങളിൽ ഹൈക്കമാൻഡിന് അതൃപ്തിയുണ്ട്. ഡൽഹി നടന്ന ചർച്ചയിൽ സമവായത്തിൽ എത്തിയ ശേഷം സുധാകരൻ നിലപാട് തിരുത്തിയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ പരാതി. പുതിയ പ്രസിഡന്റായി ആന്റോ ആന്റണിയുടെ പേരിനാണ് മുൻതൂക്കം. സണ്ണി ജോസഫിന്റെ പേരും സജീവ പരിഗണനയിലുണ്ട്.