ഇന്ത്യയ്ക്ക് കൈമാറിയാൽ ആത്മഹത്യ ചെയ്യുമെന്ന് നീരവ് മോദി; ജാമ്യാപേക്ഷ ബ്രിട്ടീഷ് കോടതി വീണ്ടും തള്ളി

ഇന്ത്യയ്ക്ക് കൈമാറിയാൽ ആത്മഹത്യ ചെയ്യുമെന്ന് നീരവ് മോദി; ജാമ്യാപേക്ഷ ബ്രിട്ടീഷ് കോടതി വീണ്ടും തള്ളി

ശതകോടികളുടെ വായ്പാത്തട്ടിപ്പ് നടത്തി ലണ്ടനിലേക്ക് കടക്കുകയും അവിടെ അറസ്റ്റിലാകുകയും ചെയ്ത വിവാദ വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ ബ്രിട്ടീഷ് കോടതി വീണ്ടും തള്ളി. വെസ്റ്റ് മിനിസ്റ്റർ കോടതിയാണ് നീരവ് മോദിയുടെ അഞ്ചാമത്തെ ജാമ്യാപേക്ഷയും തള്ളിയത്.

ഇന്ത്യക്ക് തന്നെ കൈമാറിയാൽ ആത്മഹത്യ ചെയ്യുമെന്ന് കോടതി മുറിയിൽ വെച്ച് നീരവ് മോദി ഭീഷണി മുഴക്കി. ജാമ്യത്തുകയായി 36 കോടി രൂപ കെട്ടിവെക്കാമെന്നും വീട്ടുതടങ്കലിൽ കഴിയാൻ തയ്യാറാണെന്നും മോദിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചെങ്കിലും ജഡ്ജി നിരസിക്കുകയായിരുന്നു

ജയിലിൽ വെച്ച് താൻ രണ്ട് തവണ മർദനത്തിന് ഇരയായെന്നും മോദി ആരോപിച്ചു. രണ്ട് സഹതടവുകാർ സെല്ലിൽ അതിക്രമിച്ച് കയറി മർദിച്ചെന്നാണ് ആരോപണം. ജാമ്യം ലഭിച്ചാൽ രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ച് തവണയും ഇയാളുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

നീരവ് മോദിയെ വിട്ടുകിട്ടാൻ കഴിഞ്ഞ വർഷം തന്നെ എൻഫോഴ്‌സ്‌മെന്റ് ബ്രിട്ടന് അപേക്ഷ നൽകിയിരുന്നു. കോടതി ഉത്തരവിടുകയാണെങ്കിൽ മോദിയെ ഇന്ത്യക്ക് കൈമാറും.

 

Share this story