ശ്രീലങ്കയിൽ ഇനി രജപക്‌സെ സഹോദരൻമാരുടെ ഭരണം; ഭീതിയോടെ തമിഴ് വംശജർ

ശ്രീലങ്കയിൽ ഇനി രജപക്‌സെ സഹോദരൻമാരുടെ ഭരണം; ഭീതിയോടെ തമിഴ് വംശജർ

ശ്രീലങ്കയിലെ പുതിയ പ്രധാനമന്ത്രിയായി മുൻ പ്രസിഡന്റും സഹോദരനുമായ മഹിന്ദ്ര
രജപക്‌സെയെ നിലവിലെ പ്രസിഡന്റ് ഗോതബായ രജപക്‌സെ നിർദേശിച്ചു. പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ രാജിവെച്ചതിനെ തുടർന്നാണിത്. പ്രധാനമന്ത്രിയായി മഹിന്ദ്ര ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും.

ഇതോടെ രാജ്യത്തിന്റെ ഭരണം പൂർണമായും രജപക്‌സെ സഹോദരൻമാരുടെ കയ്യിലായി. രണ്ടരപ്പതിറ്റാണ്ടുകാലത്തോളം നീണ്ടുനിന്ന ശ്രീലങ്കൻ ആഭ്യന്തര കലാപം അടിച്ചമർത്തിയത് ഇരുവരും ചേർന്നായിരുന്നു. മഹിന്ദ്ര രജപക്‌സെ പ്രസിഡന്റായിരുന്ന സമയത്താണ് എൽ ടി ടി ഇ തകരുന്നതും അവരുടെ നേതാവ് വേലുപ്പിള്ള പ്രഭാകരനെ വധിക്കുന്നതും. മഹിന്ദ്രയുടെ നിർദേശത്തെ തുടർന്ന് അന്ന് പ്രതിരോധ സെക്രട്ടറിയായിരുന്ന ഗോതബായയാണ് പുലികളെ അടിച്ചമർത്താൻ നേതൃത്വം നൽകിയത്.

ഇരുവരുടെയും രണ്ടാം വരവിനെ ഭീതിയോടെയാണ് രാജ്യത്തെ ന്യൂനപക്ഷമായ തമിഴ് വംശജർ കാണുന്നത്. പുലിവേട്ടയുടെ പേരിൽ ലക്ഷക്കണക്കിന് തമിഴരെയാണ് ഇരുവരും ചേർന്ന് ക്രൂരമായ അടിച്ചമർത്തലിന് വിധേയമാക്കിയത്. ആഭ്യന്തര യുദ്ധം കൊടുമ്പിരി കൊണ്ട സമയത്ത് പതിനായിരക്കണക്കിന് തമിഴ് വംശജർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. തമിഴർക്കെതിരായ ലങ്കൻ ഭരണകൂടത്തിന്റെ ക്രൂരത അന്താരാഷ്ട്രതലത്തിൽ തന്നെ വിമർശിക്കപ്പെടുകയും ചെയ്തിരുന്നു.

 

Share this story