ഡോ. ജോർജ് എം. കാക്കനാട്ടിന്റെ ‘ഡെഡ്ലൈൻ’ പുസ്തകപ്രകാശനം ഡിസം. 30-ന്, പ്രഭാവർമ്മ പ്രകാശിപ്പിക്കും

ഡോ. ജോർജ് എം. കാക്കനാട്ടിന്റെ ‘ഡെഡ്ലൈൻ’ പുസ്തകപ്രകാശനം ഡിസം. 30-ന്, പ്രഭാവർമ്മ പ്രകാശിപ്പിക്കും

ഹ്യൂസ്റ്റൺ: ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് ഡോ. ജോർജ്ജ് എം. കാക്കനാട്ടിന്റെ ഡെഡ്ലൈൻ എന്ന പുസ്തകത്തിന്റെ പ്രകാശനം ഡിസംബർ 30ന് തിരുവനന്തപുരത്ത്. പ്രകാശനം പ്രശസ്ത കവി പ്രഭാവർമ്മ നിർവഹിക്കും. പ്രവാസി മലയാളി മാധ്യമപ്രവർത്തകർ സംഗമിക്കുന്ന ലോക കേരള മാധ്യമസഭയുടെ സമാപന സമ്മേളനത്തിലാണ് പുസ്തകപ്രകാശനം. തിരുവനന്തപുരം മാസ്‌കോട്ട് കൺവെൻഷൻ സെന്ററിലാണ് പ്രകാശനചടങ്ങ്.

നവകേരള നിർമ്മിതിയിൽ പ്രവാസി മാധ്യമസമൂഹത്തിന്റെ പങ്കാളിത്തത്തിനുള്ള രൂപരേഖ തയ്യാറാക്കാനുള്ള വേദിയിൽ വച്ചാണ് മാധ്യമപ്രവർത്തകന്റെ പുസ്തകപ്രകാശനമെന്നത് ഏറെ അനുയോജ്യമായി. ഹ്യൂസ്റ്റണിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ആഴ്ചവട്ടം എന്ന ആഴ്ചപത്രത്തിൽ പ്രസിദ്ധീകരിച്ച എഡിറ്റോറിയലുകളുടെ സമാഹാരാണ് ഈ പുസ്തകം. അതാതു സമയത്ത് പ്രസിദ്ധീകരിച്ച കാലികപ്രസക്തമായ വിഷയങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായ പ്രഭാത് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ശക്തമായ ചൂടും ചൂരും നിറഞ്ഞു നിൽക്കുന്ന അക്ഷരജ്വാലയാണ് പുസ്‌കത്തിലുള്ളതെന്ന് അവതാരികയിൽ ഡോ. ജോർജ് ഓണക്കൂർ പറയുന്നു. മലയാളത്തിൽ ഏറെക്കാലത്തിനു ശേഷമാണ് മുഖപ്രസംഗത്തിന്റെ സമാഹാരം പുസ്തകരൂപത്തിൽ പ്രകാശിതമാകുന്നത്. അതാതു കാലത്തുള്ള സംഭവവികാസങ്ങളെ കൃത്യമായി പഠിക്കുകയും വിലയിരുത്തുകയും ചെയ്തതിനു ശേഷം അതിലേക്കുള്ള ഇടപെടലുകളാണ് ഇവിടെ നിഴലിക്കുന്നത്. ഓരോ സംഭവവും സമൂഹത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ഇഴപിരിച്ചു പരിശോധിച്ച് വാദമുഖങ്ങളില്ലാതെ ഉയർത്തിക്കാണിക്കുകയുമാണിവിടെ. ഈ പുസ്തകത്തെ ഏറെ ധന്യമാക്കുന്നത് ഇത്തരം പ്രശ്നങ്ങളുടെ അതാതു സമയത്തെ പ്രതികരണങ്ങൾ എന്ന നിലയ്ക്കാണ്. മനുഷ്യൻ സാമൂഹികജീവിയായി ഉടലെടുക്കുന്നത് എങ്ങനെയാണെന്നും ഇതു കാണിച്ചു തരുന്നു. ഇവിടെ എഴുതിചേർത്തിരിക്കുന്നത് വെറും വാചകമേളകളല്ല, ഇത് അഗ്‌നിയിൽ സ്ഫുടം ചെയ്തെടുത്ത നേർസാക്ഷ്യങ്ങളാണ്.

വരികളുടെ ഇടയിലൂടെ വായിച്ചാൽ പ്രശ്നങ്ങളിലേക്കുള്ള സാമൂഹികമായ ഇടപെടൽ വ്യക്തമായും ദർശിക്കാനാവും. വെറുമൊരു എത്തിനോട്ടം എന്നു മാത്രം പറഞ്ഞൊഴിയാവുന്ന മുഖപ്രസംഗം അഥവാ എഡിറ്റോറിയലുകൾ അല്ല ഇത്. ഇവിടെ വടിയെടുക്കുകയും അടി കൊടുക്കുകയുമാണെന്ന് അവതാരിക വ്യക്തമാക്കുന്നു. 100 രൂപയാണ് പുസ്തകത്തിന്റെ വില. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലെ പ്രഭാത് ബുക്ക് സ്റ്റോർ വഴിയും ഓൺലൈനിലും പുസ്തകം ലഭിക്കും.

പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഡോ. ജോർജ് എം. കാക്കനാട്ട് അമേരിക്കയിൽ സ്ഥിര താമസമാണ്.. ‘ആഴ്ചവട്ടം’ പത്രത്തിന്റെ ചീഫ് എഡിറ്ററായിരുന്നു. ഇപ്പോൾ ആഴ്ചവട്ടം ഓൺലൈനിന്റെ മുഖ്യപത്രാധിപർ. സൈക്കോതെറാപിസ്റ്റായി ജോലി ചെയ്യുന്നു. യുഎസ് എയർഫോഴ്സിൽ ക്യാപ്റ്റനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വേൾഡ് മലയാളി കൗൺസിലിന്റെ സ്ഥാപകാംഗങ്ങളിൽ ഒരാൾ. അമേരിക്കയിലെ നിരവധി സാമൂഹികസാംസ്‌ക്കാരിക സംഘടനകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. ക്ലിനിക്കിൽ സൈക്കോളജിയിൽ ഗവേഷണം നടത്തുന്നു. പ്രവാസിരത്ന അവാർഡ് ലഭിച്ചിട്ടുണ്ട്.

Share this story