ജാപ്പനീസ് സർക്കാർ പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി; വികസന സഹകരണത്തിനുള്ള സാധ്യതകൾ ചർച്ച ചെയ്തു

ജാപ്പനീസ് സർക്കാർ പ്രതിനിധികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി; വികസന സഹകരണത്തിനുള്ള സാധ്യതകൾ ചർച്ച ചെയ്തു

ജപ്പാനും കേരളവും തമ്മിലുള്ള വികസന സഹകരണത്തിനുള്ള സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ജാപ്പനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഇന്നത്തെ ആദ്യ കൂടിക്കാഴ്ച ജപ്പാൻ പ്രാദേശിക പുനരുജ്ജീവന വകുപ്പ് സഹമന്ത്രി സീഗോ കിതാമുരയുമായി ആയിരുന്നു. ഈ കൂടിക്കാഴ്ചയിൽ, വാർധക്യവും ജനസംഖ്യാപരമായ മാറ്റങ്ങളും, നഗരവൽക്കരണം, ദുരന്തനിവാരണം എന്നിങ്ങനെ ജപ്പാൻറെയും കേരളത്തിൻറെയും പൊതുവായ പ്രശ്‌നങ്ങളെ കുറിച്ച് ചർച്ചകൾ നടന്നു. ഗ്രാമീണ ജപ്പാൻറെ പുനരുജ്ജീവനത്തിനുള്ള ജപ്പാന്റെ പഞ്ചവത്സര (2015-2020) തന്ത്രത്തെക്കുറിച്ച് കിതാമുര മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഗ്രാമീണ ജപ്പാനിൽ ഉയർന്ന നിലവാരമുള്ള സർവകലാശാല വിദ്യാഭ്യാസവും ജോലിയും സൃഷ്ടിക്കുക, സർക്കാർ-സ്വകാര്യ സംഘടനകളുടെ ആസ്ഥാനം ഗ്രാമപ്രദേശങ്ങളിലേക്ക് മാറ്റുക എന്നിവയും പ്രസ്തുത തന്ത്രത്തിൻറെ ഭാഗമാണ്. പ്രാദേശിക പുനരുജ്ജീവന ശ്രമത്തിൽ പങ്കെടുക്കുന്നവർക്ക് സബ്‌സിഡിയും നൽകുന്നുണ്ട്.

ജപ്പാനും കേരളവും തമ്മിലുള്ള വ്യാവസായിക സഹകരണത്തെ ക്കുറിച്ച് ജപ്പാൻ സാമ്പത്തിക-വാണിജ്യ-വ്യവസായ മന്ത്രി ഹിഡെകി മക്കിഹാരയുമായി മുഖ്യമന്ത്രി ചർച്ച നടത്തി. കേരളത്തിൽ ഒരു ജപ്പാൻ എക്‌സ്റ്റേണൽ ട്രേഡ് ഓർഗനൈസേഷൻ (ജെട്രോ) ഓഫീസ് സ്ഥാപിക്കണമെന്ന് മക്കിഹാരയോട് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. 2020 ജനുവരി 9, 10 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിൽ (അസെൻഡ് 2020) പങ്കെടുക്കാൻ അദ്ദേഹം മക്കിഹാരയെയും ജപ്പാൻ സർക്കാരിൻറെ സാമ്പത്തിക-വാണിജ്യ- വ്യവസായ മന്ത്രാലയത്തെയും ക്ഷണിച്ചു.

ജപ്പാൻ ഇൻറർനാഷണൽ കോഓപ്പറേഷൻ ഏജൻസിയുടെ (ജൈക്ക) ആസ്ഥാനത്ത് ആയിരുന്നു ഇന്നത്തെ അവസാന ഔദ്യോഗിക യോഗം. മുഖ്യമന്ത്രി ജൈക്കയുടെ സീനിയർ വൈസ് പ്രസിഡൻറ് ജുനിച്ചി യമദയെ കണ്ടു. കാസർഗോഡ് മുതൽ തിരവനന്തപുരം വരെയുള്ള നിർദിഷ്ട സെമി-ഹൈസ്പീഡ് റെയിൽപാത കേന്ദ്രീകരിച്ചായിരുന്നു ചർച്ച. നിർദിഷ്ട അതിവേഗ റെയിൽ പാത രണ്ട് നഗരങ്ങൾ തമ്മിലുള്ള യാത്രാ സമയം 12 മണിക്കൂറിൽ നിന്ന് നാല് മണിക്കൂറായി കുറയ്ക്കും.

മുഖ്യമന്ത്രിയോടൊപ്പം വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, പ്ലാനിംഗ് ബോർഡ് വൈസ് ചെയർപേഴ്‌സൺ വി.കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവർ ഉണ്ടായിരുന്നു

 

Share this story