വ്യാജഗർഭം പിടിക്കപ്പെടാതിരിക്കാൻ നവജാതശിശുവിനെ മോഷ്ടിച്ച് യുവതി

വ്യാജഗർഭം പിടിക്കപ്പെടാതിരിക്കാൻ നവജാതശിശുവിനെ മോഷ്ടിച്ച് യുവതി
വ്യാജഗർഭം പിടിക്കപ്പെടാതിരിക്കാൻ നവജാതശിശുവിനെ ആശുപത്രിയിൽ നിന്നും മോഷ്ടിച്ചു കടത്തിയ കേസിൽ യുവതി പിടിയിൽ. മാളവ്യനഗര്‍ സ്വദേശി പൂജയാണ് പിടിയിലായത്. ഡൽഹിയിലെ സഫ്ദർജൽ ആശുപത്രിയിൽ നിന്നും ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് ഒരു ദിവസം മാത്രം പ്രായമുളള കുഞ്ഞിനെ യുവതി തട്ടിയെടുത്തത്. കുഞ്ഞിനെ കാണാതായതിനെ തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി ആശുപത്രിയിലെ സിസിടിവി പരിശോധിക്കുകയും, ഇതിൽ മുഖം പാതി മറച്ച നിലയിൽ ഒരു സ്ത്രീ നടന്ന് പോകുന്നത് ശ്രദ്ധയിൽ പെടുകയായിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ യുവതി എയിംസ് മെട്രോ സ്റ്റേഷനില്‍ നിന്ന് സമയ്​പുറിലേക്ക് യാത്ര ചെയ്യുന്നതായും അവിടെ നിന്നും മെട്രോ മാറിക്കയറി പഞ്ച്ശീല്‍ ഫ്ലൈഓവര്‍ ഭാഗത്തേക്ക് കുട്ടിയുമായി പോകുന്നതിന്‍റെയും ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഉടൻ തന്നെ യുവതിയെ പൊലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ഒൻപത് മാസമായി യുവതി വ്യാജ ഗർഭം അഭിനയിച്ച് നടക്കുകയായിരുന്നുവെന്നാണ് പൊലീസിന് നൽകിയ മൊഴി. വിവാഹം കഴിഞ്ഞ് ഏഴുവർഷമായിട്ടും യുവതിക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം ഗർഭിണിയാണെന്ന് ഭർത്താവിന്‍റെ വീട്ടുകാരോട് പറഞ്ഞ ശേഷം യുവതി സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. തുടർന്ന് 14–ാം തീയതി സഫ്ദര്‍ജങ് ആശുപത്രിയില്‍ അഡ്മിറ്റാവുകയാണെന്ന് പറഞ്ഞ് സ്വന്തം വീട്ടില്‍ നിന്നുമിറങ്ങി. ഇവിടെ നിന്നും നവജാതശിശുവിനെ തട്ടിയെടുത്ത ശേഷം ഭര്‍തൃവീട്ടിലേക്ക് പോവുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.

Tags

Share this story