Movies

ഉര്‍വശിയുടെ ആ സിനിമ കാണാന്‍ സ്ത്രീകള്‍ കവിത തിയേറ്ററിന്റെ ഗ്ലാസ് പൊട്ടിച്ചു: അനില്‍ കുമാർ

ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന നടിയാണ് ഉര്‍വശി. മലയാളത്തിന് പുറമെ ഒട്ടനവധി ഭാഷകളിലാണ് താരം ഇതുവരെ വേഷമിട്ടിട്ടുള്ളത്. എന്‍പതുകളിലും തൊണ്ണൂറുകളിലുമെല്ലാം ഉര്‍വശി അവതരിപ്പിച്ച ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്ക് ഇന്നും ആരാധകര്‍ ഏറെ.

കുടുംബപ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത നിരവധി സിനിമകളിലാണ് ഉര്‍വശി അഭിനയിച്ചിട്ടുള്ളത്. തലയണമന്ത്രം, മിഥുനം, സ്ത്രീധനം തുടങ്ങിയ അവയില്‍ ചിലത് മാത്രം.

1993ല്‍ അനില്‍ കുമാര്‍, ബാബു നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് സ്ത്രീധനം. സ്ത്രീധനം എന്ന നോവലിനെ ആസ്പദമാക്കിയായിരുന്നു സിനിമ ഒരുക്കിയിരുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും സിനിമയുടെ ചിത്രീകരണത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് സംവിധായകന്‍ അനില്‍കുമാര്‍. സഫാരി ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്ത്രീധനത്തെ കുറിച്ച് അദ്ദേഹം സംസാരിക്കുന്നത്.

വീക്ക്‌ലിയില്‍ തന്നെയായിരുന്നു ചിത്രത്തിലേക്ക് കാസ്റ്റിങ് ആവശ്യമുണ്ടെന്ന് പറഞ്ഞ് പരസ്യം നല്‍കിയത്. അന്ന് ആളുകള്‍ കൂടുതല്‍ റഫര്‍ ചെയ്തത് ഉര്‍വശിയെയാണ്. എന്നാല്‍ ഏറ്റവും നിര്‍ണായകമായിരുന്നത് പുരുഷ കഥാപാത്രമായിരുന്നു. ആ റോള്‍ ചെയ്യാന്‍ പ്രധാന ആര്‍ട്ടിസ്റ്റിന് സാധിക്കില്ല. അത് ആണത്തമുള്ള നായകനല്ല. അമ്മയുടെയും ഭാര്യയുടെയും ഇടയില്‍ കിടന്ന അനുഭവിക്കുന്ന ആളാണ്. അങ്ങനെയാണ് ജഗദീഷിലേക്ക് എത്തിയത്. അദ്ദേഹം ആ റോളിന് കറക്ടായിരുന്നു. അമ്മായിമ്മയുടെ വേഷത്തില്‍ മീന ചേച്ചിയാണ്. ബൈജു, അശോകന്‍ എന്നിവരും ചിത്രത്തിലുണ്ടെന്ന് അനില്‍ കുമാര്‍ പറയുന്നു.

സിനിമയുടെ ഷൂട്ടിനായി ഒരു വീട് വേണമായിരുന്നു. ആ വീട്ടിലായിരുന്നു പ്രധാന സീനുകളെല്ലാം. അങ്ങനെ ഒരു വീട് കണ്ടുപിടിച്ചു. രാവിലെ പൂജയെല്ലാം നടത്തി. അവിടെ ഒരു അപ്പൂപ്പനുണ്ട്. ആള് വളരെ സ്മാര്‍ട്ടാണ്. അന്ന് പുള്ളിയുടെ പിറന്നാളായിരുന്നു. ഞങ്ങളുടെ കൂടെയിരുന്നു ഊണ് കഴിച്ചു. വൈകീട്ട് ഞങ്ങള്‍ ഒരു കേക്ക് വാങ്ങി മുറിക്കുകയുമെല്ലാം ചെയ്തു. എന്നാല്‍ പിറ്റേ ദിവസം രാവിലെ അപ്പൂപ്പന് അസുഖമായി, പുള്ളി മരിച്ചു.

അത് കേട്ടപ്പോള്‍ ഷോക്കായി. ഷൂട്ട് തുടങ്ങാന്‍ സാധിച്ചില്ല. ഉര്‍വശിക്ക് അന്ന് ഭയങ്കര തിരക്കുള്ള സമയമാണ്. പതിനെട്ട് ദിവസം കഴിഞ്ഞിട്ട് ഷൂട്ട് ചെയ്യാമെന്ന് വീട്ടുകാര്‍ അറിയിച്ചു. അവരുടെ നല്ല മനസുകൊണ്ടാണ് അത് പറഞ്ഞത്.

സിനിമ സൂപ്പര്‍ഹിറ്റായിരുന്നു. സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായി സ്ത്രീധനം തിയേറ്ററില്‍ ഓടി. 150 ദിവസത്തില്‍ കൂടുതലാണ് പടം ഓടിയത്. കവിത തിയേറ്ററിന് മുന്നിലുള്ള ഗ്ലാസ് പൊട്ടിച്ച് സ്ത്രീകള്‍ കയറിയ സിനിമയാണത്. അപ്പര്‍ ക്ലാസും മിഡില്‍ ക്ലാസിന് താഴെയുള്ളവരെല്ലാം ആ നോവല്‍ വായിച്ചിട്ടുണ്ട്. നോവല്‍ അവസാനിക്കുന്നതിന് മൂന്നാഴ്ച മുമ്പായിരുന്നു സിനിമ റിലീസ് ചെയ്തതെന്നും അനില്‍ കുമാര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!